Current Date

Search
Close this search box.
Search
Close this search box.

നവാസ് ശരീഫും നിരീക്ഷകരും

പാകിസ്താനില്‍ അധികാരത്തില്‍ വന്ന നവാസ് ശരീഫില്‍ വല്ലാതെയൊന്നും പ്രതീക്ഷ അര്‍പ്പിക്കരുതെന്ന് ഇന്ത്യയിലെ മുന്‍ വിദേശകാര്യ സെക്രട്ടറി കന്‍വല്‍ സിബല്‍. കാരണം, ഇന്ത്യയെക്കുറിച്ച നവാസ് നടത്തിയ ക്രിയാത്മകമായ പ്രസ്താവനകളും അഭിപ്രായങ്ങളും പ്രയോഗത്തില്‍ വരുത്താന്‍ പറ്റിയ അവസ്ഥയിലല്ല അദ്ദേഹം ഉള്ളത്. ഒട്ടുവളരെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. സൈന്യവുമായി പിണങ്ങാതെ സൗഹൃദത്തില്‍ പോകണം. വിദേശനയം പുതുതായി ഉണ്ടാക്കിയിട്ടു വേണം. അടുത്ത വര്‍ഷം അഫ്ഗാനില്‍ നിന്ന് ‘നാറ്റോ’ സേനകള്‍ പിന്‍വാങ്ങുന്നതോടെ വിദേശനയത്തില്‍ പിന്നെയും മാറ്റങ്ങള്‍ വേണ്ടിവരും. ഇന്ത്യാ വിരുദ്ധ വൃത്തങ്ങളെ നിലക്ക് നിര്‍ത്തണം….. പക്ഷേ ഇതൊന്നുമല്ല നമ്മുടെ മുന്‍ വിദേശകാര്യ സെക്രട്ടറിയുടെ മുഖ്യ വിഷയം. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ പാകിസ്താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശക്തിപ്പെടുന്ന ‘ഇസ്‌ലാമിസം’ തന്നെയാണ്. അത് നവാസ് ശരീഫിനും പാക് ജനാധിപത്യത്തിനും പാകിസ്താന്‍ എന്ന രാഷ്ട്രത്തിന് തന്നെയും അപകടമാണ്. കന്‍വല്‍ സിബല്‍ ഇവിടെ പ്രയോഗിച്ചത് ‘ഇസ്‌ലാമിക ഭീകരത’ എന്നല്ല, ‘ഇസ്‌ലാമിസം’ ആണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ‘ഇസ്‌ലാമിക ഭീകരത’യെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം വിരല്‍ ചൂണ്ടുന്നത് താലിബാന്‍, തഹ്‌രീകെ താലിബാന്‍, ലശ്കറെ ത്വയ്യിബ, ലശ്കറെ ജാംഗ്‌വി, സിപാഹെ സ്വഹാബ തുടങ്ങിയ സംഘടനകളിലേക്കാണ്. ‘ഇസ്‌ലാമിസം’ എന്ന് പ്രയോഗിക്കുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് പാകിസ്താനികളുടെ ഇസ്‌ലാമികാഭിമുഖ്യം തന്നെയാണെന്ന് ചുരുക്കം (ദ ഹിന്ദു, ജൂണ്‍ 3)

മുന്‍ വിദേശകാര്യ സെക്രട്ടറിയുടേത് ഒറ്റപ്പെട്ട നിരീക്ഷണമല്ല. സമാനമായ നിരീക്ഷണങ്ങള്‍ ഇന്ത്യന്‍ മീഡിയയില്‍ വേറെയും കാണാവുന്നതാണ്. ചാനല്‍ ചര്‍ച്ചകളും ഈ സ്വഭാവത്തിലുള്ളതാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവ വികാസങ്ങളോടും ഇത്തരമൊരു നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. അവിടെ ഇസ്‌ലാമികാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ അവാമി ലീഗ് ഭരണകൂടം തുടരുന്ന അടിച്ചമര്‍ത്തല്‍ നടപടികളെ സ്വാഗതം ചെയ്യുകയാണ് ഇത്തരം നിരീക്ഷകര്‍. മാലിദ്വീപില്‍ നശീദ് പുറത്താക്കപ്പെടുകയും ഇസ്‌ലാമികാഭിമുഖ്യമുള്ളവര്‍ പകരം വരികയും ചെയ്യുന്നതില്‍ വളരെയധികം ആശങ്കാകുലരാണ് അവര്‍. ഏതായാലും ‘ഇസ്‌ലാമിസം’, ‘ഇസ്‌ലാമിസ്റ്റ്’ തുടങ്ങിയ പ്രയോഗങ്ങളൊന്നും അവര്‍ക്ക് തീരെ പിടിക്കില്ല. കന്‍വല്‍ സിബലിന്റെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ നോക്കൂ: ‘നവാസും  ഇസ്‌ലാമിസ്റ്റ് പോര്‍ച്ചട്ടയും’ (Nawaz and the Islamist Gauntl-et).

ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും വിദ്യാസമ്പന്നരില്‍ നിലനില്‍ക്കുന്ന ധാരണ ഇങ്ങനെയൊക്കെയാണ്. അറിവില്ലായ്മയും ധാരണക്കുറവുമാണ് ഇതിന് കാരണം. ഈ നിലപാട് മുമ്പെതന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നമ്മുടെ നാടിന്റെ സര്‍വരംഗങ്ങളിലും അമേരിക്ക പിടിമുറുക്കിയതോടെ ഇസ്‌ലാംവിരുദ്ധ നിലപാട് അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. ‘ഭീകരതയോടുള്ള യുദ്ധ’ത്തിന്റെ മറവില്‍ അമേരിക്ക നടത്തുന്നത് ഇസ്‌ലാമിക ജീവിത രീതിയോടുള്ള യുദ്ധം തന്നെയാണല്ലോ. അത് അപ്പടി പകര്‍ത്തുക മാത്രമാണ് നമ്മുടെ ബുദ്ധിജീവികളും രാഷ്ട്രീയ നിരീക്ഷകരുമൊക്കെ. പാകിസ്താനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ഉറവിടം എവിടെയാണെന്നോ, ഭീകരഗ്രൂപ്പുകളെ അവിടെ തുറന്ന് വിടുന്നത് ആരാണെന്നോ, അവര്‍ക്ക് പണവും മാര്‍ഗനിര്‍ദേശങ്ങളും വരുന്നത് എവിടെ നിന്നാണെന്നോ ഈ നിരീക്ഷകര്‍ ചിന്തിച്ചിട്ടേ ഉണ്ടാവില്ല. ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം വിദ്യാസമ്പന്നരുടെ ഈ മുസ്‌ലിംവിരുദ്ധ നിലപാടിനെയും വലിയൊരു വെല്ലുവിളിയായി കാണണം. ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം ഈ വിഭാഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് അവര്‍ ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കുകയും വേണം.
(ദഅ്‌വത്ത് ത്രൈദിനം 7-6-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്‌

Related Articles