Current Date

Search
Close this search box.
Search
Close this search box.

വൃന്ദാവന്‍ വിധവകളും സുപ്രീം കോടതിയുടെ ഇടപെടലും

vrindavan-widows.jpg

ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ദാസികളായി സേവനം ചെയ്യുന്ന സ്ത്രീകളുടെ ദയനീയസ്ഥിതി പൊതുവെ എല്ലാവര്‍ക്കും അറിവുള്ളതാണ്. അത്തരം നിസ്സഹായരായ സ്ത്രീകള്‍ പാര്‍ക്കുന്ന ഒരു കേന്ദ്രമാണ് യു.പിയിലെ മധുര ജില്ലയിലുള്ള വൃന്ദാവന്‍. ബാല്യത്തിലോ കൗമാരത്തിലോ യുവത്വത്തിലോ വാര്‍ധക്യത്തിലോ ഒക്കെ ഭര്‍ത്താവ് മരിച്ചവരാണ് ഇവിടെയുള്ള അധിക സ്ത്രീകളും. അവലക്ഷണമായി കണ്ട് അവരെ അവരുടെ ബന്ധുക്കള്‍ ഇവിടെ കൊണ്ട് വന്ന് തള്ളുകയാണ് പതിവ്, പലപ്പോഴും ഈ ഹതഭാഗ്യരായ സ്ത്രീകളുടെ സമ്മതമില്ലാതെ തന്നെ. മക്കളോ മരുമക്കളോ ഒക്കെയാവും ഈ കടുംകൈ ചെയ്യുന്നത്. ഈ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇടക്കിടെ മാധ്യമങ്ങളില്‍ വാര്‍ത്തയാവാറുണ്ടെങ്കിലും പരിഹാരങ്ങളൊന്നും ഉണ്ടാവാറില്ല. അവരുടെ ദയനീയ സ്ഥിതി മുമ്പത്തെപ്പോലെ തന്നെ തുടരുകയും ചെയ്യുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ സുപ്രീം കോടതി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും അന്വേഷിക്കാനായി ഏഴംഗ ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ‘മുന്‍കൂട്ടി അറിയിക്കാതെ, ഉദ്യോഗസ്ഥ ജാടകളൊന്നുമില്ലാതെ അവിടെയെത്തുന്ന ഏതൊരാള്‍ക്കും അശരണരരായ വൃന്ദാവന്‍ സ്ത്രീകളുടെ പതിതാവസ്ഥ ബോധ്യപ്പെടാതിരിക്കില്ല.’ റിപ്പോര്‍ട്ടിലെ വരികളാണിത്. ജൂലൈ മുപ്പത്തി ഒന്നിന് പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏഴംഗ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പ്രകാരം സുപ്രീം കോടതി തീരുമാനങ്ങള്‍ കൈകൊള്ളുകയും അവ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുകയുമാണെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന ഈ സ്ത്രീകളുടെ നില മെച്ചപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. കോടതി വിധികള്‍ പാലിക്കാന്‍ ബാധ്യതപ്പെട്ടവര്‍ അതില്‍ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ ഈ നിസ്സഹായരുടെ സ്ഥിതി എന്നോ മെച്ചപ്പെട്ടേനെ. എന്ത്‌കൊണ്ട് ഇവര്‍ ഇങ്ങനെ അവഗണിക്കപ്പെടുന്നു? നാല് കാരണങ്ങളാണ് പ്രധാനമായും കാണാന്‍ കഴിയുക. 1) സ്ത്രീകളോട്, പ്രത്യേകിച്ച് വിധവകളോട് സമൂഹത്തിന്റെ മനോഭാവം. 2) വിധവകള്‍ ദുര്‍ലക്ഷണമാണെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നു; സാധാരണ സ്ത്രീകളെപ്പോലെ ജീവിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും. 3) ഇന്നത്തെ പല ഗൃഹനാഥന്‍മാരും വിധവകളെയും പ്രായം ചെന്ന മാതാപിതാക്കളെയും തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി കാണുന്നില്ല. അവരെ കുടുംബത്തിന് ഭാരമായാണ് കാണുന്നത്; പ്രത്യേകിച്ച് യുവദമ്പതികള്‍. തങ്ങളും തങ്ങളുടെ കുട്ടികളും എന്ന ചിന്തയിലേക്ക് അവര്‍ ചുരുങ്ങിയിരിക്കുന്നു. 4) അര്‍ഹിക്കുന്ന പരിഗണനയും ദയാവായ്പും പൊതുജനങ്ങളും അവര്‍ക്ക് നല്‍കുന്നില്ല.
ഹിന്ദു സമൂഹത്തിലാണ് പൊതുവെ വിധവകളോട് ഈ മനോഭാവം കാണപ്പെടുന്നത്. മുസ്‌ലിം സമൂഹവുമായി ഒരു താരതമ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. മുസ്‌ലിം സ്ത്രീകളുടെ ‘ദയനീയ സ്ഥിതി’ നമ്മുടെ ഇന്നത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമാണെങ്കിലും, മുസ്‌ലിം വിധവകളെ പാര്‍പ്പിച്ച ‘ആശ്രമ’ങ്ങളോ ‘വൃന്ദാവനങ്ങ’ളോ ഒരിടത്തുമില്ലെങ്കിലും അങ്ങനെയൊരു താരതമ്യത്തിന് മുതിരുന്നില്ല. എങ്കിലും നേരത്തെപ്പറഞ്ഞ നാല് കാരണങ്ങളുടെ പശ്ചാതലത്തില്‍ മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന മനോഭാവമെന്ത് എന്ന ആലോചനക്ക് പ്രസക്തിയുണ്ട്. 1) മുസ്‌ലിം സമൂഹത്തില്‍ വിധവകളോടും മറ്റു അവശ സ്ത്രീവിഭാഗങ്ങളോടും സഹാനുഭൂതിയും ആദരവും നിലനില്‍ക്കുന്നു. 2) അവിടെ വിധവകളെ ദുര്‍ലക്ഷണമായി ആരും കാണുന്നില്ല. എല്ലാ ജോലികളിലും അവര്‍ പങ്കാളിത്തം വഹിക്കുന്നുണ്ടെന്ന് മാത്രമല്ല, ആവശ്യമെങ്കില്‍ കുടുംബത്തിന്റെ നേതൃത്വവും അവര്‍ ഏറ്റെടുക്കുന്നുണ്ട്. 3) വിധവകള്‍ക്കും പ്രായമായ മാതാപിതാക്കള്‍ക്കും വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ട് മുസ്‌ലിം കുടുംബങ്ങളില്‍. അവരെ കുടുംബത്തില്‍ നിന്ന് അന്യരായി ആരും കാണുന്നില്ല. എല്ലാ വിധ സേവനങ്ങളും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. അന്യ സംസ്‌കാരങ്ങളാല്‍ സ്വാധീനിക്കപ്പെട്ട പുതിയ തലമുറയിലെ ചിലര്‍ ഇതിന് വിരുദ്ധമായി ഈ ദുര്‍ബല വിഭാഗത്തോട് മോശമായി പെരുമാറുന്നുണ്ടെന്ന കാര്യവും നിഷേധിക്കുന്നില്ല. 4) കുടുംബ ജീവിതം ചിട്ടപ്പെടുത്തുന്നത് വിശുദ്ധ ഖുര്‍ആന്റെയും തിരു സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ് എന്നതാണ് ഈ പരിഗണനയും സഹാനുഭൂതിയും അവര്‍ക്ക് ലഭിക്കാന്‍ കാരണം. വിധവകളെ പുനര്‍വിവാഹം ചെയ്യിക്കാനും സംവിധാനമേര്‍പ്പെടുത്തുന്നു. ഇത്തരം കാര്യങ്ങളില്‍ പരിഷ്‌കരണ യത്‌നങ്ങളും നിരന്തരം നടക്കുന്നുണ്ട്. വൃന്ദാവന്‍ പോലുള്ള സ്ഥലങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് മോചനം ലഭിക്കുന്നതിന് ഇത്തരം ആശയങ്ങള്‍ ഏതെങ്കിലും മുസ്‌ലിം കൂട്ടായ്മകള്‍ ഉയര്‍ത്തിക്കൊണ്ട് വരുമെന്നാണ് നമ്മുടെ പ്രതീക്ഷ.

(ദഅ്‌വത്ത് ത്രൈദിനം, 2012 ആഗസ്റ്റ് 4)
വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles