Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ: ഇസ്‌ലാമിലും ജൂത- ക്രൈസ്തവ പാരമ്പര്യങ്ങളിലും ( 3 – 7 )

ബൈബിൾ പറയുന്നതനുസരിച്ച് ഒരു മനുഷ്യൻ ദൈവത്തോട് ചെയ്യുന്ന ഏതൊരു ശപഥവും നിറവേറ്റണം. അവൻ വാക്ക് ലംഘിക്കുകയുമരുത്. മറുവശത്ത്, ഒരു സ്ത്രീയുടെ പ്രതിജ്ഞ അവൾക്ക് നിർബന്ധമാവണമെങ്കിൽ വിവാഹത്തിന് മുമ്പ് പിതാവും വിവാഹിതയായാൽ ഭർത്താവും അംഗീകരിച്ചിരിക്കണം. ഇപ്രകാരം ഒരു പിതാവ് തന്റെ മകളുടെ, ഭർത്താവ് ഭാര്യയുടെ നേർച്ചകളും ശപഥങ്ങളും അംഗീകരിക്കുന്നില്ലെങ്കിൽ അവൾ നൽകിയ എല്ലാ പ്രതിജ്ഞകളും അസാധുവാകുമെന്നാണ് ബൈബിൾ അനുശാസിക്കുന്നത്:
“എന്നാൽ അവളുടെ പിതാവ് അവളെക്കുറിച്ച് കേൾക്കുമ്പോൾ അവളെ വിലക്കിയാൽ, അവളുടെ നേർച്ചകളോ അവൾ സ്വയം കടപ്പെട്ട പ്രതിജ്ഞകളോ ഒന്നും നിലനിൽക്കില്ല. അവളുടെ ഭർത്താവിന് അവൾ ചെയ്യുന്ന ഏതൊരു നേർച്ചയും അല്ലെങ്കിൽ സ്വയം നിഷേധിക്കുന്ന ഏതൊരു പ്രതിജ്ഞയും സ്ഥിരീകരിക്കുകയോ അസാധുവാക്കുകയോ ചെയ്യാം” ( 30:2-15)

എന്തുകൊണ്ടാണ് ഒരു സ്ത്രീയുടെ വാക്കിന് വിലകൽപ്പിക്കാത്തതെന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. അവൾ വിവാഹത്തിന് മുമ്പ് പിതാവിന്റെയും വിവാഹശേഷം അവളുടെ ഭർത്താവിന്റെയും നിയന്ത്രണത്തിലാണ്. പിതാവിന് തന്റെ ആഗ്രഹപ്രകാരം മകളെ വിൽക്കാൻ വരെ അധികാരമുണ്ടെന്ന് ജൂതറബ്ബിമാരുടെ രചനകളിൽ കാണാനാവും “പുരുഷനു തന്റെ മകളെ വിൽക്കാം, എന്നാൽ സ്ത്രീ തന്റെ മകളെ വിൽക്കരുത്; പുരുഷന് തന്റെ മകളുടെ വിവാഹം നടത്താം, എന്നാൽ സ്ത്രീ തന്റെ മകളുടെ വിവാഹം നടത്താൻ പാടില്ല.” പിതാവിൽ നിന്ന് ഭർത്താവിലേക്കുള്ള നിയന്ത്രണ കൈമാറ്റത്തെ പ്രതിനിധാനം ചെയ്യുന്നതായാണ് വിവാഹത്തെ റബ്ബിനിക് സാഹിത്യം സൂചിപ്പിക്കുന്നത്. (Swidler, op. cit., p. 141.)

സ്ത്രീകളുടെ അനുഷ്ടാനങ്ങളെക്കുറിച്ചുള്ള ഇത്തരം ബൈബിൾ ആഹ്വാനങ്ങൾ ഈ നൂറ്റാണ്ടിന്റെ ആരംഭദശ വരെ യഹൂദ-ക്രിസ്ത്യൻ സ്ത്രീകളിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് തീർച്ചയാണ്. പാശ്ചാത്യ ലോകത്ത് വിവാഹിതയായ ഒരു സ്ത്രീക്ക് നിയമപരമായ പദവിയോ അവളുടെ ഒരു പ്രവൃത്തിക്കും നിയമപരമായ മൂല്യമോ ഉണ്ടായിരുന്നില്ല. അവൾ ഉണ്ടാക്കിയ ഏതൊരു കരാറും വിലപേശലും ഇടപാടും നിരസിക്കാൻ അവളുടെ ഭർത്താവിന് കഴിയുമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകൾ (യഹൂദ-ക്രിസ്ത്യൻ പൈതൃകത്തിന്റെ ഏറ്റവും വലിയ അവകാശി) പ്രായോഗികമായി മറ്റാരുടെയോ ഉടമസ്ഥതയിലുള്ളതിനാൽ ഒരു കരാർ ഉണ്ടാക്കാൻ പോലും അധികാരമില്ലാത്തവരായിരുന്നു. തങ്ങളുടെ പിതാവിനോടും ഭർത്താക്കന്മാരോടുമുള്ള സ്ത്രീസമീപനത്തിൻറെ ബൈബിൾ വീക്ഷണം കാരണമായി പാശ്ചാത്യ സ്ത്രീകൾ ഏകദേശം രണ്ടായിരം വർഷമായി കടുത്ത കഷ്‌ടതയിലും യാതനയിലുമായിരുന്നു. (Matilda J. Gage, Woman, Church, and State (New York: Truth Seeker Company, 1893) p. 141)

ഇസ്‌ലാമിൽ, ആണായാലും പെണ്ണായാലും ഓരോ മുസ്‌ലിമിന്റെ നേർച്ചയും പ്രതിജ്ഞകളും അവനിൽ/അവളുടെമേൽ നിർബന്ധമാണ്. ഒരാളുടെ വാഗ്ദാനങ്ങൾ നിരാകരിക്കാൻ മറ്റാർക്കും അധികാരമില്ല. ഒരു പുരുഷനോ സ്ത്രീയോ ചെയ്ത ഒരു സത്യപ്രതിജ്ഞ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പ്രായശ്ചിത്തം ചെയ്യേണ്ട കാര്യമായാണ് ഖുർആനിൽ സൂചിപ്പിച്ചിരിക്കുന്നത്. “ബോധപൂര്‍വമല്ലാത്ത ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടും. അപ്പോള്‍ ശപഥ ലംഘനത്തിനുള്ള പ്രായശ്ചിത്തം ഇതാകുന്നു: പത്ത് അഗതികള്‍ക്ക്, നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ തീറ്റിപ്പോറ്റുന്ന സാമാന്യനിലവാരത്തിലുള്ള ആഹാരം നല്‍കുക. അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുക. അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുക. ഇതിനൊന്നും സാധിക്കാത്തവര്‍ മൂന്നുദിവസം നോമ്പെടുക്കട്ടെ. ഇതാണ് സത്യം ചെയ്ത ശേഷം അത് ലംഘിച്ചാലുള്ള പ്രായശ്ചിത്തം. നിങ്ങളുടെ ശപഥങ്ങള്‍ നിങ്ങള്‍ പാലിക്കുക. അവ്വിധം അല്ലാഹു തന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍” (5:89)

ഇസ്‌ലാമിൽ, ആണായാലും പെണ്ണായാലും ഓരോ മുസ്‌ലിമിന്റെ നേർച്ചയും പ്രതിജ്ഞകളും അവനിൽ/അവളുടെമേൽ നിർബന്ധമാണ്. ഒരാളുടെ വാഗ്ദാനങ്ങൾ നിരാകരിക്കാൻ മറ്റാർക്കും അധികാരമില്ല.

മുഹമ്മദ് നബിയുടെ അനുചരരരായ പുരുഷന്മാരും സ്ത്രീകളും വ്യക്തിപരമായി അവരുടെ വിശ്വസ്ത പ്രതിജ്ഞ അവതരിപ്പിക്കാറുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രമായി റസൂൽ സമക്ഷം വന്ന് അവരുടെ സത്യപ്രതിജ്ഞ ചെയ്യുന്നത് ഖുർആൻ വിവരിക്കുന്നുണ്ട്. “പ്രവാചകരേ, അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കുകയില്ല; മോഷ്ടിക്കുകയില്ല; വ്യഭിചരിക്കുകയില്ല; സന്താനഹത്യ നടത്തുകയില്ല; തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ യാതൊരു വ്യാജവും മെനഞ്ഞുണ്ടാക്കുകയില്ല; നല്ല കാര്യത്തിലൊന്നും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ല എന്നിങ്ങനെ പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്നെ സമീപിച്ചാല്‍ അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.” (60:12)

ഭാര്യയുടെ സ്വത്ത് ?
വിവാഹവും കുടുംബജീവിതവും മൂന്ന് മതങ്ങളും വലിയ പ്രാധാന്യം നൽകുകയും ഏറെക്കുറെ സമാനമായ വീക്ഷണങ്ങൾ പുലർത്തുകയും ചെയ്യുന്നുണ്ട്. കുടുംബത്തിലെ ഭർത്താവിന്റെ നേതൃവിഷയത്തിൽ ഒരേ കാഴ്ച്ചപ്പാടാണെങ്കിലും ഈ നേതൃത്വത്തിന്റെ പരിധിയുമായി ബന്ധപ്പെട്ട് മൂന്ന് മതങ്ങൾക്കിടയിൽ പ്രകടമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. യഹൂദ-ക്രിസ്ത്യൻ പാരമ്പര്യം, ഇസ്ലാമിൽ നിന്ന് വ്യത്യസ്തമായി, ഭർത്താവിന്റെ നേതൃത്വത്തെ ഭാര്യയുടെ ഉടമസ്ഥതയിലേക്ക് വ്യാപിപ്പിക്കുന്നു.

ഭാര്യയോടുള്ള ഭർത്താവിന്റെ പങ്കിനെക്കുറിച്ചുള്ള യഹൂദപാരമ്പര്യം ഉടലെടുക്കുന്നത് തന്റെ അടിമയെപ്പോലെ അവളെ സ്വന്തമാക്കുന്നു എന്ന സങ്കൽപ്പത്തിൽ നിന്നാണ്. (Louis M. Epstein, The Jewish Marriage Contract (New York: Arno Press, 1973) p. 149) വ്യഭിചാര നിയമങ്ങളിലെ ഇരട്ടത്താപ്പിനും ഭാര്യയുടെ നേർച്ചകളും പ്രതിജ്ഞകളും അസാധുവാക്കാനുള്ള ഭർത്താവിന്റെ കഴിവിനും പിന്നിലുള്ള കാരണവും ഇത് തന്നെയാണ്. ഈ സങ്കൽപ്പം ഭാര്യക്ക് തന്റെ സ്വത്തിന്റെയും സമ്പാദ്യത്തിന്റെയും മേലുള്ള നിയന്ത്രണം നിഷേധിക്കുന്നതിനും കാരണമായി. ഒരു യഹൂദ സ്ത്രീ വിവാഹം കഴിച്ചയുടൻ, അവളുടെ സ്വത്തിനും സമ്പാദ്യത്തിനും മേലുള്ള പൂർണ്ണ നിയന്ത്രണം ഭർത്താവിലേക്ക് നീങ്ങും. യഹൂദ റബ്ബികൾ ഭാര്യയുടെ സ്വത്തിൽ ഭർത്താവിന് അവകാശം നൽകുന്നത്തിലൂടെ വിവാഹം എന്ന സങ്കൽപ്പം ധനികയായ സ്ത്രീയെ പ്രായോഗികമായി പണമില്ലാത്തവളാക്കുകയായിരുന്നു.

ഭാര്യയുടെ സാമ്പത്തിക സ്ഥിതിയെ താൽമൂഡ് വിവരിക്കുന്നതിങ്ങനെയാണ്: “സ്ത്രീക്കെങ്ങനെയാണ് എന്തും നേടാനാവുക? അവളുടെ സർവ്വതും തന്റെ ഭർത്താവിന്റെതാണല്ലോ.. അവന്റെതും അവളുടേതുമെല്ലാം അവനുള്ളത് തന്നെ, അവളുടെ സമ്പാദ്യവും തെരുവിൽ അവൾ കണ്ടെത്തുന്നതും മേശപ്പുറത്തുള്ള റൊട്ടിക്കഷണങ്ങൾ പോലും അവന്റേതാണ്” (San. 71a, Git. 62a)

ക്രിസ്തുമതത്തിൽ റോമൻ സാമ്രാജ്യത്തിലെ (കോൺസ്റ്റന്റൈന് ശേഷം മത, സിവിൽ അധികാരികൾ വിവാഹത്തെ അംഗീകരിക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി ഒരു സ്വത്ത് ഉടമ്പടി ആവശ്യമായിരുന്നു. കുടുംബങ്ങൾ അവരുടെ പെൺമക്കൾക്ക് സ്ത്രീധനം വർധിപ്പിച്ച് വാഗ്ദാനം ചെയ്യുന്നതിന്റെ ഫലമായി, പുരുഷന്മാർ നേരത്തെ വിവാഹം കഴിക്കാൻ പ്രവണത കാണിക്കുമായിരുന്നു. അതേസമയം കുടുംബങ്ങൾ അവരുടെ പെൺമക്കളുടെ വിവാഹം പതിവിലും വൈകുംവരെ മാറ്റിവെച്ചിരുന്നു. (James A. Brundage, Law, Sex, and Christian Society in Medieval Europe ( Chicago: University of Chicago Press, 1987) p. 88) തിരുസഭാചട്ടവും(Canon) സിവിൽ നിയമവും അനുസരിച്ച് ക്രിസ്ത്യൻ യൂറോപ്പിലും അമേരിക്കയിലും വിവാഹിതയായ ഒരു സ്ത്രീക്ക് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കവും വരെ സ്വത്തവകാശം നഷ്ടപ്പെട്ടിരുന്നു. ഉദാഹരണത്തിന്, ഇംഗ്ലീഷ് നിയമത്തിന് കീഴിലുള്ള സ്ത്രീകളുടെ അവകാശങ്ങൾ സമാഹരിച്ച് 1632-ൽ പ്രസിദ്ധീകരിച്ചതിൽ ഭാര്യക്ക് ഉള്ളത് ഭർത്താവിന്റെതാണ് എന്ന പരാമർശമുണ്ട്.(R. Thompson, Women in Stuart England and America (London: Routledge & Kegan Paul, 1974) p. 162.)

വിവാഹത്തോടെ ഭാര്യക്ക് അവളുടെ സ്വത്ത് മാത്രമല്ല, അവളുടെ വ്യക്തിത്വവും നഷ്ടപ്പെട്ടിരുന്നു. അവളുടെ ഒരു പ്രവൃത്തിക്കും നിയമപരമായ വിലയില്ല. അവൾ നടത്തിയ ഏതൊരു വിൽപ്പനയും സമ്മാനവും നിരസിക്കാൻ അവളുടെ ഭർത്താവിനു കഴിയുമായിരുന്നു. മാത്രമല്ല, സ്വന്തം പേരിൽ കേസെടുക്കാനോ അവൾക്ക് സ്വന്തം ഭർത്താവിനെതിരെ കേസെടുക്കാനോ സാധിച്ചിരുന്നില്ല.(Mary Murray, The Law of the Father (London: Routledge, 1995) p. 67) വിവാഹിതയായ ഒരു സ്ത്രീയെ നിയമത്തിന്റെ ദൃഷ്ടിയിൽ പ്രായോഗികമായി ഒരു ശിശുവായിട്ടാണ് കണക്കാക്കിയിരുന്നത്. ഭാര്യ കേവലം ഭർത്താവിന്റേതാണ്, അതിനാൽ അവൾക്ക് അവളുടെ സ്വത്തും നിയമപരമായ വ്യക്തിത്വവും കുടുംബപ്പേരും നഷ്ടപ്പെട്ടു. (Gage, op. cit., p. 143)

വിവാഹിതരായ സ്ത്രീകൾക്ക് യഹൂദ-ക്രിസ്ത്യൻ പടിഞ്ഞാറ് വളരെ അടുത്ത കാലം വരെ നഷ്‌ടപ്പെടുത്തിയിരുന്ന സ്വതന്ത്ര വ്യക്തിത്വം ഏഴാം നൂറ്റാണ്ട് മുതൽ തന്നെ ഇസ്‌ലാം നൽകിയിട്ടുണ്ട്. ഇസ്‌ലാമിൽ, വധുവും അവളുടെ കുടുംബവും വരന് സമ്മാനം സമർപ്പിക്കേണ്ട ഒരു ബാധ്യതയുമില്ല. സാധ്യതയുള്ള ഭർത്താക്കന്മാരെ ആകർഷിക്കാൻ സമ്മാനങ്ങൾ നൽകേണ്ടതില്ല എന്നതിനാൽ ഒരു സ്ത്രീ ഇസ്‌ലാമിൽ വളരെ മാന്യയാണ്. വധുവിന് വിവാഹ സമ്മാനം നൽകേണ്ടത് വരനാണ്. ഈ സമ്മാനം അവളുടെ സ്വത്തായി കണക്കാക്കപ്പെടുകയും വരനോ വധുവിന്റെ കുടുംബത്തിനോ അതിൽ പങ്കാളിത്തമോ നിയന്ത്രണമോ ഇല്ലതാനും. പിന്നീട് വിവാഹമോചനം നേടിയാലും വധു അവളുടെ വിവാഹ സമ്മാനങ്ങൾ നിലനിർത്തുന്നു. ഭർത്താവിന് ഭാര്യയുടെ സ്വത്തിൽ അവളുടെ സമ്മതത്തോടെ അവൾ വാഗ്ദാനം ചെയ്യുന്നതല്ലാതെ ഒരു പങ്കും ഇസ്‌ലാം അനുവദിക്കുന്നില്ല.(Elsayyed Sabiq, Fiqh al Sunnah (Cairo: Darul Fatah lile’lam Al-Arabi, 11th edition, 1994), vol. 2, pp. 218-229.) ഇവ്വിഷയികമായുള്ള ഖുർആന്റെ നിലപാട് വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്:
“സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ തൃപ്തിയോടെ നല്‍കുക. അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടുതരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ സുഖമായി തിന്നുകൊള്ളുക.”(4:4)

ഭാര്യയുടെ സ്വത്തും സമ്പാദ്യവും അവളുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഭാര്യയുടെയും കുട്ടികളുടെയും പരിപാലനം അവളുടെ ഭർത്താവിന്റെ ഉത്തരവാദിത്തമാണ്.(Abdel-Haleem Abu Shuqqa, Tahreer al Mar’aa fi Asr al Risala (Kuwait: Dar al Qalam, 1990) pp. 109-112.)

ഭാര്യ എത്ര ധനികയാണെങ്കിലും, അവൾ സ്വയം സ്വമേധയാ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ കുടുംബത്തിന്റെ സഹ ദാതാവായി പ്രവർത്തിക്കാൻ അവൾ ബാധ്യസ്ഥയല്ല. ഇസ്‌ലാമിൽ ഇണകൾ പരസ്പരം അനന്തരാവകാശം നൽകുന്നുണ്ട്. മാത്രമല്ല, ഇസ്‌ലാമിലെ വിവാഹിതയായ ഒരു സ്ത്രീ അവളുടെ സ്വതന്ത്ര നിയമപരമായ വ്യക്തിത്വവും അവളുടെ കുടുംബപ്പേരും നിലനിർത്തുന്നുണ്ട്.(Leila Badawi, “Islam”, in Jean Holm and John Bowker, ed., Women in Religion (London: Pinter Publishers, 1994) p. 102.) ഒരിക്കൽ ഒരു അമേരിക്കൻ ജഡ്ജി മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടതിങ്ങനെയാണ്. “ഒരു മുസ്‌ലിം പെൺകുട്ടിക്ക് പത്ത് തവണ വിവാഹം കഴിക്കാം, എന്നാൽ അവളുടെ വ്യക്തിത്വം അവളുടെ വിവിധ ഭർത്താക്കന്മാരാൽ ആഗിരണം ചെയ്യപ്പെടുന്നില്ല. അവളുടേതായ പേരും നിയമപരമായ വ്യക്തിത്വവും എല്ലായ്പോഴുമുണ്ടാവും (“Amir H. Siddiqi, Studies in Islamic History (Karachi: Jamiyatul Falah Publications, 3rd edition, 1967) p. 138)

മാതൃത്വം
പഴയ നിയമം പലയിടത്തും മാതാപിതാക്കൾക്ക് ദയയും പരിഗണനയും നൽകുകയും അവരെ അപമാനിക്കുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, “ആരെങ്കിലും തന്റെ പിതാവിനെയോ മാതാവിനെയോ ശപിച്ചാൽ അവൻ വധശിക്ഷ ലഭിക്കണം” (ലേവ്യ പുസ്തകം 20:9), “ജ്ഞാനി തന്റെ പിതാവിനെ സന്തോഷിപ്പിക്കുമ്പോൾ വിഡ്ഢി തന്റെ അമ്മയെ നിന്ദിക്കുന്നു” (Proverbs 15:20). ഇതുപോലെ ചിലയിടങ്ങളിൽ പിതാവിനെ ബഹുമാനിക്കുന്നതിനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അമ്മയെ മാത്രം പരാമർശിക്കുന്നില്ല. മാത്രമല്ല, പ്രസവ സമയത്തും അതിനു ശേഷവും അമ്മ അനുഭവിക്കുന്ന വലിയ കഷ്ടപ്പാട് പരിഗണിച്ച് അമ്മയോട് ദയയോടെ പെരുമാറുന്നതിന് പ്രത്യേക ഊന്നൽ നൽകപ്പെട്ടിട്ടില്ല. കുട്ടികളിൽ നിന്ന് അനന്തരം ലഭിക്കുന്നത് പിതാവിന് മാത്രമാണ്; അമ്മമാർക്കില്ല. (Epstein, op. cit., p. 122.)

ഭാര്യയുടെ സ്വത്തും സമ്പാദ്യവും അവളുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഭാര്യയുടെയും കുട്ടികളുടെയും പരിപാലനം അവളുടെ ഭർത്താവിന്റെ ഉത്തരവാദിത്തമാണ്.

മാതാവിനെ ബഹുമാനിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു ഗ്രന്ഥമായി പുതിയ നിയമത്തെ ചൂണ്ടിക്കാണിക്കാനാവില്ല. നേരെമറിച്ച്, അമ്മമാരോടുള്ള ദയാപൂർണ്ണപെരുമാറ്റം ദൈവത്തിലേക്കുള്ള വഴിയിൽ ഒരു തടസ്സമായി അവരോധിക്കുന്നുണ്ടെന്നാണ് പുതിയ നിയമത്തിൽ നിന്ന് മനസിലാക്കാനാവുക. പുതിയ നിയമമനുസരിച്ച്, അമ്മയെ വെറുക്കാതെ ഒരാൾക്ക് ക്രിസ്തുവിന്റെ ശിഷ്യനാകാൻ യോഗ്യനായ ഒരു നല്ല ക്രിസ്ത്യാനിയാകാൻ കഴിയില്ല. യേശു പറഞ്ഞതായി കണക്കാക്കപ്പെടുന്നു:
“ആരെങ്കിലും എന്റെ അടുക്കൽ വന്ന് തന്റെ പിതാവിനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും സ്വന്തം ജീവനെപ്പോലും വെറുക്കുന്നില്ലെങ്കിൽ, അവന് എന്റെ ശിഷ്യനാകാൻ കഴിയില്ല” (ലൂക്കാ 14:26).

പുതിയ നിയമം സ്വന്തം അമ്മയോട് അനാദരവുള്ളതായ യേശുവിനെയാണ് പരിചയപ്പെടുത്തുന്നത്. ഉദാഹരണത്തിന്, യേശു ഒരു ജനക്കൂട്ടത്തോട് സംവദിക്കുകയായിരുന്നു. അതിനിടയിൽ അദ്ദേഹത്തെ അന്വേഷിച്ച് മാതാവ് കടന്നു വന്നു. അപ്പോളദ്ദേഹം അവരെ കാണാൻ ശ്രദ്ധിച്ചില്ല:
“അവന്റെ അമ്മയും സഹോദരന്മാരും വന്ന് പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാൻ ആളയച്ചു. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവർ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെക്കാണാൻ പുറത്തു നിൽക്കുന്നു. അവൻ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്‌ അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരൊ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.” (മർക്കോസ് 3:31-35)

കുടുംബബന്ധങ്ങൾക്ക് മതപരമായ ബന്ധങ്ങളെക്കാൾ പ്രാധാന്യമില്ല എന്ന പാഠം തന്റെ പ്രേക്ഷകരെ പഠിപ്പിക്കാൻ ശ്രമിച്ചതാണ് യേശു എന്ന് ഒരാൾ വാദിച്ചാൽ തെറ്റാകില്ല. എന്നിരുന്നാലും, അമ്മയെ അവഗണിക്കാതെ തന്നെ അദ്ദേഹത്തിന് ശ്രോതാക്കളെ അതേ പാഠം പഠിപ്പിക്കാമായിരുന്നു. അവനെ പ്രസവത്തിലും പ്രസവാനന്തര പരിപാലനത്തിലുമുളള അമ്മയുടെ പങ്കിനെ പുകഴ്ത്തി തന്റെ സദസ്സിലെ ഒരു അംഗം പ്രസ്താവന നടത്തിയപ്പോൾ അതംഗീകരിക്കാൻ വിസമ്മതിച്ചപ്പോഴും നേരത്തെ സൂചിപ്പിച്ച അതേ മനോഭാവത്തിലുളള യേശുവിന്റെ ചിത്രമാണ് ലഭിക്കുന്നത്:

“യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾ, ആൾക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ ‘നിന്നെ പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്ത അമ്മ വാഴ്ത്തപ്പെട്ടവളാണ്’ എന്ന് വിളിച്ചുപറഞ്ഞപ്പോൾ ‘ദൈവവചനം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാർ’ എന്ന് യേശു മറുപടി പറഞ്ഞു. (ലൂക്കോസ് 11:27-28)

കന്യാ മറിയത്തെ പോലെയുള്ള ഒരമ്മയോട്, പുതിയ നിയമത്തിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, യേശുക്രിസ്തുവിനെ പോലുള്ള ഒരു മകൻ ഇങ്ങനെ അപമര്യാദയോടെയാണ് പെരുമാറിയതെങ്കിൽ, ഒരു ശരാശരി ക്രിസ്ത്യൻ അമ്മയോട് അവളുടെ ശരാശരി ക്രിസ്ത്യൻ പുത്രന്മാർ എങ്ങനെ പെരുമാറണം?

മുസ്‌ലിംകൾ ഇന്നും വിശ്വസ്തതയോടെ പാലിക്കുന്ന ഇസ്‌ലാമിന്റെ ചുരുക്കം ചില സംസ്കാരമാണ് മാതാക്കളോടുള്ള പരിഗണന. മുസ്‌ലിം മാതാക്കൾക്ക് അവരുടെ മക്കളിൽ നിന്ന് ലഭിക്കുന്ന ആദരവ് മാതൃകാപരമാണ്. മുസ്ലീം ഉമ്മമാരും അവരുടെ കുട്ടികളും തമ്മിലുള്ള ഊഷ്മളമായ ബന്ധവും മുസ്‌ലിം പുരുഷന്മാരുടെ ഉമ്മയോടുള്ള അങ്ങേയറ്റം ബഹുമാനത്തോടെയുള്ള സമീപനവും പാശ്ചാത്യരെ സാധാരണയായി വിസ്മയിപ്പിക്കുന്നു.

ഇസ്‌ലാമിൽ, മാതൃത്വത്തോടുള്ള ബഹുമാനവും ആദരവും സമാനതകളില്ലാത്തതാണ്. സർവ്വശക്തനായ ദൈവത്തെ ആരാധിക്കുന്നതിന് തൊട്ടു പിറകെ മാതാപിതാക്കളോട് ദയയോടെ ഇടപെടാൻ ഖുർആൻ കൽപിക്കുന്നു:

“നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ”എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.” (17:23-24)

മറ്റു പല സ്ഥലങ്ങളിലും ഖുർആൻ പ്രസവിക്കുന്നതിലും മുലയൂട്ടുന്നതിലുമുളള ഉമ്മയുടെ മഹത്തായ പങ്കിനെ പ്രത്യേകം പരാമർശിക്കുന്നു:
“മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്.” (31:14).

ഇസ്‌ലാമിലെ മാതാവിന്റെ വളരെ സവിശേഷമായ സ്ഥാനം വിവരിക്കാൻ മുഹമ്മദ്‌ നബി വാചാലമായിട്ടുണ്ട്.
“ഒരാൾ പ്രവാചകനോട് ചോദിച്ചു: ഞാൻ ആരെയാണ് ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടത്? പ്രവാചകൻ മറുപടി പറഞ്ഞു: ‘നിന്റെ മാതാവിനെ’ ‘പിന്നെ ആരെയാണ്?’ ആ മനുഷ്യൻ ചോദിച്ചു, പ്രവാചകൻ മറുപടി പറഞ്ഞു: ‘നിന്റെ മാതാവ്’ ‘പിന്നെ ആരാണ്?’ അദ്ദേഹം ചോദ്യമാവർത്തിച്ചു. ‘നിന്റെ മാതാവ്!’ ‘പിന്നെ ആരാണ്?’ അവർ ചോദിച്ചു: ‘നിന്റെ പിതാവ്’ എന്ന് പ്രവാചകൻ മറുപടി പറഞ്ഞു” (ബുഖാരി, മുസ്ലീം).

മുസ്‌ലിംകൾ ഇന്നും വിശ്വസ്തതയോടെ പാലിക്കുന്ന ഇസ്‌ലാമിന്റെ ചുരുക്കം ചില സംസ്കാരമാണ് മാതാക്കളോടുള്ള പരിഗണന. മുസ്‌ലിം മാതാക്കൾക്ക് അവരുടെ മക്കളിൽ നിന്ന് ലഭിക്കുന്ന ആദരവ് മാതൃകാപരമാണ്. മുസ്ലീം ഉമ്മമാരും അവരുടെ കുട്ടികളും തമ്മിലുള്ള ഊഷ്മളമായ ബന്ധവും മുസ്‌ലിം പുരുഷന്മാരുടെ ഉമ്മയോടുള്ള അങ്ങേയറ്റം ബഹുമാനത്തോടെയുള്ള സമീപനവും പാശ്ചാത്യരെ സാധാരണയായി വിസ്മയിപ്പിക്കുന്നു. (Armstrong, op. cit., p. 8) (തുടരും)

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles