Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും മാനേജ്‌മെന്റും

islam-and-management.jpg

വളര്‍ച്ചയുടെയും വികാസത്തിന്റെയും താക്കോലാണ് മാനേജ്‌മെന്റ്. അത് ആത്മീയമോ ഭൗതികമോ ആകാം. പരമാവധി ലാഭമുണ്ടാക്കാന്‍ വേണ്ടി തൊഴിലാളികളെ നയിക്കാനുള്ള കഴിവാണ് മാനേജ്‌മെന്റ് എന്നാണ് പൊതുവെ പറയാറുള്ളത്. വളരെ കാര്യക്ഷമമായി ജോലി ചെയ്ത് തീര്‍ക്കുന്ന കലയാണത്. മാനേജ്‌മെന്റിന്റെ പ്രധാനപ്പെട്ട ഘടകങ്ങള്‍ ബഹുമാനം, പരസ്പരബന്ധം, ഉത്തരവാദിത്വം എന്നിവയാണ്. അതെല്ലാവര്‍ക്കും ബാധകവുമാണ്. ഉല്‍പ്പാദനവും ലാഭവുമാണ് വളരെപ്പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഏതൊരു സ്ഥാപനത്തിന്റെയും പ്രധാനലക്ഷ്യം. ഈ കോര്‍പ്പറേറ്റ് ലോകത്ത് ഭൗതിക മനസ്സ് മാത്രം വെച്ച്പുലര്‍ത്തുന്നവരാണ് മാനവിക മൂല്യങ്ങളെയും സാമൂഹിക ഉത്തരവാദിത്വങ്ങളെയും തകിടം മറിച്ചത്.

വിശുദ്ധ ഖുര്‍ആനിലും പ്രവാചക സുന്നത്തിലും നമുക്ക് കാണാവുന്ന മാനേജ്‌മെന്റിന്റെ വ്യത്യസ്ത തരത്തിലുള്ള ഉദാഹരണങ്ങളാല്‍ സമ്പന്നമാണ് ഈ പുസ്തകം. മനുഷ്യശരീരത്തിന് തലച്ചോര്‍ എത്രത്തോളം പ്രധാനമാണോ അത്‌പോലെയാണ് ഒരു സ്ഥാപനത്തിന് മാനേജ്‌മെന്റ് എന്നു പറയുന്നത്. മാനേജ്‌മെന്റിന്റെ വേറൊരു മുഖമാണ് ‘ഇസ്‌ലാമും മാനേജ്‌മെന്റും’ എന്ന ഈ പുസ്തകത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. മാത്രമല്ല, ശരിയായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയാണെങ്കില്‍ മാനേജ്‌മെന്റിന് ഒരു സമൂഹത്തെ തന്നെ പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും പുസ്തകം പറയുന്നു. മാനേജ്‌മെന്റ് രംഗത്ത് പ്രവാചകനുണ്ടായിരുന്ന കഴിവുകളെക്കുറിച്ചും എങ്ങനെയാണ് അത് മൂലം ഒരു ജനതയെ തന്നെ പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതെന്നും ഇതില്‍ വിവരിക്കുന്നുണ്ട്.

എങ്ങനെയാണ് കുറഞ്ഞ കാലത്തിനുള്ളില്‍ പ്രവാചകന്‍ ഒരു സമൂഹത്തെ വിപ്ലവവല്‍ക്കരിച്ചതെന്ന് വിശദമായി പുസ്തകത്തില്‍ പറയുന്നുണ്ട്. മനുഷ്യചരിത്രം ഒരിക്കലും അത്തരത്തിലുള്ള സമ്പൂര്‍ണ്ണമായ ഒരു സാമൂഹ്യപരിവര്‍ത്തനത്തിന് സാക്ഷിയായിട്ടില്ല. പ്രവാചകന്റെ മാനേജ്‌മെന്റ് തന്ത്രങ്ങളാണ് അത് സാധ്യമാക്കിയത്.

വിശുദ്ധ ഖുര്‍ആനെയും തിരുസുന്നത്തിനെയും അടിസ്ഥാനപ്പെടുത്തിയുള്ള കാര്യക്ഷമമായ മാനേജ്‌മെന്റ് വഴികളെ കണ്ടെത്താന്‍ മാനേജര്‍മാരെ സഹായിക്കുന്ന പുസ്തകമാണിത്. എന്നാല്‍ ബിസിനസ്സുകാര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന പുസ്തകമല്ലിത്. മറിച്ച്, മത-സാമൂഹിക സംഘടനകള്‍ക്കെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ഇതുപകാരപ്പെടും. ആമുഖത്തില്‍ പറയുന്നത് കൃത്യമായ ഒരു മാനേജ്‌മെന്റ് വ്യവസ്ഥയില്ലാതെ ഒരു ക്ഷേമരാഷ്ട്രത്തിന് സാമൂഹിക നീതിയും സാമ്പത്തിക വളര്‍ച്ചയും ഉറപ്പ് വരുത്താന്‍ കഴിയില്ലെന്നാണ്.

മാനേജ്‌മെന്റിന്റെ തത്വങ്ങളെക്കുറിച്ച് പറയുന്ന രണ്ടാമധ്യായത്തില്‍ ഇസ്‌ലാം എന്നത് ഒരു ജീവിതപദ്ധതിയാണെന്നും ഖുര്‍ആനും തിരുസുന്നത്തും ജീവിത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് വഴികാട്ടിയാണെന്നും ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്. അതുപോലെ മാനേജ്‌മെന്റിന്റെ വിവിധ വശങ്ങളിലേക്കും അത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മാനേജ്‌മെന്റിന്റെ വ്യത്യസ്ത മുഖങ്ങളെക്കുറിച്ച് പറയുന്ന 37 ലേഖനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. അവയെല്ലാം പ്രവാചക ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗ്രന്ഥകാരന്‍ എഴുതുന്നത്. പദ്ധതി തയ്യാറാക്കല്‍, സംഘാടനം, സംവിധാനം, നിയന്ത്രണം, പരിശീലനം, മനുഷ്യ വിഭവ വികാസം, ആളുകളോടുള്ള സമീപനം, അവബോധം, ബിസിനസ്സ് നൈതികത, വ്യക്തിത്വ വികാസം, സാമൂഹ്യ ഉത്തരവാദിത്വം, പരസ്പര വിനിമയം തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രവാചകന്‍ കാണിച്ച് തന്ന മാതൃകകളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം കാര്യക്ഷമമായ മാനേജ്‌മെന്റിനെക്കുറിച്ച് നമ്മോട് സംസാരിക്കുന്നത്.

വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഫലപ്രദമായ മാനേജ്‌മെന്റിന് അത്യന്താപേക്ഷികമാണ്. ഒരുദാഹരണത്തിലൂടെ ഗ്രന്ഥകാരന്‍ അത് വിശദീകരിക്കുന്നുണ്ട്. മദീനയില്‍ പ്രവാചകന്‍ പണികഴിപ്പിച്ച പള്ളിയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. നമസ്‌കാരത്തിന് വേണ്ടി മാത്രമായിരുന്നില്ല ആ പള്ളി ഉപയോഗപ്പെടുത്തപ്പെട്ടത്. മറിച്ച്, ഇസ്‌ലാമിക സര്‍വ്വകലാശാല, ആശുപത്രി, വീടില്ലാത്തവര്‍ക്കുള്ള അഭയകേന്ദ്രം, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം, സുപ്രീം കോടതി, പാരലമെന്റ് എന്നീ നിലകളിലെല്ലാം മദീനയിലെ ആ പള്ളി പ്രവര്‍ത്തിച്ചിരുന്നു. ഒരു ആട്ടിടയന്‍ എന്ന നിലയിലുള്ള അനുഭവങ്ങളാണ് കാര്യക്ഷമമായ രീതിയില്‍ സംഘാടനം നിര്‍വ്വഹിക്കാനും മദീനയില്‍ ഒരു നഗരം പണിയാനും പ്രവാചകന് പ്രേരണയായത്. മദീനയിലെ ജനങ്ങള്‍ക്കും മക്കയിലെ അഭയാര്‍ത്ഥികള്‍ക്കുമിടയില്‍ അദ്ദേഹം സാഹോദര്യം സ്ഥാപികക്കുകയും നഗരത്തില്‍ ഒരു മാര്‍ക്കറ്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രമായി മദീനയെ പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. യുദ്ധങ്ങളില്‍ അസാധാരണമായ സംഘാടന പാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മാത്രമല്ല, പ്രവാചകന്‍ കൊണ്ടുവന്ന വിദ്യാഭ്യാസ വ്യവസ്ഥയും എടുത്ത് പറയേണ്ടതാണ്.

‘നിങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരോടുള്ള മാന്യമായ സമീപനം സമൃദ്ധിയും മോശമായ സമീപനം ദുരിതവും കൊണ്ടുവരുന്നു’ (അബൂദാവൂദ്) എന്ന പ്രവാചക വചനത്തിന് ലാഭകേന്ദ്രീകൃതമായ ഇന്നത്തെ ലോകം യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. വ്യക്തിത്വ വികാസവും സംഘാടന കഴിവുകളും വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നതെങ്കിലും ഇന്നത്തെ ആധുനിക കോര്‍പ്പറേറ്റ് ലോകത്ത് വ്യക്തിത്വ വികാസം എന്ന പദം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയുടെ ബാഹ്യതലത്തില്‍ പ്രകടമാകാന്‍ വേണ്ടി മാത്രമാണ് ഈ കോര്‍പ്പറേറ്റ് ലോകത്ത് വ്യക്തിത്വ വികാസം പഠിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് ആന്തരികമായ വ്യക്തിത്വ വളര്‍ച്ചയാണ്. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി തുടങ്ങിയ പ്രതിഭകളാണ് പ്രവാചകന്റെ വ്യക്തിത്വ വികാസ പരിശീലിനത്തിലൂടെ പിറവിയെടുത്തത്. അതിന് സമാനമായ എന്തെങ്കിലും ഇന്ന് നമുക്ക് കണ്ടെത്താന്‍ കഴിയുമോ?

പണത്തോടുള്ള ആര്‍ത്തി മൂലം സാമൂഹ്യ ഉത്തരവാദിത്വം എന്ന മഹത്തായ ആശയം ഇന്ന് വിസ്മരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതേ സമയം ഇസ്‌ലാം സാമൂഹ്യ ഉത്തരവാദിത്വത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മാത്രമല്ല, പ്രവാചകന്‍മാര്‍ നിയോഗിതരായത് സാമൂഹ്യ മാറ്റം സൃഷ്ടിക്കാനും സാമൂഹ്യ ഉത്തരവാദിത്വമുള്ളവരായി ജനങ്ങളെ പരിവര്‍ത്തിപ്പിക്കാനും വേണ്ടിയാണ്. സാമൂഹ്യ ഉത്തരവാദിത്വമില്ലാതെ യഥാര്‍ത്ഥ മുസ്‌ലിം ആയി മാറാന്‍ സാധ്യമല്ല.

ഖലീഫ ഉമര്‍(റ) വിന്റെയും മറ്റ് അനുചരന്‍മാരുടെയും ജീവിതത്തില്‍ നിന്ന് പഠിക്കാവുന്ന മാനേജ്‌മെന്റിന്റെ അധ്യാപനങ്ങളും ഈ പുസ്‌കത്തില്‍ വിവരിക്കുന്നുണ്ട്. മാനേജ്‌മെന്റിന്റെ എല്ലാ വശങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പുതിയ ലോകത്തിന് മാനേജ്‌മെന്റിന്റെ പുതിയ ചില അധ്യാപനങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ ഈ പുസ്തകത്തിന് സാധിക്കും. അത് സാധ്യമാകട്ടെ എന്ന് ഞാനാഗ്രഹിക്കുകയാണ്. മാത്രമല്ല, ഗവേഷകര്‍ക്കും ബിസ്സിനസ്സുകാര്‍ക്കും സാധാരണ ജനങ്ങള്‍ക്കുമെല്ലാം ഈ പുസ്തകം വലിയൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

വിവ: സഅദ് സല്‍മി

Related Articles