Current Date

Search
Close this search box.
Search
Close this search box.

‘സെക്‌സ് ജിഹാദ്’ ആരുടെ സൃഷ്ടി?

സിറിയന്‍ ഇന്റലിജന്‍സിലെ പിശാചുകള്‍ മെനഞ്ഞെടുത്ത കള്ളക്കെട്ടുകഥ മാത്രമാണ് ‘സെക്‌സ് ജിഹാദ്’ (ജിഹാദുന്നികാഹ്). ഭരണകൂടത്തിനെതിരെ പോരാടുന്ന സംഘങ്ങളെ ആക്ഷേപിക്കുന്നതിനും മോശമായി ചിത്രീകരിക്കുന്നതിനും വേണ്ടിയായിരുന്നു അത്. ഭരണകൂടത്തിന്റെ ലൗഡ് സ്പീക്കറുകള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. മുഴുവന്‍ സിറിയന്‍ ജനതയുടെയും ആത്മാഭിമാനത്തിനായി പോരാടുന്ന എല്ലാ ദേശീയ ശക്തികളെയും താറടിച്ചു കാണിക്കുന്നതില്‍ ഒരു പരിധിവരെയത് വിജയിക്കുകയും ചെയ്തു. സിറിയക്ക് പുറത്തുള്ള ഇസ്‌ലാമിന്റെ എതിരാളികളും ഈ പൈശാചിക ചിന്ത വ്യാപകമായ തോതില്‍ പ്രചരിപ്പിച്ചു. അവരുടെ ആഭ്യന്തര രംഗങ്ങളില്‍ പറ്റുന്ന രൂപത്തിലെല്ലാം അവരത് ഉപയോഗപ്പെടുത്തി. ഈജിപ്തിലും തുനീഷ്യയിലും വളരെ പ്രകടമായി തന്നെ അത് കാണാമായിരുന്നു. വളരെ മഹത്താഹ ജിഹാദിന്റെ മൂല്യത്തെ തന്നെയത് നിന്ദിക്കുകയും അവമതിക്കുകയും ചെയ്തു. മ്ലേച്ഛകൃത്യങ്ങള്‍ക്കുള്ള ഒരു മറ എന്ന രൂപത്തില്‍ ജിഹാദ് മാറിയിരിക്കുന്നു എന്ന രൂപത്തിലായിരുന്നു അത്.

ചില അറബ് വാര്‍ത്താ മാധ്യമങ്ങളും ഇത് കൊട്ടിഘോഷിച്ചപ്പോള്‍ അതിലെ കള്ളം പുറത്ത് കൊണ്ടു വരികയായിരുന്നു ഫ്രഞ്ച് മാധ്യമങ്ങള്‍. Le Monde ദിനപത്രവും France 24 ചാനലും അതാണ് നിര്‍വഹിച്ചത്. സിറിയയിലെ സെക്‌സ് ജിഹാദിന് യാതൊരു അടിസ്ഥാനവുമില്ലെന്ന റിപോര്‍ട്ട് ‘ലെ മോണ്ടെ’ അതിന്റെ ഒക്ടോബര്‍ ആദ്യ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. വിപ്ലവകാരികളുടെ മേല്‍ സിറിയന്‍ ഭരണകൂടം കെട്ടിച്ചമച്ച ഒന്ന് മാത്രമാണതെന്ന് റിപോര്‍ട്ട് വ്യക്തമാക്കി. അവരോടുള്ള ജനങ്ങള്‍ക്കുള്ള ചായ്‌വ് ഇല്ലാതാക്കുന്നതിന് പുറം രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞു കയറിയവരാണവരെന്ന് നേരത്തെ ഭരണകൂടം പ്രചരിപ്പിച്ചിരുന്നു. സെക്‌സ് ജിഹാദെന്ന ആശയം ആദ്യമായി പുറത്ത് വന്നത് 2012-ന്റെ അവസാനത്തില്‍ ദമസ്‌കസിനോട് കൂറ് പുലര്‍ത്തുന്ന ഒരു ലബനാന്‍ ചാനലിലൂടെയായിരുന്നു എന്നും പത്രം സൂചിപ്പിക്കുന്നു. വളരെ പെട്ടന്ന് തന്നെ അസദ് അനുകൂല മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്നവരുടെ ചിത്രം മോശമാക്കുക എന്നത് മാത്രമായിരുന്നില്ല പ്രസ്തുത കള്ളം കെട്ടിചമക്കലിന്റെ ലക്ഷ്യം, മറിച്ച് പാശ്ചാത്യ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കലുമായിരുന്നു. പ്രമുഖ സഊദി പ്രബോധകനായ മുഹമ്മദ് അരീഫിയുടെ ഫത്‌വയിലൂടെയാണതിന് ആധികാരികത ഉണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വൈകാതെ തന്നെ അദ്ദേഹം ഫത്‌വയെ നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നപ്പോള്‍ അതിന്റെ വക്താക്കള്‍ക്ക് അജ്ഞാത സ്രോതസ്സിലേക്ക് ഫത്‌വയെ മാറ്റേണ്ടി വന്നു.

സെക്‌സ് ജിഹാദ് ആവശ്യപ്പെടുകയോ അല്ലെങ്കില്‍ അതിന് അംഗീകാരം നല്‍കുകയോ ചെയ്യുന്ന ആധികാരികമായ ഒരു ഫത്‌വയുടെ അഭാവത്തിലും വളരെ വൈകാരികവും ആളുകളെ ത്രസിപ്പിക്കുന്നതുമായ രൂപത്തില്‍ ടെലിവിഷന്‍ ചാനലുകളും മാധ്യമങ്ങളും അതിനെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. സിറിയന്‍ പ്രതിപക്ഷത്ത് നിലകൊള്ളുന്ന മുഴുന്‍ കക്ഷികളും ദേശീയ സഖ്യവും ഫ്രീ സിറിയന്‍ ആര്‍മിയും ജബ്ഹത്തുന്നുസ്‌റയുമെല്ലാം ഈ ആശയത്തെ എതിര്‍ത്തു കൊണ്ട് രംഗത്ത് വന്നതായും അത് സൂചിപ്പിച്ചു. വിപ്ലവകാരികള്‍ക്കിടയില്‍ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു.

തുനീഷ്യന്‍ സ്ത്രീകള്‍ അത്തരത്തിലുള്ള ‘ജിഹാദി’നായി സിറിയിലേക്ക് പോകുന്നുണ്ടെന്ന തുനീഷ്യന്‍ ആഭ്യന്തര മന്ത്രി ലുത്ഫി ബിന്‍ ജദുവിന്റെ പ്രസ്താവനയെയും ഫ്രഞ്ച് പത്രം കൈകാര്യം ചെയ്തു. അത്തരത്തില്‍ പോയവരുടെ എണ്ണം മന്ത്രി വ്യക്തമാക്കിയില്ല. വാര്‍ത്തയെ സ്ഥിരീകരിക്കുന്നതിന് ഏതെങ്കിലും തുനീഷ്യന്‍ ഫത്‌വകളോ പ്രസ്താവനകളോ തെളിവായി നല്‍കാന്‍ അയാളുടെ പക്കലില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

അന്നഹ്ദ പാര്‍ട്ടിക്കെതിരെ ജനരോഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തുനീഷ്യന്‍ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെന്ന് ‘ഫ്രാന്‍സ് 24’ ചാനല്‍ വ്യക്തമാക്കി. സിറിയയിലെ പ്രതിരോധ കക്ഷികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേന്ദ്രങ്ങിള്‍ നിന്ന് പ്രസ്തുത കഥക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സിറിയന്‍ ഇന്റലിജന്‍സിന് അതിലുള്ള പങ്കും ചാനല്‍ തിരിച്ചറിഞ്ഞതായും സൂചിപ്പിച്ചു. സെക്‌സ് ജിഹാദിന്റെ കഥ സിറിയന്‍ ഇന്റലിജന്‍സ് കെട്ടിചമച്ചതാണെന്ന അറബ് ലീഗിന്റെ സിറിയയിലെ നിരീക്ഷകനായ സയ്യിദ് അന്‍വര്‍ മാലികിന്റെ വാക്കുകളും അവര്‍ റിപോര്‍ട്ട് ചെയ്തു. സുപ്രധാനമായ രണ്ട് കാര്യങ്ങളാണ് റിപോര്‍ട്ട് പുറത്തു വിട്ടത്. വ്യാജ ഫത്‌വക്ക് ഉത്തരം നല്‍കാനായി പോകുന്ന തുനീഷ്യന്‍ യുവതികളെന്ന പേരില്‍ പ്രചരിച്ചിരുന്ന ഫോട്ടോകള്‍ റഷ്യന്‍ ഭരണകൂടവുമായി ഏറ്റുമുട്ടല്‍ ഉണ്ടായ സമയത്ത് എടുത്ത ചെച്‌നിയന്‍ യുവതികളുടേതാണ് എന്നതാണ് ഒരു വിവരം. സിറിയന്‍ ഭരണകൂടവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ലബനാന്‍ ചാനലായ ‘അല്‍-മയാദീന്‍’ ല്‍ നിന്നും മാധ്യമ പ്രവര്‍ത്തകയായ മലീക ജബ്ബാരി രാജി വെച്ചതിന്റെ കാരണമാണ് രണ്ടാമത്തെ കാര്യം. വ്യാജ കഥ കെട്ടിച്ചമക്കാനും സംപ്രേഷണം ചെയ്യാനും നിര്‍ബന്ധിക്കപ്പെട്ടതിന്റെ പേരിലായിരുന്നു അവര്‍ രാജിവെച്ചത്.

വിമതരെ സിറിയന്‍ മണ്ണില്‍ കൊന്നൊടുക്കുക മാത്രമല്ല ശബീഹ(അസദ് അനുകൂല ഗുണ്ടാ സംഘം)ക്കാര്‍ ചെയ്യുന്നത്. മാധ്യമ രംഗത്തും അവരുടേതായ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. അവരുടെ മുന്നിലുള്ള കഥകള്‍ മലിനപ്പെടുത്തിയും വിഷംചേര്‍ത്തും അവര്‍ പ്രചരിപ്പിക്കുന്നു. ആത്മീയമായും ധാര്‍മികമായും എതിരാളികളെ വധിക്കുകയും നശിപ്പിക്കുകയുമാണതിലൂടെ ചെയ്യുന്നത്. മാധ്യമലോകത്ത് വ്യാപകമായ തോതില്‍ പ്രവര്‍ത്തിക്കുന്ന ശബീഹക്കാരെ നാം തിരിച്ചറിയേണ്ടതുണ്ട്. പത്രവും പുസ്തവും വായിക്കുന്നവരേക്കാള്‍ ടെലിവിഷന്‍ കാണുന്നവരാണുള്ളത്. ഇത്തരത്തിലുള്ള ശബീഹക്കാര്‍ സിറിയയില്‍ മാത്രമല്ല ഉള്ളത്, അറബ് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ അവരുടെ പങ്ക് നിര്‍വഹിക്കുന്നവരുണ്ട്. മീഡിയ ശക്തമായ ഒരു ആയുധമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് തന്നെയാണതിന് കാരണം. ജീവിച്ചിരിക്കെ തന്നെ മനുഷ്യ മനസുകളെ ദുഷിപ്പിക്കാനും ആത്മാവിനെ കൊലപ്പെടുത്താനും മനുഷ്യത്വത്തില്‍ നിന്ന് അവരെ അകറ്റാനും അതിന് സാധിക്കുന്നു.

വിവ : നസീഫ് തിരുവമ്പാടി

Related Articles