Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂർ മുസ്‍ലിംകൾ: ചില തുറന്നുപറച്ചിലുകൾ 

ഉയ്ഗൂര്‍ മുസ്ലിം വിഭാഗത്തെ ചൈന പീഡിപ്പിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലയോ അല്ല എന്നത് യാഥാർഥ്യമാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ള സംവിധാനങ്ങളും അതിക്രൂര വാര്‍ത്തകള്‍ ഉയ്ഗൂരിനെ സംബന്ധിച്ച് സ്ഥിരീകരിക്കുമ്പോഴും യാതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ് ചൈന. ഉയ്ഗൂര്‍ ജനതയെ വംശഹത്യ നടത്തിയെന്ന വാര്‍ത്തകള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുറത്ത് വരുമ്പോഴും അതിനെ നിരാകരിക്കുകയും തങ്ങള്‍ അവരെ സംരക്ഷിക്കുകയുമാണെന്നുമാണ് ചൈനീസ് വാദം. നിലവില്‍ ലോകത്ത് അമേരിക്കയോടൊപ്പം എഴുതിച്ചേര്‍ക്കാവുന്ന ശക്തിയാണ് ചൈനയെങ്കിലും തങ്ങള്‍ക്ക് ഉയ്ഗൂര്‍ ജനത ഭാവിയില്‍ ഭീഷണിയായേക്കുമെന്ന ആശങ്കയിലാണവർ.

ചൈനയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സിന്‍ജിയാങ്ങിലെ തദ്ദേശീയ ഗോത്ര ന്യൂനപക്ഷ വിഭാഗമാണ് ഉയ്ഗൂര്‍ മുസ്ലിംകള്‍, ചൈനയിലെ വലിയ പ്രദേശങ്ങളില്‍ ഒന്നായ സിന്‍ജിയാങ്ങില്‍ ഏകദേശം 1.2 കോടി മുസ്‍ലിംകളാണ് താമസിക്കുന്നത്. സാംസ്‌കാരികമായും വംശീയമായും മധേഷ്യന്‍ രാജ്യങ്ങളുമായി അടുപ്പമുള്ളവരാണ് സിന്‍ജിയാങ് നിവാസികള്‍. ചൈനയെയും മിഡില്‍ ഈസ്റ്റിനെയും ബന്ധിപ്പിക്കുന്ന പുരാതന സില്‍ക്ക് ട്രേഡ് റൂട്ട് സിന്‍ജിയാങ് നഗരത്തിലൂടെയാണ് കടന്നു പോയത്. അവിടെയുള്ള ജനസംഖ്യയുടെ പകുതിയുടെ താഴെ മാത്രമാണ് ഉയ്ഗൂരുകാർ. ടര്‍ക്കിഷ് ഭാഷക്ക് സമാനമായ സ്വന്തം ഭാഷയാണ് അവര്‍ സംസാരിക്കുന്നത്. 

ഇരുപതാം നൂറ്റാണ്ടില്‍ ഉയ്ഗൂരുകാർ ഈ പ്രദേശം സ്വതന്ത്രമായി പ്രഖ്യാപിച്ചുവെങ്കിലും 1949 ല്‍ അധികാരത്തില്‍ വന്ന പുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലായതോടെ കഷ്ടത നിറഞ്ഞ ജീവിതമായി മാറുകയായിരുന്നു അവരുടേത്. നിലവിലും ആ പ്രദേശം സ്വാതന്ത്രമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് ഇന്നും അവര്‍ മുക്തരല്ല. സമ്പല്‍ സമൃദ്ധമായ മനോഹാരിത നിറഞ്ഞ പ്രദേശമാണ് സിന്‍ജിയാങ്. മരുഭൂമിയും പർ വ്വതങ്ങളും അതിന്റെ ഭംഗി വർദ്ധി പ്പിക്കുന്നു. 

എണ്ണയും പ്രകൃതി വാതകങ്ങളും കൊണ്ട് സമ്പന്നമായ ഭൂമി, മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും കടന്നു പോകുന്ന വഴിയായതിനാല്‍ തന്നെ വലിയ വ്യാപാര സാധ്യതകളുള്ള മേഖലയാണിത്. ചൈനയുടെ സ്വപ്‌ന പദ്ധതിയായ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് കടന്നു പോകുന്നതും സിന്‍ജിയാങ്ങിലൂടെയാണ്. ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന പരുത്തിയുടെ അഞ്ചിലൊന്നും ഇവിടെ നിന്നാണ്. വലിയ വ്യാപാര സാധ്യതകള്‍ കാണപ്പെടുന്ന പ്രദേശമായതിനാല്‍ തന്നെ ആ പ്രദേശത്തെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുകയാണ് ചൈനീസ് ഭരണകൂടം. 

ഉയ്ഗൂര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിലൂടെ വലിയ മനുഷ്യാവകാശ ലംഘനമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. അത് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രമുഖ മനുഷ്യാവകാശ സംഘടനകളായ ആനംസ്റ്റിയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും പുറത്ത് വിട്ടിട്ടുണ്ട്. വര്‍ഷങ്ങളായി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അനധികൃതമായി പത്ത് ലക്ഷത്തിലേറെ ഉയ്ഗൂര്‍ മുസ്‍ലിംകളെ തടവിലാക്കിയിട്ടുണ്ടെന്ന് ഈ സംഘടനകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മുപ്പത് ലക്ഷത്തോളം മുസ്‍ലിംകളെ തടങ്കല്‍ പാളയങ്ങളില്‍ ചൈന പാര്‍പ്പിച്ചതായിട്ടാണ് അമേരിക്ക ആരോപിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗം തലവന്‍ റാന്റല്‍ ഷ്രവറാണ് ആരോപണം ഉന്നയിച്ചത്. 

മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് പ്രദേശത്ത് മതപരമായ ആചാരങ്ങള്‍ നിരോധിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ഖബറിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നതിന് തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തങ്ങളുടെ സംസ്‌കാരം മായ്ച്ച് കളയാനുള്ള ഭീഷണിയെ ഭയപ്പെടുന്നുവെന്ന് ഉയിഗൂര്‍ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കര്‍ശനമായ ശിക്ഷകളും അടിച്ചമര്‍ത്തലുകളും നിറഞ്ഞ ജയിലുകള്‍ ചൈന കേബിളുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. തങ്ങളെ പീഡനത്തിരയാക്കിയതായി സത്രീകള്‍ അടക്കമുള്ള ജയിലില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന പരുത്തിയുടെ അഞ്ചിലൊന്നും സിന്‍ജിയാങ്ങിലായത് കൊണ്ട് തന്നെ അവകളുടെ കയറ്റുമതിയില്‍ ഭൂരിഭാഗവും നിർബന്ധിത തൊഴിലാളികളാലാണ് പണിയെടുക്കുന്നത്. ഈ കാര്യങ്ങള്‍ പുരാതന അടിമ സമ്പ്രദായത്തെ ഓര്‍മിപ്പിക്കും വിധമാണ്. അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ പരുത്തി പറിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് 2020 ഡിസംബറില്‍ ബി.ബി.സി കണ്ടെത്തിയിരുന്നു. ഇത്തരം കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളെ ചൈന ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് ‘പുനര്‍ വിദ്യാഭ്യാസ ക്യാമ്പുകള്‍’ എന്നാണ്. ചൈനീസ് ക്യാമ്പുകളുെടെ ക്രൂരതകളുടെയും മനുഷ്യ ലംഘനത്തിന്റെയും യഥാര്‍ത്ഥ മുഖം ലോകമറിയുന്നത് ഇതില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരായ സാക്ഷികളുടെ മൊഴികള്‍ മുഖേനയാണ്.

ക്യാമ്പുകളില്‍ ദിവസവും അതിക്രൂരമായ ശിക്ഷാ നടപടികൾ സഹിക്കവയ്യാതെ പലരും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുെണ്ടന്ന് സാക്ഷികള്‍ വിദേശ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരുന്നു. പാര്‍ട്ടി സൈദ്ധാന്തിക വിദ്യാഭ്യാസം എന്ന പേരിലാണ് ഇത്തരം ക്രൂരതകള്‍ അരങ്ങേറുന്നത്. സുരക്ഷാ സൈനികരെ ഉപയോഗിച്ചാണ് ചൈനീസ് സര്‍ക്കാര്‍ മുസ്‍ലിംകളെ കോണ്‍സ്ന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എത്തിക്കുന്നത്. 31,300 ഡോളര്‍ ചെലവഴിച്ച് കൊണ്ട് ചൈനക്കാരനും ഉയിഗൂര്‍ മുസ്ലിമും കൂടിയായ മെട്ടോതി ഇമിന്‍ നിര്‍മിച്ച നമസ്‌കാര കേന്ദ്രം ചൈന തകര്‍ത്തിരുന്നു. തുര്‍ക്കിയില്‍ സമ്പന്നനായ ചൈനക്കാരനായ മെട്ടോതി ഇമിന്‍, ഉയ്ഗൂര്‍ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സിന്‍ജിയാങ്ങിലെ ലെംഗര്‍ പട്ടണത്തിലായിരുന്നു ഈ നിസ്‌കാര കേന്ദ്രം സ്ഥാപിച്ചിരുന്നത്. സിന്‍ജിയാങ്ങില്‍ ഏകദേശം 16,000 ഉയ്ഗൂര്‍ മുസ്ലിം പള്ളികള്‍ ചൈനീസ് ഭരണകൂടം തകര്‍ത്തിട്ടുണ്ട് എന്നത് ചൈനയുടെ മുസ്ലിം വിരോധത്തെ അടിവരയിട്ട് കാണിക്കുന്നു. 

അമേരിക്കയുടെ ഗുരുതര ആരോപണങ്ങള്‍ക്കെതിരെ ‘രാജ്യത്ത് എവിടെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഇല്ലെന്നും പകരം തൊഴിലധിഷ്ടിത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ഉള്ളതെന്നും മുസ്‍ലിംകള്‍ ഭീകര പ്രവർത്തനങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ അവര്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവുമാണ് ഈ കേന്ദ്രങ്ങളില്‍ നല്‍കുന്നത്’ എന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ വാദം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വണ്ടികളുടെ നമ്പര്‍ പ്ലേറ്റുകള്‍ മുതല്‍ ഉയിഗൂര്‍ മുസ്‍ലിംകളുടെ സ്വകാര്യതയിലേക്ക് വരെ കടന്ന് ചെല്ലാന്‍ സാധിക്കും വിധം പോലീസ് ചെക്ക് പോയിന്റുകള്‍, ക്യാമറകള്‍ ഉള്‍പ്പടെ വ്യാപക നിരീക്ഷണമാണ് സിന്‍ജിയാങ്ങിന് അകത്തും പുറത്തും വലയം ചെയ്തിരിക്കുന്നത്. ഇത്തരം മൊബൈല്‍ ആപ്പുകൾ ഉപയോഗിച്ച് പോലീസ് ഇവരുടെ പെരുമാറ്റങ്ങള്‍ വരെ നിരീക്ഷിക്കുന്നുണ്ട്. 

ഉയിഗൂർ പ്രദേശത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ പുറത്തുവരികയും തുടർന്ന് ലോകരാജ്യങ്ങൾ ചൈനീസ് ക്രൂരതകളെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ ഉയ്ഗൂര്‍ മുസ്‍ലിംകള്‍ നൃത്തം വെക്കുന്നതും ആഘോഷിക്കുന്നതുമായ ചിത്രങ്ങള്‍ നിര്‍ബന്ധിപ്പിച്ച് എടുപ്പിച്ച് ലോക മാധ്യങ്ങള്‍ക്ക് ചൈന കൈമാറിയിരുന്നു. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന അവിടെയുള്ള മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ ചൈനയുടെ പുതിയ വ്യാപാര മൂലധന താല്‍പര്യങ്ങളുടെ കണ്ണിലെ വലിയ കരടാണ്, അവരെ സമ്പൂർണ്ണമായി തുടച്ചു നീക്കാനാണ് ചൈനയുടെ ശ്രമം. 

ഉയ്ഗൂര്‍ ജനത ഉപയോഗിക്കുന്ന ഭാഷയും സംസ്‌കാരവും ചൈനീസില്‍ നിന്ന് വ്യതിരിക്തമായത് കൊണ്ട് തന്നെ ആ പ്രദേശത്തെ ചൈനീസ് വല്‍ക്കരിക്കാനും ശ്രമങ്ങളുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പീഢനങ്ങളെ ന്യായീകരിക്കാൻ പലവിധ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പല ഉറവിടങ്ങളിലൂടെ പുറത്ത് വരുന്ന വസ്തുതകൾ അതൊക്കെയും നിഷേധിക്കുന്നവയാണ്. 

 

🪀 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles