Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ ഉപരി പഠനം- ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ

കുട്ടികളുടെ ഉപരി പഠനത്തെ കുറിച്ചും അതിന് ശേഷം അവര്‍ വ്യവഹരിക്കേണ്ട തൊഴില്‍ മേഖലയെ കുറിച്ചും ആലോചിക്കുമ്പോള്‍ ‘താരെ സമീന്‍പര്‍’ എന്ന സിനിമ നല്‍കുന്ന ഗുണപാഠങ്ങളാണ് ഓര്‍മ്മയില്‍ വരുന്നത്. ഭൂമിയിലെ നക്ഷത്രങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ആ ഹിന്ദി വാക്കുകളുടെ ഉദ്ദേശ്യം കുട്ടികളെല്ലാവരും ശോഭയുളള നക്ഷത്രങ്ങള്‍ എന്നാണ്. തിളങ്ങാത്ത നക്ഷത്രങ്ങളില്ലാത്തത് പോലെ ഏതെങ്കിലും മേഖലയില്‍ ശോഭിക്കാത്ത കുട്ടികളുമില്ല. പ്രശസ്ത സിനിമ നിര്‍മ്മാതാവ് ആമിര്‍ ഖാന്‍ സംവിധാനം ചെയ്ത ഉജ്ജ്വല സിനിമയാണ് താരെ സമീന്‍ പര്‍. സിനിമയുടെ ഇതിവൃത്തം ഇങ്ങനെ സംഗ്രഹിക്കാം:

പരമ്പരാഗത വിദ്യാഭ്യാസവുമായി ചില വിദ്യാര്‍ത്ഥികള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതിന്‍റെ കാരണങ്ങള്‍ മനസ്സിലാക്കുകയും അവരില്‍ അന്തര്‍ലീനമായ നൈസര്‍ഗ്ഗികമായ കഴിവുകളെ കണ്ടത്തെി ഒരു അധ്യാപകന്‍ പരിപോഷിപ്പിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ കൈ്ളമാക്സ്. അധ്യാപകനായി സിനിമയില്‍ റാംശങ്കറായി വേഷമിടുന്നത് ആമിര്‍ ഖാന്‍ തന്നെയാണ്. നഗരത്തിലെ വരേണ്യവര്‍ഗ്ഗത്തിലെ ദമ്പതികളുടെ മകനായ ഇഷാന്‍ പഠനത്തിലും ക്ളാസ് പരീക്ഷകളിലും വളരെ പിന്നിലായിരുന്നു. താന്‍ പഠിക്കുന്ന സ്കൂളിനോട് അടങ്ങാത്ത വെറുപ്പായിരുന്നു അവന്‍റെ മനസ്സ് നിറയെ. പാഠ വിഷയങ്ങള്‍ അവന് അരോചകമായി തോന്നി.

ഇഷാന്‍റെ സഹപാഠികളും അധ്യാപകരും അവനെ പരിഹസിച്ചു. രക്ഷിതാക്കള്‍ അവനെ ഭര്‍ല്‍സിച്ചു. എന്നാല്‍ അവന്‍റെ അന്തരാളം നിരവധി സര്‍ഗ്ഗസിദ്ധികള്‍ കൊണ്ട് സമ്പന്നമായിരുന്നു. പക്ഷെ അത് പ്രകടിപ്പിക്കാന്‍ അവന് അവസരമുണ്ടായിരുന്നില്ല. ഇഷാന്‍റെ അഛന്‍ നന്ദ്കിഷോര്‍, നഗരത്തിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥനാണ്. അമ്മക്ക് പ്രത്യേകമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. മകന്‍റെ പഠനത്തെ ഓര്‍ത്ത് ആ ദമ്പതികള്‍ കടുത്ത നിരാശയിലായിരുന്നു. അവര്‍ അവനെ ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ തീരുമാനിച്ചു.

കാലം അതിന്‍റെ പ്രയാണം തുടരവെ, സ്കൂളില്‍ റാംശങ്കര്‍ എന്ന പുതിയ ആര്‍ട് അധ്യാപകന്‍ ചാര്‍ജ് എടുക്കുന്നതോടെ കഥയുടെ ഗതിമാറ്റം തുടങ്ങുന്നു. ഇഷാനിലെ കലാകാരനെ പുതിയ ആര്‍ട് അധ്യാപകന്‍ കണ്ടത്തെുകയും അവനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. ആ സ്ഥാപനത്തില്‍ പഠനത്തില്‍ ഏറ്റവും പിന്നിലായിരുന്ന ഇഷാനില്‍ മാറ്റത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായി. പഠനത്തില്‍ പിന്നിലായിരുന്ന ഇഷാന്‍ ആ സ്കൂളിലെ കലാ മല്‍സരത്തില്‍ ഒന്നാമനായിത്തീര്‍ന്നു. തുടര്‍ന്ന് നിരവധി സമ്മാനങ്ങള്‍ നിഷാനെ തേടി എത്തി.

യാതൊരു പ്രതീക്ഷയുമില്ലാതെ രക്ഷിതാക്കള്‍ കൈയൊഴിഞ്ഞ ഇഷാനില്‍ അവന്‍റെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടത്തെി, അവന്‍റെ ജീവിതത്തെ മാറ്റിപ്പണിയുന്നതാണ് താരെ സമീന്‍ പര്‍ എന്ന സിനിമയുടെ ഇതിവൃത്തം. ഭൂമിയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഏതെങ്കിലും തരത്തിലുള്ള നൈസര്‍ഗ്ഗികമായ കഴിവുകളുണ്ടെന്നും അത് കണ്ടത്തെി പരിപോഷിപ്പിക്കുന്നതിലാണ് അവരുടെ വിജയമെന്നും താരെ സമീന്‍ പര്‍ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു. രക്ഷിതാക്കള്‍ നിര്‍മ്മിക്കുന്ന ഇരുമ്പ് മൂശയില്‍ അവരെ തളച്ചിടുന്നതിന് പകരം അവര്‍ക്ക് പറക്കാനുള്ള ചക്രവാളം കാണിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടതെന്ന് ഈ സിനിമ ഉണര്‍ത്തുന്നു.

ഉപരി പഠനം ഒരു സമസ്യ
പല രക്ഷിതാക്കളേയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് കൗമാര പ്രായക്കാരായ കുട്ടികളുടെ ഉപരി പഠനവും തൊഴിലിലേര്‍പ്പെടലും. പത്താം തരത്തിലൊ പ്ളസ് ടുവിനൊ പഠിക്കുന്ന കുട്ടികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ലഭിച്ചില്ലെങ്കില്‍, അവരുടെ ഭാവി ജീവിതം തകരുമെന്ന് മാത്രമല്ല, രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ കൂമ്പടഞ്ഞ് പോവുകയും ചെയ്യും. കുടാതെ തൊഴില്‍ രഹിതരായ കുട്ടികള്‍ മയക്ക്മരുന്ന് സംഘങ്ങളിലും കുറ്റകൃത്യങ്ങളിലും അകപ്പെടാന്‍ സാധ്യതകളുണ്ട്. മനുഷ്യന് പ്രയോജനപ്രദമായ എന്ത് അറിവ് നേടുന്നതും വൃഥാവിലല്ല. പക്ഷെ അത് നേടാനുള്ള താല്‍പര്യവും അഭിരുചിയു പ്രധാനം.

കുട്ടികളുടെ തൊഴിലിന്‍റെ കാര്യം ആലോചിക്കുമ്പോള്‍, നമുക്ക് ജോലി ലഭിച്ച അതേവിധത്തില്‍ അവര്‍ക്കും ലഭിക്കട്ടെ എന്ന് വിചാരിക്കുന്നവരുണ്ട്. നമുക്ക് ജോലി ലഭിച്ചത് ഒരു പക്ഷെ സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദത്താലൊ അല്ലെങ്കില്‍ യാദൃശ്ചികമായൊ ആവാം. അതിന് കൃത്യമായ ആസൂത്രണമൊന്നും ഉണ്ടായിട്ടുണ്ടാവില്ല. അതേ വിധത്തില്‍ നമ്മുടെ കുട്ടികള്‍ക്കും തൊഴില്‍ ലഭിക്കുമെന്ന ഉദാസീന മനോഭാവം ഇന്നത്തെ മല്‍സരാധിഷ്ടിത ലോകത്ത് നമ്മെ വഞ്ചിക്കാന്‍ പാടില്ല.

മുമ്പൊക്കെ തൊഴില്‍ സാധ്യതകള്‍ പരിഗണിച്ചായിരുന്നു കുട്ടികള്‍ പഠന മേഖലകള്‍ തെരെഞ്ഞെടുത്തിരുന്നത്. ആരുടെ എങ്കിലും ഉപദേശം കേട്ട് ആ തൊഴിലിന് നല്ല സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍ പിന്നീട് ആ വിഷയത്തിന് തള്ളി കയറ്റം. ചിലര്‍ സഹപാഠികള്‍ തെരെഞ്ഞെടുത്ത അതേ വിഷയം തെരെഞ്ഞെടുക്കുന്നു. മറ്റ് ചിലരാകട്ടെ രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ നിര്‍ദ്ദേശിക്കുന്ന വിഷയമാണ് തെരെഞ്ഞെടുക്കുന്നത്. ഇങ്ങനെ ബാഹ്യ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഉപരി പഠനത്തിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവാറുണ്ട്.

ഓരോ കുട്ടിയും,അവരുടെ വിരലടയാളം പോലെ വ്യതിരിക്തമാണ്. ഒരു കുട്ടിയും ഇവിടെ അധികപ്പറ്റല്ല. ഏത് കാര്യത്തിലാണ് അവര്‍ മികച്ചവര്‍ എന്ന് കണ്ടത്തെുന്നതാണ് രക്ഷിതാക്കളുടേയും അവരുടേയും വിജയം. നൈസര്‍ഗ്ഗികമായ അത്തരം കഴിവുകള്‍ കണ്ടത്തെി വളര്‍ത്തുക. ഇത് മനസ്സിലാക്കുവാന്‍ രക്ഷിതാക്കള്‍ അവരുമായി കൂടുതല്‍ സമയം ചിലവഴിക്കുക. അവരുടെ വ്യക്തിത്വത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുക. അപ്പോള്‍ അവരുടെ അഭിരുചി നിങ്ങള്‍ക്ക് ബോധ്യമാവും.

കുട്ടികളുടെ കഴിവുകള്‍ കണ്ടത്തെുന്നതിന് ശാസ്ത്രീയമായ അഭിരുചി പരീക്ഷകള്‍ കൗണ്‍സിലിംഗ് സ്ഥാപനങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്നു. അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നത് ഉചിതമായിരിക്കും. കുട്ടികള്‍ പഠിക്കുന്ന അനേകം വിഷയളില്‍ ഏതിനോടാണ് അവര്‍ക്ക് താല്‍പര്യമുള്ളത് എന്ന് നിരീക്ഷിക്കുക. ചില വിഷയങ്ങളില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കും.

കുട്ടികളെ ഉപരി പഠനത്തിന് തയ്യാറാക്കുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊരു കാര്യമാണ് രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതി. പഠനം തീരുന്നത് വരെ ആവശ്യമായ പണം കൊടുക്കാന്‍ കഴിയുമൊ എന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കില്‍ ഹൃസ്വകാല തൊഴില്‍ നൈപുണ്യ പഠനത്തിന് ചേരുകയാണ് ഉത്തമം. ആരേയും ആശ്രയിക്കാതെ ജീവിതം മുന്നോട്ട് നയിക്കാന്‍ ഇത് സഹായകമാവും. സംങ്കീര്‍ണ്ണമായ ഈ സാഹചര്യത്തില്‍ ചുവട് പിഴക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles