Current Date

Search
Close this search box.
Search
Close this search box.

സാക്ഷി ഒളിച്ചോടിയത് വീട്ടിലെ വിവേചനം കാരണം, പ്രണയത്തിനു വേണ്ടി മാത്രമല്ല

ഉയര്‍ന്ന ജാതിയില്‍ പെട്ട ബി.ജെ.പി എം.എല്‍.എയുടെ മകള്‍ ദലിത് യുവാവുമൊത്ത് ഒളിച്ചോടുകയും തുടര്‍ന്ന് പിതാവിന്റെ ഗുണ്ടകളില്‍ നിന്നും ഇരുവര്‍ക്കും വധ ഭീഷണി ഉണ്ടാവുകയും ചെയ്ത വാര്‍ത്ത നാം കണ്ടതാണ്. 23 വയസ്സുകാരി സാക്ഷി മിശ്രയുടെ നാടകീയ കഥയാണ് സോഷ്യല്‍ മീഡിയകളിലും ദേശീയ ദിനപത്രങ്ങളിലൂടെയും നാം കണ്ടത്. ഹിന്ദി പത്ര-മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രധാന ചര്‍ച്ചാ വിഷയം ഇതായിരുന്നു.

ഉത്തര്‍പ്രദേശിലെ ബറേലി നിയമസഭ മണ്ഡലം എം.എല്‍.എയും ബി.ജെ.പി നേതാവുമായ എലിയാസ് പപ്പു ഭരദ്വാല്‍ എന്നറിയപ്പെടുന്ന രാജേഷ് മിശ്രയുടെ മകളാണ് സാക്ഷി. ജൂലൈ നാലിനാണ് ദലിത് ജാതിയില്‍പ്പെട്ട അജിതേഷ് കുമാറിന്റെ കൂടെ സാക്ഷി നാടുവിട്ടത്. ഒരാഴ്ചക്കു ശേഷം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോവിലൂടെയാണ് തങ്ങള്‍ക്ക് പിതാവില്‍ നിന്നും വധഭീഷണിയും ആക്രമവും നേരിടുന്നുണ്ടെന്ന് പറഞ്ഞത്. അജിതേഷ് കുമാര്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളായത് കൊണ്ടാണ് പിതാവിന്റെ ഗുണ്ടകളും സഹോദരനും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതെന്നാണ് കരഞ്ഞുകൊണ്ട് സാക്ഷി വീഡിയോവിലൂടെ പറഞ്ഞത്. അവര്‍ പിന്മാറണമെന്നും തങ്ങള്‍ക്ക് പൊലിസ് സുരക്ഷ ഒരുക്കണമെന്നുമായിരുന്നു ഇരുവരുടെയും ആവശ്യം.

എന്നാല്‍,തങ്ങള്‍ക്ക് അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലിസ് പറഞ്ഞത്. എന്നാല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ അവരെ കണ്ടെത്തുകയും ചര്‍ച്ചക്കായി അവരെ ചാനല്‍ സ്റ്റുഡിയോവിലെത്തിക്കുകയും ചെയ്തു. ഒളിച്ചോടാനുണ്ടായ കാരണം ഇരുവരും ചര്‍ച്ചയില്‍ വിവരിക്കുകയും വാര്‍ത്ത അവതാരിക ലൈവ് ചര്‍ച്ചക്കിടെ എം.എല്‍.എയുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രാജേഷ് മിശ്ര എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണുണ്ടായത്.

തുടര്‍ന്ന് തിങ്കളാഴ്ച അലഹബാദ് ഹൈക്കോടതി ഇരുവര്‍ക്കും സുരക്ഷ ഒരുക്കാന്‍ പൊലിസിനോട് ഉത്തരവിട്ടു. എന്നാല്‍ കോടതി വരാന്തയില്‍ വെച്ച് അജിതേഷിനു നേരെ അജ്ഞാതന്റെ ആക്രമണമുണ്ടായിരുന്നു. അതേസമയം ഇരുവര്‍ക്കും നേരെ അരങ്ങേറാന്‍ സാധ്യതയുള്ള ദുരഭിമാന കൊലയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു ഇരുവരുമെന്നും റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കാം.

എന്നാല്‍ സിനിമകളില്‍ കാണും പോലെ കേവലം പ്രണയ കഥ മാത്രമല്ല ഈ ഒളിച്ചോട്ടത്തിന് പിന്നില്‍. മറിച്ച്, ഇന്ത്യയിലെ ഭൂരിപക്ഷം സ്ത്രീകളും പെണ്‍കുട്ടികളും വീടുകളില്‍ നേരിടേണ്ടി വരുന്ന കടുത്ത വിവേചനത്തിന്റെ കഥ കൂടിയുണ്ട് ഇതിന് പിന്നില്‍. അവരെ അരികുവല്‍ക്കരിക്കുകയോ അവഗണിക്കുകയോ സാധാരണവല്‍കരിക്കുകയോ ചെയ്യുന്ന വിവേചനത്തിന്റെയും അനീതിയുടെയും കഥയുണ്ട്.

‘എനിക്ക് ധാരാളം സ്വപ്‌നങ്ങളുണ്ടായിരുന്നു’

ആജ് തക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സാക്ഷി മിശ്രയോട് തന്റെ പിതാവിനോട് എന്താണ് പറയാനുള്ളതെന്ന് അവതാരിക ചോദിക്കുന്നുണ്ട്. അതിന് അവര്‍ നല്‍കിയ മറുപടിയില്‍ കൂടുതലും പെണ്‍കുട്ടിയായി എന്നതിന്റെ പേരില്‍ ചെറുപ്പകാലം മുതലേ വീട്ടില്‍ തനിക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു. അല്ലാതെ ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ പിതാവ് എതിര്‍ക്കുന്നതിനെക്കുറിച്ചായിരുന്നില്ല.

എനിക്ക് പഠിക്കണമായിരുന്നു. എനിക്ക് നിരവധി സ്വപ്‌നങ്ങളുണ്ടായിരുന്നു. സാക്ഷി പറഞ്ഞു. പുറത്ത് പോയി ജോലി ചെയ്യാന്‍ തന്നെ അനുവദിച്ചിരുന്നില്ല. തന്റെ പിതാവിന്റെ ഓഫിസില്‍ സഹായത്തിനായി ഞാന്‍ ജോലിയില്‍ കയറട്ടെ എന്ന് പിതാവിനോട് ചോദിച്ചിരുന്നു. ഇതിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാം. എന്റെ സഹോദരന്‍ വിക്കി ഇങ്ങനെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ എന്റെ പപ്പ ഇക്കാര്യം ഒരിക്കല്‍ പോലും ഗൗരവത്തിലെടുത്തില്ല. വീടിനു പുറത്തേക്കിറങ്ങാന്‍ അദ്ദേഹം ഒരിക്കലും എന്നെ അനുവദിച്ചില്ല. എന്നാല്‍ സഹോദരന് അവന്‍ ആവശ്യപ്പെടുന്ന എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു- സാക്ഷി അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് എന്താണോ പഠിക്കാന്‍ ഇഷ്ടം അതിന് അച്ഛന്‍ അനുവദിച്ചിരുന്നില്ല. എന്നെ മാസ് കമ്യൂണിക്കേഷന്‍ പഠിപ്പിക്കാനാണ് പപ്പ തീരുമാനിച്ചത്. അതും വളരെ കര്‍ക്കശമായ അച്ചടക്കമുള്ള കോളേജില്‍. അവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പോലും പാടില്ലായിരുന്നു. പപ്പയുടെ ഈ മനോഗതി മാറ്റണമെന്നും തനിക്കും സഹോദരിക്കും അനിയനെ പോലെ സ്വന്തം ഇഷ്ടപ്രകാരം പഠിക്കാനും പ്രവര്‍ത്തിക്കാനും അനുവദിക്കണമെന്നുമാണ് സാക്ഷി അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്.

പെണ്‍കുട്ടികളുടെ പ്രവൃത്തികള്‍ മാത്രമാണ് അനാദരവ് കാട്ടുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. അങ്ങനെയെങ്കില്‍ നിങ്ങളുടെ ചിന്ത തെറ്റാണ്. ഒരു ആണ്‍കുട്ടി തെറ്റായി വല്ലതും ചെയ്താല്‍ അതും മര്യാദക്കേട് തന്നെയാണ്. സാക്ഷി പിതാവിനോടായി പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള വിവിധ ജാതി,മത,സമുദായങ്ങള്‍ക്കിടയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗ വിവേചനമാണ് സാക്ഷിയുടെ അനുഭവത്തിലൂടെ വിവരിച്ചത്. നൂറ്റാണ്ടുകളായി വിവിധ സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്താനായി നിരവധി പദ്ധതികള്‍ അവതരിപ്പിക്കാറുണ്ട്. ഇന്ത്യയിലെ വീടുകളില്‍ പെണ്‍കുട്ടികളെ ആണ്‍കുട്ടികളില്‍ നിന്നും ഭിന്നമായാണ് പരിചരിക്കുന്നതും പരിഗണിക്കുന്നതും. പെണ്‍കുട്ടികള്‍ക്ക് കുറച്ച് പോഷകാഹാരം,കുറച്ച് സ്വാതതന്ത്ര്യം, പഠിക്കാനും ജോലി ചെയ്യാനും കുറച്ച് സാധ്യതകള്‍ എന്നിവായണുള്ളത്.

ദേശീയ വനിത-ശിശു സംരക്ഷണ കമ്മീഷന്‍ 2018ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 40 ശതമാനം കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. പ്രധാനമായും ഇതിന്റെ കാരണം ചെറുപ്രായത്തില്‍ തന്നെ വീട്ടു ജോലികള്‍ ഇവരുടെ ചുമലില്‍ വന്നു ചേരുന്നു എന്നതാണ്. ഇന്ത്യയിലെ വനിതകളുടെ ജോലി 2018ല്‍ 26 ശതമാനമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവാണെന്ന് കഴിഞ്ഞ വര്‍ഷം ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. 71 ശതമാനം പുരുഷന്മാരും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 38 ശതമാനം സ്ത്രീകള്‍ മാത്രമാണ് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അവലംബം:scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles