Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ യുദ്ധത്തില്‍ ബാങ്കൊലികള്‍ നിലച്ച ഗസ്സയിലെ മസ്ജിദുകള്‍

ഗസ്സയിലെ ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ പ്രാധാന്യത്തിന് പേരുകേട്ട അല്‍-ഉമരി മസ്ജിദ് ഉള്‍പ്പെടെ ഡസന്‍ കണക്കിന് പള്ളികളാണ് ഗസ്സയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ബോംബിങ് പരമ്പരക്കിടെ ഇസ്രായേല്‍ സൈന്യം തകര്‍ത്തത്. സവിശേഷ പൈതൃകമുള്ള ഇത്തരം പള്ളികളുടെ തകര്‍ച്ചയില്‍ വിദേശത്തും സ്വദേശത്തമുള്ള ഫലസ്തീനികള്‍ നിരാശയിലാണ്.

ഒക്ടോബര്‍ 7 മുതല്‍, ഇസ്രായേല്‍ സൈന്യം 300-ലധികം മസ്ജിദുകളും മൂന്ന് ചര്‍ച്ചുകളും പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തിട്ടുണ്ട്. തല്‍ഫലമായി, നേരത്ത നമസ്‌കാരത്തിനായി ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ബാങ്ക വിളി ആഹ്വാനം നിലച്ചത് തകര്‍ക്കപ്പെട്ട മേഖലകളിലെ വിശ്വാസികള്‍ക്ക് ഇപ്പോള്‍ പ്രാര്‍ത്ഥന സമയങ്ങളില്‍ ശൂന്യതയും നിരാശയും അനുഭവിക്കുന്നുണ്ട്.

‘പള്ളികള്‍ ഉള്‍പ്പെടെ നഗരത്തിലെ കിഴക്കന്‍ പ്രദേശം പൂര്‍ണ്ണമായും തകര്‍ത്തതിനാല്‍ ഞങ്ങളുടെ സമീപസ്ഥലങ്ങളില്‍ നിന്നും പ്രാര്‍ത്ഥനയ്ക്കുള്ള വിളി ഞങ്ങള്‍ക്കിപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല,” തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലെ 25 കാരനായ ഖാലിദ് അബു ജാമി പറഞ്ഞു.

‘ഇവിടെയുള്ളവരെല്ലാം ഇപ്പോള്‍ അവരുടെ മൊബൈല്‍ ഫോണുകളിലൂടെയാമ് നമസ്‌കാരത്തിനുള്ള സമയവും ആഹ്വാനവും പിന്തുടരുന്നത്. ഈ യുദ്ധം, ഞങ്ങള്‍ മുമ്പ് അനുഭവിച്ചതില്‍ നിന്ന് വ്യത്യസ്തമാണ്. ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായ പള്ളികള്‍ വിവേചനരഹിതമായി ഇസ്രായേല്‍ ലക്ഷ്യമിടുന്നു.’

അല്‍-ഉമരി മസ്ജിദുമായി ബന്ധപ്പെട്ടുള്ള തന്റെ പ്രിയപ്പെട്ട ഓര്‍മ്മകളെ ഓര്‍ത്തെടുത്തും ദൈനംദിന ജീവിതത്തില്‍ അതിനുള്ള പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ടും ജാമി സഹതപിച്ചു.

‘ഞങ്ങള്‍ക്ക് ഈ പള്ളിയെക്കുറിച്ച് മനോഹരമായ ഓര്‍മ്മകളുണ്ട്. ഞങ്ങള്‍ ദിവസവും അവിടെ പ്രാര്‍ത്ഥിക്കുകയും റമദാന്‍, ഈദ് നമസ്‌കാരത്തിനായി ഒത്തുകൂടുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും സുഹൃത്തുക്കളെ പരസ്പരം കണ്ടുമുട്ടുകയും ചെയ്യാറുണ്ടായിരുന്നു’ ജാമി പറഞ്ഞു.

‘സമൂഹത്തിന്റെ ഹൃദയം’

പള്ളികള്‍ കുട്ടിക്കാലം മുതല്‍ തങ്ങളുടെ ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നതാണെന്ന് ജാമി ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥനയിലേക്കുള്ള ആഹ്വാനവും അവരുടെ പ്രഭാത ഉണര്‍ച്ചയായി വര്‍ത്തിക്കുന്ന ഒരു ഘടകവും സമൂഹത്തിലെ എല്ലാവര്‍ക്കും ഒരു വഴികാട്ടിയായായും പള്ളി നിലകൊള്ളുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് കേവലം ഒരു കെട്ടിടത്തേക്കാള്‍ കൂടുതലായി അത് ‘സമൂഹത്തിന്റെ ഹൃദയത്തെയാണ്’ പ്രതിനിധീകരിക്കുന്നത്.

ഈ സ്ഥലങ്ങളൊന്നും രണ്ടാം സ്ഥാനത്ത് പരിഗണിക്കേണ്ടവയല്ല, മറിച്ച് അവരുടെ ജീവിതത്തിന്റെ പ്രാഥമിക അടിത്തറയായി തന്നെ വര്‍ത്തിക്കുന്നതാണ്. അവരുടെ പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കുന്നത് പള്ളികളുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജാമി ഊന്നിപ്പറഞ്ഞു.

ഖലീഫ ഉമര്‍ ബിന്‍ അല്‍ ഖത്താബിന്റെ ഭരണകാലത്താണ് ഗ്രാന്‍ഡ് ഉമരി മസ്ജിദ് സ്ഥാപിതമായത്. പിന്നീട് ഏറ്റവും വലിയ മസ്ജിദായി ഇത് മാറുകയായിരുന്നു.

ഫലസ്തീന്‍ സ്‌ക്വയറിന് സമീപം,ഗസ്സയിലെ പഴയ നഗരത്തില്‍, 4,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. 1,190 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പള്ളിയുടെ മുറ്റത്ത് 3,000-ലധികം വിശ്വാസികളെ ഉള്‍ക്കൊള്ളാനാകും.

‘ഈ യുദ്ധം പള്ളികള്‍ തകര്‍ക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,” ഗസ്സ സ്വദേശിയായ സയീദ് ലബാദ് വിലപിച്ചു. 45 കാരനായ അദ്ദേഹം ഇപ്പോള്‍ തുര്‍ക്കിയിലാണ് താമസിക്കുന്നത്, എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം ഗസ്സ സിറ്റിയിലെ ഷുജയ്യയിലെ അല്‍-ഉമരി മസ്ജിദിന് സമീപമാണ് താമസിക്കുന്നത്.

‘ഞാന്‍ അവിടെ എല്ലാ സമയത്തെ പ്രാര്‍ത്ഥനകളിലും പങ്കെടുത്തിരുന്നു. എന്റെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു പുരാതന സ്ഥലമാണിത്. എന്തുകൊണ്ടാണ് ഇത് തകര്‍ത്തതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു; മസ്ജിദ് ഇസ്രായേല്‍ അധിനിവേശക്കാരെ ഭീഷണിപ്പെടുത്തുന്നുണ്ടോ?’അദ്ദേഹം ചോദിച്ചു. ഗസ്സ തുറമുഖത്തിനടുത്തുള്ള അല്‍-ഹസൈന പോലെയുള്ള ഡസന്‍ കണക്കിന് പള്ളികള്‍ തകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ പള്ളികള്‍ നമ്മുടെ ഓര്‍മ്മകളെ സൂക്ഷിക്കുന്നു, പ്രത്യേകിച്ച് റമദാനില്‍. ഈ യുദ്ധം എല്ലാം ഇല്ലാതാക്കി. യുദ്ധാനന്തരം ഗസ്സ പുനര്‍നിര്‍മ്മിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, എനിക്ക് ഈ മനോഹരമായ നിമിഷങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും എന്റെ കുടുംബത്തോടൊപ്പം ഈ സ്ഥലങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാനും കഴിയും.’

ഗസ്സയിലെ മസ്ജിദുകള്‍ തുടര്‍ച്ചയായി ലക്ഷ്യമിടുന്നത് പല ഫലസ്തീനികളെയും അവര്‍ പ്രാര്‍ത്ഥന സമയത്ത് പോലും സുരക്ഷിതമല്ലെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. ഭയം ഉണ്ടായിരുന്നിട്ടും, ആക്രമണങ്ങള്‍ക്കെതിരായ പ്രതിരോധങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് തന്നെ വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും പള്ളികളില്‍ പോകുന്നത് നിര്‍ത്താന്‍ തയാറല്ല.

‘പള്ളിയില്‍ പോകാന്‍ ഞാന്‍ മടിക്കില്ല. ഞാന്‍ അവിടെ വെച്ച് മരിക്കുകയാണെങ്കില്‍, അത് എന്റെ ജീവിതത്തിന്റെ മനോഹരമായ അന്ത്യമാണ്,’ ഖാന്‍ യൂനിസില്‍ നിന്നുള്ള 30 കാരനായ ഖാലിദ് ഇസ്ലിം ദൃഢ മനത്തോടെ പറയുന്നു. ‘പള്ളികള്‍ക്ക് അപകടമൊന്നുമില്ല. ഞങ്ങള്‍ അവ പുനര്‍നിര്‍മ്മിക്കും, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം ഉയരുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍ കീറി കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ വേദനാജനകമാണ്, ഇത് ഗസ്സ നേരിടുന്ന അനീതിയെ പ്രതിഫലിപ്പിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ പൈതൃകം തുടച്ചുനീക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയുടെ ഭാഗമായി ഉമരി മസ്ജിദ് തകര്‍ത്തതിനെ ഫലസ്തീന്‍ ടൂറിസം, പുരാവസ്തു മന്ത്രാലയം അപലപിച്ചു. 1907ലെ ഹേഗ് കണ്‍വെന്‍ഷന്‍, 1949-ലെ നാലാമത്തെ ജനീവ കണ്‍വെന്‍ഷന്‍, സാംസ്‌കാരിക സ്വത്ത് സംരക്ഷണം സംബന്ധിച്ച യുനെസ്‌കോ കണ്‍വെന്‍ഷന്‍ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണ് ഈ നടപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സി.ഇ അഞ്ചാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ ആശ്രമത്തില്‍ നിന്നാണ് പള്ളിയുടെ ചരിത്രപരമായ വേരുകള്‍ ഉള്ളതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

പഴയ ഗസ്സ തുറമുഖം, ചര്‍ച്ച് ഓഫ് പോര്‍ഫിറിയസ്, ജബലിയ മസ്ജിദ്, നിരവധി ചരിത്ര കെട്ടിടങ്ങളും മ്യൂസിയങ്ങളും തുടങ്ങിയ പുരാവസ്തു സ്ഥലങ്ങള്‍ എല്ലാം തകര്‍ത്തതുള്‍പ്പെടെയുള്ള ഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി. ‘ഫലസ്തീന്‍ ജനതയ്ക്കും അവരുടെ പൈതൃകത്തിനും എതിരായ ആക്രമണം അവസാനിപ്പിക്കാന്‍’ ഇസ്രായേലിനെ നിര്‍ബന്ധിക്കണമെന്നും അവര്‍ യുനെസ്‌കോയോടും ആഗോള സമൂഹത്തോടും അഭ്യര്‍ത്ഥിച്ചു. ഇത്തരം പ്രവൃത്തികള്‍ ‘വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ’ തടയില്ലെന്ന് വീണ്ടും ഉറപ്പിക്കുകയാണ്’ അവര്‍ കൂട്ടിച്ചേര്‍ത്തു.

 

വിവ: പി.കെ സഹീര്‍ അഹ്‌മദ്

അവലംബം: middleeasteye

Related Articles