Current Date

Search
Close this search box.
Search
Close this search box.

നവീദ് കിര്‍മാനിയുടെ അക്കാദമിക ലോകം 

ആധുനിക മുസ്ലിം പണ്ഡിതാധികായരെ പരിജയപ്പെടുത്തിക്കൊണ്ട് അദര്‍ബുക്‌സ് പുറത്തിറക്കുന്ന ഇന്‍ട്രൊഡ്യൂസിങ് സ്കോളഴ്‍സ് സീരീസിലെ രണ്ടാമത്തെ ഗ്രന്ഥമാണ് ഈ വർഷം പുറത്തിറങ്ങിയ, മഷ്‌കൂര്‍ ഖലീല്‍ രചിച്ച നവീദ് കിര്‍മാനിയെ കുറിച്ചുള്ള പുസ്തകം. ആദ്യം പ്രസിദ്ധീകൃതമായത് ബ്ലാക്ക് അമേരിക്കന്‍ പണ്ഡിതന്‍ ഷര്‍മണ്‍ ജാക്‌സനെ പരിചയപ്പെടുത്തുന്ന പുസ്തകമായിരുന്നു.  

1967 ല്‍ ഇറാനിയന്‍ കുടിയേറ്റ കുടുംബത്തില്‍ ജനിച്ച കിര്‍മാനി ജര്‍മനിയിലെ പ്രശസ്ത പണ്ഡിതന്മാരിലൊരാളായി അറിയപ്പെടുന്നു. ഓറിയന്റല്‍ സ്റ്റഡീസ്, സൗന്ദര്യശാസ്ത്രം (Aesthetics), തസവ്വുഫ് തുടങ്ങീ വൈവിധ്യമാർന്ന മേഖലകളില്‍ കയ്യൊപ്പ് പതിപ്പിച്ച കിര്‍മാനി ജര്‍മനിയിലെ ഏറ്റവും വലിയ സാഹിത്യ അവാര്‍ഡായ ‘ജര്‍മന്‍ ബുക് ട്രേഡ്‌സ് പ്രൈസ് പുരസ്‌കാരമടക്കം മറ്റു പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കൂടാതെ നിരവധി നോവലുകളും യാത്രാവിവരണങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ഓറിയന്റലിസം, തത്വശാസ്ത്രം, തിയേറ്റര്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ കൊളോണ്‍, കൈറോ, ബോണ്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തിയ അദ്ദേഹം ഇസ്ലാമിക് സ്റ്റഡീസില്‍ ഡോക്ട്രേറ്റ് നേടുകയും ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. 

മുഹമ്മദ് മഷ്‌കൂര്‍ ഖലീല്‍ തയ്യാറാക്കിയ പുസ്തകം പ്രധാനമായും കിര്‍മാനിയുടെ തിയോഡസി (ദൈവനീതി) യെ അധികരിച്ചുകൊണ്ടുള്ള ടെറര്‍ ഓഫ് ഗോഡ്, പടിഞ്ഞാറിനും കിഴക്കിനുമിടിയിലെ സാംസ്കാരിക കൈമാറ്റങ്ങളെ അടയാളപ്പെടുത്തുകയും ആഴത്തില്‍ വിശകലനം ചെയ്യുകയും ചെയ്യുന്ന കിര്‍മാനിയുടെ തന്നെ വിവിധ ലേഖനങ്ങളും പ്രസംഗങ്ങളും ഉള്‍കൊള്ളുന്ന Between Quran and Kafka: West-Eastern Affinities, താരതമ്യ മതപഠനത്തിന്റെ മേഖലയില്‍ മതത്തിന്റെ സൗന്ദര്യദര്‍ശനത്തെ സംബന്ധച്ചുള്ള God is Beautiful: the Aesthetic Experience of the Quran എന്നീ പുസ്തങ്ങളാണ് വിശദമായ വിശകലനം ചെയ്യുന്നത്. 

ആദ്യമായി, 2011 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ടെറര്‍ ഓഫ് ഗോഡ് പര്യാലോചിക്കുന്നത് ഭൂമിയിലെ സുഖദുഃഖങ്ങളുടെ ദൈവീക മാനങ്ങളെ കുറിച്ചും സര്‍വശക്തനായ ദൈവത്തിന്റെ നീതിയെ കുറിച്ചും നീതി നടത്തിപ്പിനെ കുറച്ചുമാണ്. ഈ ചര്‍ച്ചകളെല്ലാം പുരോഗമിക്കുന്നത് തിയോഡസിയെന്ന തത്വശാസ്ത്ര സങ്കല്‍പത്തിലധിഷ്ടിതമായാണ്. ഉപര്യുക്ത ഗ്രന്ഥത്തില്‍ ബൈബിള്‍ പഴയ നിയമത്തിലെ ഇയ്യോബിന്റെ കഥകള്‍ കടന്നുവരുന്നുണ്ട്. അവിടെ ഓരോ പരീക്ഷണങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ശേഷം ദൈവത്തെ സ്തുതിച്ച് കൊണ്ടിരിക്കുന്ന ഇയ്യോബിനെ നമുക്ക് കാണാം. കൂടാതെ സങ്കീര്‍ണ്ണമായ ലോകത്തെ ദൈവിക തീരുമാനങ്ങളുടെ അര്‍ഥവ്യാപ്തിയും ഗ്രന്ഥം വിത്യസ്ത ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നു. 

ശൈഖ് ഫരീദുദ്ദീന്‍ അത്താറിന്റെ മുസ്വീബത്ത് നാമയും ടെറര്‍ ഓഫ് ഗോഡ് പരിശോധിക്കുന്നത് കാണാം. ദുരിതങ്ങളുടെയും വേദനയുടെയും ഒരു പുതിയ പ്രപഞ്ചം വികസിപ്പിക്കുന്ന അത്താറിന്റെ മുസ്വീബത്ത് നാമ ദൈവത്തോടുള്ള അടിമയുടെ കലാപങ്ങളും പ്രത്യുത്തരവും അന്വേഷിക്കുന്നുണ്ട്. പുസ്തകത്തില്‍ ഗൗരവതരമായി അന്വേഷിക്കുന്നതും ടെറര്‍ ഓഫ് ഗോഡ് അതിഷ്ടിതമായ ചര്‍ച്ചകളാണ്. 

Between Quran and Kafka (2016)  ഷേക്‌സ്പിയറിന്റെ ദൈവമില്ലാത്ത ലോകവും ഗോയ്ഥയുടെ മതസങ്കല്‍പങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ചര്‍ച്ച തുടരുന്നത്. കിര്‍മാനിയുടെ വിത്യസ്ത ലേഖനങ്ങളും പ്രസംഗങ്ങളും അടങ്ങുന്ന ഈ പുസ്തകം മുസ്ലിം ക്രൈസ്തവ ജൂത സംസ്‌കാരങ്ങളുടെ പാരസ്പര്യത്തിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെയും തുടര്‍ച്ചയാണ് ഇന്നത്തെ യൂറോപ്പ് എന്ന സുഖകരമല്ലാത്ത വസ്തുതയെ ഓര്‍മപ്പെടുത്തുന്നു. മനുഷ്യനില്ലാത്ത ലോകത്ത് മനുഷ്യന്‍ പൂര്‍ണമായും സ്വാതന്ത്ര്യനാകുന്നു എന്ന് പറയുമ്പോള്‍ ആ സ്വാതന്ത്യം നല്ലതല്ല എന്ന് ഷേക്‌സ്പിയര്‍ നാടകങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെന്നും ഷേക്‌സ്പിയറിന്റെ രചനകളിലെ കലയില്‍ ദൈവീക സത്ത അപ്രസക്തമാകുന്നു വെന്നും ഗ്രന്ഥം നിരീക്ഷിക്കുന്നു. 

ഒപ്പം ഗോയ്ഥയിലെ മത വികാസത്തെ കുറിച്ചും ഗോയ്ഥയുടെ മതാത്മകതയെ വിശ്വാസം എന്ന് വിളിക്കാന്‍ കഴിയില്ലന്നും Between Quran and Kafka നിരീക്ഷിക്കുന്നു. തന്റെ അവസാന വര്‍ഷങ്ങളില്‍ വിധിവിശ്വാസത്തെ കുറിച്ചും സ്വയം നിര്‍ണയാവകാശത്തെ കുറിച്ചും ആകുലനാകുന്ന ഗോയ്‌ഥെ അവസാനമായി പറയുന്നത്, “നമ്മുടെ എല്ലാ ജീവിത സാഹചര്യങ്ങളെയും നിരീക്ഷിക്കുകയാണെങ്കില്‍ നമ്മുടെ ആദ്യ ശ്വാസം മുതല്‍ അവസാന ശ്വാസം വരെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ് എന്ന് കാണാനാകും” എന്നാണ്. വിശ്വാസം മനുഷ്യനില്‍ ആന്തരികമായി നിലനില്‍ക്കുന്നതാണ് എന്നാണ് ഗോയ്‌ഥെ നിരീക്ഷിക്കുന്നത്. 

അവസാനമായി 2014 ല്‍ പ്രസിദ്ധീകൃതമായ God is Beautiful: the Aesthetic Experience of the Quran പഠന വിധേയമാക്കുന്നത് ഖുര്‍ആനിന്റെ സൗന്ദര്യാത്മകതയെയും ഇസ്ലാമിക ചരിത്രസന്ധികളില്‍ അവ വരുത്തിയ സ്വാധീനങ്ങളെയുമാണ്. തിരുനബിയുടെ പ്രവാചകത്വം തെളിയിക്കുന്നതിന്റെ ഏറ്റവും വലിയ മുഅ്‍ജിസത്തായ ഖുര്‍ആനിന്റ സൗന്ദര്യാത്മകത പശ്ചാത്യന്‍ പഠനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഗ്രന്ഥം അടിവരയിടുന്നത് കാണാം. ഖുര്‍ആനിന്റെ ശക്തമായ സ്വാധീനത്തെ വരച്ചുകാട്ടുന്നതിന് ഖുര്‍ആന്‍ പരായണത്തിനിടെ, പാരായണം കേട്ട് മാനസാന്തരം വന്നവരും തീവ്രത കൊണ്ട് മരണപ്പെട്ടവരെകുറിച്ചും ഈ ഗ്രന്ഥത്തില്‍ വിവരണങ്ങളുണ്ട്. 

ശാഫിഈ പണ്ഡിതനായ ഇമാം അബൂ ഇസ്ഹാഖ് അസ്സഅ്ലബിയുടെ ഖത്‌ലാ ഖുര്‍ആന്‍ (ഖുര്‍ആന്‍ കൊണ്ട് മരണപ്പെട്ടവര്‍) എന്ന ഒരു ഗ്രന്ഥം തന്നെ ഈ വിഷയ വലയത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട് എന്ന് കിര്‍മാനി God is Beautiful എന്ന ബൃഹദ് രചനയില്‍ പ്രതിപാദിക്കുന്നു. ഖുര്‍ആനിന്റെ കാവ്യാത്മകതയെ ചൊല്ലിയും അമാനുഷികതയെ കുറിച്ചും ഗ്രന്ഥത്തില്‍ വിശദവിവരണങ്ങളുണ്ട്. 

സമകാലിക ലോകത്തെ പുതിയചിന്താധാരകളെയും വഴിമരുന്നിട്ട പണ്ഡതികുലപതികളുടെയും ജീവിതം വരച്ച് കാട്ടുന്ന അദര്‍ ബുക്‌സിന്റെ ഈ ഉദ്യമം അഭിനന്ദാഹര്‍വും ശ്രമകരവുമാണ്.

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles