Current Date

Search
Close this search box.
Search
Close this search box.

‘ഇഖ്‌വാനികള്‍ റസൂലിനെ സ്മരിക്കുന്നതിനെക്കാള്‍ ഹസനുല്‍ബന്നയെയാണ് സ്മരിക്കുന്നത്’

എനിക്ക് പതിനഞ്ച് വയസ്സാകുന്നതിന് മുമ്പ് എന്റെ ഉപ്പ മരിക്കണമെന്ന് അല്ലാഹു തീരുമാനിച്ചു. അങ്ങനെ, ഞാന്‍ നഷ്ടബോധത്തിന്റെ വേദനയറിഞ്ഞു. അത് വല്ലാത്തൊരു നഷ്ടമായിരുന്നു. ഉപ്പ മരിച്ച ദിവസം എന്റെ നട്ടെല്ല് പൊട്ടിയതുപോലെ എനിക്ക് തോന്നി. ഈജിപ്തിലെ ഏറ്റവും ചൂടേറിയ ആഗസ്റ്റ് മാസത്തില്‍ ഉപ്പ മരണപ്പെട്ടിട്ടും എനിക്ക് കൊടും തണുപ്പ് അനുഭവപ്പെട്ടു. അതെനിക്ക് വിചിത്രമായി തോന്നിയില്ല. കാരണം, എന്റെ ഉപ്പയായിരുന്നു എന്റെ ശക്തി. ചെറുപ്രായത്തില്‍ ഞാന്‍ വലിയ നാണക്കാരിയായിരുന്നു. എന്റെ ഉപ്പ എന്നെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താലല്ലാതെ, അടുത്തവരോടും അകന്നവരോടും ഞാന്‍ സലാം പറയുകയോ സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല. ഉപ്പയുള്ളപ്പോള്‍ എനിക്കുണ്ടായിരുന്ന കരുത്ത്, ഉപ്പയില്ലാതായപ്പോള്‍ എന്നെ വല്ലാതെ ദുര്‍ബലയാക്കി. ആ കരുത്ത്, ഇഷ്ടമില്ലാത്തവരോട് അഹങ്കാരത്തോടെയോ ചിലപ്പോള്‍ താല്‍പര്യമില്ലാതെയോ പെരുമാറാന്‍ നാണം കുണുങ്ങിയായ എന്നോട് ആവശ്യപ്പെട്ടു. എന്നിലുണ്ടായിരുന്ന ഈ വൈരുധ്യം ഉപ്പയുടെ മരണത്തിന് തൊട്ട് മുമ്പ് എന്നെ അമ്പരിപ്പിച്ചിരുന്നു. അതും എനിക്ക് വിചിത്രമായി തോന്നിയില്ല. കാരണം, ഞാനേതെങ്കിലും കാര്യത്തില്‍ ആശയക്കുഴപ്പത്തിലാകുമ്പോള്‍ ഉപ്പ എന്റെ രക്ഷകനായെത്തിയിരുന്നു. ആയതിനാല്‍, ഒരു കുട്ടിയുടെ ചെറിയ ലോകത്ത് സമാനതകളില്ലാത്ത സുഖവും ആശ്വാസവും ഞാന്‍ അനുഭവിച്ചു. ഉപ്പ എന്റെ കുഞ്ഞു കഥകള്‍ കേള്‍ക്കുകയും എന്നോട് സംസാരിക്കുകയും അത് എന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും തിരുത്തുകയും ചെയ്തു. അതെനിക്ക് വളര്‍ച്ചയും ആത്മാഭിമാനവും പകര്‍ന്നു. ഈ ഗുണം കുട്ടികള്‍ക്ക് സന്തോഷവും ആഹ്ലാദവും കൊണ്ടുവരുന്നതാണ്. ഞാനെന്റെ എല്ലാ രഹസ്യവും ഉപ്പയോടും പറയുമായിരുന്നു. എനിക്ക് കൂട്ടുകാരികളെക്കാള്‍ ഉപ്പയോടായിരുന്നു അടുപ്പം.

പൊതുകാര്യങ്ങളിലെയും സ്റ്റേറ്റില്‍ വഹിച്ചിരുന്ന പദവികളിലെയും തിരക്കുകള്‍ക്കിടയിലും, എന്റെയും സഹോദരിയുടെയും ചോദ്യങ്ങളെ ഉപ്പ ചെറുതായി കണ്ടില്ല. ഞങ്ങളുടെ ചോദ്യങ്ങളോട് ശാന്തമായി പ്രതികരിക്കുമായിരുന്നു. പപ്പാ, ഇന്ന് എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങള്‍ ചോദിക്കുമ്പോള്‍ ഉപ്പ പറയും; എനിക്ക് പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും കൂടിക്കാഴ്ചയുണ്ട്. പിന്നെ, കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുകയും, ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കുകയും ചെയ്യണം. ശേഷം ഇന്ന സ്ഥലത്തേക്ക് പോകും. ഉപ്പയുടെ എല്ലാ ദിവസവും തിരക്കുള്ളതായിരുന്നു. ദിവസത്തില്‍ വളരെ കുറഞ്ഞ മണിക്കൂറുകള്‍ മാത്രമാണ് ഞങ്ങള്‍ ഉപ്പയെ കാണുന്നത്. ഉപ്പയുടെ തിരിക്ക് കാരണം, ഇന്ന് മഴപെയ്തിരുന്നെങ്കിലെന്ന് ഉമ്മ പലപ്പോഴും പ്രാര്‍ഥിച്ചിരുന്നു. അങ്ങനെ, ഒരു ദിവസം ഉപ്പയുടെ പരിപാടികള്‍ തടസ്സപ്പെടുകയും ഉപ്പ ഞങ്ങളുടെ കൂടെയാവുകയും ഞങ്ങളോട് സംസാരിക്കുകയും ചെയ്യുമല്ലോ! അങ്ങനെയൊക്കെയാണെങ്കിലും, ഞങ്ങള്‍ വഴിമാറുന്നുവെന്ന് തോന്നിയാല്‍ ഞങ്ങളുടെ പെരുമാറ്റം ശരിയാക്കാന്‍ ഒരിക്കലും ഉപ്പ മറന്നിരുന്നില്ല. ഉപ്പ പത്രം വായിക്കുമ്പോള്‍ ഉപ്പയുടെ അരികില്‍ ഞങ്ങള്‍ കളിച്ചാനന്ദിക്കുകയായിരിക്കും. ഞങ്ങളിലാരെങ്കിലും പരിധിവിടുകയാണെങ്കില്‍ ‘മോശം’ എന്ന് പറഞ്ഞ് തടയാന്‍ ഉപ്പ ഒരിക്കലും മറന്നിരുന്നില്ല. വായനയില്‍ മുഴുകിയിരിക്കെ, എങ്ങനെ ഉപ്പക്ക് ഞങ്ങളെ കേള്‍ക്കാന്‍ കഴിഞ്ഞുവെന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു.

കുട്ടിക്കാലം മതുല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെയുള്ള ഓരോ ദിവസവും ഉപ്പയോടുള്ള സ്നേഹം വര്‍ധിച്ചുകൊണ്ടിരുന്നു. ഉപ്പയിലൂടെയാണ് ഞാന്‍ ലോകം കണ്ടത്. ഉപ്പയുടെ പദവിയും ഉപ്പയെ അറിയുന്നവര്‍ ഉപ്പക്ക് നല്‍കിയ സ്ഥാനവും ഞാന്‍ കണ്ടു. വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും ഞങ്ങള്‍ പിന്‍പറ്റുന്നതില്‍ ഉപ്പക്കുണ്ടായിരുന്ന നിരന്തരമായ താല്‍പര്യം ഉപ്പയുടെ പരലോക വിശ്വാസം എന്നെ ബോധ്യപ്പെടുത്തി. ഞങ്ങള്‍, ഇസ്‌ലാമാണ് ശരിയായ ജീവിതരീതിയെന്ന് കേവലമായി മനസ്സിലാക്കിയ കുട്ടികളായിരുന്നു. എനിക്കെന്റെ ഉപ്പയെ ഒരുപാട് ഇഷ്ടമായിരുന്നു. അത്, ഇസ്‌ലാമിനെ ദീനായി തൃപ്തിപ്പെടുകയും ഒരു മുസ്ലിം എങ്ങനെയാണ് ജീവിക്കേണ്ടത് അങ്ങനെ ജീവിക്കുകയും ചെയ്ത വിവേകമുള്ള വ്യക്തിയോടുള്ള ആദരവായിരുന്നു. ഉപ്പ എന്റെ കണ്‍മുന്നില്‍ വെച്ചാണ് അല്ലാഹുവിലേക്ക് യാത്രയായത്. അതെന്റെ ജീവിതത്തിലെ പുതിയ ഘട്ടമായിരുന്നു.

ഉപ്പയുടെ മരണം ഡോക്ടര്‍ സ്ഥരീകരിച്ചതിന് ശേഷം, പിശാച് തന്ത്രത്തില്‍ വന്ന് എന്നോട് മന്ത്രിച്ചത് ഞാനോര്‍ക്കുന്നു; നിന്റെ ശക്തിയായിരുന്ന നിന്റെ ഉപ്പ മരിച്ചുവോ? ഞാനവനെ ആട്ടിയോടിച്ച് പറഞ്ഞു; എന്നാല്‍ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ആളുകളുടെ ചുമലിലേറി വീട്ടില്‍ നിന്ന് പുറത്തേക്ക് ഉപ്പ പോകുമ്പോള്‍, ഞാന്‍ ഉപ്പയോട് എല്ലാ സ്ഥൈര്യത്തോടെയും പറഞ്ഞു; വീണ്ടും കാണാം. അഞ്ച് വയസ്സുള്ളപ്പോള്‍ എന്റെ ഉപ്പ എനിക്ക് പകര്‍ന്നുതന്ന സ്ഥൈര്യമാണത്. വല്ലുപ്പയെ എന്റെ ഉപ്പയും വല്ലുമ്മയും ആദരവോടെ ഓര്‍ക്കുകയും അദ്ദേഹത്തിന് കാരുണ്യം ചൊരിയാന്‍ അല്ലാഹുവിനോട് തേടുകയുമായിരുന്നു. വല്ലുപ്പയെ കുറിച്ചുള്ള സംസാരത്തിനിടെ ഞാന്‍ ഉപ്പയോട് ചോദിച്ചു; ഞാന്‍ വല്ലുപ്പയെ കാണുമോ? ഉപ്പയുടെ കൃത്യമായ മറുപടിയാണ് കുട്ടിക്കാലത്ത് എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന യാഥാര്‍ഥ്യത്തെ കുറിച്ച് ബോധ്യപ്പെടുത്തിയത്. നമുക്കെല്ലാവര്‍ക്കും മരണമുണ്ട്. പിന്നീട് നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ എന്നെന്നും സ്വര്‍ഗത്തില്‍ താമസിക്കുകയും ചെയ്യുമെന്ന് ഉപ്പ പറഞ്ഞതിന് ശേഷം എന്റെ എല്ലാ സംശയങ്ങളും നീങ്ങി.

എന്നാല്‍, ഉപ്പയെ കണ്ടുമുട്ടുമെന്ന ഉറപ്പുണ്ടായിരിക്കെ തന്നെ നഷ്ടബോധത്തിന്റെ വേദന ഞാനനുഭവിച്ചു. മരം ഉണങ്ങിയതിന് ശേഷം നിലത്തേക്ക് വീണ ചില്ലപോലെയായി ഞാന്‍. മരണമില്ലാതെ എന്നെന്നും ജീവിക്കുന്ന സ്രഷ്ടാവിലേക്ക് മടങ്ങി ഞാനെന്റെ വേദനയെ മറികടന്നു. എന്നാല്‍, ഉപ്പയുടെ ഓര്‍മയില്‍ നിന്ന് മുക്തമായില്ല. പ്രത്യേകിച്ച്, ഐനുശ്ശംസ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആര്‍ട്സില്‍ ചേര്‍ന്നപ്പോള്‍. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയിരുന്നപ്പോള്‍, ഉപ്പയോടൊപ്പമുള്ള എന്റെ സംസാരവും ചര്‍ച്ചകളും ഞാനോര്‍ത്തുപോയി. കോളേജ് മസ്ജിദിനകത്ത് സലഫീ പ്രസ്ഥാനത്തിന്റെയും ഇഖ്വാനുല്‍ മുസ്ലിമൂന്റെയും, പുറത്ത് നാസറിസ്റ്റ് പ്രസ്ഥാനത്തിന്റെയും വിദ്യാര്‍ഥികള്‍ സംസാരങ്ങളിലും ചര്‍ച്ചകളിലും മുഴുകിയിരിക്കുകയായിരുന്നു. അപ്പോഴാണ്, ഭയം ഊറിനില്‍ക്കുന്ന രൂപത്തിലും പ്രബോധന പ്രവര്‍ത്തനത്തിലും പ്രസിദ്ധരായ മുതിര്‍ന്ന സലഫി ശൈഖുമാരെ പാടിപുകഴ്ത്തുന്ന സലഫിസ്റ്റുകളിലേക്ക് എന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. അതുപോലെ, ഇഖ്വാന്‍ മുസ്ലിമൂന്റെ വിദ്യാര്‍ഥികള്‍ പ്രസ്ഥാനത്തിലെ മുതിര്‍ന്ന നേതാക്കളെയും പ്രത്യേകിച്ച് സ്ഥാപകന്‍ ഹസനുല്‍ ബന്നയെയും പാടിപുകഴ്ത്തിയിരുന്നു; വിശുദ്ധരായി വാഴ്ത്തിയിരുന്നു. അവര്‍ റസൂലിനെ (സ) സ്മരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഹസനുല്‍ബന്നയെയാണ് സ്മരിച്ചത്. നാസറിസ്റ്റുകളായ വിദ്യാര്‍ഥികള്‍ ജമാല്‍ അബ്ദുന്നാസറിനെയും വിശുദ്ധനായി വാഴ്ത്തിയിരുന്നു. കുറവുകളില്‍ നിന്നും ന്യൂനതകളില്‍ നിന്നും പാടിപുകഴ്ത്തി വിശുദ്ധിയുടെ തലത്തിലേക്ക് വാദിക്കുന്നവരുടെ വാക്കുകളും പ്രവൃത്തികളും വിദ്യാര്‍ഥികള്‍ ന്യായീകരിക്കുന്നത് ഞാന്‍ കണ്ടു. എന്നാല്‍, അല്ലാഹു തെരഞ്ഞെടുത്ത മുര്‍സലുകളും അമ്പിയാക്കളും മാലാഖമാരുമല്ലാതെ അല്ലാഹുവിന്റെ സൃഷ്ടികളില്‍ മറ്റാരും ന്യൂനതകളില്‍ നിന്നും കുറവുകളില്‍ നിന്നും മുക്തമാകുന്നില്ല.

ആയതിനാല്‍, അവരെല്ലാവരോടും എനിക്ക് ദേഷ്യവും കോപവും വന്നു. ഉപ്പയുടെ വാക്കും പ്രവൃത്തിയും കണ്ട് എന്റെ മനസ്സില്‍ ഉപ്പയോട് വലിയ ബഹുമാനമുണ്ടായിട്ടും, ഉപ്പയെ വിശുദ്ധനായി വാഴ്ത്തുന്നതില്‍ നിന്ന് എന്നെ രക്ഷിച്ച അല്ലാഹുവിനോട് ഞാന്‍ സ്തുതി പറഞ്ഞു. അപ്പോള്‍, അവര്‍ എങ്ങനെയാണ് കാണാത്ത വ്യക്തികളെ വിശുദ്ധരായി പാടിപുകഴ്ത്തുന്നത്? അല്ലാഹുവിനോട് ശരണം തേടുന്നു! ഇത് ആളുകള്‍ക്ക് അന്ധത സമ്മാനിക്കുകയും കാര്യങ്ങളെ യാഥാര്‍ഥ്യത്തോടെ സമീപിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്നതാണ്. ഇസ്ലാമില്‍ ദൈവത്തിനും സൃഷ്ടിക്കുമിടയില്‍ മധ്യസ്ഥന്മാരില്ല. ആളുകളുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നതോടൊപ്പം, ഇസ്‌ലാം ആളുകളെ വിശുദ്ധരായി വാഴ്ത്തുന്നതിനെയും പാടിപുകഴ്ത്തുന്നതിനെയും അംഗീകരിക്കുന്നില്ല.

അവലംബം: aljazeera.net
വിവ: അര്‍ശദ് കാരക്കാട്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles