Current Date

Search
Close this search box.
Search
Close this search box.

മൗലാനാ മൗദൂദിയുമായി തർക്കിച്ചും സംവദിച്ചും ..

( മൗലാനാ മൗദൂദിയുമായി നേരിൽ കണ്ട് സംവദിച്ചതിന്റെ അനുഭവങ്ങൾ അയവിറക്കുകയാണ് ഈയിടെ നമ്മോട് വിടപറഞ്ഞ പണ്ഡിതനും ഗവേഷകനുമായ നജാത്തുല്ലാ സിദ്ദീഖി )

‘ജീവിതത്തിന്റെ സർവ മേഖലകളിലും വളരെ പ്രതിബദ്ധതയോടെ ഇസ്ലാമിക നിയമങ്ങൾ നടപ്പാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വേറെ ഒരു ഭരണാധികാരി ഇവിടെ ഉണ്ടായിട്ടില്ല.’ രൂപീകരണ കാലം തൊട്ടേ പാകിസ്ഥാനിൽ ജനാധിപത്യ പ്രക്രിയക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത പാക് ജമാഅത്തെ ഇസ്ലാമി എന്തിന് ഒരു സൈനിക സ്വേഛാധിപതി (സിയാഉൽ ഹഖ് )യെ പിന്തുണക്കാൻ പോയി എന്ന എന്റെ ചോദ്യത്താടുള്ള പ്രതികരണമായാണ് മൗലാനാ മൗദൂദി (1903- 1979 )ഇങ്ങനെ പറഞ്ഞത്. 1978 ജൂലൈ തുടക്കത്തിലാണ് ഈ സംഭാഷണം. ലാഹോറിലെ മൗലാനയുടെ താമസ സ്ഥലത്തുള്ള ഓഫീസിൽ വെച്ച്. ഇത് പാകിസ്ഥാനിലേക്കുള്ള എന്റെ ആദ്യ സന്ദർശനമായിരുന്നു. ഞങ്ങൾക്ക് ഒടുവിൽ എത്തിച്ചേരേണ്ടത് കറാച്ചിയിലാണ്. എന്റെ ഭാര്യ ഹുമൈറ സിദ്ദീഖി, മക്കളായ അർശദ്, ഖാലിദ്, സീമ, ദീബ എന്നിവർ ഒപ്പമുണ്ട്. മൻസ്വൂറയിലെ ജമാഅത്ത് ഹെഡ്ക്വാർട്ടേഴ്സിലാണ് ഞങ്ങൾ തങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം മൗലാനയുടെ വീട്ടിൽ ഞങ്ങൾക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഹുമൈറ, ബീഗം മൗദൂദിയുമായും കുട്ടികളുമായും സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ മൗലാനയോട് പറഞ്ഞു : ‘താങ്കൾ ഈ കുട്ടികൾക്ക് ബർകത്ത് ഉണ്ടാകാൻ പരമ്പരാഗത രീതിയിൽ പ്രാർഥിക്കണം.’ അത് പ്രകാരം അദ്ദേഹം അവർ ഓരോരുത്തരുടെയും തലയിൽ കൈ വെച്ചു പ്രാർഥിച്ചു.

തുടക്കത്തിൽ പറഞ്ഞ സംഭാഷണമുണ്ടല്ലോ, ആ സമയത്ത് ഞാനും മൗലാനയും ഒറ്റക്കായിരുന്നു. ജനറൽ മുഹമ്മദ് സിയാഉൽ ഹഖിന്റെ കീഴിൽ വരാൻ പോകുന്ന ഗവൺമെന്റിൽ ജമാഅത്ത് പങ്കാളിയാകാൻ പോകുന്നതിലുള്ള ഉൽക്കണ്ഠയാണ് ഞാൻ പങ്ക് വെച്ചത്. അതിന്റെ അനന്തരഫലത്തെക്കുറിച്ച് എനിക്ക് സംശയമുണ്ടായിരുന്നു ( ജമാഅത്ത് ആ തീരുമാനം എടുത്തു കഴിഞ്ഞിരുന്നെങ്കിലും അന്നത് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല). പ്രായോഗിക രാഷ്ടീയത്തിൽ പിന്നീട് ഉണ്ടായിത്തീരുന്ന ചുവട് മാറ്റങ്ങൾ ജമാഅത്തിനെ നിരാശപ്പെടുത്തും എന്നത് മാത്രമായിരുന്നില്ല എന്റെ ആധി. അത് ലോകം മുഴുക്കെയുള്ള ഇസ്ലാമിസ്റ്റുകൾക്കും അവരെ നിരീക്ഷിക്കുന്നവർക്കും തെറ്റായ സന്ദേശം നൽകുമെന്ന പ്രശ്നവുമുണ്ട്. ജനാധിപത്യത്താടുള്ള നമ്മുടെ പ്രതിബദ്ധത തത്ത്വാധിഷ്ഠിധമാണോ അതോ വെറും സ്ട്രാറ്റജി മാത്രമാണോ? ഇങ്ങനെ വലിയൊരു ചോദ്യം അവിടെ ഉയർന്നുവരുന്നുണ്ട്.

കിഴക്കൻ പാകിസ്ഥാനിലും പടിഞ്ഞാറൻ പാകിസ്ഥാനിലും മൗലാനാ മൗദൂദി നടത്തിയ ആദ്യകാല പ്രഭാഷണങ്ങൾ ശ്രദ്ധിക്കുന്നവർക്കറിയാം, അവ സ്ഥാപിക്കുന്ന പ്രധാന വാദമുഖം ഇതായിരിക്കും: ‘,നാട്ടിൽ ബഹുഭൂരിപക്ഷവും മുസ്ലിംകളായതിനാൽ ജനാധിപത്യപരമായും സുതാര്യമായും നടക്കുന്ന തെരഞ്ഞെടുപ്പുകൾ തന്നെയായിരിക്കും പാകിസ്ഥാനിൽ ഇസ്ലാമിക ഭരണ രീതി കൊണ്ട് വരാനുളള ഏറ്റവും മികച്ച വഴി.’ ഈ വാദഗതി മനസ്സിൽ ഉള്ളത് കൊണ്ടാവാം, മൗലാനയുടെ ഇപ്പോഴത്തെ മറുപടി വേണ്ടത്ര തൃപ്തികരമായി തോന്നിയില്ല. കുറച്ചിട ആലോചിച്ച ശേഷമാണ് മൗലാനാ ആ മറുപടി പറഞ്ഞത്. അദ്ദേഹമത് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്ന് തോന്നി. ഇതിന് മുമ്പ് ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ലായിരുന്നെങ്കിലും, ഞാൻ അദ്ദേഹത്തിന് അന്യനായിരുന്നില്ല. ‘ഇസ്ലാം, സമ്പദ് ശാസ്ത്രം, സാഹിത്യം – കത്തുകളിൽ തെളിയുന്നത്’ ( Islam, Economics and Literature Mirrored in Letters) എന്ന എന്റെ പുസ്തകത്തിൽ നിന്ന് വ്യക്തമാവുന്ന പോലെ, 1945 മുതൽക്കേ എനിക്ക് അദ്ദേഹവുമായി കത്തിടപാടുകളുണ്ട്. എന്റെ ‘പലിശരഹിത ബാങ്കിംഗ്’ എന്ന പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി അഭിപ്രായമറിയാൻ ഞാൻ അദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നു. ‘പുനർ വായന അർഹിക്കുന്ന ചില ആധുനിക ഇസ്ലാമിക ചിന്താധാരകൾ’ എന്ന, പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു പ്രബന്ധവും ഞാൻ അദ്ദേഹത്തിന് അയക്കുകയുണ്ടായി. വളരെ തിരക്ക് പിടിച്ച, എന്നാൽ ആരോഗ്യം മോശമായ അവസ്ഥയിലായിരുന്നിട്ടും എന്റെ ഓരോ കത്തിനും അദ്ദേഹം മറുപടി അയച്ചിട്ടുണ്ട്. അഭിപ്രായമാരാഞ്ഞപ്പോൾ തന്റെ അഭിപ്രായവും പറഞ്ഞിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ, അങ്ങനെയൊരു ചോദ്യം ചോദിക്കാൻ അർഹതയുള്ള, അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ രചനകളും ‘കലക്കിക്കുടിച്ച’ ഒരു വിദ്യാർഥി തന്നെയാണ് ചോദിച്ചിരിക്കുന്നത്.

‘സുൽഫിഖർ അലി ഭൂട്ടോ എന്റെ പിന്നാലെ ഗുണ്ടകളെ അയച്ചിട്ടുണ്ടായിരുന്നു. ജമാഅത്ത് കുട്ടികൾ (വിദ്യാർഥി സംഘടനയായ ജംഇയ്യത്തു ത്വലബയുടെ പ്രവർത്തകർ ) ഈ മതിലുകൾക്ക് മുകളിൽ രാത്രി കാവലിരുന്നാണ് അക്രമികളിൽ നിന്ന് എന്നെ രക്ഷിച്ചത്.’ മുറ്റത്തെ ചുമരുകൾ ചൂണ്ടി മൗലാന പറഞ്ഞു.’ ഇയാൾ ( സിയാഉൽ ഹഖ് )അനുഷ്ടാനങ്ങളൊക്കെ നിർവഹിക്കുന്ന മുസ്ലിമാണ്. ഖുലഫാഉർറാശിദുകളെ മാതൃകയാക്കും എന്നൊക്കെയാണ് അയാൾ വാക്ക് തന്നിരിക്കുന്നത്.’

അപ്പോഴും ജനാധിപത്യ പ്രക്രിയയോട് മൗലാന പുലർത്തിയ പ്രതിബദ്ധതയെ പ്രതി എനിക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്ന ആദരവിന് ഒരു കുറവും ഉണ്ടായില്ല. തൊള്ളായിരത്തി അറുപതുകളിൽ ഒരു സംഘം അറബ് യുവാക്കൾ അദ്ദേഹത്തെ കാണാൻ വന്നു. കടുത്ത സ്വേഛാധിപത്യ ഭരണകൂടങ്ങൾ നിലനിൽക്കുന്ന അറബ് രാജ്യങ്ങളിൽ ഇസ്ലാമിക മാറ്റമുണ്ടാക്കാൻ ചിലപ്പോൾ ഹിംസയുടെ വഴി സ്വീകരിക്കേണ്ടിവരുമെന്ന് അവർ വാദിച്ചു. അതെക്കുറിച്ച് മൗലാനയുടെ അഭിപ്രായം തേടാൻ വന്നതാണ്. വളരെ ക്ഷമാപൂർവം ഹിംസയുടെ വഴി തെരഞ്ഞെടുത്താലുള്ള അപകടം മൗലാനാ ആ യുവാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തി. പ്രബോധന പ്രവർത്തനങ്ങളിൽ ഹിംസക്ക് ഒരു സ്ഥാനവുമില്ലെന്ന തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. അദ്ദേഹം അവരോട് പറഞ്ഞു: ബലപ്രയോഗത്തിലൂടെ അധികാരം നേടുന്നവർക്ക് ബലപ്രയോഗത്തിലൂടെ അത് നിലനിർത്തേണ്ടതായും വരും. ജനപിന്തുണ അവർക്ക് കിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി രഹസ്യ പ്രവർത്തനങ്ങൾ നടത്തുന്നവർ ഗൂഢാലോചകരെപ്പോലെ പ്രവർത്തിക്കേണ്ടിവരും. അവർക്ക് ചുറ്റും പലതരം ഗൂഢാലോചന കൾ നടക്കുന്നുണ്ടാവും. അവയെ നേരിടാൻ മറുപക്ഷ ഗൂഢാലോചകരുടെ വഴി തന്നെ ഇവർക്കും സ്വീകരിക്കേണ്ടിവരും. ഇതിനെതിരെയാണല്ലോ ആദ്യം അവർ രംഗത്തിറങ്ങിയിട്ടുണ്ടായിരുന്നത്.

ഏതായാലും ഞാൻ മൗലാനയോട് വാദിച്ച് നിൽക്കാനൊന്നും മിനക്കെട്ടില്ല. അത് എന്റെ രീതിയല്ല. വിധിക്കാനല്ല, മനസ്സിലാക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ഒരു നിർണ്ണിത ലക്ഷ്യത്തിൽ കണ്ണുനട്ടിരിക്കുന്ന ഒരാളിൽ, അമൂർത്ത തത്ത്വങ്ങളെ പിന്തുടരുന്നതിനേക്കാൾ വ്യക്തികളെ വിശ്വാസത്തിലെടുക്കാനുള്ള പ്രലോഭനം ചിലപ്പോൾ കൂടിയ അളവിൽ ഉണ്ടായെന്ന് വരാം.

അത് വിട്ട് ഞങ്ങളുടെ ചർച്ച മറ്റൊരു വിഷയത്തിലേക്ക് കടന്നു. ആ സമയത്ത് ഞങ്ങളുടെ കൂടെ മിയാൻ ത്വുഫൈൽ സാഹിബും റഹ്മത്തെ ഇലാഹി സാഹിബും ഉണ്ട്. ത്വുഫൈൽ സാഹിബാണ് പുതിയൊരു വിഷയം എടുത്തിട്ടത്: ‘നിങ്ങൾക്ക് പാകിസ്ഥാനിലേക്ക് കുടിയേറി ഞങ്ങളെ സഹായിച്ചു കൂടേ? ഞങ്ങൾക്കിവിടെ സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഖുർശിദ് അഹ്മദ് സാഹിബ് മാത്രമേയുള്ളൂ. അദ്ദേഹത്തിന് എല്ലാം കൂടി ചെയ്യാൻ കഴിയില്ലല്ലോ.’

വളരെ അപ്രതീക്ഷിതമായിരുന്നു ഇങ്ങനെയൊരു സംസാരം. ഉത്തരം പറയാനാകാതെ ഞാനങ്ങനെ ഇരുന്നു പോയി. പിന്നീട് ഞാൻ അവരോട് പറഞ്ഞു: ‘നോക്കൂ ഞാൻ ചെയ്യുന്നത് അക്കാദമിക്ക് വർക്കുകളാണ്. അത് അലീഗഢിൽ നിന്ന് ചെയ്താലും ലാഹോറിൽ നിന്ന് ചെയ്താലും മാറ്റമൊന്നുമുണ്ടാവില്ല.’ മിയാൻ സാഹിബിന് അത് അറിയാം. 1997-ൽ ജമാഅത്ത് അതിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ എന്റെ രണ്ട് കൃതികൾ അതിൽ റഫറൻസായി ചേർത്തിരുന്നു. മൗലാനയും വിഷയം ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ട്. ഇസ്ലാമിക ഗവേഷണത്തിന് പുതിയ രൂപരേഖ സമർപ്പിക്കുന്ന നയാ നിസാമെ തഅലീം പോലുള്ള തന്റെ പ്രബന്ധങ്ങളെ ആധാരമാക്കി സ്ഥാപിതമായ ഇന്ത്യയിലെ സാനവി ദർസ് ഗാഹിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആളാണ് ഞാനെന്ന് മൗലാനക്കറിയാം. പാകിസ്ഥാനിലേക്കില്ല എന്ന എന്റെ നിലപാടിന് ഇതെല്ലാം ബലം നൽകി. എന്നെപ്പോലുള്ളവരെ ഇന്ത്യക്കും ആവശ്യമുണ്ടെന്ന് ഞാൻ മറുവാദവും ഉയർത്തി.

മൗലാനാ എന്റെ നിലപാടിനെ അനുകൂലിച്ചു. പിന്നീട് ഡൽഹിയിൽ നിന്ന് അക്കാലത്ത് പുറത്തിറങ്ങിയിരുന്ന ദഅവത്ത് ദിന പത്രത്തിന്റെ ഒരു കോപ്പി തന്റെ മേശപ്പുറത്ത് നിന്ന് കണ്ടെടുത്ത് എന്നെ കാണിച്ചു. അടുത്ത കാലത്ത് ഇസ്ലാം സ്വീകരിച്ച തമിഴ്നാട്ടിൽ നിന്നുള്ള അബ്ദുല്ല അടിയാരുമായി ഒരു ഇന്റർവ്യൂ അതിൽ കൊടുത്തിരുന്നു. മൗലാനാ അത്ഭുതത്തോടെ പറയുകയാണ്: ‘എന്തെല്ലാം അവിടെ നടന്നിരിക്കുന്നു! എന്നിട്ടും അവിടെ നിന്ന് ഇത്രയും തുറന്ന മനസ്സുള്ള, ധീരതയുളള ആളുകൾ മുന്നോട്ട് വരുന്നു! എന്ത് വലിയ സാധ്യതയാണ്! അർപ്പണബോധമുള്ള മുസ്ലിംകൾ ഉണ്ടായി വന്നിരുന്നെങ്കിൽ!’

ഞങ്ങൾ ഇനിയും പല കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടാവണം. പക്ഷെ ഈ രണ്ട് കാര്യങ്ങളാണ് ഓർമയിൽ തങ്ങി നിൽക്കുന്നത്. പിന്നെ ഞാൻ ഈ വീട് സന്ദർശിക്കുന്നത് വർഷങ്ങൾക്ക് ശേഷം 1987 ൽ ആണ്. ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. ഉടൻ ലാഹോറിലെത്തി മൗലാനയുടെ ഖബറിന്നരികെ നിന്ന് അദ്ദേഹത്തിന് വേണ്ടി പ്രാർഥിച്ചു. ഞാൻ ആദ്യ തവണ വന്ന സന്ദർഭത്തിൽ, നമസ്കാരത്തിന് സമയമായപ്പോൾ ഇമാം നിൽക്കാൻ എന്നോട് മൗലാനാ ആവശ്യപ്പെട്ടിരുന്നു. കാൽമുട്ട് വേദന കാരണം അദ്ദേഹം ഒരു കസേരയിലിരുന്നാണ് നമസ്കരിച്ചിരുന്നത്. ആ ഒഴികഴിവ് വളരെ ന്യായം തന്നെ. പക്ഷെ മൗലാനയിൽ നിന്നുള്ള ആയൊരൊറ്റ അഭ്യർഥന എന്നിലുണ്ടാക്കിയ മതിപ്പും അനുഭൂതിയും വാക്കുകൾക്കും വാദങ്ങൾക്കുമതീതം. മനുഷ്യൻ യുക്തി കൊണ്ട് മാത്രമല്ലല്ലോ ജീവിക്കുനത്.

ഞങ്ങൾ ജിദ്ദയിലെ കിങ്ങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലായിരിക്കെയാണ്, 1979 സെപ്തംബറിൽ മൗലാനയുടെ മരണ വാർത്ത എത്തുന്നത്. അന്ന് യൂനിവേഴ്സിറ്റിയിൽ വെച്ച് ശൈഖ് മുഹമ്മദ് ഖുത്വ് ബും ഡോ.അബ്ദുല്ലാ നസ്വീഫും നടത്തിയ ഉജ്ജ്വലമായ അനുശോചന ഭാഷണങ്ങൾ ഓർക്കുന്നു. ഞാനിവിടെ പറഞ്ഞിരിക്കുന്നതിലധികവും വിടപറഞ്ഞ നേതാവിന്റെ / ചിന്തകന്റെ/ പണ്ഡിതന്റെ റിസർച്ച് അജണ്ടകളെക്കുറിച്ചാണ് ; ആ ചിന്തകൾ ഉണർത്തി വിട്ട പ്രയോഗ രംഗത്തുളള ഇസ്ലാമിക ആക്ടിവിസത്തെ കുറിച്ചല്ല. ഗവേഷണമാവണം ആക്ടിവിസത്തെ നയിക്കേണ്ടത്. എങ്കിലേ സംതുലനമുണ്ടാക്കാനാവൂ. അല്ലെങ്കിൽ കാര്യങ്ങൾ ചിലപ്പോൾ കൈവിട്ടു പോകും.

വിവ. അശ്റഫ് കീഴുപറമ്പ്

Related Articles