Current Date

Search
Close this search box.
Search
Close this search box.

സൗന്ദര്യാനുഭൂതിയുടെയും ധാർമികതയുടെയും മഹാപ്രവാഹം

മനുഷ്യനെ അവൻ്റെ ശാശ്വത വാസസ്ഥാനത്തേക്ക് നയിക്കുന്ന, നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന, വളർന്നു കൊണ്ടേയിരിക്കുന്ന ഒരു നദിയായി പ്രവാചകനെ സങ്കൽപ്പിക്കുകയാണ് യോഹാൻ വോൾഫ്ഗാങ് വോൻ ഗ്യുെഥെ. വിമോചനത്തിൻ്റെയും ഒരിക്കലുമവസാനിക്കാത്ത പ്രചോദനത്തിൻ്റെയും സ്രോതസ്സാണ് പ്രവാചകൻ. ”Mahomets gesang” (Mohammed’s song) എന്ന ഗീതം അദ്ദേഹം രചിച്ചത്, അലിയുടെയും ഫാത്വിമയുടെയും സംഭാഷണത്തിലൂടെ പ്രവാചക ദർശനത്തെ അനാവരണം ചെയ്യുന്ന, Mahomet എന്ന നാടകത്തിൻ്റെ ഭാഗമായായിരുന്നത്രേ.
അനശ്വരതയുടെ മഹാസമുദ്രത്തിലേക്കാണ് ആ നദി ഒഴുകുന്നത്. സമതലങ്ങളിൽ നിന്നുള്ള അരുവികളും പാറയിടുക്കുകളിലെ നീരൊഴുക്കുകളും അതിനൊപ്പം ചേരാൻ കൊതിക്കുന്നു.
“നിൻ്റെ സഹോദരങ്ങളെ, ഞങ്ങളെ ഒപ്പം കൂട്ടുക,
നിൻ്റെ യജമാനനിലേക്ക് ഞങ്ങളെയും നയിക്കുക,
എന്നേക്കും നിലനിൽക്കുന്ന മഹാസാഗരത്തിൻ്റെ ആഴത്തിലേക്ക്…”
ദൈവത്തെ ഗ്യുെഥെ തിരിച്ചറിയുന്നതിങ്ങനെയാണ്.
“നിവർത്തിപ്പിടിച്ച വിശാലഹസ്തങ്ങളുമായവൻ
കാത്തിരിക്കുന്നു ഞങ്ങളെ
ഞങ്ങളെ പുണരുവാനുള്ള ഉത്കടമായ ആകാംക്ഷയോടെ..”
വിശപ്പു കൊണ്ട് തിളച്ചുപോയ മണൽത്തരികൾ തങ്ങളെ ആർത്തിയോടെ വിഴുങ്ങുന്നുവെന്നും കത്തിജ്വലിക്കുന്ന സൂര്യൻ ജീവരക്തത്തെത്തന്നെ ആവിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പാറക്കല്ലുകളും മൺകൂനകളും തങ്ങളെ വഴിതെറ്റിച്ച് ചെറുകുളങ്ങളിലേക്ക് നയിക്കുകയാണെന്നും പരാതിപ്പെടുന്നുണ്ട് സമതലങ്ങളിൽ നിന്നുള്ള അരുവികളും പാറയിടുക്കുകളിലെ നീരൊഴുക്കുകളും. ആകയാൽ, നിരന്തരം ഒഴുകിക്കൊണ്ടേയിരിക്കുകയും ശാശ്വതമായ അഭയസ്ഥാനത്തേക്ക് നയിക്കുകയും ചെയ്യുന്ന മഹാനദിയോട് തങ്ങളെയുമൊപ്പം ചേർക്കാൻ വേണ്ടി കേഴുകയാണവർ.

ഗ്വ്യുഥെയുടെ വിഖ്യാതകൃതിയാണ് West-Eastern Diwan (West-östlicher Diwan). അമേരിക്കൻ കവിയും ചിന്തകനുമായ എറിക് ഓംസ്ബി അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ജർമൻ ടെക്സ്റ്റ് സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറിൻ്റെ ഭൗതികാസക്തി, അതിൽ വേരാഴ്ത്തി നിൽക്കുന്ന അധികാരപ്രമത്തതയും കൊളോണിയലിസവും തുടങ്ങിയവ ഗ്വ്യുഥെയെ വിഷമിപ്പിക്കുന്നുണ്ട്. അതിലുള്ള കവിയുടെ വിലാപവും നമുക്ക് വായിക്കാം.

***** ***** *****
വെസ്റ്റ്-ഓസ്റ്റ്ലിചർ ദീവാനിന് ഒരു പ്രതികരണമായി അല്ലാമാ മുഹമ്മദ് ഇഖ്ബാൽ പാർസിയിൽ എഴുതിയ കാവ്യസമാഹാരമാണ് പയാം-എ-മശ്’രിഖ് (پیامِ مشرق /The Message of the East). പാശ്ചാത്യരുടെ വൈകാരികത, തീക്ഷ്ണത, ചലനാത്മകത തുടങ്ങിയ ക്രിയാത്മക ഗുണങ്ങളെ, കിഴക്കിൻ്റെ ആത്മീയതയുടെയും ധാർമികതയുടെയും ആധാരത്തിൽ പരിഷ്കരിക്കേണ്ടതിനെപ്പറ്റി ഇഖ്ബാൽ പറയുന്നുണ്ട്.

Mahomets gesangൻ്റെ ഒരു സ്വതന്ത്ര പരിഭാഷ ജൂ-എ- ആബ് (stream of life) എന്ന പേരിൽ ഇഖ്ബാൽ അതിൽ ചേർത്തിട്ടുണ്ട്. ഗ്വ്യുഥെയുടെ Infinite Oceanനെ അദ്ദേഹം ഖുർആൻ്റെ സാർവത്രിക, സാർവകാലിക മൂല്യങ്ങളായി (Quran’s universal values) കാണുന്നു. ഗ്വ്യുഥെയുടെ പാറക്കല്ലുകളും മൺകൂനകളുമാകട്ടെ, ഇഖ്ബാലിന് നാർസിസസും തുലീപും റോസും നിറഞ്ഞ ഒരു മായാലോകമാണ്. നദിയുടെ ഒഴുക്കിൽ ചേരുന്നതിൽ നിന്നും വഴിതെറ്റിക്കുന്ന പ്രലോഭനങ്ങൾ. തെറ്റായ ജീവിത വ്യവസ്ഥകളിലെ മനുഷ്യ അസമത്വങ്ങളുടെ അടയാളങ്ങളായി ജൂ-എ- ആബിൽ കോട്ടകളും കൊത്തളങ്ങളും ചിത്രീകരിക്കപ്പെടുന്നു.

സ്വിറാത്വുൽമുസ്തഖീം എന്ന് ഖുർആൻ വിശേഷിപ്പിക്കുന്ന സദ്ധർമം തന്നെയാണ് ഇഖ്ബാലിന് ഗ്വ്യുഥെ പ്രവാചകനായി വിശേഷിപ്പിക്കുന്ന നദി. അറിവ്, സൗന്ദര്യം, ധാർമികത എന്നീ മൂല്യങ്ങളുടെ സുഗന്ധം പ്രസരിപ്പിച്ചു കൊണ്ട് ശാശ്വതസമുദ്രത്തിലേക്കൊഴുകുന്ന നദിയാണ് പ്രവാചകൻ. ഗ്വ്യുഥെയും ഇഖ്ബാലുമൊക്കെ ആ സുഗന്ധത്തെ, ആ സൗന്ദര്യത്തെ, ദർശനത്തെ ആഴത്തിൽ അനുഭവിക്കുകയാണ്.

***** ***** *****
നബിയുടെ ജനനം റബീഉൽഅവ്വൽ എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ഏതോ തീയതിയിലാണെന്നാണ് പൊതുവെ ഏകോപിത അഭിപ്രായം. ശീആക്കളിൽ ചില വിഭാഗങ്ങൾ പതിനേഴ് എന്നും കണക്കുകൂട്ടുന്നുണ്ട്.

നബിയുടെ പുത്രൻ ഇബ്റാഹീം മരിച്ച അന്ന് സൂര്യഗ്രഹണമുണ്ടായിരുന്നു. അതാകട്ടെ, CE 632 ജനുവരി 27 ആകാനാണ് സാധ്യത. അതുവെച്ചുള്ള ബാക്ട്രാക്കിങ്, തിങ്കളാഴ്ചയാണ് താൻ ജനിച്ചത് എന്ന പ്രവാചകൻ്റെ തന്നെ സാക്ഷ്യം, ആനക്കലഹം എന്ന പേരിൽ പ്രശസ്തമായ അബ്റഹത് രാജാവിൻ്റെ ആക്രമണ സംഭവത്തിൻ്റെ വിശകലനം എന്നിവ വെച്ച് നബിയുടെ ജനനം CE 571 ഏപ്രിൽ 20 ആകാനാണ് സാധ്യതയെന്നാണ് ആധുനികഗവേഷകരുടെ അഭിപ്രായം.

BH 53 റബീഉൽഅവ്വൽ ഒമ്പത് തിങ്കളാഴ്ച ആയിരിക്കും അത്. എന്നുവെച്ചാൽ റബീഉൽഅവ്വൽ ഒമ്പതാണ് ശരിക്കും നബിദിനം. എന്നാൽ പ്രവാചകൻ ഇഹലോകവാസം വെടിഞ്ഞത് റബീഉൽഅവ്വൽ പന്ത്രണ്ടിനാകുന്നു.

***** ***** *****
ഇഖ്ബാലിൻ്റെ വരികളെ മൻസൂർ ആലം പരിഭാഷപ്പെടുത്തിയതിൽ നിന്നൊരു ഭാഗം ഇങ്ങനെ വായിക്കാം:
“Behold how deeply engrossed the stream of life moves onward?
Slashing through meadows, it moves like the Milky Way galaxy!
It was sound asleep in the cradle of the heavenly clouds;
And it opened its curious eyes in the lap of the mountains!
Its graceful motion strikes music from pebbles on its way;
Its forehead shining like white pearl and spotless mirror!”

പുൽമേടുകളെ മുറിച്ചുകൊണ്ട് ക്ഷീരപഥം പോലെ സകലതിനെയുമാഴത്തിൽ പുണർന്നു കൊണ്ട് മുന്നോട്ടൊഴുകുന്ന ജീവൻ്റെ പ്രവാഹം മേഘത്തൊട്ടിലിൽ ഗാഢനിദ്ര പുൽകിയിരിക്കെ, മലയുടെ മടിത്തട്ടിലേക്ക് തുറക്കുകയാണ് ഉദ്വേഗമാർന്ന തൻ്റെ കണ്ണുകൾ
അതിൻ്റെ ഒഴുക്ക് വഴിയിലെ തരിക്കല്ലുകളിൽ തട്ടുമ്പോൾ സംഗീതം പൊഴിയുന്നു
നദിയുടെ മുകൾപ്പരപ്പ് വെളുത്ത മുത്തു പോലെ വെട്ടിത്തിളങ്ങുന്നു, കളങ്കമില്ലാത്ത കണ്ണാടി പോലെയും
ആ മഹാപ്രവാഹത്തിൻ്റെ വർണന ഗ്വ്യുഥെ സമാപിപ്പിക്കുന്നതിങ്ങനെ:

“And so bears he all his brothers,
And his treasures, and his children,
To their Sire, all joyous roaring,
Pressing to his mighty heart.”

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles