Current Date

Search
Close this search box.
Search
Close this search box.

വായനയുടെ സര്‍ഗസഞ്ചാരം മനുഷ്യ നന്മക്ക്

reading.gif

ഏപ്രില്‍ ല്‍ 23 – ഇന്ന്  ലോക പുസ്തക ദിനം. വായന നമ്മുടെയൊക്കെ ജീവിതത്തില്‍ എന്തു മാത്രം പ്രധാനമാണെന്ന് ഓര്‍മപ്പെടുത്തുന്ന ദിനം. മനസിനേയും ശരീരത്തേയും മാത്രമല്ല ചിന്തയേയും നിലപാടുകളേയും വരെ സ്വാധീനിക്കുവാന്‍ കഴിയുന്ന ക്രിയാത്മകമായ പ്രക്രിയയായി വായന മാറുകയും നന്മയുടെ വിത്തുകള്‍ നട്ടുവളര്‍ത്താനുപകരിക്കുകയും ചെയ്യുമ്പോള്‍ വായന അനശ്വരമായ പുണ്യ പ്രവര്‍ത്തിയാകും.  വായന മനുഷ്യന്റെ അവിഭാജ്യമായ സാംസ്‌കാരിക പ്രവര്‍ത്തനമാണ്.  സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടവും ജീവിത സാഹചര്യങ്ങളിലുണ്ടായ വിപഌവകരമായ മാറ്റങ്ങളുമൊക്കെ വായനയുടെ സ്വഭാവത്തേയും രീതിശാസ്ത്രത്തേയുമൊക്കെ മാറ്റി മറിച്ചിട്ടുണ്ടെങ്കിലും വായന അഭംഗുരം തുടരുന്നുവെന്നതാണ് യാഥാര്‍ഥ്യം.

എന്തുവായിക്കണം, എങ്ങനെ വായിക്കണം, എത്രത്തോളം വായിക്കണം എന്നിവയെല്ലാം പ്രസക്തമാണെങ്കിലും അറിവിന്റെ ഉറവകള്‍ തേടിയും ഭാവനയുടെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചും മനോഹരമായ ആവിഷ്‌ക്കാരങ്ങള്‍ ആസ്വദിക്കുവാനാണ് വായന ഓരോരുത്തരേയും സഹായിക്കുന്നത്.   ഷെല്‍ഫുകളില്‍ പ്രതാപത്തിന്റെ അടയാളമായി നിലനിന്നിരുന് ന പുസ്തകങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതും പുസ്തകങ്ങളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്. മാതൃഭാഷയിലും അല്ലാത്ത ഭാഷകളിലും വായന സജീവമാകുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റും വളര്‍ന്നുവരുന്നത്.സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ല മറിച്ച് ആരോഗ്യകരവും പ്രത്യുല്‍പാദനപരവുമായ ആശയ സംവാദങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. മുന്‍വിധികളില്ലാത്ത തുറന്ന വായന സംസ്‌കാരങ്ങളേയും ജനസഞ്ചയങ്ങളേയും കൂടുതല്‍ അടുത്തറിയുവാനും സൗഹൃദത്തിലധിഷ്ഠിതമായ സഹവര്‍തിത്വം സാക്ഷാല്‍ക്കരിക്കാനുമാണ് വഴിയൊരുക്കുക.    വായന മരിക്കുന്നുവോ എന്ന ആശങ്ക  ഒരുപാടു കാലമായി കേള്‍ക്കുന്നതാണ്. ആ ആശങ്കള്‍ക്കൊന്നും വലിയ അടിസ്ഥാനമില്ലെന്നാണ് തോന്നുന്നത്. വായന മരിക്കുന്നില്ല വായനയുടെ ഭാവതലങ്ങളാണ് മാറികൊണ്ടിരിക്കുന്നത് . ഇ വായനയായാലും ബ്ലോഗ് വായനയായാലും സാമുഹിക മാധ്യമങ്ങളിലൂടെയുള്ള വയനായാലും വാട്‌സ് അപ്പ് സന്ദേശങ്ങളായാലും വായനയുടെ വിവിധ രൂപങ്ങളില്‍ സര്‍ഗപ്രക്രിയയായി വായന നടക്കുന്നുണ്ട്.  പക്ഷേ വായനയുട മുല്ല്യം എത്രത്തോളം ഉണ്ടെന്നതാണ് കാര്യം.  വായനയുടെ ആത്യന്തിക ലക്ഷ്യം വ്യക്തിയുടേയും സമൂഹത്തിന്റേയും നന്മയാകുമ്പോള്‍ വായനയുടെ സര്‍ഗസഞ്ചാരം സമൂഹത്തിന് ഗുണകരമാകും.

നമ്മുടെയുള്ളില്‍ ഉറഞ്ഞുകുടിയിരിക്കുന്ന മഞ്ഞുകടലിന തകര്‍ക്കാന്‍ കഴിയുന്ന ആയുധമാണ് വായന. ദൃശ്യമാധ്യമങ്ങള്‍ വന്നതോടെ വായന മരിക്കുന്നു എന്ന ചര്‍ച്ച  കൂടിവരികയാണ് ,പക്ഷേ അനുഭവങ്ങള്‍ നേരെ തിരിച്ചാണ്.നമ്മുടെ മലയാളത്തില്‍ ധാരാളം പുതിയ പുസ്തകങ്ങളും പുതിയ എഴുത്തുകാരും പുതിയ പ്രസാധകരും കൂടി വരുന്നുവെന്നത് ശുഭോദര്‍ക്കമാണ്.
വായന അനുസ്യൂതം തുടരുന്ന ഒരു സര്‍ഗ സഞ്ചാരമാണ്. അത് മെലിഞ്ഞും തെളിഞ്ഞും ഗമിച്ചുകൊണ്ടേയിരിക്കും. വായനക്ക് മനുഷ്യ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കാനില്ല ഒരു മനുഷ്യന്‍ ഭൂമിയിലേക്ക് വരുന്നതും ഭൂമിയില്‍ നിന്നും ഇല്ലാതാവുന്നതും പോലും  ഒരുവായനയാണ്. ജനനവും മരണവും പോലും  നമ്മള്‍ കണ്ണു നീരുകൊണ്ട് വായിക്കുന്നു . സന്തോഷം കൊണ്ട് അല്ലങ്കില്‍ ദുഖം കൊണ്ട് വായിക്കുന്നു.അങ്ങനെ മനുഷ്യന്‍ ജീവിതത്തില്‍ വായിച്ചു കൊണ്ടേയിരിക്കുന്നു.

മനുഷ്യന്റെ വലിയ വിജയം തന്നെ ഭാഷയാണ് .ആത്യന്തികമായി മനുഷ്യനെന്ത് നേടി എന്നത്  വെളിവാക്കപ്പെടുന്നത് ഭാഷയിലൂടെയാവാം. ഭാഷയാണ് ഏറ്റവും വലിയ കരുത്ത് ഭാഷക്കപ്പുറം മറ്റൊന്നുമില്ല. ഭാഷ എന്നു പറഞ്ഞാല്‍ അക്ഷരങ്ങളാണ്. അക്ഷരങ്ങള്‍ എന്നാല്‍ നാശമില്ലാത്തത് എന്നും.

Related Articles