Current Date

Search
Close this search box.
Search
Close this search box.

‘ആമി’ സിനിമയാവുമ്പോള്‍

Aami.jpg

സുറയ്യ എന്ന പ്രഭാതനക്ഷത്രം(അങ്ങനെ മാത്രം വിളിക്കപ്പടുവാന്‍ അവര്‍ ആഗ്രഹിച്ചു) ആ പേരുപോലെ പ്രഭ ചുരത്തിക്കൊണ്ടിരിക്കുന്നു. സിനിമയെന്ന കൊച്ചു കണ്ണാടിയിലേക്ക് ആ മഹാ ജീവിത വെളിച്ചത്തെ കടത്തിവിടുമ്പോള്‍ അപൂര്‍ണതകള്‍ സ്വാഭാവികം മാത്രം. അത്യന്തം വിസ്മയകരങ്ങളായ സ്വപ്നച്ചിറകുകളുള്ള ഈ നിലാപക്ഷി അഭ്രപാളിയില്‍ ആലേഖനം ചെയ്യപ്പെട്ടു. അത് അഭിനന്ദനീയം തന്നെ. സിനിമയെ വെല്ലുന്ന മാസ്മരികവ്യക്തിത്വത്തിന്റെ ഉടമയാണവര്‍. അവരെക്കുറിച്ച് അനുവാചകരില്‍ നിറയുന്ന പരികല്‍പനയെ തൃപ്തിപ്പെടുത്തുവാന്‍ ആമിയെന്ന ബിംബകല്‍പനക്ക് കഴിഞ്ഞുവോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടതായ് വരും. എങ്കിലും അത്തരം ശ്രമങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത് എന്ന് പറയാം. ഒരു സിനിമയുടെ അതിരുകളിലേക്ക് ആ വ്യക്തിപ്രഭാവത്തെ ഒതുക്കി നിര്‍ത്തുവാന്‍ കഴിയില്ല എന്നത് കടലിന്റെ ആഴങ്ങളെ ഒപ്പിയെടുക്കുവാന്‍ ഒറ്റ ഫ്രെയ്മില്‍ ഒരു ഫോട്ടോഗ്രാഫര്‍ക്ക് കഴിയുന്നില്ല എന്ന വിലയിരുത്തല്‍ പോലെയാണ്. ഉപരിപ്ലവ സൗന്ദര്യം മാത്രമാണ് സാധ്യമാവുക.
          ഓര്‍മവെച്ച നാള്‍ മുതല്‍ തേടിക്കൊണ്ടിരുന്ന സ്‌നേഹത്തെ ഒടുക്കം അവര്‍ കണ്ടെത്തുന്ന ഒരു ജലാശയമുണ്ട്. ഇസ്ലാം എന്ന ആ ജലാശയത്തില്‍ കൃതാര്‍ത്ഥയായതും ധന്യയായതും അവര്‍ തന്റെ കവിതയില്‍ കുറിക്കുന്നുണ്ട്. എഴുപതുകള്‍ മുതല്‍ ഖുര്‍ആന്‍ പഠനത്തില്‍ ഏര്‍പെട്ടിരുന്നതായും എണ്‍പതുകള്‍ തൊട്ട് ഇസ്ലാം ആശ്ലേഷണത്തിന് ആഗ്രഹിച്ചിരുന്നതായും  മകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രണ്ട് മുസ്ലിം ബാലന്‍മാരെ ‘മക്കളായി’ വളര്‍ത്തിയിട്ടുമുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹയായ അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിട്ടുണ്ട്.
എല്ലാം ഒരു സിനിമയില്‍ ചിത്രീകരിക്കുക ശ്രമകരമാണെങ്കിലും ആ അതുല്യ പ്രതിഭയെ പശ്ചാത്തലശബ്ദത്തിലെങ്കിലും പരിചയപ്പെടുത്താതിരുന്നത് അനൗചിത്യമായി തോന്നുന്നു. നിരന്തരമായ സ്‌നേഹാന്വേഷണമാണ് അവരെ സമാധാന ഗേഹത്തിലേക്കെത്തിച്ചത്. പൂങ്കാവനത്തിലേക്ക് എത്തപ്പെടുന്ന ശലഭത്തെ പോലെ..അത്രമേല്‍ സ്വാഭാവികമായിരുന്ന ആ ലയനം.
  മലയാളിമനസ് തിരസ്‌കരിച്ച സുറയ്യയെന്ന ‘പ്രേമിക’യെ അടുത്തറിയുവാന്‍ വായനാകുതുകികള്‍ക്ക് ഉദ്ദീപനം നല്‍കുന്ന സിനിമ തന്നെയാണിത്. ബാല്യകൗമാരങ്ങളാണ് അവരെ രൂപപ്പെടുത്തിയതെന്നിരിക്കെ ..മനോഹര ഗാനങ്ങളുടെയും മഴയുടെയും പശ്ചാത്തലത്തില്‍ അവയുടെ ചിത്രീകരണം ഹൃദ്യമായിരിക്കുന്നു. മഞ്ജു തന്റെ ഭാഷണത്തേക്കാള്‍ മികവ് പുലര്‍ത്തിയത് നയന ഭാവങ്ങളിലാണ്.
           കേരളീയപരിസരത്തിന്റെ സാംസ്‌കാരിക അച്ചടക്കം പാലിച്ചു കൊണ്ടുതന്നെ കമല്‍ കമലയെ അവതരിപ്പ്ച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു ശ്ലഥചിത്രം മാത്രമാണ്. അപാരമായ ഒഴുകിപ്പരക്കലുകളുള്ള ആ നക്ഷത്ര വെളിച്ചത്തിന്റെ നൈര്‍മല്യത്തെ..,കഥകളിലും കവിതകളിലും അനന്തതയുടെ  അസ്ത്രചിഹ്നങ്ങളിട്ട ആ സ്‌നേഹാര്‍ത്ഥിനിയുടെ  തരള സൗന്ദര്യത്തെ.. അനശ്വരതയുടെ ആകാശ പാളിക്ക് മാത്രം ചലചിത്രപ്പെടുത്തുവാന്‍ കഴിയുമെന്നാണോ?
അവരുടെ പ്രതിഭാഭാരത്തെ  താങ്ങുവാനുള്ള ആസ്വാദ്യക്ഷമതയില്ലാത്ത കേരളത്തിന് അവരുടെ ആത്മീയ സര്‍ഗത്തെയും താങ്ങുവാനായില്ല എന്നതും ഹാദിയാനന്തര കാലത്തെ ഈ സിനിമഅടയാളപ്പെടുത്തുന്നുണ്ട്. തിരസ്‌കാരത്തിന്റെ വേദനകളില്‍ ജീവിച്ച മഹാകാഥികയെ തമസ്‌കാരത്തിന്റെ ഫാഷിസ്റ്റ് ശ്രമങ്ങളില്‍ നിന്ന് കലാപരമായി കമല്‍ മോചിപ്പിച്ചത് ആദരാഞ്ജലികള്‍ തന്നെ.
            

Related Articles