Current Date

Search
Close this search box.
Search
Close this search box.

സംതൃപ്തിയില്‍ പൊതിഞ്ഞൊരു ജീവിതം

ഉസ്താദ് സാദിഖ് മൗലവി അന്തരിച്ചിരിക്കുന്നു…. ഇന്നാലില്ലാഹ്!!! തലയാട്ടി, ഇളംചിരി ചുണ്ടില്‍ വിരിയിച്ചു പതിഞ്ഞ ശബ്ദത്തിലുള്ള ആ ക്ലാസ് ശാന്തപുരത്തിന്റെ മധുരതരമായ ഓര്‍മകളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നു. ഏതു ഗൗരവമാര്‍ന്ന വിഷയവും ഒരു ചെറു മന്ദഹാസത്തോടെയുള്ള അവതരണം. ചിരി അല്‍പം തുറസ്സായെന്നു തോന്നുമ്പോഴേക്കും സന്തത സഹചാരിയായ ആ അറബിഷാളിന്റെ തലപ്പ് ചുണ്ടില്‍ കടിച്ച് മറച്ചുപിടിച്ചു  അതായിരുന്നു ഞങ്ങളുടെ സാദിഖ് മൗലവി.

ഇടവയിലെ മലയാളം വാധ്യാരെക്കൊണ്ട് ഹാജിസാഹിബ് അല്‍പം കട്ടിമലയാളത്തിലാക്കിയ ‘ഇസ്‌ലാം മത’ത്തിലെ വരികള്‍ വായിച്ച് അതിന്റെ അര്‍ഥവും ആശയവും ഇഴചീന്തി കുട്ടികളായ ഞങ്ങള്‍ക്കു മുന്നില്‍ ഇട്ടുതന്ന ആ കാലം. ഇടക്ക് നാട്ടുവിശേഷങ്ങളും ശാന്തപുരത്തിന്റെ പഴമ്പുരാണവുമൊക്കെയുണ്ടാവും. കൊണ്ടോട്ടി കൈക്കാരും പൊന്നാനി കൈക്കാരും മുള്ള്യാകുര്‍ശിയിലെ പള്ളിക്കു വേണ്ടി നടത്തിയ സമരങ്ങള്‍, മിമ്പര്‍ എടുത്തോടിയ കഥകള്‍… എല്ലാം ആ തല ഉഴിഞ്ഞും ആട്ടിയും തന്നെ സരസമായി മൗലവി വിവരിച്ചുതന്നു. സ്‌തോഭജനകമായ സംഗതികള്‍ പോലും അയഞ്ഞ വാക്കുകളില്‍ ലഘുവായി പറഞ്ഞ് ഒരു ചെറുചിരിയില്‍ അവസാനിപ്പിക്കുകയായിരുന്നു മൗലവിയുടെ രീതി.

പിന്നീട് തിരുവനന്തപുരത്തും മലപ്പുറത്തും മധ്യകേരളത്തിലുമൊക്കെ ഫുള്‍ടൈം വര്‍ക്കറായി പ്രസ്ഥാനത്തിനു വേണ്ടി ഊരുചുറ്റുന്ന കാലത്തും പ്രവര്‍ത്തകരുമായുള്ള ബന്ധങ്ങളില്‍, ക്ലാസുകളില്‍, ചര്‍ച്ചകളില്‍, ഖുതുബകളില്‍… എല്ലാം ആ മൗലവി ടച്ച് കൂടുതല്‍ ബോധ്യപ്പെട്ടിട്ടുണ്ട്. പതിഞ്ഞ ശബ്ദത്തിലാരംഭിക്കുന്ന ക്ലാസിലും ഖുതുബയിലും ശബ്ദമുയര്‍ന്നാലും അതിനുമുണ്ടൊരു അതിര്… ശബ്ദം അവസാനിച്ചും ശ്രോതാവിനെ ബോധ്യപ്പെടുത്താനെന്ന വണ്ണമുള്ള ആ തലയാട്ടല്‍ അവസാനിച്ചിട്ടുണ്ടാവില്ല.

പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ച കണിശവും കൃത്യവുമായ ധാരണ, ഏതു പുതുകാല സ്ഥിതിവിശേഷങ്ങളെയും അതിനോടു തുലനം ചെയ്യാനുള്ള സഹൃദയത്വം, പാരമ്പര്യം കൈവിടാതെ പുതുരീതികളെ അതുമായി ചേര്‍ത്തുകെട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ അപഗ്രഥനങ്ങള്‍. പാന്റും ഷര്‍ട്ടും അതിന്മേല്‍ ഒരു അറബിഷാളും തമ്മിലെ ചേരുംപടി മൗലവിക്കു മാത്രം ചേര്‍ന്നതായിരുന്നല്ലോ…. പാരമ്പര്യവും പുത്തന്‍കൂറ്റും തമ്മിലുള്ള മുഖാമുഖങ്ങളില്‍ കാര്യത്തോടൊപ്പം നിന്നു അതിന്റെ പേരിലെ കലഹത്തിലെ കാര്യമില്ലായ്മ അദ്ദേഹം എടുത്തുകാട്ടി. വ്യക്തികളുടെ ദൗര്‍ബല്യങ്ങളെ ദുഷിക്കാതെ, വ്യക്തിഗതമായ സ്വഭാവ സവിശേഷതകളായി സമാധാനിക്കാനായിരുന്നു മൗലവിക്കു താല്‍പര്യമെന്നു തോന്നിയിട്ടുണ്ട്. ചിതമല്ലെന്നു തോന്നിയതു അടുത്തുകൂടി സൗമ്യഭാഷയില്‍ ഉണര്‍ത്തുമ്പോള്‍ അത് തിരുത്താമായിരുന്നില്ലേ എന്നു അപരനു തന്നെ സ്വയം ബോധ്യം വന്നിട്ടുണ്ടാകണം.

വായനയില്‍ ഇത്രത്തോളം അപ്‌ഡേറ്റ് ചെയ്യുന്നവരെ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. വര്‍ത്തമാനപത്രം, പാര്‍ട്ടി മുഖപത്രം, ആനുകാലികങ്ങള്‍ ഏതും പുതിയ ലക്കവും പതിപ്പും മൗലവി കണ്ടിട്ടുണ്ടാകും. മുമ്പ് ക്ലാസില്‍ ‘പ്രബോധനം’ മാസികയുടെ മുഖപ്രസംഗങ്ങള്‍ ഖുതുബകള്‍ക്ക് ഉപയോഗപ്പെടുന്നത് പറഞ്ഞതോര്‍ക്കുന്നു. പ്രസ്ഥാനത്തിന്റെ പുതുരീതികളോട് പാരമ്പര്യബദ്ധമായി തന്നെ അദ്ദേഹം ഒത്തുപോയത് അങ്ങനെയാണ്. പാര്‍ട്ടി സ്‌കൂളുകളില്‍ പഠനപരിശോധനയില്‍ സാദിഖ് മൗലവിയെ കഴിച്ചേ മറ്റു മാഷമ്മാരൊക്കെയുള്ളൂ എന്നു പലരും പറയാറുണ്ട്. പ്രസ്ഥാനത്തിന്റെ ഏതു പുതുമയും ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കാലതാമസം എടുക്കേണ്ടി വരാതിരുന്നത് ഈയൊരു അപ്‌ഡേഷന്‍ കൊണ്ടാവാം.

സംതൃപ്തിയില്‍ പൊതിഞ്ഞ ജീവിതമായിരുന്നു അതെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. ‘സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെടാന്‍ ആഹ്വാനമുണ്ടായാല്‍ നിങ്ങള്‍ ഭൂമിയോട് അള്ളിപ്പിടിച്ചിരിപ്പാണോ? പരലോകത്തേക്കാള്‍ ഇഹലോകമാണോ നിങ്ങള്‍ക്കു പഥ്യം’ എന്നു തുടങ്ങുന്ന സൂറത്തുത്തൗബയിലെ ആയത്തുകളായിരുന്നല്ലോ ജുമുഅ നമസ്‌കാരത്തില്‍ മൗലവിയുടെ ഇഷ്ടഭാഗങ്ങള്‍. അന്നു മേലാറ്റൂര്‍ മനഴിയിലെ കാട്ടുമുക്കില്‍ ഔലിയയുടെ കുടുംബത്തില്‍ നിന്നു ഇസ്‌ലാമികപ്രസ്ഥാനത്തിലേക്കു കൂടുമാറി തറവാട്ടുമഹിമയുടെ അനന്തരാവകാശം ഇട്ടെറിഞ്ഞു പോന്നയാള്‍ പിന്നെ അറിഞ്ഞുതന്നെ തെരഞ്ഞെടുത്തതാവണം ഈ വഴി. ഈ സംതൃപ്തിയെ മനസ്സില്‍ ധ്യാനിച്ചുതന്നെയാവണം ആദ്യസന്തതിക്ക് അബൂദര്‍റുല്‍ ഗിഫാരിയുടെ പേര് നല്‍കിയതും.

രോഗം ശയ്യാവലംബിയാക്കിയിരുന്ന ഭാര്യയുടെ മരണം വരെയുള്ള ശുശ്രൂഷയും ഫീല്‍ഡ് പ്രവര്‍ത്തനവുമൊക്കെ ഒരുമിച്ചു കൊണ്ടുപോകുമ്പോഴും ക്ഷേമാന്വേഷണം നടത്തുന്നവരോട് പുഞ്ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. അകത്തെരിയുന്ന കനലുകളുടെ ചൂടും പുകയും ചുണ്ടിലെരിയിച്ച സിഗരറ്റ് ചുരുളുകളിലൂടെ ഊതിപ്പായിച്ചു. കുടുംബവിവരം അന്വേഷിക്കുമ്പോഴെല്ലാം നറുപുഞ്ചിരി പൊഴിച്ചുള്ള സാന്ത്വനമറുപടികളായിരുന്നു അദ്ദേഹത്തിന്.

ഒരിക്കല്‍ കൊല്ലത്ത് ഒരു പരിപാടി കഴിഞ്ഞ് രാവേറെ ചെന്ന ശേഷം തിരുവനന്തപുരത്തേക്ക് ബസ് കാത്തു നില്‍ക്കുമ്പോള്‍ മൗലവി പറഞ്ഞു: നാളെ കൊല്ലത്തു വീണ്ടും വരണം… എങ്കില്‍ പിന്നെ ഇവിടെ കിടന്നു നാളത്തെ പരിപാടി കൂടി കഴിഞ്ഞ് പോയാല്‍ പോരേ എന്ന ചോദ്യത്തിന് സ്വതസിദ്ധമായ ആ മന്ദഹാസത്തോടെ വന്നു മറുപടി: ”ഇവിടെ കിടന്നാല്‍ കൊതുകിന്റെ കടി കൊള്ളണം. കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയാല്‍ അവിടെയത്തെുവോളം, പിന്നെ അവിടെ നിന്നു ഇവിടെയത്തെുവോളം കൊതുകുകടി കൊള്ളാതെ ഉറങ്ങാമല്ലോ….”
നാഥാ, തേജോമയമായ രൂപങ്ങളെല്ലാം ഒന്നൊന്നായി നിന്റെ കാരുണ്യത്തിലേക്ക് വിലയം പ്രാപിക്കുമ്പോള്‍….
നാഥാ, അവരുടെ നിഴല്‍ പറ്റാനെങ്കിലും ഞങ്ങളെ അനുഗ്രഹിക്കണേ..
അവരുടെ സച്ചരിതപാതയില്‍ ഇഹത്തിലും പരത്തിലും നീ ഞങ്ങളെ അണിചേര്‍ക്കണേ….

Related Articles