Current Date

Search
Close this search box.
Search
Close this search box.

ഒളിച്ചോട്ടവും ആത്മഹത്യയും മയ്യിത്തിന് കാവലിരിക്കലും

root-tree.jpg

കണ്ണൂരിലെ ഏച്ചൂര്‍ സ്വദേശിനി റാഹില എന്ന പെണ്‍കുട്ടി സ്വന്തം ആദര്‍ശവും മാതാപിതാക്കളുടെ ദീനരോദനവും വകവെക്കാതെ ഇന്നലെ കണ്ട ഏതോ പയ്യന്റെ കൂടെ കടന്നു കളഞ്ഞു. അതിന് അല്‍പം മുമ്പ് കണ്ണൂരില്‍ തന്നെ ഉരുവച്ചാലിലെ റഫ്‌സീന എന്ന വിദ്യാര്‍ത്ഥിനി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും ആത്മഹത്യ ചെയ്തു. അതിനിടയില്‍ മലപ്പുറം കൊളത്തൂരില്‍ നിന്നു വന്ന വാര്‍ത്ത അതേക്കാള്‍ അത്ഭുതപ്പെടുത്തി. മരിച്ച ഗൃഹനാഥന്‍ സൈദിന്റെ മൃതദേഹം കുടുംബം മൂന്നു മാസക്കാലം വീട്ടിലെ മുറിയിലിട്ടു പൂട്ടി. വീണ്ടും ജീവന്‍ വെക്കുന്നെന്ന’വിശ്വാസ’ത്തില്‍.

സമുദായം എങ്ങോട്ടുപോകുന്നു എന്നതിന്റെ ദിശാസൂചികയാണ് തുടരെത്തുടരെ ഉണ്ടായ ഈ മൂന്നു സംഭവങ്ങള്‍. ഒപ്പം നമ്മുടെ സദാചാര  സാമ്പത്തിക കുറ്റങ്ങളുടെ ഗ്രാഫ് കൂടി പരിശോധിച്ചാല്‍ പഴയ ബനൂസ്രാഈല്‍ സമുദായത്തിന്റെ ജീര്‍ണതയിലേക്ക് നാം അധപതിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാനാവും. എന്താണിവക്കുള്ള പരിഹാരം?

ഈ ചോദ്യത്തിന് വിശുദ്ധ ഖുര്‍ആന്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ട്. ‘തങ്ങള്‍ മുഅ്മിനുകളാണ് ‘ എന്നവകാശപ്പെട്ട ഗ്രാമീണരായ അറബികളോട് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ മറുപടി: ‘ഇല്ല, നിങ്ങള്‍ വിശ്വസിച്ചിട്ടില്ലാ’ എന്നാണ്. ‘ വേണമെങ്കില്‍ ‘ഞങ്ങള്‍ മുസ്‌ലിംകളായി ‘ എന്ന് പറഞ്ഞുകൊള്ളുക എന്നും ഖുര്‍ആന്‍ കൂട്ടിച്ചേര്‍ത്തു. അതിന്റെ കാരണമായി സൂറത്തു ഹുജുറാത്തില്‍ അല്ലാഹു ഉദ്ധരിക്കുന്നത് ‘നിങ്ങളുടെ ഹൃദയങ്ങളിലേക്ക് ഈമാന്‍ കടന്നിട്ടില്ലാ’ എന്നാണ് (വാക്യം: 14)

അപ്പോള്‍ ഇതാണ് അടിസ്ഥാന കാര്യം. ഉളളില്‍ ഈമാന്‍ ഇറങ്ങണം. ബാഹ്യമായ ചേഷ്ടകള്‍ കൊണ്ടും ചിഹ്നങ്ങള്‍ കൊണ്ടും കാര്യമില്ല. കാമ്പ് കിടക്കുന്നത് അകത്താണ്. പുറമെ ഇക്കിളിപ്പെടുത്തുന്ന ഫ്‌ലക്‌സ് ബോര്‍ഡ് ഗര്‍ജ്ജനങ്ങളല്ല, അകത്ത് ഈമാന്‍ കനലായി ജ്വലിക്കുന്ന ബോധവത്കരണങ്ങളാണ് മഹല്ലുകള്‍ തോറും നടക്കേണ്ടത്. (എല്ലാ വിഭാഗത്തിന്റെയും ഒട്ടനവധി പള്ളികള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ജില്ലയില്‍ ഇനിയും പരലോകത്തെ കുറിച്ച് കേട്ടിട്ടില്ലാത്തവരോ?)

കൂട്ടത്തില്‍ പറയട്ടെ,’മക്കള്‍ക്ക് മൊബൈല്‍ കൊടുക്കാതിരിക്കുക, ടിവി നിയന്ത്രിക്കുക, കമ്പ്യൂട്ടര്‍ സെന്‍ട്രല്‍ ഹാളില്‍ വെക്കുക, മക്കളുമായി മാതാപിതാക്കള്‍ സദാ നല്ല ബന്ധം ഉണ്ടായിരിക്കുക, മക്കളെ നിരീക്ഷിക്കുക, ആര്‍.എസ്.എസ് ഒളി അജണ്ടകളെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുക, ഒറ്റപ്പെടാന്‍ അനുവദിക്കാതെ സംഘബോധം വളര്‍ത്തുക…’ തുടങ്ങിയവയെല്ലാം വേണ്ടതു തന്നെ.

അതുപോലെ വളര്‍ന്നു വരുന്ന ആത്മഹത്യാ പ്രവണതകള്‍ ഒഴിവാക്കാന്‍പട്ടിണി കിടക്കുന്ന കുടുംബങ്ങളെ കണ്ടെത്തി പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. എന്നാല്‍ തലമുറകളുടെ മനസ്സുകളില്‍ ഒന്നാമതായി നല്‍കേണ്ടത് ഇപ്പറഞ്ഞ സാമൂഹിക കാര്യങ്ങള്‍ക്കുപരി മാനസിക ഈമാന്‍ ആകുന്നു. വിശുദ്ധ ഖുര്‍ആന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍”യാഥാര്‍ഥ സത്യവിശ്വാസികളോ, അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീടതില്‍ അശേഷം സംശയിക്കാതിരിക്കുകയും സ്വന്തം ജീവധനാദികളാല്‍ ദൈവിക മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെടുകയും ചെയ്തവരത്രെ.”

പ്രസവാനന്തരം മക്കളുടെ ചെവിയില്‍ ആദര്‍ശവാക്യം (ബാങ്ക്) കേള്‍പ്പിക്കണം എന്ന നിര്‍ദ്ദേശം നാം പാലിക്കാറുണ്ട്. ഇത് പക്ഷെ വെറും ആചാരമല്ല. പ്രത്യുത ഒരു പ്രതീകമാണ്. കുട്ടിയുടെ മനസ്സില്‍ ആദ്യമായി കടന്നു കയറി രൂഢമൂലമാവേണ്ടത് വിശ്വാസ കാര്യങ്ങളാണെന്ന് ഇത് വ്യക്തമാക്കുന്നു.ഇവ്വിധം ആദര്‍ശാധിഷ്ഠിതമനസാക്ഷി രൂപപ്പെടുത്തുന്നവര്‍ക്കു മാത്രമേ വര്‍ത്തമാനകാല ജീവിതത്തിന്റെ കടുത്ത പ്രതിസന്ധികളേയും പ്രലോഭനങ്ങളേയും മറികടക്കാന്‍ സാധിക്കുകയുള്ളൂ.

 

Related Articles