Current Date

Search
Close this search box.
Search
Close this search box.

പട്ടിണിയില്ലാത്ത പട്ടണം

ദേശാടനം ചെയ്യുന്ന സാഹിത്യകാരന്മാരുടെ സൃഷ്ടികളിലാണ് പലയിടത്തുമെത്തി പച്ചവെള്ളം കുടിച്ച് പൈദാഹം അടക്കിയിട്ടുള്ള അനുഭവ സാക്ഷ്യങ്ങൾ വായിച്ചിട്ടുള്ളത്. കിഴക്കും പടിഞ്ഞാറുമെല്ലാം അത്തരം അനുഭവങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ആരും പട്ടിണി അറിയാത്ത ഒരു പട്ടണം ഭൂമിയിലുണ്ട്. ഒന്ന് സങ്കൽപ്പിച്ച് നോക്കുക. യൂറാപ്പിലോ GCC യിലോ ഒന്നുമല്ല. മിഡിൽ ഈസ്റ്റിലെ ഫലസ്തീനിലെ ഹെബ്രോൻ പ്രവിശ്യയിലെ ഖലീൽ നഗരമാണ് ഭൂമിയിലെ ആ സ്വർഗം.

24×7×12 ഈ ഭക്ഷണം വിളമ്പുന്നത് എന്തിനാണെന്ന് അറിയാമോ..!? മൂന്നു ലോകമതങ്ങളുടെ പ്രവാചക കുലപതിയായ ഇബ്രാഹീം പ്രവാചകന്റെ ജന്മനാടായി പറയപ്പെടുന്ന ഖലീലിലാണ് തകിയതു ഇബ്രാഹീം എന്ന സൂപ്പർ മട്ടൺ ബിരിയാണിക്കഞ്ഞി കഴിക്കുന്ന മനസ്സും വയറും നിറക്കുന്ന ഈ കാഴ്ച . ഖലീൽ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സാമ്പത്തിക ശേഷിയുള്ളവരാണ് യാമം മുറിയാത്ത ഈ സേവന രംഗത്തെ പ്രായോജകർ. വഴിയാത്രക്കാർ, രോഗികൾ, തൊട്ടടുത്ത പ്രദേശ വാസികൾ എന്നിങ്ങനെ പല രീതിയിലും ഖലീലിൽ എത്തിപ്പെടുന്നവർക്ക് ഒരു നേരം പോലും പട്ടിണി കിടക്കുന്ന അവസ്ഥയുണ്ടാവില്ല.

ആയിരക്കണക്കിന് വളണ്ടിയർമാരാണ് ഈ മട്ടൺ ബിരിയാണി ഉണ്ടാക്കാനും വിതരണം ചെയ്യാനുമായി ഖലീലിലേക്ക് ദിനംപ്രതി എത്തിച്ചേരുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ഈ നാടൻ വിഭവം ആയിരക്കണക്കിന് ആളുകളാണ് റമദാനിൽ ഉപയോഗപ്പെടുത്തുന്നത്. റമദാനല്ലാത്ത സമയത്ത് ശരാശരി 500 കുടുംബങ്ങളെങ്കിലും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

“അബൂദ്ദീഫാൻ” (അതിഥികളുടെ പിതാവ് ) എന്ന് ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെട്ട ഇബ്രാഹിം പ്രവാചകന്റെ കാലഘട്ടത്തോളം പഴക്കമുണ്ട് ഈ അന്നദാനത്തിനെന്നാണ് ഹെബ്രോണിലെ ജനങ്ങൾ പറയുന്നത്. ഓരോ ദിവസവും ളുഹ്റിനും അസറിനുമിടയിൽ തുടരുന്ന ഭക്ഷണ വിതരണം നടക്കുന്നു. ഖലീൽ പട്ടണത്തിലെത്തിയാൽ പട്ടിണി കിടക്കേണ്ടിവരില്ല . മദീനക്കാരെ പോലെ തന്നെ ഖലീൽ ജനങ്ങളുടെ ഔദാര്യം പ്രസിദ്ധമാണ്.

ഇബ്രാഹീം നബി അവിടത്തു കാരുടെ മൊത്തം വല്ലിപ്പയാണ്. അവിടുത്തെ ജനങ്ങളുടെ ധാർമനിഷ്ഠയിലത് നിഴലിച്ച് കാണാം.. ഫലസ്തീനിലെ ഹെബ്രോൺ ഗവർണറേറ്റിന്റെ കണ്ണായ സ്ഥലത്താണ് ഖലീൽ പട്ടണം . ജറുസലേമിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ തെക്ക് വെസ്റ്റ് ബാങ്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെങ്കലയുഗ (Bronze age) ത്തിന്റെ തുടക്കത്തിൽ കനാന്യർ സ്ഥാപിച്ച ഈ സ്ഥലം ജനസംഖ്യയുടെയും വിസ്തീർണ്ണത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ന് വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ നഗരമാണ്, 2016 ലെ സെൻസസ് പ്രകാരം ഏകദേശം 215,000 ജനസംഖ്യയും 42 കി.മീ. നീളവുമുള്ള ഖലീൽ വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായതിനാൽ നഗരത്തിന് സാമ്പത്തികമായ ഏറെ പ്രാധാന്യമുണ്ട്. പ്രവാചകൻമാരായ ഇബ്രാഹീം , പുത്രൻ ഇസ്ഹാഖ് അദ്ദേഹത്തിന്റെ പുത്രൻ യഅഖൂബ്, അവരുടെ ഭാര്യമാർ എന്നിവരുടെ പേരിലുള്ള ഖബറിടങ്ങൾ ഉൾക്കൊള്ളുന്ന ഇബ്രാഹിമി മസ്ജിദ് ഖലീൽ നഗരമധ്യത്തിലാണ്. മൂന്ന് അബ്രഹാമിക് മതങ്ങൾക്കും മതപരമായ പ്രാധാന്യമുള്ള പ്രദേശമാണ് ഖലീൽ .

Related Articles