Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ വനിത തടവുകാര്‍ അനുഭവിക്കുന്ന യാതനകള്‍

നമ്മുടെ രാജ്യത്തെ ജയിലുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പൊതുവെ വ്യക്തമാണ്. ഇവിടുത്തെ ജീവിത സാഹചര്യങ്ങള്‍ ഏറെ കഷ്ടമാണ്. പ്രത്യേകിച്ചും വനിതകളാണ് ജയിലുകളില്‍ കൂടുതലും പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. തടവുകാരുടെ അതിപ്രസരമാണ് കൂടുതല്‍ ജയിലുകളിലും അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. ഇതിന്റെ ഫലമായി ശുചിത്വത്തിന്റെ അഭാവവും ഉറങ്ങാന്‍ സൗകര്യമില്ലാത്തതുമെല്ലാം അവരെ വേട്ടയാടുന്നു. വര്‍ഷങ്ങളായി ജയിലുകളില്‍ കഴിയേണ്ടി വരുന്ന വനിത തടവുകാരെയാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഇത് ബാധിക്കുന്നത്.

കണക്കുകള്‍

എന്‍.സി.ആര്‍.ബിയുടെ കണക്ക് പ്രകാരം ചത്തീസ്ഗഢിലാണ് ഏറ്റവും കൂടുതല്‍ തടവുപുള്ളികള്‍ ജയിലുകളില്‍ തിങ്ങിപ്പാര്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 166.4 ശതമാണ് ഇതിന്റെ കണക്ക്. ഇതിന് തൊട്ടുപിന്നില്‍ ഉത്തരാഖഢ് ആണ്. ഇവിടെ 155.3 ശതമാനമാണ്. 142.04 ശതമാനത്തോടെ വെസ്റ്റ് ബംഗാള്‍ ആണ് മൂന്നാം സ്ഥാനത്ത്. 119.85 ശതമാനത്തോടെ മഹാരാഷ്ട്ര നാലാം സ്ഥാനത്തുമാണ്.

2017ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊത്തം 18873 വനിത തടവുകാരാണുള്ളത്. ഇതില്‍ 16 ശതമാനം(3019) പേര്‍ മാത്രമാണ് വനിത ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ബാക്കി 84 ശതമാനവും (15854) മറ്റു ജയിലുകളിലാണ്.

ദുഷ്‌കരമായ സാഹചര്യങ്ങള്‍

ഇതെല്ലാം ജയിലുകളിലെ സ്ത്രീകളുടെ ദയനീയതയെയാണ് കാണിക്കുന്നത്. അവര്‍ക്ക് ദീര്‍ഘകാലം ജയിലുകളില്‍ കഴിയേണ്ടി വരുന്നു എന്ന് മാത്രമല്ല,ഭയാനകമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. സോണി സോറിയെപ്പോലെ തടവിലാക്കപ്പെട്ട സ്ത്രീകള്‍ ഇത്തരത്തില്‍ ജയിലുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിഷമങ്ങളെക്കുറിച്ചും അസഹനീയാവസ്ഥയെക്കുറിച്ചുമെല്ലാം ധാരാളം എഴുതിയിട്ടുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍

ഒരു വര്‍ഷത്തെ കാലതാമസത്തിനു ശേഷം ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് സ്ത്രീകളുടെ പേരില്‍ കൂടുതലും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017ല്‍ ഇന്ത്യയിലുടനീളം 555 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ (301). ആണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്ത കുറ്റകൃത്യങ്ങളാണിവ. കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളും ഈ റിപ്പോര്‍ട്ടുകളില്‍ പ്രതിപാദിക്കുന്നുണ്ട്.

പരിഷ്‌കാരങ്ങള്‍

ഇത്തരത്തില്‍ ദാരുണവും ഭീകരവുമായ സാഹചര്യങ്ങളാണ് വനിത തടവുകാര്‍ നേരിടേണ്ടി വരുന്നത്. ഇതിന് മാറ്റം വരണമെങ്കില്‍ ജയിലുകള്‍ പരിഷ്‌കരിക്കുകയും ഇത്തരം തടവുകാരുടെ കേസുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. മിക്ക ജയിലുകളിലും ഇത്തരക്കാര്‍ക്ക് മെഡിക്കല്‍ അടിയന്തിര ഘട്ടങ്ങളില്‍ സഹായത്തിന് മെഡിക്കല്‍-നോണ്‍ മെഡിക്കല്‍ വനിത സ്റ്റാഫുകളും ഇല്ല. 2014ലെ NCRB റിപ്പോര്‍ട്ട് പ്രകാരം 2012ല്‍ 55 വനിത തടവുകാരാണ് ജയിലില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 47 പേരുടേതും സ്വാഭാവിക മരണമാക്കിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചെണ്ണം ആത്മഹത്യയും മൂന്നെണ്ണം പുറത്തുനിന്നുള്ളവരുടെ ആക്രമണവും മൂലവുമാണ്. ചില സ്ത്രീകള്‍ ജയിലുകളില്‍ ക്ലറിക്കല്‍ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ട്. അത്തരക്കാര്‍ പുരുഷന്മാരുടെ കക്കൂസുകളും റൂമുകളും വൃത്തിയാക്കാനും നിര്‍ബന്ധിതരാകുന്നുണ്ട്.

തടവുകാരില്‍ ഭൂരിഭാഗവും വ്യാജ ആരോപണങ്ങളുടെ പേരില്‍ തടവ് അനുഭവിക്കുന്നവരാണ്. അവര്‍ പുരുഷന്മാരുടെ പീഡനവും ദുരുപയോഗവും സഹിക്കേണ്ടി വരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ ഇവരെ നിരന്തരം അപമാനിക്കുന്നുമുണ്ട്. ഈ വഷളായ സാഹചര്യം അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ട്. തടവുകാരുടെ പൗരാവകാശങ്ങള്‍ നടപ്പിലാക്കാന്‍ ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തു വരണം. വനിത തടവുകാരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നടപടി കൈകൊള്ളുകയും വേണം. എങ്കില്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ.

അവലംബം: countercurrents.org
വിവ: സഹീര്‍ അഹ്മദ്

Related Articles