Current Date

Search
Close this search box.
Search
Close this search box.

ജീവിത മര്യാദകൾ

“ജിന്നുകളെയും മനുഷ്യരെയും എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല”(വി.ഖു) ഇത് ഖുർആനിന്റെ പ്രഖ്യാപനമാണ്. ഇബാദത്ത് സൃഷ്ടിപ്പിന്റെ ഉദ്ദേശമാണ്. ജീവിതം അടിമുടി ഇബാദത്തായി മാറേണ്ടതുണ്ട്. പൂർവിക ഗുരുക്കന്മാർ ‘വഴിപ്പെടുക’ അല്ലെങ്കിൽ വിധേയപ്പെടുക എന്നൊക്കെ ഇബാദത്തിന്റെ പൊരുളായി വിശദീകരിച്ചത് ഏറെ ചിന്തനീയമാണ്. ഇബാദത്തിനെ ‘ആരാധന’ മാത്രമായി പരിമിതപ്പെടുത്തുന്നത് വളരെ വിപുലമായ മഹൽ ആശയത്തെ നിർവീര്യമാക്കി തീർക്കലാണ്. മുഴുജീവിതവും അല്ലാഹുവിനുള്ള ഇബാദത്ത് (വഴിപ്പെടൽ) ആക്കുകയെന്നാൽ ജീവിതത്തെ ഇസ്ലാമീകരിക്കുക എന്നതാണ് അതിന്റെ വിവക്ഷ. ഇങ്ങനെ ജീവിതത്തെ ഇസ്ലാമീകരിക്കാനുതകുന്ന നല്ലൊരു കൈപുസ്തകമാണ് മർഹൂം മുഹമ്മദ്‌ യുസുഫ് ഇസ്ലാഹിയുടെ “ആദാബെ സിന്ദ​ഗി” എന്ന പ്രശസ്തകൃതി. പ്രിയ സുഹൃത്ത് റഫീഖുറഹ്മാൻ മൂഴിക്കൽ  മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഐ പി എച്ചാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകരിക്കുന്ന ഈ കൃതി ഉറുദുവിൽ വിരചിതമായിട്ട് അഞ്ചര ദശകം പിന്നിട്ടു, നിരവധി പതിപ്പുകൾ ഇറങ്ങി. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇതിനകം 26 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ജനകീയമായി പ്രചരിച്ച വളരെ പ്രയോജനപ്രദമായ കൃതിയെന്ന് വ്യക്തം.

ജീവിതത്തിന്റെ അടക്കവും അനക്കവും ഇസ്ലാമിക മര്യാദകൾ ദീക്ഷിച്ചു കൊണ്ടാകുമ്പോൾ അത് അല്ലാഹുവിനുള്ള ഇബാദത്തായി മാറുന്നു. വാക്കും പ്രവർത്തിയും തമ്മിൽ വൈരുദ്ധ്യമുണ്ടാകരുതെന്ന പോലെ ചര്യയും ചമയവും (സീറത്തും സ്വൂറത്തും) തമ്മിൽ പൊരുത്തമുണ്ടാകാനും ശ്രദ്ധിക്കേണ്ടതുണ്ട്. കൊച്ചുകൊച്ചു കാര്യങ്ങൾ എന്ന് പലപ്പോഴും വിലയിരുത്തുന്ന കാര്യങ്ങൾ ഒന്നിച്ചു ചേരുമ്പോഴാണ് ഇസ്ലാമിക വ്യക്തിത്വവും അതിലൂടെ ഇസ്ലാമിക സംസ്കാരവും രൂപം കൊള്ളുന്നത്. ഒരു നന്മയെയും നിസ്സാരവൽക്കരിക്കുകയോ അവഗണിക്കുകയോ ചെയ്യരുതെന്ന് നബി (സ) ഉണർത്തിയിട്ടുണ്ട് (لا تحقرن من المعروف شيئا).

സാമ്പത്തിക ശാസ്ത്രത്തിൽ ഒരു ചൊല്ലുണ്ട് Take care of pennies and the pennies will take care of pounds – ചില്ലറയെ ചോരാതെ സൂക്ഷിച്ചാൽ പിന്നെ ആ ചില്ലറ തന്നെ നാണയങ്ങളെ വലിയ തുകയായി കാത്തുസൂക്ഷിക്കുമെന്ന് സാരം. കൊച്ചു കാര്യങ്ങൾ എന്ന് നാം ഗണിക്കുന്ന കാര്യങ്ങൾ അത്ര നിസ്സാരമല്ല. വ്യക്തിത്വ രൂപീകരണത്തിലും സംസ്കാരത്തെ ഭദ്രമാക്കുന്നതിലും അതിനെല്ലാം നല്ല പങ്കുണ്ട്. പല കാര്യങ്ങളും നമ്മുടെ സംസ്കാരത്തെ കാത്തുസൂക്ഷിക്കുന്ന വേലികളാണ്. നല്ല ശീലങ്ങളും നിഷ്ഠകളും വഴി പല തിന്മകളും നമ്മിൽ നിന്ന് അകന്ന് മാറിപ്പോകും എന്നത് അനുഭവ സത്യമാണ്. ഇസ്ലാമികമായ ജീവിത മര്യാദകൾ അതിന്റെ ആത്മാവ് ആവാഹിച്ചു കൊണ്ട് ഉയർത്തിപിടിക്കുക വഴി ബഹുസ്വര സമൂഹത്തിൽ നല്ലതായ പ്രതിനിധാനം നിർവഹിക്കാൻ സാധിക്കും. ശീലങ്ങളും സമ്പ്രദായങ്ങളും, മറകളും മുറകളും, ചിട്ടകളും ചട്ടങ്ങളുമെല്ലാം ഇസ്ലാമീകരിക്കാനുള്ള മാർഗദർശനമാണ് ഈ കൃതി നൽകുന്നത്.

മുസ്ലിം സമുദായത്തിലെ വസ്ത്ര സമ്പ്രദായം ഉൾപ്പെടെ പലതിനെയും അനിസ്ലാമികമാക്കാനുള്ള (de-islamisation) പ്രത്യക്ഷവും പരോക്ഷവുമായ പലവിധ ശ്രമങ്ങൾ പല മാർഗ്ഗേണ നടക്കുമ്പോൾ ജീവിതത്തെ സമൂലം ഇസ്ലാമീകരിച്ചു കൊണ്ടുള്ള രചനാത്മകമായ പ്രതിരോധം വേണ്ടതുണ്ട്. വ്യതിരിക്തമായ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് സമൂഹമധ്യേ പ്രതിരോധം നിർവഹിക്കുവാൻ ഈ അർത്ഥത്തിലുള്ള ഇസ്ലാമീകരണം കൂടിയേ തീരൂ!

നിത്യജീവിതത്തിന്റെ വ്യത്യസ്ത രംഗങ്ങളിൽ ഇസ്ലാമിക മര്യാദകൾ അതിന്റെ പൊരുളറിഞ്ഞു പാലിക്കുമ്പോൾ അത് കർമ്മ സാക്ഷ്യവും പ്രാർത്ഥനയുമാണ്. നിർദിഷ്ട മര്യാദകളും രീതികളും ദീക്ഷിക്കുമ്പോൾ അത് വഴിപ്പെടലുമാണ്. മര്യാദകളുടെയും പ്രാർത്ഥനകളുടെയും പ്രമേയം (പൊരുൾ) ആവാഹിച്ചുകൊണ്ട് അവ പതിവ് ശീലമാക്കേണ്ടതുണ്ട്. മുപ്പത്തി ഒമ്പത് അധ്യായങ്ങളിലായി ഗ്രന്ഥകാരൻ വിവരിച്ച പ്രയോജനപ്രദമായ സംഗതികൾ പ്രായോഗികമാക്കാൻ നല്ല പരിശ്രമം ഉണ്ടാവണം.ഇസ്ലാമിക മര്യാദകളുടെ നന്മയും മേന്മയും ലോകത്തിനാകെ അനുഭവവേദ്യമാക്കാൻ ഇത് വഴിവെക്കും.

ഗ്രന്ഥത്തിനൊടുവിൽ കൊടുത്ത ഖുർആനിലെയും ഹദീസിലെയും വിശിഷ്ട പ്രാർത്ഥനകൾ വിശദമായി ഗ്രഹിച്ചുകൊണ്ട് പതിവാക്കേണ്ട സംഗതികളാണ്. ഹജ്ജിലും ഉംറയിലും ത്വവാഫും സഅയും ഒപ്പമാണ്; അഥവാ ജോടിയാണ്. ഇത് നൽകുന്ന പാഠം പ്രാർത്ഥനയും അധ്വാനവും ഒപ്പത്തിനൊപ്പം വേണമെന്നാണ്. പ്രാർത്ഥനയുടെ സാരാംശത്തോട് നീതി പുലർത്തേണ്ടതുണ്ട്, പ്രാർത്ഥനയിലെ പ്രമേയം പുലരാൻ ആവശ്യമായുള്ള പ്രവർത്തനങ്ങൾ വേണമെന്ന് സാരം. പ്രാർത്ഥനകൾ വാചക രൂപത്തിലും നല്ല ശീലങ്ങളുടെ രൂപത്തിലും കൃത്യമായ നിലപാടുകളുടെ രൂപത്തിലുമെല്ലാം ആകാവുന്നതാണ്. ഉള്ളിലിരിപ്പിന് (നിയ്യത്ത്) അനുസരിച്ചാണല്ലോ കർമ്മങ്ങളും അനുഷ്ഠാനങ്ങളും വിലയിരുത്തപ്പെടുന്നത്. ചിന്താപൂർവ്വം ഈ കൃതിയെ സ്വാംശീകരിക്കുകയാണെങ്കിൽ ഒട്ടേറെ സൽഫലങ്ങൾ ഉണ്ടാകും, തീർച്ച!

 

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles