Current Date

Search
Close this search box.
Search
Close this search box.

വിനയവും ലാളിത്യവും

ഇസ്‌ലാമിക ലോകത്ത് അസാമാന്യ പ്രശസ്തിനേടിയ പണ്ഡിതനായിരുന്നു ഇമാം അബൂഹനീഫ. അതീവ സൂക്ഷ്മവും ഭക്തിനിര്‍ഭരവുമായിരുന്നു അദ്ദേഹത്തിന്റ ജീവിതം. ലാളിത്യവും വിനയവും അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. അതിനുദാഹരണമായി അനേകം സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജവിതത്തിലുണ്ടായിരുന്നു. ഇമാം തന്നെ ഒരു സംഭവം വിവരിക്കുന്നു:

”മക്കയില്‍ വെച്ച് ആരാധനാകര്‍മങ്ങള്‍ ചെയ്തുകൊണ്ടിരിക്കെ എനിക്ക് അഞ്ച് അബദ്ധങ്ങള്‍ സംഭവിച്ചു. അവയെല്ലാം തിരുത്തിത്തന്നത് ഒരു ക്ഷുരകനാണ്. ഇഹ്‌റാമില്‍നിന്ന് ഒഴിവാകാനായി തല മുണ്ഡനം ചെയ്യാം എന്ന ഉദ്ദേശത്തോടെ ഞാന്‍ ഒരു ക്ഷുരകനെ സമീപിച്ചു. ഞാന്‍ അയാളോട് ചോദിച്ചു ”എന്റെ തലമുടി നീക്കാന്‍ എന്ത് കൂലി തരണം?” ക്ഷുരകന്‍ പറഞ്ഞു: ”അല്ലാഹു താങ്കളെ നേര്‍മാര്‍ഗത്തിലാക്കട്ടെ. ആരാധനാകര്‍മങ്ങള്‍ക്ക് പ്രതിഫലം നിശ്ചയിക്കാറില്ല. അതിനാല്‍ മുടി ഞാന്‍ കളഞ്ഞുതരാം. താങ്കള്‍ക്ക് ഇഷ്ടമുള്ളത് തന്നാല്‍മതി.”

ഇതു കേട്ടപ്പോള്‍ എനിക്ക് ലജ്ജ തോന്നി ഞാന്‍ അയാളുടെ അടുത്തുചെന്നിരുന്നു. കഅബക്ക് പുറം തിരിഞ്ഞാണ് ഇരുന്നത്. അപ്പോള്‍ അയാള്‍ പറഞ്ഞു: ”താങ്കള്‍ കഅബക്ക് അഭിമുഖമായി ഇരുക്കുക.”

ഞാന്‍ വീണ്ടും ലജ്ജിച്ചു. മുടി നീക്കം ചെയ്യാനായി ഞാന്‍ തല നീട്ടിക്കൊടുത്തു. ഇടതുവശമാണ് നീട്ടിക്കൊടുത്തത്. ക്ഷുരകന്‍ തിരുത്തി. ”വലതു ഭാഗത്തുനിന്ന് ആരംഭിക്കാന്‍  കഴിയുന്ന വിധത്തില്‍ തിരിഞ്ഞിരിക്കൂ.” ക്ഷുരകന്റെ സൂക്ഷ്മതയിലും അറിവിലും അത്ഭുതം തോന്നി. മുടികളഞ്ഞുകൊണ്ടിരുന്ന സമയമത്രയും ഞാന്‍ മൗനത്തിലായിരുന്നു. ഇതുകണ്ട അയാള്‍ പറഞ്ഞു: ”എന്താണ് മൗനമായിരിക്കുന്നത് തക്ബീര്‍ ചൊല്ലിക്കോളൂ.”  

ഞാന്‍ തക്ബീര്‍ ചൊല്ലാന്‍ തുടങ്ങി. മുടി നീക്കം ചെയ്തുകഴിഞ്ഞപ്പോള്‍ ക്ഷുരകന്‍ ചോദിച്ചു: ”താങ്കളെങ്ങോട്ടാണ് പോകുന്നത്?” ”എന്റെ വാഹനത്തിന്റെ അടുത്തേക്ക്.” ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം: ”രണ്ട് റക്അത്ത് നമസ്‌കരിച്ചശേഷം പോയ്‌ക്കോളൂ.”

ഞാന്‍ ലജ്ജാഭാരത്താല്‍ തലകുനിച്ചു. രണ്ട് റക്അത്ത് നമസ്‌കരിച്ചു. ഒരു ക്ഷുരകന്‍ എങ്ങനെ ഇതെല്ലാം പഠിച്ചറിഞ്ഞുവെന്നതില്‍ ഞാന്‍ അതിശയിച്ചു. ഞാനദ്ദേഹ്‌തോട് ചോദിച്ചു: ”ഈ കാര്യങ്ങളെല്ലാം താങ്കള്‍ക്ക് എങ്ങനെ പഠിക്കാന്‍ സാധിച്ചു.?” ”ഞാനിതെല്ലാം പഠിച്ചത് അത്വാഉബ്‌നു അബീ റബാഹില്‍നിന്നാണ്..” അയാള്‍ മറുപടി പറഞ്ഞു.”

തന്റെമുമ്പില്‍ തലമുണ്ഡനം ചെയ്യാനെത്തിയതും താന്‍ തിരുത്തിയതും വിഖ്യാത കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം അബൂഹനീഫയെയാണെന്ന് ആ ക്ഷുരകന്‍ അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ അമ്പരക്കുമായിരുന്നു. പക്ഷേ, ഇമാം സ്വയം പരിചയപ്പെടുത്താന്‍ മുതിര്‍ന്നില്ലെന്ന് മാത്രമല്ല, തന്റെ തെറ്റുകള്‍ സാധാരണക്കാരനായ ഒരു ക്ഷുരകന്‍ ചൂണ്ടിക്കാണിച്ചുകൊടുത്തത് പരസ്യമായി വിവരിക്കുകയും ചെയ്യുന്നു. വിനയം കാണിക്കേണ്ടത് എങ്ങനെയെന്നുമാത്രമല്ല, എന്താണ് വിനയം എന്നുകൂടി പഠിപ്പിച്ചു തരികയാണ് ഇമാം അബൂഹനീഫ.

അഹങ്കാരത്തിന്റെ പ്രത്യേകത, അത തിന്മയാണെന്നതോടൊപ്പം അനേകം തിന്മകളുടെ വിളനിലം കൂടിയാണെന്നതാണ്. ഇല്ലാത്ത ഔന്നത്യം തനിക്കുണ്ടെന്ന് നടിക്കലാണ് അഹങ്കാരത്തിന്റെ ലക്ഷണം. എനിക്ക് ഞാന്‍ തന്നെ നല്‍കുന്ന യോഗ്യത എന്നെ മറ്റുള്ളവരില്‍നിന്ന് അകറ്റി നിര്‍ത്തുന്നു. അതാണ് അഹന്ത. വിനയത്തിന്റെ രീതി ഇതിനു നേര്‍ വിപരീതമാണ്. എല്ലാവരേയും പോലുള്ള ഒരാളായി എന്നെ കണക്കാക്കുന്നതാണ് അത്. ഒന്നുകൊണ്ടും ഞാന്‍ വലിയവനല്ല, ഒരാളില്‍നിന്നും ഞാന്‍ മീതെയല്ല. ഒരാളും എന്നേക്കാള്‍ താഴ്ന്നവനല്ല. എന്നേക്കാള്‍ മികച്ചവര്‍ എത്രപേരെങ്കിലുമുണ്ട്.; അഹങ്കാരത്തിന്റെ പെരുപ്പം കാണിക്കാന്‍ എനിക്കെന്തര്‍ഹത? ഇതാണ് വിനയം-വിശ്വാസിയുടെ സദ്ഗുണം.

ഖുര്‍ആനില്‍ അല്ലാഹുവിന്റെ ദാസന്മാരുടെ ഉത്തമഗുണങ്ങള്‍ എണ്ണിപ്പറയുന്നിടത്ത് വിനയത്തോടെയുള്ള അവരുടെ നടപ്പിനെയാണ് അല്ലാഹു ഒന്നാമതായി എടുത്തുപറഞ്ഞത്. (സൂറത്തുല്‍ ഫുര്‍ഖാന്‍). അബ്ദുല്ലാഹ് ബിന്‍ അബ്ബാസ് പറയുന്നു: ”ആരെങ്കിലും അല്ലാഹുവിനെ ഓര്‍ത്ത് വിനയാന്വിതനായാല്‍ അല്ലാഹു അയാളെ ഉയര്‍ത്തിക്കൊണ്ടുവരും. സ്വയം വലുപ്പം നടിക്കാന്‍ ശ്രമിച്ചാല്‍ അല്ലാഹു അയാളെ ഇകഴ്ത്തിക്കളയും.”

Related Articles