Current Date

Search
Close this search box.
Search
Close this search box.

ഈ പൂക്കള്‍ക്ക് ചോരയുടെ മണം!

bloood.jpg

ഇന്ത്യ പൂന്തോട്ടങ്ങളുടെ നാടാണ്. വനങ്ങളുടെയും നദികളുടെയും നാട്. ആനന്ദം നല്‍കുന്ന കാഴ്ചകള്‍ തന്നെയത്. എന്നാല്‍ ഇന്ന് നമ്മുടെ പൂക്കള്‍ക്ക് ചോരയുടെ മണമില്ലേ? പുഴകളുടെ നിറം മാറുന്നില്ലേ? ചെടികളുടെ വേരുകളിലും പൂക്കളിലും ചോരയുടെ നനവുണ്ട് എന്ന് പറഞ്ഞുപോകും വിധം കൊലപാതകങ്ങള്‍ തുടരുന്നു. രാഷ്ട്രീയപ്പക, ജാതിപ്പക, കാലാവേദികളും കോളജ് ഇലക്ഷനുമായും ബന്ധപ്പെട്ടത്, ലൈംഗികം, സാമ്പത്തികം, കായികമത്സരം എന്നിങ്ങനെ പലകാരണങ്ങളില്‍ കൊലനടക്കുന്നു. ഇതിന്റെ പിന്നില്‍ മദ്യത്തിനും റോളുണ്ട്.

ഗര്‍ഭാശയത്തിലേക്കും കൊലക്കത്തി നീളുകയാണ്. ശിശു പെണ്ണാണെന്നറിഞ്ഞാല്‍ അതിനെ സൂര്യപ്രകാശത്തിന്റെ ലോകത്തേക്കു വരാന്‍ അനുവദിക്കാതെ കൊന്നു കളയുക. ഗര്‍ഭധാരണം അനവസരത്തിലായിപ്പോയെന്ന് ധരിച്ച് ലിംഗപരിഗണനയില്ലാതെ കൊന്നുകളയുന്നവരുമുണ്ട്. ഇത്തരം കൊലകള്‍ അറിവ് എന്ന അനുഗ്രഹത്തിന്റെ ശാപമാണ്. ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോ എന്നറിയാന്‍ അറിവു ലഭിച്ചപ്പോള്‍ പരിഷ്‌കൃത കൊലപാതകം മനുഷ്യര്‍ സ്വീകരിച്ചു വരുന്നു.

കൊലപാതകത്തെ ഏഴുവന്‍ ദോഷങ്ങളിലാണ് പ്രവാചകന്‍ ഉള്‍പ്പെടുത്തിയത്. ഖുര്‍ആന്‍ ഭക്തന്മാരുടെ ലക്ഷണമായി ഒരു വാക്യത്തില്‍ മൂന്നു വിഷയങ്ങള്‍ പറയുന്നു: ‘അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തോടും പ്രാര്‍ഥിക്കാത്തവരും അല്ലാഹു പവിത്രമാക്കിവെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍.’ (വി:ഖു: 25:68)

ഉയിര്‍ത്തെഴുന്നോല്‍പിന്റെ നാളില്‍ ശിക്ഷ ഇരട്ടിയാക്കപ്പെടുന്നവരാണ് മേല്‍ പറഞ്ഞ ദുഷ്‌കൃത്യങ്ങള്‍ ചെയ്തവര്‍ എന്നും ആത്മാര്‍ഥമായ പശ്ചാത്താപവും തുടര്‍ന്നുള്ള സല്‍ക്കര്‍മവും കൊണ്ടു മാത്രമേ അവര്‍ക്ക് മോചനമുള്ളു എന്നും ശേഷമുള്ള സൂക്തത്തില്‍ കാണാം.

കാരണം ന്യയമായാലും വ്യക്തികള്‍ക്ക് കൊലക്കത്തിയെടുക്കാന്‍ അനുവാദമില്ല. ഭരണാധികാരികളോടും നിയമപാലകരോടും കോടതികളോടും പറയുക മാത്രമാണ് മാര്‍ഗം. ശരിയും ശരികേടും കോടതി തീരുമാനിച്ചുകൊള്ളും. ഇതു പരിഗണിക്കാത്തതുകൊണ്ടാണ് നമ്മുടെ മണ്ണ് ചോരക്കളമാകുന്നത്. അക്രമിയോട് പ്രതികാരം ചെയ്യുമ്പോള്‍ പോലും, നിയമവിധേനയുള്ള യുധ്ധങ്ങളില്‍ പോലും പരിധിവിടരുത് എന്ന് കര്‍ശനമായി ശാസിച്ച മതമാണ് ഇസ്‌ലാം.

ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്, കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്ന് ഖുര്‍ആന്‍ പറയുന്നു. വ്യക്തികള്‍ നിയമം കൈയിലെടുക്കുന്നതുകൊണ്ടാണ് നാട്ടില്‍ കുഴപ്പങ്ങള്‍ വര്‍ധിക്കുന്നത്. ശരിയായ സാമൂഹിക ബോധത്തിന്റെ അഭാഹമാണ് ഇതിനു കാരണം. സമൂഹം ഒരു വലിയ കിടപ്പറയാണെന്ന് നാം മനസ്സിലാക്കുക. അതില്‍ ഓരാളുടെ ഉച്ചത്തിലുള്ള കൂര്‍ക്കം വലിപോലും ഉറക്കം കെടുത്തും. എന്നിരിക്കെ അതില്‍ ഉറങ്ങാന്‍ കിടക്കാന്‍ പോലും ഭയപ്പെടുത്തുന്ന ഇതര കാര്യങ്ങള്‍ നാം ചെയ്താല്‍?! നമുക്ക് ഉറക്കം അത്യാവശ്യമായ പോലെ നിര്‍ഭയമായ സഞ്ചാര സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും വേണം. അതിനാല്‍ ഒരു തീരുമാനമെടുക്കുക; എന്തഭിപ്രായ വ്യത്യാസമുണ്ടായാലും അതിന്റെ പേരില്‍ ഒരാളെയും വധിക്കില്ലെന്ന്.

സ്‌നേഹത്തിന്റെ പാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് ദൈവവിശ്വാസി. ദൈവം സ്‌നേഹമുള്ളവനാണ്, വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനാണ്. അവന്‍ തന്റെ സൃഷ്ടികളില്‍ നിന്ന് ആവശ്യപ്പെടുന്നതും സ്‌നേഹവും വിട്ടുവീഴ്ചയുമാണ്; ആരാധന കഴിഞ്ഞാല്‍.

കൊല, പകയുടെ വിളയാണ്. അത് പിന്നീട് പകയുടെ വിത്തായിമാറുന്നു. തലമുറകള്‍ നീണ്ട് നില്‍ക്കുന്ന ശത്രുത അങ്ങനെയാണുണ്ടാകുന്നത്. കൊലപാതകങ്ങള്‍ക്ക് ശേഷം ജില്ലാകലക്ടറുടെയും സര്‍വ്വകക്ഷി നേതാക്കളുടയും നേതൃത്വത്തില്‍ സമാധാന റാലികള്‍ നടന്നിട്ടും ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ അതേസ്ഥലത്ത് തന്നെ കൊല നടക്കുന്നത് നാം കാണുന്നുണ്ടല്ലോ. കൊല പകയുടെ വിത്തും വിളയുമായതുകൊണ്ടത്ര ഇത്.

Related Articles