Current Date

Search
Close this search box.
Search
Close this search box.

പുതിയ ക്രിമിനൽ നിയമ ബില്ലുകൾ കൊളോണിയൽ വിരുദ്ധമല്ല

ഇന്ത്യൻ ജുഡീഷ്യറി നിലവിൽ ഇന്ത്യയുടെ ക്രിമിനൽ ചട്ടക്കൂടിനെ നിയന്ത്രിക്കുന്നത് പ്രധാനമായും മൂന്ന് കൊളോണിയൽ നിയമങ്ങൾ മാനദണ്ഡമാക്കിയാണ്. ഈ നിയമസംഹിത അവസാനിപ്പിച്ച് ഇന്ത്യക്കാർ ഇന്ത്യക്കാർക്കായി നിർമിച്ച ക്രിമിനൽ നിയമങ്ങളാണ് രാജ്യത്ത് നിലവിൽ വരുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ആദ്യം പാർലമെന്റിൽ മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾ അവതരിപ്പിച്ചത്.

ഇന്ത്യ മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുന്ന മൂന്ന് നിയമങ്ങളിൽ ഒന്ന് 1973 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ക്രിമിനൽ നടപടി ചട്ടമാണ്. മറ്റ് രണ്ട് നിയമനിർമ്മാണങ്ങളായ ഇന്ത്യൻ പീനൽ കോഡും ഇന്ത്യൻ എവിഡൻസ് ആക്റ്റും കൊളോണിയൽ കാലഘട്ടം മുതൽ പ്രചാരത്തിലുള്ളതാണ്. എങ്കിലും ഇന്ത്യ സ്വതന്ത്രമായതിനുശേഷം പാർലമെന്റ് നിരവധി തവണ ഈ നിയമങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ അസമിൽ നടന്ന ഒരു പൊതുപരിപാടിയിലും മേയിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലും കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനകളിൽ ഇന്ത്യയുടെ ഭൂതകാലത്ത് കൊളോണിയലിസം നടപ്പിലാക്കിയ വ്യവസ്ഥകളെ പ്രകടമായി ചിത്രീകരിച്ചിട്ടുണ്ട്.

വിദഗ്ധരുടെ അഭിപ്രായത്തിൽ പുതിയ ബില്ലുകൾ കൊളോണിയൽ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായി ആവിഷ്കരിച്ചതല്ല. മറിച്ച് അവ നിലവിലുള്ള ക്രിമിനൽ നിയമങ്ങളുടെ നേരിയ പരിഷ്കരിച്ച പതിപ്പുകൾ മാത്രമാണ്.

നിലവിലുള്ള നിയമങ്ങൾക്ക് സമാനമാണ് പുതിയ നിയമങ്ങൾ
ഓൺലൈൻ മാധ്യമമായ ടർനിറ്റിൻ വഴി പുതിയ ബില്ലുകളും പഴയ ബില്ലുകളും തമ്മിൽ താരതമ്യം ചെയ്ത് നോക്കിയെന്ന് ലീഗൽ അക്കാദമിക് പ്രൊഫസറായ തരുണാഭ് ഖൈതാൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

അദ്ദേഹത്തിന്റെ നിരീക്ഷണം അനുസരിച്ച് 2023 ലെ ഭാരതീയ ന്യായ സംഹിതയും , ഇന്ത്യൻ പീനൽ കോഡും1860 ൽ കൊളോണിയൽ ഭരണകാലത്ത് നടപ്പിലാക്കിയ നിയമവുമായി 83% സാമ്യതയുള്ളതാണ്.

അതുപോലെ 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 1973 ലെ ക്രിമിനൽ നടപടി ചട്ടവുമായി 82% സാമ്യത പുലർത്തുന്നുണ്ട്. ഭാരതീയ സാക്ഷ്യ ബില്ലിന്റെ കാര്യവും വ്യത്യസ്തമല്ല. 1872 ലെ നിയമവുമായി 82% സാദ്യശ്യതയാണുള്ളത്. ഇന്ത്യൻ പാർലമെന്റിൽ പുതുതായി പാസാക്കിയ ബില്ലുകൾ ബ്രിട്ടീഷ് നിലപാടിൽ നിന്നും വ്യതിരിക്തമല്ലെന്നാണ് നിരവധി അഭിഭാഷകരും പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്.

ഭാരതീയ ന്യായ സൻഹിത ഒഴികെയുള്ള ബില്ലുകളിൽ പരിഷ്കാരങ്ങൾ വളരെ കുറവാണെന്ന് ഡൽഹിയില മുതിർന്ന അഭിഭാഷകരിൽ ഒരാളായ എം ജോൺ പറഞ്ഞു. നിലവിലുള്ള നിയമങ്ങളിലെ ചില വ്യവസ്ഥകൾ കാര്യക്ഷമമാക്കിക്കൊണ്ട് അവർ നിയമങ്ങളെ ഇന്ത്യൻ തനിമയിലേക്ക് ഉൾചേർക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളിലായി പരന്നുകിടക്കുന്ന എല്ലാ നിയമങ്ങളെയും ഭാരതീയ ന്യായ സൻഹിതയിൽ ഒരേ വകുപ്പിന് കീഴിൽ കൊണ്ടുവരുന്നതിനാണ് അവർ ശ്രമിച്ചത്.

ബില്ലുകളിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും നിലവിലെ ക്രിമിനൽ നിയമങ്ങളെ സംയോജിപ്പിച്ച് ഏകമാന രൂപം നൽകുകയായിരുന്നുവെന്നും ക്രിമിനൽ ജസ്റ്റിസായ നവീദ് മെഹ്മൂദ് അഹ്മദ് നിരീക്ഷിച്ചു.

സംഘടിത കുറ്റകൃത്യം (ക്ലോസ് 109), തീവ്രവാദം (ക്ലോസ് 111), വഞ്ചനാപരമായ മാർഗങ്ങൾ ഉപയോഗിച്ച് സ്ത്രീകളുമായുള്ള ലൈംഗികബന്ധം (ക്ലോസ് 69) എന്നിവ ശിക്ഷാ നിയമത്തിൽ കൊണ്ടുവരുന്ന ന്യായ സൻഹിതയിൽ മാത്രമാണ് ശ്രദ്ധേയമായ മാറ്റങ്ങൾ കാണാൻ കഴിയുന്നതെന്ന് അഹമ്മദ് പറഞ്ഞു.

രാജ്യദ്രോഹ കുറ്റം ന്യായ സൻഹിതയിൽ നിന്ന് നീക്കം ചെയ്തുവെന്ന ആഭ്യന്തര മന്ത്രിയുടെ അവകാശവാദം യാദാർത്ഥ്യ വിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാരണം അത് ക്ലോസ് 150 ൽ നിലനിർത്തിയിട്ടുണ്ടെന്ന് അഹമ്മദ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ പീനൽ കോഡിലെ രാജ്യദ്രോഹ വ്യവസ്ഥയിലെ ഏറ്റവും കർശനമായ നിയമമാണ് ക്ലോസ് 150 എന്ന് സ്ക്രോൾ ഈ മാസം ആദ്യം വിശദീകരിച്ചിരുന്നു.

നഗ്രിക് സുരക്ഷാ സൻഹിത ക്രിമിനൽ നിയമ വ്യവസ്ഥകളിൽ നവീകരണങ്ങൾ നടത്തുന്നതിനാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ചില കേസുകളിൽ കുറ്റവാളികളെ പോലീസ് കയ്യോടെ പിടികൂടാനുള്ള തന്ത്രഫലമായാണ് ഈ ബിൽ കൊണ്ടുവന്നത്.

തെളിവ് നിയമവും സാക്ഷ്യ ബില്ലും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായി പറഞ്ഞു. മൂന്ന് ബില്ലുകളിലും വർഷങ്ങളായി ജുഡീഷ്യൽ തീരുമാനങ്ങളിൽ പറഞ്ഞിരിക്കുന്ന തത്വങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകളും വീഡിയോ കോൺഫറൻസിംഗിലൂടെയുള്ള സാക്ഷ്യവും പരാമർശിച്ചുകൊണ്ട് മറ്റു ചില മാറ്റങ്ങൾ വരാനിരിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പോലീസിന് കൂടുതൽ അധികാരം
ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പുനർനിർമ്മാണത്തിന് പുറമെ പൗരന്മാരുടെ മേൽ പോലീസിന് കൂടുതൽ അധികാരം നൽകുന്ന നിരവധി പിന്തിരിപ്പൻ വ്യവസ്ഥകൾ ബില്ലുകളിൽ അടങ്ങിയിട്ടുണ്ടെന്ന് അഭിഭാഷകർ പറയുന്നു.

ചില വ്യവസ്ഥകൾ അവ്യക്തമാണെന്നും എക്സിക്യൂട്ടീവിന്റെ കൈകളിൽ കൂടുതൽ വിവേചനാധികാരം നൽകുമെന്നും ഡൽഹിയിലെ അഭിഭാഷകനായ ഷാരൂഖ് ആലം പറഞ്ഞു. കൈവിലങ്ങ് സംബന്ധിച്ച വ്യവസ്ഥ ഏതൊരു വ്യക്തിയെയും അറസ്റ്റ് ചെയ്യുന്നതിനും തടങ്കലിൽ വയ്ക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും പോലീസിനോടുള്ള സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

അറസ്റ്റിനെ ബലമായി എതിർക്കുന്ന ഒരാളെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ പോലീസ് ഉദ്യോഗസ്ഥനെ അനുവദിക്കുന്ന നാഗരിക സുരക്ഷാ സൻഹിതയിലെ ക്ലോസ് 43 നിയമം സൈനിക ഉദ്യോഗസ്ഥരുടെ അധികാരത്തിന് സമാനമാണെന്ന് ആലം കൂട്ടിച്ചേർത്തു.

ന്യായ സൻഹിതയുടെ കീഴിൽ സ്വത്ത് അന്യാദീനപ്പെടുത്തൽ ഭീകരവാദമായി അംഗീകരിക്കുന്നുണ്ടെന്നും ആലം തുറന്നു പറഞ്ഞു. സർക്കാർ മുന്നോട്ട് വെക്കുന്ന ഈ വ്യവസ്ഥകൾ വിശാലവും അവ്യക്തവും ആകുന്നത് കാരണം ഭരണകൂടത്തിന് കൂടുതൽ സുതാര്യത വന്ന് ചേരും.

ഭീകരതയെ ചെറുത്തു തോൽപ്പിക്കുന്ന വ്യവസ്ഥകൾ കൂടുതൽ വ്യക്തമായിരിക്കണം എന്നാണ് നവീദ് മെഹ്മൂദ് അഹമ്മദ് അഭിപ്രായപ്പെട്ടത്. യുഎപിഎ കുറ്റങ്ങൾ ശിക്ഷാ നിയമത്തിൽ കൊണ്ടുവരുന്നത് എങ്ങനെയാണ് ഭീകരത ഇല്ലാതെയാക്കാൻ സഹായിക്കുന്നതെന്ന് എനിക്കറിയില്ല. ഭീകരതയെ നേരിടാൻ നിലവിലുള്ള കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ അനിവാര്യമാണ്.

തീവ്രവാദ നിരോധന നിയമം നിലവിലിരിക്കെ ഭീകരവാദ വകുപ്പ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ മിഹിർ ദേശായി ചോദ്യം ചെയ്തു. “എങ്കിൽ യുഎപിഎ എടുത്തുകളയൂ,” എന്നാണ് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടത്.

ഒന്നിലധികം കേസുകളിൽ പ്രതികളാണെങ്കിൽ താത്കാലിക ജാമ്യത്തിൽ വിടരുതെന്ന് പറയുന്ന നഗ്രിക് സുരക്ഷാ സൻഹിതയിലെ ക്ലോസ് 481 നിയമം സംസ്ഥാനത്തിന് എളുപ്പത്തിൽ ദുരുപയോഗം ചെയ്ത് കുറ്റവാളികളെ അനിശ്ചിതകാലത്തേക്ക് ജയിലിൽ പാർപ്പിക്കാമെന്നും ദേശായി മുന്നറിയിപ്പ് നൽകി. ജാമ്യത്തിനുള്ള സാധ്യത തന്നെ അതോടെ അസ്ഥാനത്താകും.

കൊളോണിയലിസം ആവർത്തിക്കുന്നു
ബില്ലുകൾ ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ അപകോളനീകരിക്കുന്നു എന്ന സർക്കാരിന്റെ വാദവും നിയമവിദഗ്ധർ തള്ളിക്കളഞ്ഞു.

“കൊളോണിയൽ പൈതൃകം ഇല്ലാതാക്കാൻ ശ്രമിക്കുന്ന നിയമനിർമ്മാണത്തിലെ ഈ നിർദേശങ്ങൾ വിക്ടോറിയൻ ആശയങ്ങളാണെന്നായിരുന്നു റെബേക്ക ജോണിന്റെ നിരീക്ഷണം. ഗർഭിണിയായ സ്ത്രീയുടെ ഗർഭം അലസലിന് കാരണമാകുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ന്യായ സൻഹിതയിലെ 86 മുതൽ 90 വരെയുള്ള ക്ലോസുകൾ തന്നെ അതിനുദാഹരണമാണ്. ബ്രിട്ടനിൽ പോലും ഉപയോഗിക്കാത്ത കടുത്ത ഭാഷയിലാണ് ഇന്ത്യൻ നിയമവ്യവസ്ഥ അതിനെ കൈകാര്യം ചെയ്തിരിക്കുന്നത്.

കൊളോണിയൽ ഘടകങ്ങളുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ഒഴിവാക്കുന്നതാണെന്ന് അവകാശപ്പെട്ട് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബില്ലുകളെ മിഹിർ ദേശായി “ചവറു” എന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. 1872 ലെ ഇന്ത്യൻ കരാർ നിയമവും കൊളോണിയൽ ആണെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണ പ്രക്രിയയുടെ അവസാനത്തിൽ അറസ്റ്റുചെയ്യുക എന്ന അന്താരാഷ്ട്ര മാനദണ്ഡത്തിന് വിരുദ്ധമായി അന്വേഷണത്തിന്റെ തുടക്കത്തിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കൊളോണിയൽ ആശയമാണെന്ന് ഷാരൂഖ് ആലം ചൂണ്ടിക്കാട്ടി. ഇത് മാറ്റാനുള്ള പരാമർശങ്ങളൊന്നും ബില്ലുകളിൽ കാണുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പണ്ട് കാലം മുതൽ കൊളോണിയൽ ആശയത്തോട് ഓരം ചേർന്നാണ് നിയമങ്ങൾ നടപ്പിലാക്കിയത്.

പുതിയ നിയമങ്ങൾ ക്രിമിനൽ നീതിന്യായ ഭരണത്തിൽ മാറ്റങ്ങൾ വിതക്കാൻ പര്യാപ്തമല്ലായെന്നാണ് ലീഗൽ അക്കാദമിക് അരവിന്ദ് വർമ്മയുടെ അഭിപ്രായം. “ഉദ്യോഗസ്ഥർക്ക് പ്രാദേശിക ഉത്തരവാദിത്തം ഇല്ലാത്ത ഒരു കേന്ദ്രീകൃത ഭരണത്തിലൂടെയാണ് കോളനിവൽക്കരണം വേരൂന്നിയത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ സൂപ്പർവൈസർമാർ കൈകാര്യം ചെയ്യുന്നത് ഇതിനുദാഹാണമാണ്.” ക്രിമിനൽ നിയമ ബില്ലുകളൊന്നും തന്നെ ഇത് അഭിസംബോധന ചെയ്യുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ ക്രിമിനൽ നിയമങ്ങളിലെ കൊളോണിയൽ സ്വാധീനം ആവർത്തിച്ച് ഊന്നിപ്പറയുന്ന ബില്ലുകളെ ആലം വിമർശിച്ചു. “ബില്ലുകൾ നമ്മുടെ ക്രിമിനൽ നിയമങ്ങളിലെ കൊളോണിയൽ രീതിശാസ്ത്രങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതിന് പകരം അത് അവരെ കൂടുതൽ ശക്തരാക്കുകയാണ്.
നിലവിലുള്ള വ്യവസ്ഥിതിയിൽ നിന്ന് കൊളോണിയൽ പ്രകിയ ഇല്ലാതെയാക്കലാണ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യമെന്നും അതിനായി ഭരണകൂടത്തിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തേണ്ടതുണ്ടെന്നും നവീദ് മെഹ്മൂദ് അഹ്മദ് പറഞ്ഞു.

പൗരന്മാർ എങ്ങനെ പോലീസ് വലയത്തിലാകുന്നു എന്നത് നിയന്ത്രിക്കപ്പെടാതെ വരികയും , മതനിന്ദ, രാജ്യദ്രോഹം തുടങ്ങിയ കൊളോണിയൽ കുറ്റകൃത്യങ്ങൾ നിലനിൽക്കുകയും, ക്രിമിനൽ നീതിന്യായ വ്യവസ്ഥിതി വഴി ആളുകളെ അനാവശ്യമായി ചൂഷണം ചെയ്യുന്നത് തുടരുമ്പോഴുമാണ് കൊളോണിയൽ താത്പര്യങ്ങൾ ശക്തിപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചുരുക്കത്തിൽ, ബ്രിട്ടീഷ് ഭരണം ഇന്ത്യയ്ക്ക് സമ്മാനിച്ച ഇന്ത്യൻ പീനൽ കോഡിലെ നിയമങ്ങളെ എടുത്ത് മാറ്റി ഇന്ത്യൻ സ്വത്വം മുറുകെ പിടിക്കുന്ന പുതിയ നിയമങ്ങളാണ് പാസാക്കിയത് എന്ന വാദഗതിയാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. യദാർത്ഥത്തിൽ പേരിന് മാത്രം ചില മാറ്റങ്ങൾ കൊണ്ട് വന്നു എന്നതിനപ്പുറം കാര്യമായ ചലനങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കൊളോണിയൽ വിരുദ്ധമാണെന്ന് നാൾക്ക് നാൾ വാചാലമാകുമ്പോഴും അവർ ആവിഷ്കരിച്ച നിയമങ്ങൾ ആഴത്തിൽ കൊളോണിയൽ തത്വങ്ങളോട് കെട്ട്പിണഞ്ഞ് കിടക്കുകയാണ്.

വിവ : നിയാസ് പാലക്കൽ

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles