Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസ രംഗത്ത് ദിശാബോധം അനിവാര്യം

പാലായിലെയും തൃശ്ശൂരിലെയും മെഡിക്കല്‍ – എഞ്ചിനീയറിങ് കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ മഹാഭൂരിപക്ഷവും മലബാറില്‍ നിന്നുള്ളവരാണ്. അവരില്‍ തന്നെ മഹാഭൂരിപക്ഷം മുസ്‌ലിം വിദ്യാര്‍ഥികള്‍. അവരില്‍ നല്ലൊരു ശതമാനം പെണ്‍കുട്ടികള്‍. ഇതെന്തു കൊണ്ട്? അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കളൊക്കെയും തങ്ങളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനാഗ്രഹിക്കുന്നു. പ്രത്യേകിച്ചും പ്രവാസി മുസ്‌ലിം രക്ഷിതാക്കള്‍. തങ്ങള്‍ക്കും തങ്ങളുടെ പിതാക്കന്‍മാര്‍ക്കും സംഭവിച്ച അബദ്ധം ആവര്‍ത്തിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പഠിക്കാത്തതിന്റെ എല്ലാ പ്രയാസങ്ങളും ദുരന്തങ്ങളും അനുഭവിച്ചറിയുന്നവരാണല്ലോ അവര്‍.

അതുകൊണ്ടു തന്നെ മലബാറിലെ മുസ്‌ലിംകളും സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലുള്ളവരെ പോലെ തന്നെ വിദ്യാഭ്യാസ രംഗത്ത് വളരെയേറെ മുന്നേറിയിരിക്കുന്നു. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. എന്നാല്‍ ഈ രംഗത്ത് ശരിയായ മാര്‍ഗദര്‍ശനം ലഭിക്കാത്തതിനാല്‍ തീര്‍ത്തും ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന മിടുക്കന്‍മാരെല്ലാം ഉപരിപഠനത്തിന് തെരെഞ്ഞെടുക്കുന്നത് മെഡിക്കല്‍ എഞ്ചിനീയറിങ് മേഖലയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും വലിയ വങ്കത്തമാണിത്.

ഓരോ വര്‍ഷവും അറുപതിനായിരത്തോളം എഞ്ചിനീയര്‍മാരെയാണ് കേരളം പുറത്തു വിടുന്നത്. ഇത്രയും എഞ്ചിനീയര്‍മാരെ താങ്ങാനുള്ള കരുത്ത് കേരളത്തിനോ ഇന്ത്യക്കോ ഇല്ല. അതുകൊണ്ട് തന്നെ തൊഴിലില്ലാത്ത ബി-ടെക് കാര്‍ക്കും എം-ടെക് കാര്‍ക്കും ഇവിടെ ഒരു പഞ്ഞവുമില്ല. ഏത് ജോലിക്ക് ആളെ തേടിയാലും കിട്ടുന്ന അപേക്ഷകളൊക്കെ ബി-ടെക് കാരുടേത്.

എഞ്ചിനീയറിങ് ബിരുദധാരികളായ മുസ്‌ലിം പെണ്‍കുട്ടികളില്‍ അറുപത് ശതമാനത്തിലേറെ കുടുംബിനികളും വീട്ടിലിരിക്കുകയാണ്. ഇത് അവര്‍ക്കും കുടുംബത്തിനും സമുദായത്തിനും സമൂഹത്തിനും വരുത്തുന്ന നഷ്ടം നികത്താനാവാത്തതാണ്.

മെഡിക്കല്‍ രംഗത്തെ സ്ഥിതിയും ഭിന്നമല്ല. എം.ബി.ബി.എസ് കൊണ്ട് ഇന്ന് കാര്യമായ പ്രയോജനമൊന്നുമില്ല. രോഗികള്‍ അവരെ സമീപിക്കാതെയായിരിക്കുന്നു. മെഡിസിനില്‍ ബിരുദാനന്തര ബിരുദമെങ്കിലും വേണം. അതിന് അവസരം കിട്ടുന്നവര്‍ വളരെ വിരളമാണ്. അതുകൊണ്ട് തന്നെ എം.ബി.ബി.എസ് കാരികളായ നാല്‍പത് ശതമാനത്തോളം പെണ്‍കുട്ടികളും തൊഴിലിനു പോകാത്തവരാണ്. ഇത് ഉണ്ടാക്കുന്ന നഷ്ടം ഊഹിക്കാവുന്നതിലും അപ്പുറത്താണ്.

അതുകൊണ്ട് തന്നെ വിദ്യാഭ്യാസ രംഗത്ത് സമുദായ നേതൃത്വവും മതനേതാക്കളും മഹല്ല് സംവിധാനങ്ങളുപയോഗിച്ചും മറ്റും ദിശാബോധം നല്‍കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ മെഡിക്കല്‍ എഞ്ചിനീയറിങ് കോച്ചിംഗ് സെന്ററുകളല്ല വേണ്ടത്. സിവില്‍ സര്‍വീസ് കോച്ചിങും പി.എസ്.സി പരിശീലന കേന്ദ്രങ്ങളുമാണ്. നിയമപഠനം, സിവില്‍ സര്‍വീസ്, ജേര്‍ണലിസം, സോഷ്യല്‍ വര്‍ക്, കൗണ്‍സലിംഗ്, സൈക്കോളജി തുടങ്ങിയ അത്യാവശ്യ മേഖലകളില്‍ സമുദായത്തിന്റെ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.

Related Articles