Current Date

Search
Close this search box.
Search
Close this search box.

മൂന്ന് പ്രബോധകരും അവരുടെ പ്രഭാഷണങ്ങളും

إنَّ طولَ صلاةِ الرجلِ و قِصَرَ خُطبتِه مَئِنَّةٌ من فقهِه ، فأَطيلوا الصلاةَ ، و أَقصِروا الخُطبةَ ، و إنَّ من البيانِ لَسحرًا

ഒരു മനുഷ്യൻ്റെ നമസ്കാരത്തിൻ്റെ ദൈർഘ്യവും പ്രസംഗത്തിൻ്റെ ഹ്രസ്വതയും അവൻ്റെ വൈജ്ഞാനിക പക്വതയുടെ അടയാളമാണ്. അതിനാൽ നമസ്കാരം ദീർഘിപ്പിക്കുകയും പ്രസംഗം ചുരുക്കുകയും ചെയ്യുക. തീർച്ചയായും വാചാലത മാസ്മരികതയാണ്. (മുസ്ലിം)

നമ്മുടെ നാട്ടിലെ പ്രഭാഷകർ ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രവാചകാധ്യാപനമാണിത്. പല ഖുത്വുബകൾക്ക് ശേഷവും രണ്ട് റക്അത് നമസ്കാരമില്ലായിരുന്നെങ്കിൽ ഇറങ്ങിപ്പോവാമായിരുന്നു എന്ന് വരെ കുറിപ്പുകാരന് തോന്നിയിട്ടുണ്ട്. പഠിച്ചതെല്ലാം പറഞ്ഞ് തീർക്കാനുള്ള വ്യഗ്രതയിൽ പലപ്പോഴും സമയമോ സാംഗത്യമോ പരിഗണിക്കാത്ത ‘കത്തീ’ബന്മാരുമുണ്ട്. എന്നാൽ ചരിത്രത്തിലെയും വർത്തമാനത്തിലെയും മൂന്ന് പ്രഭാഷകരുടെ ഏറ്റവും ചെറിയ ഖുത്വുബകൾ ഔചിത്യവും സാംഗത്യവും പരിഗണിക്കമെന്നാഗ്രഹിക്കുന്ന പ്രഭാഷകർക്കായി പങ്കുവെക്കുന്നു.

1- ഇസ്ലാമിക ചരിത്രത്തിലെ ആദ്യ മില്യനിയത്തിലെ (ആയിരം വര്‍ഷത്തെ ) ഏറ്റവും ചെറിയ ഖുത്വുബ ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റഹ്) (470-561 AH/ 1077-1165 CE) യുടെ പേരിലാണ്. അതിങ്ങനെ:

മിമ്പറില്‍ കയറിയിട്ട് ശൈഖ് പറഞ്ഞു:
അല്ലാഹുവിന്റെ നാമത്തിൽ, പരമകാരുണികനും കരുണാനിധിയുമാണവൻ: .

” വിശക്കുന്നവന്റെ വയറ്റിലേക്കുള്ള ഒരു ഉരുള ആയിരം പള്ളികള്‍ നിര്‍മിക്കുന്നതിനേക്കാള്‍ മഹത്തരമാണ്..,
കഅ്ബക്ക് കിസ്‌വയും മറയും അണിയിക്കുന്നതിനേക്കാളും ഉന്നതമാണ്.,
അല്ലാഹുവിനു വേണ്ടി രാത്രി നിന്നു നമസ്‌കരിക്കുന്നതിനേക്കാളും ശ്രേഷ്ഠമാണ്.,
അല്ലാഹുവിന് വേണ്ടി ജിഹാദ് നടത്തുന്നതിനേക്കാള്‍ മഹോന്നതമാണ്, ഉഷ്ണ കാലം മുഴുവന്‍ നോമ്പെടുക്കുന്നതിനേക്കാള്‍ പുണ്യകരമാണ്..
വിശക്കുന്നവന്റെ വയറ്റിലേക്ക് ആഹാരമെത്തുമ്പോള്‍ അവന് ജ്വലിക്കുന്ന സൂര്യന്റെ പ്രഭയുണ്ടാകും.എരിയുന്ന വയർ നിറക്കുന്നവന് എല്ലാ ഭാവുകങ്ങളും .”

രണ്ടാം അബ്ബാസിയ്യ കാലഘട്ടത്തിൽ ബഗ്ദാദിലെ ഒരു വെള്ളിയാഴ്ച ഖാദിരിയ്യ മദ്റസയിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി നൽകിയ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ ഈ പ്രഭാഷണം ബഗ്‌ദാദിലും ഇസ്ലാമിക ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ടായ ശക്തമായ വരൾച്ചയും ദാരിദ്രവും പരിഗണിച്ച് പ്രസംഗം കുറച്ച്, കൂടുതൽ പ്രവർത്തിപ്പിക്കാൻ പ്രചോദിപ്പിക്കുന്ന ഹൃദയസ്പർശിയായ വരികളായിരുന്നു.

2- മുഹമ്മദ് ത്വാഹിറു ബ്നു ആശൂർ( 1296-1393AH/1879-1973CE ) തൂനീഷ്യയിലെ സൈതൂന:

യൂണിവേഴ്സിറ്റി ലോകത്തിന് നല്കിയ സംഭാവനകളിൽ ഏറ്റവും അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ. പരിഷ്കരണ ചിന്താഗതിക്കാരനായിരുന്നു. 1932 ൽ അദ്ദേഹം തുനീഷ്യയിലെ ചീഫ് ജഡ്ജിയായി. മഖാസ്വിദുശ്ശരീഅ: (ശരീഅത്തിന്റെ ലക്ഷ്യങ്ങൾ) എന്നതിലെ ഏറ്റവും പ്രാമാണികമായ നിദാനശാസ്ത്ര ഗ്രന്ഥവും മഖാസ്വിദിൽ ശ്രദ്ധേയമായ 31 വാള്യങ്ങളുള്ള അത്തഹ് രീറു വത്തൻവീർ എന്ന തഫ്സീറും അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളാണ്.

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ചെറിയ വെള്ളിയാഴ്ച ഖുതുബ ഇബ്നു ആശൂറിന്റേതാണ് എന്ന് പറയുന്നത് അതിശയോക്തിയല്ല. ഒരു വെള്ളിയാഴ്ച ചന്തയിലൂടെ നടന്നു വരുമ്പോൾ ഇസ്ലാമിക വേഷം ധരിക്കാത്ത പെൺകുട്ടികളേയും സ്ത്രീകളേയുമാണ് അദ്ദേഹം കണ്ടത്. വേഷത്തെ കുറിച്ച് അന്വേഷിച്ച സ്ത്രീകൾ ഞങ്ങളുടെ പുരുഷന്മാർ അവരുടെ സ്വർഗമാണ് ഉറപ്പിക്കുന്നത്. ഞങ്ങളുടെ കാര്യത്തിൽ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് ആവലാതി ബോധിപ്പിക്കുകയായിരുന്നു.

നേരെ സൈത്തൂന: വലിയ പള്ളിയിലെത്തിയ ഇബ്നു ആശൂർ അന്ന് നടത്തിയ ഖുതുബയാണ് താഴെ …

“സ്ത്രീകൾ ചന്തസ്ഥലങ്ങളിൽ എന്നോട് പരാതിപ്പെട്ടിരിക്കുന്നു. ”
ശ്രോതാക്കളൊന്നും പ്രതികരിച്ചില്ല
അദ്ദേഹമതേ വാചകമാവർത്തിച്ചു :
“സ്ത്രീകൾ ചന്തസ്ഥലങ്ങളിൽ എന്നോട് പരാതിപ്പെട്ടിരിക്കുന്നു. ”
ശ്രോതാക്കൾ എന്നിട്ടും പ്രതികരിച്ചില്ല.

തുടർന്ന് ശൈഖ് ഇരുന്നു.
ശേഷം അദ്ദേഹം തുടർന്നു:
“നിങ്ങളുടെ സ്ത്രീകൾ നഗ്നരായി ചന്തകളിൽ കറങ്ങി നടക്കുമ്പോൾ നിങ്ങളിവിടെ നമസ്കരിച്ചിരിക്കുന്നതിലെന്ത് പുണ്യം ?നമുക്ക് നമസ്കരിക്കാം.”

തുടർന്ന് ഇഖാമത്ത് കൊടുക്കാൻ പറയുകയും ഇമാമിനോട് നമസ്കരിക്കാൻ കല്പിക്കുകയും ചെയ്തു. ഇന്നത്തെ നമ്മുടെ അങ്ങാടികളെങ്ങാനും അദ്ദേഹം കണ്ടിരുന്നെങ്കിലോ റബ്ബേ ?

(‘തന്നാല്‍ കരേറേണ്ടവരെത്ര പേരോ
താഴത്തു പാഴ്‌ചേറിലമര്‍ന്നിരിക്കെ
താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തു ചാരിതാര്‍ഥ്യം!’
കുടുംബത്തെ നന്നാക്കാതെ നിങ്ങൾ ചുളുവിൽ സ്വർഗത്തിൽ പോവാൻ നോക്കുകയാണോ എന്ന് സാരം)

3-ശൈഖ് ജീലാനിയുടെയും ഇബ്നു ആശൂറിൻ്റെയും ഏറ്റവും ചെറിയ ഖുതുബകളുടെയും ലിസ്റ്റിൽ സ്ഥാനം പിടിച്ച ഖത്വീബാണ് മഹ്‌മൂദുൽ ഹസനാത് ഗസ്സി .

“30,000-ലധികം ശഹീദുകൾ ,
70,000-ലധികം മുറിവേറ്റവർ,
രണ്ട് മില്യൺ കുടിയിറക്കപ്പെട്ടവർ,
ഇവർക്കൊന്നും ഈ ഉമ്മതിനെ
ഉണർത്താൻ കഴിയുന്നില്ലെങ്കിൽ, എൻ്റെ വാക്കുകൾക്ക് എന്ത് ചെയ്യാൻ കഴിയും?!
നമുക്ക് നമസ്കരിക്കാം.”

മഹ്മൂദ് സൽമാൻ ജിബ്രീൽ അൽ-ഹസതാത് ആധുനിക കാലത്തെ ഫലസ്തീനിയൻ പ്രഭാഷകനും, എഴുത്തുകാരനുമാണ് (ജബാലിയ ക്യാമ്പിൽ,1409AH/ 1989 CE യിൽ ജനിച്ചു), അദ്ദേഹം വളർന്നത് ഇന്നത്തെ ഗസ്സ മുനമ്പിലാണ്. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ 5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. 2006 ൽ,
ഫലസ്തീനിൽ നടന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൽ അദ്ദേഹം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ഫിഖ്ഹിൽ ഉപരിപഠനം നടത്തുന്ന കാലത്ത് സുഡാനിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
2018 ഏപ്രിൽ 27 ന്, അറബ്- ഇസ്‌ലാമിക ലോകത്തെ ഏറ്റവും മികച്ച പ്രാസംഗികനുള്ള “പാവങ്ങളുടെ പ്രഭാഷകൻ” എന്ന പുരസ്‌കാരം ശൈഖ്
ഹസനാത് നേടി. സ്‌പോർട്‌സിലും ഫുട്‌ബോളിലും താൽപ്പര്യമുള്ള അദ്ദേഹം പ്രാദേശിക ഗസ്സ ക്ലബ്ബുകളിലൊന്നിൽ ഗോൾകീപ്പറായി ഏതാനും വർഷം കളിച്ചു.അതേ സമയം വെള്ളിയാഴ്ച പ്രസംഗകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു പോന്നു.ലോകത്തുടനീളമുള്ള അടിച്ചമർത്തപ്പെട്ടവരെ പിന്തുണയ്ക്കുന്നതിലും ബശ്ശാറുൽ അസദ് ഭരണകൂടത്തിനെതിരായ വിപ്ലവത്തിൽ സിറിയൻ ജനതയെ പിന്തുണയ്ക്കുന്നതിലും ഇപ്പോഴുള്ള ഫലസ്തീൻ ജനതയുടെ പോരാട്ട വീര്യം സജീവമായി നിലനിർത്തുന്നതിലും അദ്ദേഹത്തിന് പ്രത്യേക സ്ഥാനമുണ്ട്. നിലവിൽ തുർക്കിയിലെ പ്രധാന പള്ളികളിൽ ഖത്വീബായി സേവനമനുഷ്ഠിച്ചു വരുന്നു.

ചുരുക്കിപ്പറയാനാണ് കൂടുതൽ വൈജ്ഞാനിക
പക്വത വേണ്ടതെന്ന് തെളിയിക്കാനുള്ള അവസരം
കാത്തിരിക്കുന്നവർക്ക് നാട്ടിലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ (26/4/24) അങ്ങനെയൊരവസരം ഒത്തു വരുന്നു. കൊറോണ കാലത്ത് പരീക്ഷിച്ച പോലെ അത്തരമൊരു കാര്യത്തിന് നമ്മുടെ പ്രഭാഷകരെ വെല്ലുവിളിക്കുന്നു.

Ref :
1-المنـتظم في تاريخ الملوك والأمم لابن الجوزي طبعة دار الكتب العلمية – بيروت 1992( 18 جزء) ج8 ص 32
2- “متابعات سياسية: داء الأمم.. والسياسة والأخلاق – موقع المسلم”. مؤرشف من الأصل في 16 أغسطس 2018. اطلع عليه بتاريخ 11 سبتمبر 2016.
3_ “الشيخ محمد حسان: أسرع خطبة صلاة جمعة في تاريخ الإسلام:”. مؤرشف من الأصل في 29 سبتمبر 2018. اطلع عليه بتاريخ 11 سبتمبر 2016.
4- مجلة الكلمة الطيبة، السنة الأولى، العدد 12
5- محمود الحسنات، محمود (2014). تغاريد. منظمة فور شباب العالمية

Related Articles