Current Date

Search
Close this search box.
Search
Close this search box.

വാര്‍ധക്യത്തിന്റെ സൗന്ദര്യത്തിലേക്ക് (2 – 2 )

ഒറ്റപ്പെടല്‍, ഏകാന്തത, ആര്‍ക്കും വേണ്ടാത്തവര്‍, ഒന്നിനും കൊള്ളാത്തവര്‍, കടുത്ത നിരാശ ബാധിതര്‍, നിര്‍വികാരമായി ശൂന്യതയിലേക്ക് നോക്കിയിരിക്കുന്നവര്‍ എന്നൊക്കെയാണല്ലോ വാര്‍ധക്യത്തെ സംബന്ധിച്ച നമ്മുടെ വാര്‍പ്പുവിചാരങ്ങള്‍. ഇത്തരം വിശേഷണങ്ങളെ അതേപടി നിലനിര്‍ത്തുകയും അതിന് പരിഹാരം കാണുകയുമാണോ വേണ്ടത്, അതോ അവയ്ക്കപ്പുറത്തേക്കുള്ള ജീവിതാവസ്ഥകളിലേക്ക് അവരെ കൊണ്ടുപോകുകയാണോ വേണ്ടത്. ഉദാഹരണത്തിന്, ഏകാന്തതയെ എടുക്കാം. ഒരാളിലേക്ക് എങ്ങനെയാണ് ഏകാന്തത കടുന്നുവരുന്നത്. മുകളില്‍ സൂചിപ്പിച്ച അഞ്ച്പേരുടെ കാര്യമെടുക്കാം. ഒരാള്‍ വൃദ്ധന്‍, ഒരാള്‍ കുട്ടി. അവശേഷിക്കുന്ന മൂന്ന് പേരില്‍(ഇതില്‍ പകുതി സ്ത്രീകളാണ്) നിന്നാണ് വന്‍തോതില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും തൊഴിലന്വേഷിച്ചുകൊണ്ടുളള പ്രവാസമുണ്ടായത്. അത് നമുക്ക് വേണ്ടെന്ന് വെക്കാമായിരുന്നോ/ആവുമോ? മാതാപിതാക്കളുടെ പരിചരണത്തെ മുന്നില്‍ കണ്ട് ഒരു വ്യക്തിക്ക് അത്തരമൊരു തീരുമാനമെടുത്ത് പ്രവാസം വേണ്ടെന്നു വെക്കുകയോ പാതി വഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യാം. അങ്ങനെയുള്ള നിരവധി പേരെ നമുക്ക് ചുറ്റുപാടും കാണാം. എന്നാല്‍ പ്രവാസം എന്ന വാതില്‍ കൊട്ടിയടക്കാന്‍ ഒരു സമൂഹത്തിന് സാധിക്കുമോ? വിശേഷിച്ചും, പ്രവാസിപണം ഏറ്റവും കരുത്തുറ്റ ഊന്നിവടിയായിട്ടുള്ള സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക സമൂഹമായ കേരളത്തിന്. 15 കഴിഞ്ഞ മക്കളെയാണ് അന്യസംസ്ഥാനങ്ങളിലേക്കോ അന്യരാജ്യങ്ങളിലേക്കോ വിദ്യാഭ്യാസത്തിന് വേണ്ടി അയക്കുന്നത്? ഒരു സമൂഹത്തിന് ഇത് വേണ്ടെന്ന് വെക്കാനാവുമോ? അപ്പോള്‍ കുടുംബം പോറ്റാനായി പ്രവാസലോകത്ത് വിയര്‍പ്പൊഴുക്കുമ്പോഴും കുട്ടിക്കാലത്ത്, തങ്ങള്‍ പ്രയാസപ്പെട്ട് ജീവിതമുന്തിയതുപോലെ മക്കള്‍ കഷ്ടപ്പെടരുത് എന്ന നിശ്ചയത്തില്‍, ജീവിതത്തിലെ സമ്പാദ്യമെല്ലാം വിറ്റുപെറുക്കി, പ്രാരാബ്ദങ്ങള്‍ അറിയിക്കാതെ മക്കളെ നല്ലനിലയില്‍ പഠിപ്പിച്ചതിന്റെ സ്വാഭാവിക ഫലമായി രൂപപ്പെടുന്ന ഒറ്റക്കാകലിനെ കുറിച്ച് കണ്ണീര് പൊഴിക്കാമോ. മക്കള്‍ അന്യദേശങ്ങളില്‍ ചേക്കേറുന്നതിന് ഉണ്ടാകുന്ന പരിണതി പ്രതീക്ഷതിനുമപ്പുറമായതാണോ, അതോ അത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള തയാറെടുപ്പ് ഇല്ലാതെ പോയതാണോ ഏകാന്തതയെ കുറിച്ചുള്ള പരാതിക്കു പിന്നില്‍. വാര്‍ധക്യം എന്ന അനിവാര്യമായും അഭിമുഖീകരിക്കേണ്ട ഘട്ടത്തെ നിരാശയുടെയും മോഹഭംഗങ്ങളുടെയും ദൗര്‍ബല്യങ്ങളുടെയും വിധേയത്വത്തിന്റെയും ആകുലതകളുടെയും സംഗമസ്ഥാനമായി സര്‍ഗഭാവനകളും വിശേഷിപ്പിച്ചത്.

ഇസ്‌ലാം വാര്‍ധക്യത്തെ അഭിമുഖീകരിക്കുന്നത് പ്രതീക്ഷാനിര്‍ഭരവും പ്രിയം മങ്ങാത്ത സൗന്ദര്യവുമായാണ്. ”സര്‍വ ഐശ്വര്യവും(ബറകത്ത്) നിങ്ങളുടെ കൂട്ടത്തില്‍ വാര്‍ധക്യം പ്രാപിച്ചവരോടൊപ്പമായിരിക്കും” എന്ന് റസൂല്‍ (സ) അരുള്‍ ചെയ്തതായി കാണാം (ഇബ്നു ഹിബ്ബാന്‍: 559). ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പ്രവാചകനോട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ജനങ്ങളില്‍ ആരാണ് ഏറ്റവും ഉത്തമന്‍?” പ്രവാചകന്‍ പറഞ്ഞു: ”ആരുടെ ആയുസ്സ് ദീര്‍ഘിക്കുകയും അവന്റെ കര്‍മ്മങ്ങള്‍ നന്നാവുകയും ചെയ്തുവോ അയാള്‍ തന്നെ”. ”എങ്കില്‍ ജനങ്ങളില്‍ ഏറ്റവും മോശം ആരാണ്?” അദ്ദേഹം ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: ”ആരുടെ വയസ്സ് നീളുകയും കര്‍മ്മം മോശമാവുകയും ചെയ്തുവോ, അവന്‍” (തിര്‍മിദി: 2500 ). ഇങ്ങനെ നിരവധി പ്രവാചക വചനങ്ങള്‍ വേറെയും കാണാനാവും.

വാര്‍ധക്യത്തെ പരമാവധി വൈകിപ്പിക്കുന്ന സാമൂഹിക കാഴ്ചപ്പാട് വളര്‍ത്തിക്കൊണ്ടുവരിക എന്നത് പ്രധാനമാണ്. കേരളത്തിന്റെ പശ്ചാതലത്തില്‍ ഇന്നാദ്യം വാര്‍ധക്യം ബാധിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ്. റിട്ടയര്‍മെന്റോടെ വൃദ്ധരാണെന്ന് അവര്‍ സ്വയവും സമൂഹവും കരുതുന്നു. അതേസമയം, ഒരു ബിസിനസുകാരനെയോ കര്‍ഷകനേയോ തൊഴിലാളിയേയോ നോക്കൂ. അവര്‍ ചെയ്തിരുന്ന തൊഴിലുകള്‍ തുടര്‍ന്നും ചെയ്യാന്‍ വയ്യാതാകുമ്പോഴാണ് വാര്‍ധക്യമെത്തി എന്നവര്‍ തിരിച്ചറിയുന്നത്.

വാര്‍ധക്യ സമൂഹത്തെ നാം എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ മികച്ച തെളിവാണ് അവര്‍ക്കുള്ള വിവിധ പദ്ധതികള്‍. കൊടിയ വിവേചനം ഈ രംഗത്ത് നിലനില്ക്കുന്നുണ്ട്. 56/60 വയസുകളില്‍ പെന്‍ഷനാകുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആജീവാനന്തം സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ലഭിക്കുന്നു. തുടര്‍ന്ന് കുടുംബത്തിനും. കേരളത്തില്‍ 2021-22ല്‍ പെന്‍ഷന്‍കാര്‍ക്ക് വേണ്ടി മാറ്റിവെച്ചത് 23105.98 കോടി രൂപയാണ്. 5.5 ലക്ഷത്തിനടുത്ത് പെന്‍ഷന്‍കാരുണ്ട്. അതായത് 35000 ന് മുകളില്‍ പെന്‍ഷന്‍ വാങ്ങുന്നവരാണ് ഭൂരിപക്ഷവും എന്ന് സാരം. ഈ ചെറിയ ന്യൂനപക്ഷത്തിലേക്കാണ് പലതരം നികുതിയായി എല്ലാ പൗരന്‍മാരില്‍ നിന്നും പിരിച്ചെടുക്കുന്ന തനത് നികുതി വരുമാനത്തിന്റെ 50 ശതമാനം വരുന്ന പെന്‍ഷന്‍ വിതരണം ചെയ്യപ്പെടുന്നത്. മൊത്തം റവന്യൂ വരുമാനത്തിന്റെ 24 ശതമാനമാണിത്.

എന്നാല്‍ സര്‍ക്കാര്‍ സര്‍വീസിലല്ലാതെ 56/60 വയസ് പൂര്‍ത്തിയാകുന്നവര്‍ ആരൊക്കെയാണ്? അവര്‍ക്ക് സമൂഹം നല്‍കുന്നതെന്താണ്? പത്ത് മാസം പ്രയാസത്തിനുമേല്‍ പ്രയാസം സഹിച്ച് ഗര്‍ഭം ചുമയ്ക്കുകയും ജനനം മൂതല്‍ ഏറെക്കാലം കുട്ടികളെ വളര്‍ത്തുകയും അവരുടെ സ്വയംപര്യാപ്തതയ്ക്ക് ശേഷവും അവരുടെ നന്മക്കായി നോമ്പുനോറ്റിരിക്കുന്ന മാതാവ്, ഇടതടവില്ലാതെ വീട്ടുജോലികള്‍ നിര്‍വഹിക്കുന്ന സ്ത്രീ, സ്വയം മറന്ന് നാട്ടുകാര്‍ക്കായി വിയര്‍പ്പൊഴുക്കിയോടുന്നവന്‍, കൃഷിക്കാരന്‍, കച്ചവടക്കാരന്‍, പ്രവാസി, ചരക്ക് വാങ്ങുന്ന ഉപഭോക്താവ്, സന്നദ്ധ പ്രവര്‍ത്തകര്‍, മല്‍സ്യത്തൊഴിലാളി, രാഷ്ട്രീയക്കാരന്‍, സംഘടനാ പ്രവര്‍ത്തകര്‍, അനേകം അസംഘടിത, സംഘടിത മേഖലകളിലെ തൊഴിലാളികള്‍, എഴുത്തുകാര്‍ ഇങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍ ജീവിക്കുന്നവര്‍. ഇവരൊക്കെയും സാമൂഹിക, സാമ്പത്തിക ക്രയവിക്രയങ്ങളിലൂടെ സാമൂഹ്യ സേവനത്തിലും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയകളില്‍ പങ്കാളികളാകുന്നവരാണല്ലോ. ഇവരുടെയൊക്കെ വാര്‍ധക്യം അഭിമാനകരവും ആത്മവിശ്വാസപൂര്‍ണവുമാക്കാന്‍ സമൂഹത്തിനും രാഷ്ട്രത്തിനും ബാധ്യതയുണ്ടല്ലോ. ഇതില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് അവരുടെ കൂടെ പങ്കാളിത്തത്തോടെ നാമമാത്ര പെന്‍ഷന്‍ പദ്ധതികളുണ്ടെന്നത് ശരിയാണ്. ദാരിദ്ര്യ രേഖക്ക് താഴെ, 60 വയസിന് മുകളില്‍ പ്രായമുള്ള, ഒരുതരം പെന്‍ഷന്‍ ആനുകൂല്യവും ലഭിക്കാത്തവര്‍ക്കാണ് മാസത്തില്‍ 1600 രൂപ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. ഇവരുടെ എണ്ണം 29.43 ലക്ഷമാണ്. ആകെ വൃദ്ധരുടെ 70%. നിലവിലുള്ള പെന്‍ഷന്‍ പദ്ധതി തികഞ്ഞ അനീതിയണെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാവും. ജനപ്രിയതക്ക് പിന്നാലെ പോയ സര്‍ക്കാറുകള്‍ സര്‍ക്കാര്‍ മേഖലയില്‍ തൊഴിലും അതിന് ശേഷം പെന്‍ഷനും വന്‍തുക മാറ്റിവെച്ചപ്പോള്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍, കന്നുകാലി വളര്‍ത്തല്‍, കൃഷി തുടങ്ങിയ ഉദ്പാദനമേഖലക്കുള്ള വിഹിതം കുറഞ്ഞു.

യഥാര്‍ഥത്തില്‍ പ്രായമായവര്‍ കൂടിക്കൊണ്ടിരിക്കുന്ന നാട്ടില്‍ അവര്‍ക്ക് മുന്തിയ പരിഗണന നല്‍കാവുന്ന വിധത്തില്‍ സാമൂഹ്യ വിദ്യാഭ്യാസവും സാമ്പത്തികാസൂത്രണവും നടത്തേണ്ടതുണ്ട്. ”വെള്ളം കുടിക്കാന്‍ കൊടുക്കുമ്പോള്‍ പോലും ആദ്യം വയസ്സിനു മൂത്തവര്‍ക്ക് നല്‍കിക്കൊണ്ട് തുടങ്ങുക”, ”നിങ്ങളിലെ ദുര്‍ബലരായവരെ നിങ്ങള്‍ എനിക്ക് വേണ്ടി തേടിപ്പിടിക്കൂ, കാരണം നിങ്ങള്‍ക്ക് ഭക്ഷണവും വിഭവങ്ങളും കിട്ടുന്നതും, അതുപോലെ നിങ്ങള്‍ക്ക് സഹായം ലഭ്യമാകുന്നതുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ അവശരായവര്‍ കാരണമാണ്. (അഹ്മദ്:21731, തിര്‍മിദി:1803) തുടങ്ങിയ പ്രവാചക നിര്‍ദേശങ്ങള്‍ പൊതുസമ്പത്ത് ചിലവഴിക്കുന്നതിന്റെ മുന്‍ഗണനാക്രമം കൂടയാണല്ലോ പഠിപ്പിക്കുന്നത്. വിശേഷിച്ചും. ചരിത്രത്തിലാദ്യമായി, വാര്‍ധക്യ പെന്‍ഷന്‍ നടപ്പിലാക്കിയത് ഇസ്‌ലാമായിരുന്നല്ലോ. ഇമാം അബൂ യൂസുഫ് ഉദ്ധരിക്കുന്നു: ഉമറിന്റെ ഭരണ കാലം. അദ്ദേഹം ഒരിടത്തു കൂടെ നടന്നുപോവുകയായിരുന്നു. അപ്പോഴുണ്ട് ഒരു കാഴ്ച നഷ്ടപ്പെട്ട പടു കിഴവനായ ഒരാള്‍ യാചിക്കുന്നു. അപ്പോള്‍ ഉമര്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടിക്കൊണ്ട് ചോദിച്ചു: താങ്കള്‍ ഏത് വേദക്കാരില്‍പ്പെട്ടയാളാണ്? യഹൂദി. അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: എന്താണ് താങ്കളെ ഈ ഗതിയില്‍ എത്തിച്ചത്? ഈ വയസ്സാം കാലത്ത് ജിസ്യ കൊടുക്കാനും, മറ്റാവശ്യങ്ങള്‍ നിവര്‍ത്തിക്കാനും വകയില്ലാത്തത് കൊണ്ടാണ്. അദ്ദേഹം പറഞ്ഞു. ഉടനെ ഉമര്‍ (റ) അദ്ദേഹത്തിന്റെ കൈയും പിടിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും വീട്ടിലുള്ള എന്തോ ഒന്ന് എടുത്തു കൊടുക്കുകയും ചെയ്തു. എന്നിട്ട് ബൈത്തുല്‍ മാലിന്റെ ചുമതലയുള്ളയാളെ വിളിച്ച് പറഞ്ഞു: ഇദ്ദേഹത്തെയും ഇതു പോലുള്ള മറ്റുള്ളവരെയും ശ്രദ്ധിക്കണം. ആവതുള്ള കാലത്ത് അദ്ദഹത്തെ ഉപയോഗപ്പെടുത്തുകയും വയസ്സായപ്പോള്‍ കൈയൊഴിയുകയും ചെയ്യുക വഴി നാം അദ്ദേഹത്തോട് നീതി കാണിച്ചില്ല. ”സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അവകാശപ്പെട്ടതാണ്.” (അത്തൗബ:60). ദരിദ്രരെന്നതു കൊണ്ട് മുസ്ലിംകളില്‍പ്പെട്ടവരാണുദ്ദേശ്യം. ഇദ്ദേഹമാകട്ടെ വേദക്കാരില്‍പ്പെട്ട അഗതിയാണ്, അങ്ങനെ അദ്ദേഹത്തിനും തത്തുല്ല്യരായവര്‍ക്കും ജിസിയ ഒഴിവാക്കിക്കൊടുത്തു. (അല്‍ ഖറാജ്: 259).

ആരെയും ആശ്രയിക്കാതെ വാര്‍ധക്യം ആഘോഷിക്കാനാവും എന്ന ആത്മവിശ്വാസം തന്നെ ആ കാലത്തെ സുമോഹനമാക്കും. തൊഴില്‍ ചെയ്യുന്ന പ്രായപരിധിയില്‍ തന്നെ നിശ്ചിത തുക വ്യക്തിയില്‍ നിന്ന് ഈടാക്കുകയും വാര്‍ധക്യകാലത്ത് സാമാന്യം നല്ലനിലയില്‍ ജീവിക്കാവുന്ന സാര്‍വത്രിക പെന്‍ഷന്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കുകയും ചെയ്യുക. (നിരവധി രാജ്യങ്ങളില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. Minimum guarenteed pension/ defined pension scheme എന്നീ പേരുകളിലാണ് ഇവ വ്യവഹരിക്കപ്പെടുന്നത്), ആരോഗ്യം, ചികില്‍സ, വിനോദം എന്നിവ മിതമായ നിരക്കിലോ സൗജന്യമായോ ലഭ്യമാകാനുള്ള സംവിധാനം, വിവിധ തരം സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് അതിനനുസരിച്ച് റിട്ടയര്‍മെന്റ് പ്രായം വര്‍ധിപ്പിക്കുക (ക്രമീകരിക്കുക), തങ്ങളുടെ നാനാതരം ശേഷികള്‍ ഉപയോഗിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍, അതുവരെ ചെയ്തു വന്നിരുന്ന ജോലികള്‍ ചെയ്യാനാവില്ലെങ്കില്‍ ഭാരം കുറഞ്ഞതും മാനസിക, ശാരീരിക ഉല്ലാസം പ്രദാനം ചെയ്യുന്ന തൊഴിലുകളും വേതനവും ആത്മീയ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അവസരം വര്‍ധിപ്പിക്കുക തുടങ്ങിയ വിവിധ വഴികള്‍ ഈ രംഗത്ത് നടപ്പിലാക്കാനാവും. സര്‍ക്കാറിനെ കാത്തു നില്‍ക്കാതെ ഇതില്‍ മിക്ക കാര്യങ്ങളും പൊതുജന പിന്തുണയോടെ സമുദായത്തിനകത്ത് മികച്ച ആസൂത്രണത്തോടെ മഹല്ലുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കും ചെയ്യാവുന്നതാണ്. വാര്‍ധക്യത്തോടുള്ള ബാധ്യതകള്‍ വ്യക്തിപരം മാത്രമല്ല, സാമൂഹികമാണ് എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. പോപ്പുലേഷന്‍ ഏജിംങിന്റെ കാലത്ത്, അവ പൂര്‍ത്തീകരിക്കുമ്പോഴാണ് വാര്‍ധക്യത്തിനനുകൂലമായ അന്തരീക്ഷം സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിച്ചെടുക്കാനാവുക. ( അവസാനിച്ചു )

വാര്‍ധക്യത്തിന്റെ സൗന്ദര്യത്തിലേക്ക് ( 1 – 2 )

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles