Current Date

Search
Close this search box.
Search
Close this search box.

കിടപ്പറ മലിനമാക്കരുത്

Clean.jpg

കിടപ്പറ മലിനമാക്കരുത് എന്ന ഉപദേശം ആര്‍ക്കും നല്‍കേണ്ടതില്ല. കാരണം അത് എങ്ങനെയെല്ലാം സൗകര്യപ്രദവും മനോഹരവുമാക്കാന്‍ കഴിയും എന്ന മത്സര ചിന്തയിലാണ് മനുഷ്യര്‍. വിശാലാര്‍ഥത്തില്‍ ഭൂമി നമ്മുടെ പൊതുവീടാണ്. ഭൂമിയെ നാം മലിനമാക്കരുത്. എന്നുമാത്രമല്ല, അതിന്റെ മനോഹാരിത വര്‍ധിപ്പിക്കാന്‍ കഴിയുന്നതെല്ലാം നാം ചെയ്യണം.

കഅ്ബാലയത്തിന്റെ പരസിരങ്ങളില്‍ ഓരോ ദിവസവും ജനലക്ഷങ്ങളാണ് പെരുമാറുന്നത്. അവിടെ ശുചിത്വം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യവും ചെലവിടുന്ന തുകയും വളരെ വലുതാണ്. വഴിയില്‍ നിന്ന് തടസ്സവും വൃത്തികേടുകളും നീക്കല്‍ സത്യവിശ്വാസത്തില്‍ പെട്ടതാണ് എന്ന് പ്രവാചകന്‍ (സ) അരുളിയിട്ടുണ്ട്. ഈ ഉപദേശം പൊതു ഉടമയിലുള്ള ആശുപത്രികളിലും റോഡുകളിലും കുളിസ്ഥലങ്ങളിലും കളിസ്ഥലങ്ങളിലും നാം പ്രാവര്‍ത്തികമാക്കിയാല്‍ അതിന്റെ ഗുണം എല്ലാവര്‍ക്കുമാണ്; പ്രാവര്‍ത്തികമാക്കിയില്ലെങ്കിലുള്ള ബുദ്ധിമുട്ടും അതുപോലെ തന്നെ.

മാളത്തില്‍ മൂത്രമൊഴിക്കുന്നത് നബി(സ) വിലക്കിയിട്ടുണ്ട്. കാരണം? മാളം ജീവികളുടെ വീടാണ്. നാം ഒരയല്‍ക്കാരന്റെ ബെഡ്‌സില്‍ മൂത്രമൊഴിക്കാറില്ലല്ലോ. അത് സംസ്‌കാരശൂന്യവും വൃത്തികേടുമാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ജീവികള്‍ക്ക് അവരുടെ മാളത്തില്‍ നാം മൂത്രമൊഴിച്ചാല്‍ അനുഭവപ്പെടുക. ഫലം കായ്ക്കുന്ന മരത്തിന്റെ ചുവട്ടിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ഇപ്പറഞ്ഞത് പാടില്ലെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. നമസ്‌കാരത്തിനായി അംഗശുദ്ധി വരുത്തിയശേഷം ‘എന്നെ നീ ശുദ്ധിയുള്ളവരുടെ കൂട്ടത്തില്‍ ചേര്‍ക്കണേ’ എന്ന് പ്രാര്‍ഥിക്കാന്‍ നബി(സ) ഉപദേശിച്ചിട്ടുണ്ട്. വൃത്തി ഈമാനില്‍ പെട്ടത് എന്ന നബിവചനത്തില്‍ ഇതെല്ലാം അടങ്ങിയിട്ടുണ്ട്.

ഭൂമിയെയും പുഴക്കരകളെയും റോഡുകളേയും അന്യന്റേതായി കാണുമ്പോഴാണ് വൃത്തിബോധം നമുക്ക് നഷ്ടമാവുന്നത്. അന്യന്റേതായാലും വൃത്തികേടാക്കരുത് എന്നത് വേറെ കാര്യം.

ഇസ്‌ലാം പ്രശ്‌നങ്ങള്‍ കണ്ടറിയുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന മതമാണെന്നതിന്റെ പല ഉദാഹരണങ്ങളിലൊന്നാണ് വൃത്തിയെ കുറിച്ചുള്ള മേല്‍ പരമാര്‍ശം. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന ഓരോ നിര്‍ദ്ദേശത്തിന്നും ഇസ്‌ലാമിനോട് കടപ്പാടുള്ളതായി കാണാം. ഭക്ഷണ സാധനങ്ങള്‍ മൂടിവെക്കുക, വൃത്തികേടായത് ഉപയോഗിക്കുകയോ ദാനം നല്‍കുകയോ ചെയ്യാതിരിക്കുക, കൈകഴുകി ഭക്ഷിക്കുക, ഉറങ്ങാന്‍ നേരത്തും എഴുന്നേറ്റ ശേഷവും പല്ലുതേക്കുക, വീട് വായുസഞ്ചാരമുള്ളതാക്കുക, പരിസരം ശുചിയാക്കുക, പകര്‍ച്ചവ്യാധിയുള്ളിടത്തു താമസിക്കുന്നവന്‍ മറ്റൊരിടത്തേക്ക് യാത്രചെയ്യാതിരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ അധികൃതര്‍ സമയാസമയങ്ങളില്‍ നമുക്കെത്തിക്കാറുണ്ട്. രണ്ടുനേരം  പല്ലുതേക്കാന്‍ ഇതില്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ഇസ്‌ലാമില്‍ അഞ്ചുനേരമാണ് പല്ലുതേപ്പ്, ആഴ്ചയിലൊരിക്കല്‍ നഖങ്ങള്‍ വെട്ടല്‍ നബിയുടെ ചര്യയായിരുന്നു.

ഫലവൃക്ഷങ്ങളും പൂമരങ്ങളും തണല്‍മരങ്ങളും കാവല്‍ നില്‍ക്കുന്ന വീടുകളും വഴിയോരങ്ങളും കൊണ്ട് ധന്യമായ ഗ്രാമങ്ങളുടെ ഹൃദ്യത നാം വിലമതിക്കണം. വീടിനോടെന്ന പോലെ ഭൂമിയോടും നമുക്ക് സ്‌നേഹമുണ്ടെങ്കില്‍ നമ്മുടെ മനസ്സിന്ന് വിശുദ്ധിയുണ്ടെന്നും പറയാം. വൃത്തി ജനിക്കുന്നത് മനസ്സിലാണ്, ആയിരിക്കണം. മനസ്സിലുള്ള വൃത്തിബോധണാണ് ജീവിതത്തില്‍ വൃത്തിയായിത്തീരുന്നത്. അല്ലാഹു ഭൂമിയെ നമുക്ക് തൊട്ടിലും വിരിമപ്പുമാക്കിയിരിക്കുന്നു എന്ന് പറഞ്ഞുവല്ലോ. ഈ തൊട്ടിലിനെ നാം വൃത്തിയില്‍ സൂക്ഷിക്കുക.

Related Articles