Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം വൈരം ആളിക്കത്തിയപ്പോള്‍

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ വ്യാപക വളര്‍ച്ച, മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള വര്‍ദ്ധമാന തോതിലുള്ള കുടിയേറ്റം, വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം പള്ളികള്‍, ഇസ്‌ലാമിക പാഠശാലകള്‍, മുസ്‌ലിം ജനസംഖ്യാ വളര്‍ച്ച എന്നിവ, നെതര്‍ലാന്റിലെ പലരെയും അസ്വസ്ഥമാക്കുകയായിരുന്നു. അതിന്റെ ബഹിര്‍സ്ഫുരണമെന്നൊണമാണ്, നെതര്‍ലാന്റുകാരനായ ഗീര്‍റ്റിക് വില്‍ഡേഴ്‌സ് എന്നയാള്‍, 2006 ല്‍, ഒരു പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ഫ്രീഡം പാര്‍ട്ടി എന്ന പേരിലുള്ള ഇത് പി. പി.വി. എന്ന ചുരുക്ക പേരിലാണറിയപ്പെടുന്നത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മുസ്‌ലിം കുടിയേറ്റത്തെയും എതിര്‍ക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ‘മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നാം അവസാനിപ്പിക്കും; ഇസ്‌ലാമിക പാഠശാലകള്‍ അടച്ചു പൂട്ടും; സ്വന്തം തനിമയില്‍ നാം അഭിമാനം കൊള്ളണം’ എന്നൊക്കെയായിരുന്നു അവരുടെ പ്രഖ്യാപനം. മുസ്‌ലിംകളോടല്ല, പ്രത്യുത ഇസ്‌ലാമിനോടാണ് തങ്ങളുടെ വെറുപ്പെന്ന് വില്‍ഡേഴ്‌സ് തുറന്നു പറയുന്നുണ്ട്. ‘ഇസ്‌ലാം നമ്മുടെ സമൂഹത്തില്‍ അധികാരം ചെലുത്താന്‍ വരികയാണ്; അത് സ്വാതന്ത്ര്യത്തിനെതിരാണ്.’ വില്‍ഡേഴ്‌സ് ‘ടെലഗ്രാഫി’നോട് പറഞ്ഞു.
ഈ ഇസ്‌ലാം വിരോധം, പാര്‍ട്ടിക്ക് നല്ല വേരോട്ടം നല്‍കുകയുണ്ടായി. തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം തന്നെ നേടിക്കൊടുത്തു. 2011 ലെ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ വരികയും താന്‍ പ്രധാനമന്ത്രിയാവുകയും ചെയ്യുമെന്ന പ്രതീക്ഷ വരെ ഇദ്ദേഹത്തിന്നുണ്ടായിരുന്നു. തദനുസാരമാണ് ഇയാള്‍ കരുനീക്കം നടത്തിക്കൊണ്ടിരുന്നത്.
ഇസ്‌ലാമിക മുന്നേറ്റത്തിന്നു തടയിടുക എന്ന ലക്ഷ്യത്തോടെ, മുസ്‌ലിംകള്‍ക്കെതിരായ, ഒരു കൂട്ടം നയങ്ങള്‍ ഇവര്‍ അവതരിപ്പിക്കുകയുണ്ടായി. ഖുര്‍ആന്‍ നിരോധിക്കണമെന്ന് ആഹ്വാനം നടത്തുകയുണ്ടായി. അത് ‘ഫാസിസ്റ്റാ’ണെന്നായിരുന്നു ന്യായം. 2008 ല്‍, ഇദ്ദേഹം പുറത്തിറക്കിയ ‘ഫിത്‌ന’ എന്ന ഡോക്യുമെന്ററി, അന്താരാഷ്ട്ര എതിര്‍പ്പുകളെയാണ് ക്ഷണിച്ചു വരുത്തിയത്. ഏകദേശം 17 മിനുറ്റ് നീളം വരുന്ന ഇതിന്റെ ഉള്ളടക്കം മിക്കവാറും ഖുര്‍ആന്‍ വിമര്‍ശനമായിരുന്നു. ഹിറ്റ്‌ലറുടെ ‘മെയിന്‍ കാഫി’നോടായിരുന്നു ഇദ്ദേഹം ഖുര്‍ആനിനെ താരതമ്യം ചെയ്തത്.

ഇങ്ങനെ, പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം നേടിക്കൊണ്ടിരിക്കെയാണ് അത് സംഭവിച്ചത്. വില്‍ഡേഴ്‌സിന്റെ കുപ്രസിദ്ധമായ പി. പി. വി പാര്‍ട്ടിയുടെ സജീവാംഗമായിരുന്നു ആര്‍നോഡ് വാന്‍ ഡൂണ്‍(Arnoud Van Doorn) എന്ന നാല്പത്തിയഞ്ചുകാരന്‍.  ഡച്ച് പാര്‍ലമെന്റിലും ഹേഗ് സിറ്റി കൌണ്‍സിലിലും അംഗമായ ഇദ്ദേഹം, പാര്‍ട്ടിയില്‍ പ്രശസ്തനായിരുന്നു. അങ്ങനെയൊക്കെയാണെങ്കിലും, ഇദ്ദേഹത്തിന്ന്, അധികമാരും അറിയാത്ത ഒരു ‘സുഖക്കേട്’ ഉണ്ടായിരുന്നു. കേള്‍ക്കുന്നത് മുഴുവന്‍ അപ്പടി ‘വിഴുങ്ങാ’ന്‍ കഴിഞ്ഞിരുന്നില്ലെന്നതായിരുന്നു അത്. ആരെന്തു പറഞ്ഞാലും, തന്റേതായ രീതിയില്‍ ഗവേഷണം നടത്തിയ ശേഷമേ സ്വീകരിച്ചിരുന്നുള്ളു. അതിനാല്‍ തന്നെ, തന്റെ പ്രിയ നേതാവിന്റെയും പാര്‍ട്ടിയുടെയും ‘ഇസ്‌ലാം വൈരം’ അദ്ദേഹത്തിന്ന് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തന്റെ അടുത്ത വൃത്തങ്ങള്‍ക്കറിയാവുന്നത് പോലെ, അദ്ദേഹം ഇസ്‌ലാമിനെ സ്വന്തമായി മനസ്സിലാക്കാന്‍ തീരുമാനിച്ചു. എതിര്‍പ്പ് ന്യായ യുക്തമായിരിക്കണമെന്നതായിരുന്നു ഇതിന്ന് പ്രചോദനം. തദാവശ്യാര്‍ത്ഥം ഖുര്‍ആന്‍, ഹദീസ്, മറ്റു ഇസ്‌ലാമിക സാഹിത്യങ്ങള്‍ എന്നിവ അദ്ദേഹം ഗവേഷണം നടത്താന്‍ തുടങ്ങി. ഈ ഗവേഷണം ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്നു. മാത്രമല്ല, മതപരമായ കാര്യങ്ങളില്‍ മുസ്‌ലിംകളുമായി സംഭാഷണം നടത്തുകയുമുണ്ടായി.
പഠനം പുരോഗമിച്ചപ്പോള്‍, ഹേഗ് സിറ്റി കൌണ്‍സിലിലെ സഹപ്രവര്‍ത്തകന്‍ അബൂ ഖൌലാനി വഴി ‘അസ്സുന്ന മസ്ജിദു’മായി ബന്ധപ്പെട്ടു. ഈ ബന്ധം വളര്‍ന്നു, അവസാനം, ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന്നു, രാവിലെ 10. 18 ന്ന്, ‘ട്വിറ്ററി’ല്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു:

أشهد ان لا اله الا الله  وأشهد ان محمدا عبده ورسوله

അതെ, ഇസ്‌ലാം വിരുദ്ധനായ ഗീര്‍റ്റിക് വില്‍ഡേഴ്‌സിന്റെ അടിമത്വത്തില്‍ നിന്നും മോചിതനായി, സര്‍വാധിപനും പ്രപഞ്ച സ്രഷ്ടാവുമായ അല്ലാഹുവിന്റെ  അടിമത്വത്തിലേക്ക് അദ്ദേഹം ഉയരുകയായിരുന്നു. ഇപ്പോള്‍ ‘ട്വിറ്ററി’ലെ പ്രൊഫൈലില്‍ അറബിയില്‍ അദ്ദേഹം എഴുതി ചേര്‍ത്തിരിക്കുന്നു مسلم
അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷം സമ്മിശ്ര പ്രതികരണങ്ങളാണ് നെതര്‍ലാന്റിലുണ്ടാക്കിയത്. ചിലര്‍ ‘ഒറ്റുകാരനാ’യി അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍, ഭൂരിപക്ഷം വരുന്ന മറ്റുള്ളവര്‍ ഈ തീരുമാനത്തെ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയുമാണുണ്ടായത്. പ്രതികരണങ്ങള്‍ പൊതുവെ അനുകൂലമാണെന്നും, ട്വിറ്റര്‍ വഴി പലരും പിന്തുണ നല്‍കുന്നുണ്ടെന്നും ‘അല്‍ ജസീറ’യുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞു.
‘മറ്റുള്ള പലരെയും പോലെ, ഞാനും ജീവിതത്തില്‍ പല തെറ്റുകളും ചെയ്തിട്ടുണ്ട്. ഈ തെറ്റുകളില്‍ നിന്നും ഞാന്‍ വളരെ പഠിക്കുകയും ചെയ്തിട്ടുണ്ട്.’ ഡൂണ്‍ പറയുന്നു. വ്യക്തിപരമായി പരിചയമില്ലാത്ത എത്രയോ പേര്‍ പിന്തുണയറിയിക്കുന്നത് ഇദ്ദേഹത്തെ വളരെ സന്തോഷിപ്പിക്കുന്നു. അവസാനം തന്റെ മാര്‍ഗത്തിലെത്തി എന്നാണ് ഇസ്‌ലാം സ്വീകരിച്ചതിനെ കുറിച്ച സ്വന്തം വിലയിരുത്തല്‍.  ഇതൊരു തുടക്കം മാത്രം, ഇനിയും എത്രയോ പഠിക്കാനുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.
പലമേഖലകളില്‍ നിന്നും എതിര്‍പ്പുകള്‍ പ്രതീക്ഷിക്കുന്ന ഡൂണ്‍, അല്ലാഹു തനിക്ക് ശക്തിയും വിശ്വാസവും വര്‍ദ്ധിപ്പിച്ചു തരുമെന്ന പ്രത്യാശയിലാണ്.

Related Articles