Current Date

Search
Close this search box.
Search
Close this search box.

വീണ്ടും കയ്യേറ്റം

തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കയ്യേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. ഉര്‍ദു പത്രമായ ഇന്‍ക്വിലാബില്‍ വന്ന റിപ്പോര്‍ട്ട് (നവംബര്‍ 21) പ്രകാരം, ഒരു സംഘം തബ്‌ലീഗ് പ്രവര്‍ത്തകര്‍ മൈസൂരില്‍ നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള തീവണ്ടിയില്‍ (വണ്ടി നമ്പര്‍ 12781) യാത്ര ചെയ്യുകയായിരുന്നു. 14 പേര്‍ മാത്രമാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. അവര്‍ ആഗ്ര സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചിലര്‍ അവരുടെ കമ്പാര്‍ട്ടുമെന്റില്‍ കയറി. അവരുടെ കൈയില്‍ കൈയാമങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ മഫ്ടിയിലുള്ള പോലീസുകാരാണെന്നാണ് തബ്‌ലീഗിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്. ഇനി അവര്‍ തന്നെ പറയട്ടെ: ”പെട്ടന്നവര്‍ ഞങ്ങളെ കൈയാമം കൊണ്ട് ബന്ധിച്ചു. പിന്നെ ഞങ്ങളോട് മോശമായി പെരുമാറി. മഥുര സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവര്‍ ഞങ്ങളെ അവിടെ ഇറക്കി. അവിടെ ഹരിയാനയിലെയും യു.പിയിലെയും ഒരുപാട് പോലീസുകാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവിടെ വെച്ച് ഞങ്ങളുടെ ചിത്രം വീഡിയോയില്‍ പിടിച്ചു. പിന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ഞങ്ങളെ ക്രൂരമായി തല്ലിച്ചതച്ചു, അവഹേളിച്ചു, പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിച്ചു. തുണിയുരിഞ്ഞ ശേഷം കാലുകള്‍ കൂട്ടിക്കെട്ടി കമിഴ്ത്തിക്കിടത്തി, വെള്ളത്തില്‍ മുക്കി…” ഈ റിപ്പോര്‍ട്ടില്‍ ഇരകള്‍ വേറെ ചില ഗുരുതരമായ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. അതുപക്ഷേ എടുത്തെഴുതുന്നത് ഉചിതമായിരിക്കില്ല. ഈ പ്രസ്താവന നടത്തിയിട്ടുള്ളത് തബ്‌ലീഗ് സംഘത്തിന്റെ അമീറായിരുന്ന ഹാഫിസ് ജമീല്‍ അഹ്മദ് സാഹിബാണ്.

ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ മറ്റു പത്രങ്ങള്‍ പരതിയെങ്കിലും കിട്ടിയില്ല. ഇന്‍ക്വിലാബിന്റെ റിപ്പോര്‍ട്ട് പ്രകാരം സംഭവം നടക്കുന്നത് ഒക്ടോബര്‍ 21-ന് ആണ്. പത്രത്തില്‍ റിപ്പോര്‍ട്ട് വരുന്നതാകട്ടെ നവംബര്‍ 21-നും. ആയതിനാല്‍ രാഷ്ട്രീയ ഉലമ കൗണ്‍സിലിന്റെ ഓഫീസില്‍ വെച്ച് അതിന്റെ ജനറല്‍ സെക്രട്ടറി ലാല്‍ ദേവേന്ദ്ര സിംഗാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. നേരത്തെ കൊടുത്ത പത്രറിപ്പോര്‍ട്ടില്‍ ഇരകളാക്കപ്പെട്ട ചിലരുടെ ചിത്രങ്ങളും കൊടുത്തിരുന്നു. ഏത് നിലക്കും സംഭവം സ്ഥിരീകരിക്കപ്പെട്ടു എന്നര്‍ഥം. സംഭവം വളരെ ഗുരുതരമാണെന്ന് വ്യക്തം. പക്ഷേ നിരപരാധികള്‍ക്ക് നേരെയുണ്ടായ ഈ കൈയേറ്റം ഒരൊറ്റ പത്രവും റിപ്പോര്‍ട്ട് ചെയ്തതേയില്ല. ഉര്‍ദു പത്രങ്ങളും മുസ്‌ലിം സമുദായത്തിലെ ഉത്തരവാദപ്പെട്ടവരും തന്നെ സംഭവത്തെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുകയുണ്ടായില്ല. തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നത് ആദ്യതവണയല്ലാത്തതുകൊണ്ടാവാം ഒരുപക്ഷേ ഇത്. സമാനമായ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ വരുന്നതും പോകുന്നതും അതത് പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്ന് പല നഗരങ്ങളിലും സര്‍ക്കാര്‍ സര്‍ക്കുലര്‍ പോലുമുണ്ടത്രെ. പലേയിടത്തും അവരെ ദേഹപരിശോധന നടത്തിയതായും അവരോട് മോശമായി പെരുമാറിയതായും റിപ്പോര്‍ട്ടുണ്ട്.

തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരുപദ്രവകരമാണ് എന്ന ധാരണയാണ് പൊതുവെ സര്‍ക്കാര്‍ വൃത്തങ്ങളില്‍ മുന്‍കാലങ്ങളിലുണ്ടായിരുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും അങ്ങനെത്തന്നെയാണെന്നതില്‍ സംശയമൊന്നുമില്ല. മുസ്‌ലികളുടെ ജീവിതസംസ്‌കരണം മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ ഗവണ്‍മെന്റോ അവരുടെ ഏജന്‍സികളോ അവരെ തൊടാറില്ല. ഇനി അടിയന്തരാവസ്ഥക്കാലത്തെ ഒരു സംഭവം ഓര്‍ക്കാം. ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിതത്തെ മാറ്റിപ്പണിയണമെന്ന് ഉദ്‌ബോധിപ്പിക്കുന്ന ഒരു ഇസ്‌ലാമിക സംഘടനയെ തൂക്കമൊപ്പിക്കാനായി സര്‍ക്കാര്‍ നിരോധിച്ചു. മുസ്‌ലിം സമുദായത്തിലെ സംഘടനകള്‍ അതിനെതിരെ ശബ്ദിച്ചില്ല. അവര്‍ നിസ്സംഗത കൈകൊണ്ടു. ഞങ്ങളും ഞങ്ങളുടെ സ്ഥാപനങ്ങളും സുരക്ഷിതമാണല്ലോ എന്നാവും അവര്‍ ആലോചിച്ചിട്ടുണ്ടാവുക. എന്നു മാത്രമല്ല നിരോധിച്ച സംഘടനയെ അധിക്ഷേപിച്ച് പുസ്തകങ്ങള്‍ വരെ എഴുതിക്കളഞ്ഞു ചിലര്‍. മൊത്തത്തില്‍ നോക്കിയപ്പോള്‍ വിവേകശൂന്യരാണ് സമുദായത്തിലുള്ളവര്‍ എന്ന് ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് തോന്നിക്കാണണം. പിന്നെയവര്‍ സമുദായ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഒരു പ്രത്യേക നയം സ്വീകരിക്കാന്‍ തുടങ്ങി. പ്രശസ്ത ഇസ്‌ലാമിക കലാലയങ്ങള്‍ റെയ്ഡ് ചെയ്യപ്പെട്ടത് ഇതിന്റെ ഭാഗമാണ്. പിന്നെ അഹ്‌ലെ ഹദീസിന്റെ ആളുകള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടാന്‍ തുടങ്ങി. താലിബാന്‍ ചിന്തകളുമായി ദയൂബന്ദിനെ കണ്ണി ചേര്‍ക്കാനായി അടുത്ത ശ്രമം. മദ്‌റസകള്‍ അവരുടെ നിരീക്ഷണ വലയത്തിലായി. ഏതാനും വര്‍ഷങ്ങളായി തബ്‌ലീഗ് ജമാഅത്താണ് നിരീക്ഷണ വലയത്തില്‍. ഇസ്‌ലാമിനെയും മുസ്‌ലിം സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ലോകതലത്തില്‍ തന്നെ ഇത്തരമൊരു കാമ്പയിന്‍ അരങ്ങേറുന്നുണ്ട്. ഇസ്‌ലാമിക സംഘടനകളും ഇസ്‌ലാം ജീവിതത്തില്‍ ആചരിക്കുന്നവരും ടാര്‍ഗറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തില്‍ വേണം തബ്‌ലീഗ് ജമാഅത്ത് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് പരിശോധിക്കാന്‍.
(ദഅ്‌വത്ത് ത്രൈദിനം 1-12-2012)

വിവ: അശ്‌റഫ് കീഴുപറമ്പ്

Related Articles