Current Date

Search
Close this search box.
Search
Close this search box.

വാര്‍ധക്യത്തിന്റെ സൗന്ദര്യത്തിലേക്ക് (1 – 2 )

വാര്‍ധക്യവും മരണവുമെല്ലാം സമ്മതമില്ലാതെ ജീവിതത്തിലേക്ക് വന്നുചേരുന്ന സ്വാഭാവികതകളാണ്. എങ്കിലും മരിക്കാതിരിക്കുക, മരണത്തെ പരമാവധി നീട്ടിവെക്കുക, അത്രയും കാലം അലട്ടാതെയും അല്ലലില്ലാതെയും ജീവിക്കുക എന്നീ ആഗ്രഹങ്ങളില്‍ നിന്നുണ്ടാവുന്ന പ്രാര്‍ഥനയും പ്രയത്‌നവുമാണ് നമ്മുടെ ജനസംഖ്യയിലെ വലിയ വിഭാഗമായി മുതിര്‍ന്ന തലമുറ മാറുന്നതിനുള്ള കാരണം. മറ്റുള്ളവരുടെ കരുതലും കടപ്പാടും അര്‍ഹിക്കുന്നവരാണ് വൃദ്ധര്‍. നമ്മുടെ പൊതുവായ ധര്‍മബോധവും മതങ്ങളുടെ അനേകം ശാസനകളും വൃദ്ധസമൂഹത്തോടുള്ള ബാധ്യതയെ സംബന്ധിച്ച് ഓര്‍മിപ്പിക്കുന്നു. എന്നാല്‍ നമ്മുടെ സാംസ്‌കാരികമായ പൊതുബോധവും വൃദ്ധസമൂഹത്തെ പരിഗണിക്കുന്ന രീതിയും അന്യരെ ആശ്രയിച്ച് കഴിയാനുള്ള സമയമായി വൃദ്ധജീവിതത്തെ അടയാളപ്പെടുത്തുന്നുണ്ട്. അടിയുറച്ച വിശ്വാസം കണക്കെ സമൂഹത്തില്‍ ഈ ധാരണ നിലനില്‍ക്കുന്നു.

സ്വയംപര്യാപ്തതയും ആത്മവിശ്വാസവും അഭിമാനബോധവുമുള്ള വിഭാഗമായി അവര്‍ മാറുകയും അവരെ അതിന് സഹായിക്കുകയും ചെയ്യേണ്ട സാഹചര്യം നമ്മുടെ ജനസംഖ്യാ പ്രവണതകളും സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളും മനസ്സിലാക്കിത്തരുന്നുണ്ട്.

1951ല്‍ കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 32 വയസ്സായിരുന്നു. വാര്‍ധക്യമിരിക്കട്ടെ, മധ്യവയസിലേക്ക് പോലും മിക്കവരും എത്തിയിരുന്നില്ല. ഇന്ന് പുരുഷന് 74 വയസും സ്ത്രീക്ക് 80 വയസുമാണ് ആയുര്‍ ദൈര്‍ഘ്യം. അതിവേഗം വൃദ്ധരായിക്കൊണ്ടിരിക്കുന്ന സമൂഹമാണ് കേരളം. 2011ല്‍ 12.6 ശതമാനമായിരുന്നു മുതിര്‍ന്ന തലമുറയുടെ കേരളത്തിലെ ജനസംഖ്യാ പ്രാതിനിധ്യം. 2021 ലെ കണക്കുകള്‍ പ്രകാരം, സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് ജനസംഖ്യയില്‍ ഏറ്റവുമധികം വയോധികരുള്ളത് (16.5%- 4,193,393 പേര്‍). 2031 ല്‍ ഇത് 20.9 ശതമാനത്തിലെത്തുമെന്നാണ് കണക്ക്. അഞ്ചില്‍ ഒരാള്‍ വൃദ്ധനായിരിക്കും. അവശേഷിക്കുന്ന നാലില്‍ ഒരാള്‍ 14 വയസിന് താഴെയുള്ള കുട്ടിയായിരിക്കും. മൂന്ന് പേരാണ് തൊഴില്‍ ചെയ്യുന്ന പ്രായവിഭാഗത്തില്‍ പെടുക. ഈ മൂന്നില്‍ പകുതിയിലധികം സ്ത്രീകളായിരിക്കുമല്ലോ. 2050 ആകുമ്പോഴേക്ക് ലോകജനസംഖ്യയുടെ 22 ശതമാനവും മുതിര്‍ന്ന പൗരന്‍മാരായിരിക്കും. ഇന്ത്യയില്‍ ഇക്കാലയളവില്‍ 360 ശതമാനം വര്‍ധനയാണ് മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണത്തില്‍ സംഭവിക്കുക. മാത്രമല്ല, ലോകതലത്തില്‍ അതിവേഗം വളരുന്ന ജനസംഖ്യാ വിഭാഗം 80 വയസിന് മുകളിലുള്ളതാണ്. കഴിഞ്ഞ കാലങ്ങളില്‍ ആരംഭിച്ചതും ഇപ്പോള്‍ തുടരുന്നതും ഭാവിയില്‍ വേഗമാര്‍ജിക്കുന്നതുമായ ജനസംഖ്യപരമായ ഈ മാറ്റം സാമൂഹ്യഘടനയെ അഗാധമായി സ്വാധീനിക്കുന്നുണ്ട്. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നു എന്നതിനര്‍ഥം മറ്റൊരു തലമുറയെ സമൂഹത്തിനകത്തേക്ക് ഉള്‍ക്കൊള്ളിക്കുന്നു എന്നാണല്ലോ.

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ കേരളത്തിലെ ജനസംഖ്യാപരമായ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 0-14 പ്രായ വിഭാഗത്തിലുള്ള ജനസംഖ്യ 1961-ല്‍ 43 ശതമാനമായിരുന്നത് 2011-ല്‍ 23.4 ശതമാനമായി കുറഞ്ഞു. ഈ പ്രവണത തുടരുകയാണെങ്കില്‍, 0-14 വയസ്സിനിടയിലുള്ള ജനസംഖ്യയുടെ അനുപാതം കുറഞ്ഞുവരുന്നതിനാല്‍, തൊഴില്‍ ചെയ്യുന്ന പ്രായവിഭാഗത്തിന്റെ (15-59) ജനസംഖ്യാ പ്രാതിനിധ്യത്തില്‍ സമീപഭാവിയില്‍ കുറവ് വരും. ഇത് വാര്‍ദ്ധക്യ ആശ്രിത അനുപാതം (OADR- ഓള്‍ഡ് ഏജ് ഡിപ്പന്റന്‍സി റേഷ്യോ) കൂടാന്‍ വന്‍തോതില്‍ കാരണമാവും. 65 വയസ്സോ അതിലധികമോ പ്രായമുള്ളവരുടെയും, 20 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ളവരും തമ്മിലുള്ള അനുപാതം ആണ് വാര്‍ദ്ധക്യ ആശ്രിത അനുപാതം. പ്രത്യുല്‍പാദനക്ഷമത കുറയുകയും, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍, ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം വര്‍ദ്ധിക്കുകയും, ചെറുപ്പക്കാരുടേത് കുറയുകയും ചെയ്യുന്നു. ഇങ്ങനെ മൊത്തം ജനസംഖ്യയില്‍ വയോധികരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തെയാണ് പോപ്പുലേഷന്‍ ഏജിങ് (ജനസംഖ്യാ വാര്‍ധക്യം)എന്ന് വിളിക്കുന്നത്. ജനസംഖ്യാപരമായ ഈ പുതിയ സാഹചര്യത്തെ അഭിമുഖീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഒരു വ്യവസ്ഥിതി തന്നെ ഈ സാഹചര്യത്തെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ തയാറാകണം. ജനസംഖ്യാ വര്‍ധനയുടെയും ബേബി ബൂമി(baby boom)ന്റെയും കാലത്ത് ഏറ്റവും പുതിയ തലമുറയെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമായി ആഗോള തലത്തില്‍ വന്‍തോതിലുള്ള സന്നാഹങ്ങളാണല്ലോ ഒരുക്കിയത്. അവയില്‍ ഗുണപരമായതും അങ്ങേയറ്റം പ്രതിലോമകരമായതുമായ കാര്യങ്ങളുണ്ടെങ്കിലും. ഇപ്പോഴും വര്‍ധിത ആവേശത്തോടെ അത് തുടരുന്നു. ഗര്‍ഭം ധരിക്കേണ്ടതെപ്പോള്‍, ഗര്‍ഭസ്ഥശിശുവിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതില്‍ മാതാവിന്റെയും പിതാവിന്റെയും കുടുംബത്തിന്റെയും മാനസിക, ശാരീരിക വ്യാപാരങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പൊതു ആരോഗ്യ സംവിധാനം, രണ്ട് ഗര്‍ഭങ്ങള്‍ തമ്മിലുണ്ടാവേണ്ട ഇടവേള, കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട പോഷകാഹാരം, രോഗ പ്രതിരോധ സംവിധാനങ്ങള്‍, അവര്‍ക്ക് വേണ്ടിയുള്ള സ്വപ്നനിര്‍മിതികള്‍, കാര്‍ഷിക രംഗത്തെ വിപ്ലവങ്ങള്‍, പള്ളിക്കൂടങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിനോദോപാധികള്‍, തൊഴില്‍ നൈപുണിക്കായുള്ള മാര്‍ഗങ്ങള്‍,… ഇങ്ങനെ പുതു തലമുറക്കായി നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും സജ്ജീകരണങ്ങളും എത്രയെത്രയാണ്.

ഇതേപോലെ, വരുംകാലത്ത് മുതിര്‍ന്ന തലമുറയ്ക്കായി നാം ഒരുങ്ങേണ്ടതായി വരും. (ബേബിബൂമിന്റെ സ്ഥാനത്ത് ഓള്‍ഡീ ബൂമി(oldie boom)നെ അഭിമുഖീകരിക്കാനിരിക്കുന്നു!). ഈ ജനവിഭാഗത്തെ അഭിമുഖീകരിക്കാവുന്ന സമഗ്രമായ കാഴ്ചപ്പാടും നയവും രൂപപ്പെടേണ്ടതുണ്ട്. ( തുടരും )

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles