Current Date

Search
Close this search box.
Search
Close this search box.

ആനി രാജ ചെയ്ത രാജ്യദ്രോഹവും മണിപ്പൂരിലെ ദുശ്ശാസനന്മാരും!

ജനാധിപത്യ, മതനിരപേക്ഷ ജാഗ്രതയിലെങ്ങാനും നാം, കേരളീയർ അലസരാകുന്ന നിമിഷം പിന്നെന്തു സംഭവിക്കും എന്നതിൻ്റെ ഒന്നാന്തരം ഉദാഹരണമത്രെ മണിപ്പൂര് സ്ത്രീ വേട്ട!

അതിഭീകരവും തനി പ്രാകൃതവുമാണ് മണിപ്പൂരിൽ നിന്നു വരുന്ന വാർത്തകൾ! രണ്ടര മാസത്തിലധികമായി ക്രിസ്ത്യൻ വംശഹത്യ നടക്കുന്ന മണിപ്പൂരിൽ നേരത്തെ തന്നെ കുക്കി വനിതകളും കന്യാസ്ത്രീകളും വ്യാപകമായി മാനഭംഗത്തിന്നിരയാവുന്നതായി പരാതി ഉയർന്നിരുന്നു. സർക്കാർ ഇൻ്റർനെറ്റ് വിച്ഛേദിച്ചതിനാൽ അവയൊന്നും വേണ്ട അളവിൽ പുറത്തു വന്നിരുന്നില്ല.

എന്നാൽ ഈ മാസം ആദ്യാഴ്ചയിൽ നടന്ന പിശാചുക്കൾ പോലും നാണിക്കുന്ന ഒരു കൊടും ക്രൂര കുറ്റകൃത്യം, നടുക്കമുളവാക്കുന്ന ദൃശ്യങ്ങൾ സഹിതം സോഷ്യൽ മീഡിയകളിലും അച്ചടി മാധ്യമങ്ങളിലുമൊക്കെ നിറഞ്ഞാടുന്നുണ്ട്! രണ്ടു യുവതികളെ ( ചില റിപ്പോർട്ടുകളിൽ മൂന്ന്) കൂട്ട ബലാത്സംഗത്തിനിരകളാക്കിയ ശേഷം വിവസ്ത്രകളാക്കി പട്ടാപ്പകൽ റോഡിലൂടെ നടത്തിക്കുന്നു?!
നിസ്സഹായരായ യുവതികൾ അലറിക്കരയുന്നുണ്ട്! അവരെ രക്ഷിക്കാൻ പക്ഷെ മന:സാക്ഷിയുള്ള ഒറ്റ ഒരുത്തനും കൂട്ടത്തിലില്ല!

സംഘ ഫാഷിസം വെറുപ്പു രാഷ്ട്രീയത്തിൻ്റെ കരിനാഗങ്ങളെ അഴിച്ചുവിട്ട “ആൾ (?) കൂട്ടം” കേമറക്കു മുന്നിൽ തന്നെ കൗമാരം വിട്ടുമാറാത്ത പെൺകുട്ടികളെ തുടരെത്തുടരെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കുന്നു!

പൊലീസും പട്ടാളവും മുഖ്യമന്ത്രിയും പ്രധാന മന്ത്രിയുമെല്ലാം കാണികളായി കയ്യും കെട്ടി നോക്കി നിൽക്കുന്ന ഈ ഭീകരാവസ്ഥയെ പറ്റി തന്നെയാണ് രണ്ടുനാൾ മുമ്പ് സംഭവസ്ഥലം സന്ദർശിച്ച ശേഷം സി.പി.ഐ നേതാവ് ആനി രാജ “മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപ “മാണെന്ന് തുറന്നടിച്ചത്. ആനി രാജയെപ്പോലുള്ള ഉത്തരവാദപ്പെട്ട ഒരു ജന നേതാവ് പറഞ്ഞതിൻ്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്നതിനു പകരം അവർക്കെതിരെ “രാജ്യദ്രോഹ കുറ്റ “ത്തിന് കേസെടുത്തിരിക്കയാണ്! (ദേശീയ മഹിള ഫെഡറേഷൻ വസ്തുതാന്വേഷണ സമിതിയുടെ ഭാഗമായി മണിപ്പൂരിലെത്തിയ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയുമുണ്ട് രാജ്യ ദ്രോഹം!)

അപ്പോൾ ഇതാണ് രണ്ടു മാസത്തിലധികം നാട് കത്തിയിട്ടും വാ തുറക്കാതിരുന്ന ഭരണ കർത്താവിൻ്റെ “രാജനീതി!” ( വംശഹത്യയുടെ എൺപതാം നാൾ അങ്ങോര് വാ തുറന്നത്രെ! അങ്ങോർക്ക് “ഹൃദയ”മുണ്ട് പോൽ!) പോയ കാല ദുശ്ശാസനന്മാർ ദ്രൗപതിയെ വസ്ത്രാക്ഷേപം ചെയ്തതേയുള്ളു. എതിർത്ത കൃഷ്ണന്മാർക്കെതിരെ കേസെടുത്തിരുന്നില്ല!

എസ്.ശാരദക്കുട്ടിയുടെ തൊട്ടാൽ പൊള്ളുന്ന പോസ്റ്റർ കവിതയിലെ ഒടുവിലത്തെ ഖണ്ഡിക ഉദ്ധരിക്കാം:

ഭയമാകുന്നു/
മണിപ്പൂരിനെ ഓർത്ത് മാത്രമല്ല /
ഇന്ത്യ എങ്ങോട്ടെന്നോർത്തും ഭയമാകുന്നു/
ശരീരമുണ്ടായിപ്പോയ/
പെൺമക്കളെ ഓർത്ത് /
ഇങ്ങനെ നീറി നീറി ജീവിക്കുവാൻ ഭയമാകുന്നു..!

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles