Current Date

Search
Close this search box.
Search
Close this search box.

ആഇദുന്‍ ഇലാ ഹൈഫ; വേര്‍പാടിന്റെ കഥ പറയുന്ന ഫലസ്തീനിയന്‍ നോവല്‍

ഫലസ്തീനിയന്‍ രാഷ്ട്രീയനേതാവും സാഹിത്യകാരനുമായ ഗസ്സാന്‍ കനഫാനിയുടെ പ്രമുഖ നോവലാണ് ആഇദുന്‍ ഇലാ ഹൈഫ. റിടേണിങ് ടു ഹൈഫാ എന്ന പേരില്‍ അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും ലഭ്യമാണ്. 1969 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട എണ്‍പതിമൂന്ന് പേജുകളുള്ള ഈ നോവല്‍ 1948 ലെ നഖ്ബയില്‍ വീടും നാടും വിട്ടുപോകേണ്ടി വരുന്ന സൈദിന്റെയും സഫിയ്യയുടെയും കഥയാണ്. ഇസ്‌റാഈല്‍ അധീശത്വത്തിന്റെ അഭിശപ്ത യാമങ്ങളെ കുറിക്കുന്ന നോവലില്‍ സ്വന്തം വീടുള്‍പ്പെടെയന്ന് സൈദ്-സഫിയ്യ ദമ്പതികള്‍ക്ക് നഷ്ടമായത് അവരുടെ അഞ്ച് മാസം മാത്രം പ്രായമുള്ള ഖല്‍ദൂനെന്ന് പേരുള്ള മകനെക്കൂടിയായിരുന്നു. ഒരു പക്ഷെ അനശ്വരതയെ കുറിക്കുന്ന ഖല്‍ദൂനെന്ന പേര് പോലും കനഫാനിയുടെ നോവലില്‍ കടന്നുവരുന്നത് യാദൃഛികമായിരിക്കില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ട മകനെ തേടി തിരിച്ച് ഹൈഫയിലേക്ക് പോകുന്നതിനെ ചൊല്ലി പലതവണ സൈദും സഫിയ്യയും തര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്. ഒടുവില്‍ 1967 ല്‍ ഇസ്‌റായേലിനും ജെറുസലേമിന്റെ ജോര്‍ദാന്‍ പ്രവിശ്യക്കടുത്തുമുള്ള മന്‍ഡേല്‍ബാം അതിര്‍ത്തി ഗേറ്റ് വീണ്ടും തുറക്കപ്പെടുമ്പോള്‍ പഴയ വീടും മകനെയും തേടി ഒരിക്കല്‍ കൂടി ദമ്പതികള്‍ ഹൈഫയിലേക്ക് യാത്രതിരിക്കുകയാണ്.. അവസാനം ഹൈഫയിലെത്തുന്ന അവര്‍ കാണുന്നത് നാസി ജര്‍മനിയിലെ ഓസ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് അഭയം തേടി ഹൈഫയിലെത്തിയ മറിയം തങ്ങളുടെ വീട് കയ്യേറി താമസിക്കുന്നതായാണ്. ഓസ്‌വിറ്റ്‌സ് ക്യാമ്പില്‍ വെച്ച് തന്റെ പിതാവിനെയും യുദ്ധത്തില്‍ തന്റെ ഭര്‍ത്താവിനെയും നഷ്ടപ്പെട്ട അവര്‍ക്ക്‌ പിന്നെ ആ വീട്ടില്‍ കൂട്ടിനുള്ളത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈദിനും സഫിയ്യക്കും നഷ്ടമായ ഖല്‍ദൂനാണ്. ദോവ് എന്ന പുതിയ പേരില്‍, ഇസ്‌റാഈല്‍ സൈന്യം ഐ.ഡി.എഫില്‍ ഒരു സൈനികനായി സേവനം ചെയ്യുകയാണ് ഖല്‍ദൂനപ്പോള്‍. ഇവിടെ നിന്നാണ് നോവലിന്റെ ഗതിമാറുന്നത്. ഖല്‍ദൂനിന്റെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ തങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ സൈദും സഫിയ്യയും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഖല്‍ദൂന്‍ തന്നെ വളര്‍ത്തി വലുതാക്കി സൈനിക ഉദ്യോഗം വരെ നേടിത്തന്ന മറിയമിനെ തള്ളിപ്പറയാനും സൈദിനെയും സഫിയ്യയെയും അംഗീകരിച്ച് കൂടെപ്പോകാനും തയ്യാറായിരുന്നില്ല. അവര്‍ തന്റെ മാതാപിതാക്കളാണെന്ന് ഒരു വേള ഖല്‍ദൂന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും സൈദിനെയും സഫിയ്യയെയും നിരന്തരം പഴിച്ച് കൊണ്ടിരിക്കുകയാണ് ഖല്‍ദൂനെന്ന ദോവ്.

അറബ് വംശജനായി ജനിച്ച് താന്‍ പോലുമറിയാതെ ഇസ്‌റായേല്‍ സൈന്യത്തിന്റെ ഭാഗമാകേണ്ടിവന്ന ഖല്‍ദൂന്‍ നോവലിലുടനീളം പ്രതിനിധാനം ചെയ്യുന്നത് അസ്തിത്വത്തിന്റെ അസന്നിഗ്ദതയെയാണ്. ഒപ്പം ഹൈഫ സംഘട്ടത്തിനിടയില്‍ അഞ്ച് വയസ്സുള്ള തന്റെ മകനെ വീട്ടിലൊറ്റക്കാക്കി ഒരുപാട് സമയങ്ങള്‍ക്ക് ശേഷവും തന്റെ ഭര്‍ത്താവിനെ കാണാതെയാപ്പോള്‍ സൈദിനെ തേടിപ്പോകുന്ന സഫിയ്യയും, അവസാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്ക് നഷ്ടപ്പെട്ട മകനെക്കാണുമ്പോള്‍, അഞ്ച് വയസ്സ് മാത്രം പ്രായമുള്ള മകനെയെങ്ങനെ നിങ്ങള്‍ക്ക് തനിച്ചാക്കിപ്പോകാന്‍ തോന്നിയെന്നും നിങ്ങളെനിക്ക് ആരുമല്ലെന്നുമുള്ള ഖല്‍ദൂനിന്റെ (ദോവിന്റെ) ആക്ഷേപങ്ങള്‍ക്ക് മുമ്പില്‍ വികാരനിര്‍ഭരനാകുന്ന സൈദും കഥയില്‍ ചിത്രീകരിക്കപ്പെടുന്നത് നിസ്സഹായതയുടെ പ്രകീകങ്ങളായാണ്.

നോവലിൻറെ രാഷ്ട്രീയം

ഒരുതരത്തില്‍ പറഞ്ഞാല്‍ ആഇദുന്‍ ഇലാ ഹൈഫ കനഫാനിയുടെ വ്യക്തിപരമായ വികാരങ്ങള്‍ കൂടി ഉള്‍ചേര്‍ന്നാണ് രൂപം കൊള്ളുന്നത്. 1948 ലെ സംഘട്ടനത്തില്‍ കേവലം പന്ത്രണ്ട് വയസ്സായിരിക്കുമ്പോള്‍ ഗസ്സാന്‍ കനഫാനിയും കുടുംബവും നാടു കടത്തപ്പെടുന്നുണ്ട്. അതിന് ശേഷമാണ് അദ്ദേഹം പല കാരണങ്ങളാല്‍ ഫലസ്തീനിലെ വിശ്രുതനായ എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമാകുന്നത്. നിസ്സഹായരായ ഫലസ്തീനികള്‍ക്ക് തുടര്‍ന്നങ്ങോട്ട് തൂലികയിലൂടെ ഊര്‍ജം നല്‍കുകയായിരുന്നു കനഫാനി. അതിന്റെ ഭാഗമായി ഫലസ്തീന്‍ തൊഴിലാളികളുടെ യാതനകള്‍ വരച്ചുകാട്ടുന്ന രിജാലുന്‍ ഫിശംസ്, ഫലസ്തീന്‍ പ്രതിരോധ നിരയായ ഫിദായീനിലേക്ക് സ്വന്തം മകനെ സ്വമേധയാ പറഞ്ഞക്കുന്ന ധീരയായൊരു മാതാവിന്റെ കഥപറയുന്ന ഉമ്മു സഅദ് തുടങ്ങീ പ്രതിരോധാത്മകവും വേദനജനകവുമായ ഒരുപാട് കഥകള്‍ കനഫാനിയുടെ തൂലികാതുമ്പില്‍ നിന്നും പുറത്തുവന്നു. 1972 ജൂലൈ എട്ടിന് മൊസാദിന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമായി ബൈറൂത്തില്‍ വെച്ചാണ് കനഫാനി കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നീക്കങ്ങളും ആശയങ്ങളുമാണ് ഇസ്‌റായേലിനെ ഈ നരവേട്ടക്ക് പ്രേരിപ്പിച്ചത്.

ആഇദുൻ ഇലാ ഹൈഫയെന്ന നോവല്‍ പ്രധാനമായും രണ്ട് ചരിത്രസന്ധികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇസ്‌റായേല്‍ തീവ്രവാദ സൈനിക സംഘമായ ഹഗാന ഫലസ്തീന്‍ ജനങ്ങള്‍ക്ക് മേല്‍ അക്രമം അഴിച്ചുവിട്ട 1948 ഏപ്രില്‍ 21 ആണ് ഒന്നാമത്തേത്. രണ്ടാമത്തെത്, 1967 ജൂണ്‍ 30 ആണ്. അന്നേ ദിവസമാണ് നോവലില്‍ സൈദും സഫിയ്യയും തങ്ങളുടെ മകനെ തേടി ഹൈഫയിലെത്തുന്നത്. ഫലസ്തീന്‍ ചരിത്രത്തില്‍ കൂട്ടക്കൊലയിലൂടെ ഗസ്സ മുനമ്പും വെസ്റ്റ് ബാങ്കും ഈസ്റ്റ് ജെറുസലേമും ഇസ്‌റായേല്‍ കീഴടക്കിയ യുദ്ധത്തെക്കൂടി കുറിക്കുന്നുണ്ട് 1967. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സൈദ് ഹൈഫയിലെത്തുമ്പോള്‍ 1948 കളിലെ ഫലസ്തീന്‍ ചിത്രവും അധിനിവേശത്തിന്റെയും കുടിയേറ്റത്തിന്റെയും ചിത്രങ്ങള്‍ തെളിഞ്ഞ് കാണുന്ന 1967 ലെ ഹൈഫയും നോവലില്‍ സൈദിനെ ഗൃഹാതുരചിന്തകളിലേക്കും ജൂതകുടിയേറ്റത്തിന്റെ അധീശത്വ അന്തരീക്ഷത്തിലേക്കും വലിച്ചിടുന്നത് വായനക്കാരന് കാണാം. ഒപ്പം അറബ് അസ്തിത്വത്തെ കവര്‍ന്നെടുക്കുന്ന ഇസ്‌റായേലിന്റെ ചിത്രവും നിരാശയിലമര്‍ന്നുകഴിയുന്ന അറബ് ജനതയെയും നോവല്‍ വിദൂരമായി കോര്‍ത്തുവെക്കുന്നുണ്ട്.

നോവലില്‍ ഖല്‍ദൂനുമായുള്ള തര്‍ക്കത്തിനിടയില്‍ തന്റെ ഭാര്യക്ക് നേരെ തിരിഞ്ഞ് സൈദിങ്ങനെ പറയുന്നത് കാണാം.

ഞാൻ അന്വേഷിക്കുന്നത് യാഥാര്‍ത്ഥ ഫലസ്തീനാണ്. ഈ വീട്ടിലെ ഗോവണിപ്പടികളിലുള്ള ബുള്ളറ്റ് പാടുകളേക്കാളും (1948 ല്‍ സംഘട്ടത്തിനിടയില്‍ സംഭവിച്ചത്) ഒരു മകനെക്കാളും (തങ്ങളെ വേണ്ടന്ന് പറഞ്ഞ മകന്‍ ഖല്‍ദൂന്‍) ഇരുപത് വര്‍ഷം മുമ്പ് മുതല്‍ ഇന്നുവരെ ഈ ടേബിളിലിരിക്കുന്ന മയില്‍ പീലികളേക്കാലും സ്വന്തം ഓര്‍മകളേക്കാളും എത്രയോ വലുതാണ് ഫലസ്തീന്‍. എന്റെ മകന്‍ ഖാലിദിനെ (ഖല്‍ദൂനിന്റെ സഹോദരന്‍) സംബന്ധിച്ചടത്തോളം ഇവയേക്കാളുമൊക്കെ മരണ സജ്ജനായ ആയുധമേന്തിനില്‍ക്കുന്ന പോരാളിയാണ് ഫലസ്തീന്‍. നിനക്കും എനിക്കും ഓര്‍മകളുടെ പൊടിക്കൂമ്പാരത്തിനിടയില്‍ മറമാടപ്പെട്ട വിലപിടിപ്പുള്ളതെന്തോ തിരയലാണ് ഫലസ്തീന്‍. പക്ഷെ ആ പൊടിക്കൂമ്പാരത്തിനടിയില്‍ നിന്ന് ഇന്നെനിക്ക് കിട്ടിയത് കൂടുതല്‍ പൊടിമാത്രമാണ് (ഖല്‍ദൂന്‍ ഞാന്‍ നിങ്ങളുടെ മകനല്ലയെന്ന് സൈദിനോട് പറഞ്ഞപ്പോഴുള്ള നഷ്ടബോധത്തെയാണ് ഈ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്). ഭൂതകാലം (ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സൈദിന്റെ ഹൈഫയിലെ ജീവിതം) മാത്രമാണ് നമ്മുടെ ജന്മനാടെന്ന് (ഹോം ലാന്‍ഡ്) വിചാരിച്ച നമുക്കാണ് തെറ്റ് പറ്റിയത്. ഖാലിദിന് ഭാവിയാണ് ജന്മനാട്…”.

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles