ആനന്ദ് തെൽ തുംഡെ, വരവര റാവു, റോണ വിൽസൻ, ഹാനി ബാബു…എന്നിങ്ങനെ ഇന്ത്യയിലെ സമുന്നതരായ ഒട്ടനവധി മനുഷ്യാവകാശപ്പോരാളികളെയും സാംസ്കാരിക പ്രവർത്തകരെയും മോദി – അമിത് ഷാ ഫാഷിസ്റ്റ് ഭരണകൂടം ഭീമ കൊറേഗാവ് കീഴാളപക്ഷ പ്രതിഷേധത്തിന്റെ മറവിൽ ജയിലിലടച്ചത് പച്ചക്കള്ളങ്ങൾ ഉണ്ടാക്കി കള്ളക്കേസുകൾ ചുമത്തിയാണെന്നത് പരസ്യമായ രഹസ്യമായിരുന്നു!
ഭീകര ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി 2020 ലാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന 83 വയസ്സുള്ള വന്ദ്യവയോധികനെ എൻ.ഐ.എ അറസ്റ്റു ചെയ്യുന്നത്!
കുറ്റം തെളിയിക്കപ്പെടുന്നതു വരെ ആരോപണ വിധേയരെ നിരപരാധിയായി കാണണമെന്നാണ് നീതിന്യായ വ്യവസ്ഥയുടെ അടിത്തറ! എന്നാൽ ഒരു കുറ്റവും ചെയ്യാത്ത സ്റ്റാൻ സ്വാമിയുടെ ആരോഗ്യ നില വഷളായിട്ടും ഒടുവിൽ വെന്റിലേറ്ററിലായിട്ടും കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയില്ല! പൊലീസ് കസ്റ്റഡിയിലിരിക്കേ 2021 ജൂലൈയിൽ സ്റ്റാൻ സ്വാമി രക്തസാക്ഷിയായി!
ഇപ്പോഴിതാ ആ വൈദികന് ജാമ്യം പോലും ലഭിക്കാതിരിക്കാൻ എൻ.ഐ.എ കോടതിയിൽ നിരത്തിയ വാദങ്ങളത്രയും പെരും നുണകളാണെന്ന് തെളിഞ്ഞിരിക്കുന്നു! പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടു എന്നു തുടങ്ങിയ “തെളിവുകൾ” സ്റ്റാൻ സ്വാമിയുടെ ലാപ് ടോപ്പിൽ സൈബർ നുഴഞ്ഞുകയറ്റം വഴി നിക്ഷേപിച്ചതാണത്രെ! അമേരിക്കൻ ഫോറൻസിക് ലാബ് കണ്ടെത്തിയ സ്തോഭജനകമായ ഈ വാർത്ത “ദി വാഷിംഗ്ടൺ പോസ്റ്റ് ” ആണ് പുറത്തുവിട്ടത്.
( ഭീകര ബന്ധം ആരോപിച്ച് ജയിലിലായ റോണ വിൽസന്റെയും സുരേന്ദ്ര ഗാഡ്ലിങ്ങിന്റെയും കമ്പ്യൂട്ടറുകളിൽ ഹാക്കർ വഴി ധാരാളം രേഖകൾ തിരുകിക്കയറ്റിയതായി നേരത്തേ ആരോപണം ഉണ്ടായിരുന്നു! അതൊക്കെയും സൂര്യവെളിച്ചം പോലെ സത്യങ്ങളാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു! അബ്ദുന്നാസർ മഅദനിയെ പോലെ നിസ്സഹായരായ പരശ്ശതം പേർ കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളുടെ പേരിൽ തടവറകളിൽ തീ തിന്ന് ജീവിക്കുന്നതും ഇതോട് ചേർത്തു വായിക്കുക!)
നേരത്തേ കോടതിയിൽ സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടർ രേഖകൾ കെട്ടിച്ചമച്ചതാണെന്നു വാദിച്ച അദ്ദേഹത്തിന്റെ അഭിഭാഷകരാണ് ഇലക്ട്രോണിക് തെളിവുകളുടെ നിജസ്ഥിതി പരിശോധിക്കാൻ ശ്രമിച്ചത്.
സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടർ 2014 മുതൽ 5 വർഷം ഹാക്കിങ്ങ് ആക്രമങ്ങൾക്ക് വിധേയമായെന്ന് റിപ്പോർട്ടിലുണ്ട്. അദ്ദേഹത്തിന്റെ മാവോയിസ്റ്റ് ബന്ധം സാക്ഷ്യപ്പെടുത്തുന്ന 44 രേഖകൾ ലാപ് ടോപ്പിൽ നിന്ന് കിട്ടിയെന്നാണ് എൻ.ഐ.എ ആരോപിച്ചത്! അവയത്രയും വ്യാജമാണെന്നു തെളിഞ്ഞ സ്ഥിതിക്ക് സുപ്രധാനമായൊരു ചോദ്യമുയരുന്നുണ്ട്:
കരിനിയമം തല്ലിക്കൊഴിച്ച ഈ മനുഷ്യാവകാശ പോരാളിയുടെ ജയിൽ ജീവിത ദുരിതങ്ങൾക്കും വിനഷ്ടമായ ജീവനും എന്തുണ്ട് പരിഹാരം?!
ശിഷ്ടം: കാതോർത്താൽ ഇന്ത്യൻ ജയിലുകളിൽ കരിനിയമങ്ങൾ കൊണ്ട് കറുത്തു പോയ, അകാലത്തിൽ പൊലിഞ്ഞു പോയ ആയിരക്കണക്കിനു മുസ് ലിം യുവാക്കളടക്കമുള്ളവരുടെ ഹൃദയ വേദനകൾ കേൾക്കാം. അതെല്ലാം പ്രതിഷേധത്തിന്റെ തീത്തൈല പ്രവാഹമായി അധികാര കേന്ദ്രങ്ങളുടെ രജത സിംഹാസനങ്ങളെ പൊള്ളിക്കുന്ന ഒരു നാൾ വരാതിരിക്കില്ല, തീർച്ച!
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0