Current Date

Search
Close this search box.
Search
Close this search box.

ഗാന്ധിജിയും മുസ് ലിംകളും അറബ് ലോകവും

മേൽ നാമത്തിൽ പ്രസിദ്ധീകൃതമായ ഇരുന്നുറിലേറെ താളുകളുള്ള ചന്തമുള്ളതും ചിന്തനീയവുമായ ഈ കൃതി പ്രബുദ്ധരായ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്.

ബഹ്റൈനിലെ മുൻമന്ത്രിയും രാജ്യതന്ത്രജ്ഞനും വ്യവസായ പ്രമുഖനുമായ അബ്ദുന്നബി അശ്ശുഅല അറബിയിലും ഇംഗ്ലീഷിലുമൊക്കെ ഇറക്കിയ കൃതിയുടെ മലയാള പരിഭാഷയാണിത്. മഹാത്മാഗാന്ധി തന്റെ ജീവിതത്തിൽ മുസ്ലിങ്ങളുമായി പുലർത്തിയ ഗാഢബന്ധം, അറബ് പ്രശ്നങ്ങളോട് വിശിഷ്യാ ഫലസ്തീൻ പ്രശ്നങ്ങളോട് പുലർത്തിയ ശക്തവും യുക്തവുമായ അനുഭാവം, സയണിസ്റ്റ് ലോബി തന്റെ മേൽ ചെലുത്താൻ ശ്രമിച്ച സർവ കുതന്ത്രങ്ങളെയും തള്ളി തന്റെ അന്ത്യം വരെ ഫലസ്തീൻ മണ്ണ് അറബികൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ദൃഢരൂഢമായ നിലപാട് തുടങ്ങി പല കാര്യങ്ങളും ഈ കൃതിയിൽ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട്. ആമുഖത്തിന് പുറമേ 17 അധ്യായങ്ങളുള്ള ഈ കൃതി രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ ബുദ്ധിജീവികൾ മനസ്സിരുത്തി വായിക്കേണ്ടതാണ്. ഗ്രന്ഥകാരന്റെ ഇന്ത്യയോടുള്ള മമതക്ക് മുഖ്യ നിമിത്തം ഗാന്ധിജി തന്നെയാണ്.

അദ്ദേഹത്തിന്റെ വരികൾ കാണുക: “വർഷങ്ങളായി ഇന്ത്യയെക്കുറിച്ചും മഹാത്മാഗാന്ധിയെ കുറിച്ചും നടക്കാറുള്ള സമ്മേളനങ്ങളിലും സെമിനാറുകളിലും ഞാൻ പങ്കെടുക്കുന്നു.നാൽപതു വർഷമായി ഞാൻ ഗാന്ധിയിൽ ആകൃഷ്ടനായിട്ട്.ഗാന്ധി മരിച്ചു മുപ്പതിലേറെ വർഷം കഴിഞ്ഞാണ് ഞാനും അദ്ദേഹവും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. 1969-ൽ ഇന്ത്യ ഗാന്ധിയുടെ ജന്മവാർഷികം ആഘോഷിക്കുമ്പോൾ ഞാൻ ഇന്ത്യ സന്ദർശിച്ചു. നാലു വർഷം തുടർച്ചയായി ഞാനിവിടെ താമസിച്ചു. ബോംബെ സർവകലാശാലക്ക് കീഴിലുള്ള പ്രശസ്തമായ സെന്റ് ജോസഫ് കോളേജിലായിരുന്നു എന്റെ പഠനം…… ഓരോ വർഷവും പല തവണ ഞാനാ രാജ്യം സന്ദർശിച്ചിട്ടുണ്ട്. ഈ കാലം കൊണ്ട് രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും ചിന്തകരും പല മേഖലകളിൽ വൈദഗ്ധ്യമുള്ളവരുമായ എന്റെ ഇന്ത്യൻ സൗഹൃദവലയം വികസിച്ചു….
ഗാന്ധിയെക്കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു എളിയ ശ്രമമാണ്. എനിക്കുള്ള ന്യായം എന്റെ ഉദ്ദേശ്യശുദ്ധിയും ഈ മഹാമനുഷ്യനെക്കുറിച്ചുള്ള പ്രൗഢഗ്രന്ഥങ്ങൾക്ക് ഇതൊരു തുടക്കമാവും എന്ന പ്രതീക്ഷയുമാണ്….” (ആമുഖം,പേജ് 20-21)

ഈ പുസ്തകത്തിലെ ഗാന്ധിയും സയണിസവും എന്ന അധ്യായം പ്രത്യേകം പരിചിന്തനമർഹിക്കുന്നുണ്ട്.
“ഗാന്ധിയുടെ ഡയറിക്കുറിപ്പുകൾ വിശദീകരിക്കുന്നത് അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയപരമായ ജീവിതം മൂന്ന് യഹൂദരെ ചുറ്റിപറ്റിയുള്ളതായിരുന്നു എന്നാണ്.ഹെൻറിപൊളാക്,ഹെർമൻ കലൻബാഷ്, സോൻജ ഷെൻസിൻ. ദക്ഷിണാഫ്രിക്കയിലെ ദുരിതകാലത്ത് ഗാന്ധിയെ സഹായിച്ചത് അവരായിരുന്നു…. എന്നാൽ അവരുടെ ബന്ധത്തിന്റെ വികാസവും സയണിസ്റ്റ് പ്രസ്ഥാനത്തിന് പിന്തുണയാർജിക്കാൻ വേണ്ടി അത് ഉപയോഗപ്പെടുത്തപെട്ടതുമാണ് നാം ഇവിടെ ഉന്നയിക്കാൻ ശ്രമിക്കുന്നത്…. മൂന്നു പേരിൽ ഗാന്ധിയുടെ അടുത്ത സുഹൃത്ത് ഹെർമൻ കലൻബാഷ് ആയിരുന്നു.സയണിസ്റ്റ് ലക്ഷ്യങ്ങൾക്കായി ഗാന്ധിയുടെ പിന്തുണ നേടിയെടുക്കാൻ അദ്ദേഹം കഠിനപ്രയത്നം തന്നെ നടത്തി.അദ്ദേഹത്തെ ഗാന്ധിതന്റെ ഡയറിയിൽ വിശേഷിപ്പിച്ചത് ആത്മസുഹൃത്ത് എന്നാണ്….(പേജ് 125)

അതീവ സമർഥരായ മൂന്ന് ജൂതന്മാർ അതി വിദഗ്ധമായി ഇസ്രായേലിനുകൂലമായി ഗാന്ധിയെ എങ്ങനെയെങ്കിലും സ്വാധീനിക്കാൻ സുദീർഘ ശ്രമങ്ങൾ നടത്തിയതിന്റെ വിവരണം മുപ്പതോളം പേജുകളിൽ വിവരിക്കുന്നുണ്ട്. ഈ അധ്യായത്തിലെ ശ്രദ്ധേയമായ ഒരു ഭാഗം കാണുക.

“….. ജർമ്മനിയിൽ നാസിസം ഉദയം ചെയ്യുകയും ഹിറ്റ്ലറുടെ നേതൃത്വത്തിൽ യഹൂദർക്കെതിരായി വംശ ശുദ്ധീകരണം നടക്കുകയും ചെയ്തപ്പോൾ, ഹെർമൻ അടിയുറച്ച സയണിസ്റ്റായി മാറി. ദക്ഷിണാഫ്രിക്കൻ സയണിസ്റ്റ് ഫെഡറേഷന്റെ എക്സിക്യൂട്ടീവിൽ അദ്ദേഹം പ്രവർത്തിക്കുകയും ഫലസ്തീനിൽ താമസിക്കാൻ പദ്ധതിയിടുകയും ചെയ്തു.

സയണിസ്റ്റ് നേതാവായ മോശെ ഷർടേകിന്റെ (പിന്നീട് മോശെ ഷാരെറ്റ് എന്ന പേര് സ്വീകരിച്ച് ബെൻഗുറിയനു ശേഷം പ്രസിഡന്റായ വ്യക്തി) അഭ്യർത്ഥനപ്രകാരം 1937ൽ ഹെർമൻ ഗാന്ധിയെ ഡൽഹിയിൽ സന്ദർശിക്കുകയും സയണിസ്റ്റ് പദ്ധതിക്ക് വേണ്ടി അദ്ദേഹത്തിന്റെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. ഫലസ്തീനിലെ യഹൂദരാഷ്ട്ര സ്ഥാപനത്തെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്.ഇന്ത്യയിലെ ആശ്രമത്തിൽ ഹെർമൻ ഗാന്ധിയോടൊപ്പം ഏറെക്കാലം താമസിക്കുകയും ചെയ്തു.അക്കാലത്ത് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ടീയ ഘടകമായിരുന്ന “ജുവിഷ് ഏജൻസി” എന്ന സംഘടനയുടെ ചെയർമാനായിരുന്ന മോഷാറ്റ് ഹെർമനയച്ച വ്യക്തവും കൃത്യവുമായ ഒരു കത്ത് ഇന്ത്യയെക്കുറിച്ചും ഏഷ്യയെക്കുറിച്ചും സയണിസ്റ്റുകൾക്കുണ്ടായിരുന്ന സമീപനത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നുണ്ട്.ജറുസലേം മുഫ്തി ആയിരുന്ന അൽഹാജ് അമീൻ അൽഹുസൈനി ഇന്ത്യയിലെ മുസ്ലിം നേതാക്കളുമായി ആശയവിനിമയം നടത്തിയതിനെ കുറിച്ചും, അഖ്സ്വാ പള്ളിയുടെ പുനരുദ്ധാരണത്തിനു വേണ്ടി ഹൈദരാബാദിലെ നൈസാമിനെപ്പോലുള്ള ഇന്ത്യയിലെ നാട്ടുരാജാക്കൻമാരിൽ നിന്ന് 17,000 പൗണ്ട് സംഭാവന വാങ്ങിയതിനെക്കുറിച്ചും കത്തിൽ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.

ഷാരെറ്റ് കത്തിൽ ഇങ്ങനെ രേഖപ്പെടുത്തി: “ഏഷ്യയിലെ ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങിവരുക എന്ന രാഷ്ട്രീയഭാവി ആത്യന്തികമായി ആശ്രയിച്ചിരിക്കുന്നത്, മഹത്തായ ഏഷ്യാറ്റിക് നാഗരികതകളുടെ ശുഭകാംക്ഷയിലും ഐക്യദാർഢ്യത്തിലുമാണ്.തികച്ചും ഭൗതികമായ കാഴ്ചപ്പാടിൽ നോക്കിയാലും, ഇന്ത്യയെപ്പോലൊരു രാഷ്ട്രം വാണിജ്യം പോലുള്ള സാമ്പത്തികമേന്മയുടെ പ്രതീക്ഷകൾ തുറന്നിടുന്നുണ്ട്.എന്നാൽ ഹിന്ദു നേതാക്കൾ യൂറോപിലെ ജൂതന്മാരെ കാണുന്നത് ഫലസ്തീനിൽ കടന്നുകയറിയവരായിട്ടാണ്.അത്തരം വിശ്വാസങ്ങൾ അവരുടെ അടിയുറച്ച വിശ്വാസമാകുന്നതിനുമുമ്പ് അവരെ പ്രേരിപ്പിച്ചേ മതിയാകൂ”

ഗാന്ധിയുമായുള്ള ഹെർമന്റെ ബന്ധം ഉപയോഗപ്പെടുത്താൻ ഷാരെറ്റ് ഉപദേശിച്ചു. ഏറ്റവും പ്രശസ്തനായ ഹിന്ദു, സയണിസ്റ്റ് ലക്ഷ്യം വിശദീകരിക്കുക എന്ന കാര്യത്തിനായി.ഈ വിഷയത്തിൽ ഗാന്ധിയുടെ നിലപാട് മാറ്റിയെടുക്കാൻ കലൻബാഷ് തന്നാലാവുന്നതൊക്കെ ചെയ്തു. അടിച്ചമർതപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ഹിന്ദുക്കളെ യഹൂദരോട് അദ്ദേഹം താരതമ്യം ചെയ്തു. അതിനോടദ്ദേഹം പ്രതികരിച്ചത്, യഹൂദരുടെ യാതനക്ക് കാരണം അറബികളോ മുസ്ലിംകളോ അല്ലെന്നും, മറിച്ച് ക്രിസ്ത്യാനികളാണെന്നു പറഞ്ഞുകൊണ്ടാണ്.

കലൻബാഷ് പഠിച്ച പണി പലതും പയറ്റിയിട്ടും ഗാന്ധിയുടെ നിലപാട് മാറ്റാൻ കഴിഞ്ഞില്ല.മറിച്ച്,ഗാന്ധി ഈ വിഷയത്തെക്കുറിച്ച് തന്റെ പ്രശസ്തമായ ലേഖനം എഴുതി ആ ലേഖനത്തിൽ പീഡനവിധേയരായ ജർമനിയിലെ യഹൂദരോടുള്ള സഹാനുഭൂതി അദ്ദേഹം വെളിപ്പെടുത്തി. പക്ഷേ, ഫലസ്തീൻ പിടിച്ചെടുത്ത് തങ്ങളുടെ ദേശമാക്കാനുള്ള സയണിസ്റ്റ് ആശയങ്ങളെയും പദ്ധതികളെയും അദ്ദേഹം അപലപിച്ചു.

ഈ അധ്യായത്തിന്റെ ആരംഭത്തിൽ തന്നെ യഹൂദ മതത്തിന്റെ പോരായ്മകൾ, തകരാറുകൾ, തനിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത നിലപാടുകൾ ഇതൊക്കെയും ഗാന്ധി സൂചിപ്പിക്കുന്നുണ്ട്. ഒരു മതമെന്ന നിലക്ക് യാതൊരുവിധ മതിപ്പും യഹൂദ മതത്തോട് ഇല്ലെന്നാണ് അദ്ദേഹം വളരെ വിശദമായി സമർത്ഥിക്കുന്നത്.

യഹൂദരുടെ ശ്രേഷ്ഠതാവാദങ്ങളെല്ലാം ഗാന്ധി നിരാകരിച്ചിരുന്നു.അതുപോലെ മനുഷ്യവംശങ്ങൾക്കിടയിലെ സാമൂഹികമായ തരംതിരിവുകളും ഗാന്ധി തള്ളിക്കളഞ്ഞു.യഹൂദരുടെ മേന്മാവാദവും,മറ്റ് വംശങ്ങൾക്കുമേലുള്ള അവരുടെ മാനസികവും ധാർമികവുമായ ശ്രേഷ്ഠതയും, തങ്ങൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തമജനതയാണെന്ന വാദവും എല്ലാം ഗാന്ധി തള്ളിക്കളഞ്ഞു.മറ്റുവംശങ്ങളെ തങ്ങളെക്കാൾ മോശപ്പെട്ടവരായി യഹൂദർ കണക്കാക്കുന്നുവെന്ന് ഗാന്ധി മനസ്സിലാക്കി.യഹൂദരെ അഭിസംബോധന ചെയ്യുന്ന പോലെ ദൈവം മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്നില്ല എന്നതാണ് കാരണം.യഹൂദരെ ഭൂമിയുടെ ഉടമസ്ഥരാക്കുമെന്ന് ലേവ്യ പുസ്തകത്തിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവർക്കുമേലുള്ള സംശയാസ്പദമായ മഹിമാവാദം യഹൂദമതത്തിന്റെ മതപരമായ ഘടനയായി മാറി.(പേജ് 110)

ഈ പുസ്തകത്തിൽ മറ്റൊരു അധ്യായം ‘സയണിസ്റ്റ് സമ്മർദ്ദങ്ങൾക്ക് മുന്നിൽ’ എന്ന തലക്കെട്ടിലാണ്. പ്രസ്തുത അധ്യായത്തിലും സയണിസത്തിന്റെ തന്ത്രങ്ങളും ഇന്ത്യൻ നയത്തെ സ്വാധീനിക്കാൻ നടത്തിയ പലവിധ ശ്രമങ്ങളും ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട്. അവസാനം തങ്ങളുടെ പരിശ്രമം വേണ്ടതുപോലെ വിജയിക്കാത്തതിനാൽ ഗാന്ധിയെ അവഹേളിക്കും വിധം വളരെ മോശമായ അഭിപ്രായം ജൂതന്മാർ പറഞ്ഞ് പ്രചരിപ്പിച്ചതും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഗാന്ധി മരണപ്പെട്ട് അറുപത് വർഷങ്ങൾക്കുശേഷം, സയണിസ്റ്റുകൾ ആരോപിച്ചത്, ഹെർമന് ഗാന്ധിയുമായി സ്വവർഗ ലൈംഗികബന്ധം ഉണ്ടായിരുന്നു എന്നാണ്. ജൂതന്മാർക്ക് വശംവദനാവാതെ ദൃഢനിലപാട് സ്വീകരിച്ചതിന്റെ പ്രതികാരം ഹീനമായ ദുരാരോപണത്തിലൂടെയാണ് നടത്തിയതന്ന് ഗ്രന്ഥകാരൻ (pg-128) സൂചിപ്പിക്കുന്നുണ്ട്.

‘ഗാന്ധിയും സയണിസവും’ ‘സയണിസ്റ്റ് സമ്മർദ്ദങ്ങൾക്ക് മുന്നിൽ’ എന്നീ രണ്ട് അധ്യായങ്ങൾ ഇത്തരുണത്തിൽ സവിശേഷമായതിനാലാണ് ഈ കുറിപ്പ് പ്രസ്തുത അധ്യായങ്ങളിൽ കേന്ദ്രീകരിച്ചത്. അറബ് ഇന്ത്യൻ ബന്ധങ്ങളെ പറ്റിയും, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തെപ്പറ്റിയും പുസ്തകം വിശദമായി പറഞ്ഞുവെക്കുന്നുണ്ട്. അവസാന അധ്യായത്തിൽ യുദ്ധ സമ്മർദ്ദങ്ങൾക്കും ഗാന്ധിയുടെ നിശ്ചയദാർഢ്യത്തിനുമിടയിൽ ബ്രിട്ടീഷ് രണ്ടാം ലോക യുദ്ധത്തിന്റെ തുടക്കം എന്ന തലക്കെട്ടിൽ ചിന്തനീയമായ പല വസ്തുതകളും ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നുണ്ട്. ഒരുപക്ഷേ ഇന്നത്തെ തലമുറ അറിയാത്ത, എന്നാൽ അറിയേണ്ടുന്ന പല വിഷയങ്ങളെയും വിശകലന പാടവത്തോടെ വായനക്കാരന് പകർന്നു നൽകിയിട്ടുണ്ട്. ഈ പുസ്തകം  ഐ.പി.എച്ച് ആണ് പ്രസിദ്ധീകരിച്ചത്, പക്ഷേ ഈ പുസ്തകം വായിക്കേണ്ടവർ, ഗ്രഹിക്കേണ്ടവർ അത് വേണ്ടുംവിധം പരിഗണിച്ചോ എന്ന് സംശയമാണ്.  പല പുസ്തകങ്ങളും എത്തേണ്ടവരിലേക്ക് എത്താത്ത ദുരവസ്ഥ ഇന്ന് വായനാ ലോകത്തുണ്ട്. നമ്മുടെ പല പഠനങ്ങളും വിശകലനങ്ങളും അവരവരുടെ വൃത്തത്തിൽ തന്നെ കറങ്ങിത്തിരിഞ്ഞ് ഒരുതരം ആത്മരതി അനുഭവിക്കുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. നമ്മുടെ ചിന്താമണ്ഡലത്തിൽ നടക്കുന്ന എല്ലാം പഠനങ്ങളും നിരീക്ഷണങ്ങളും വിശകലനങ്ങളും എത്തേണ്ടവരിലേക്ക് എത്താൻ വേണ്ടി വായനാലോകം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, എങ്കിലേ ഇത്തരം ഗവേഷണങ്ങളും നിരീക്ഷണങ്ങളും വിചിന്തനങ്ങളുമൊക്കെ ഫലം കാണുകയുള്ളൂ എന്ന് മാത്രം സൂചിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് ഇവിടെ ഉപസംഹരിക്കുകയാണ്.

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles