Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ സ്കൂളുകളും യൂണിവേഴ്സിറ്റികളും തകർക്കുന്ന ഇസ്രായേൽ

ഇസ്രായേല്‍ ഗസ്സയ്ക്കെതിരെ വിനാശകരമായ സൈനിക ആക്രമണം ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം, ഒക്ടോബര്‍ 9-ന്, ഗസ്സയിലെ റോസറി സിസ്റ്റേഴ്സ് സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരു സയന്‍സ് പരീക്ഷ എഴുതേണ്ടതായിരുന്നു. പക്ഷേ, അവര്‍ക്ക് ഒരിക്കലും ആ പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. സ്‌കൂളും, ലൈബ്രറിയും തിയേറ്ററും നവംബര്‍ നാലിന് ഇസ്രായേല്‍ സൈന്യം നശിപ്പിച്ചതായി, സയന്‍സ് അദ്ധ്യാപിക റുവൈദ അമീര്‍ പറഞ്ഞു.

അധിനിവിഷ്ട ഫലസ്തീനില്‍ യുഎന്‍ നടത്തുന്നവ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് സ്‌കൂളുകളിലേക്ക് ബോംബിട്ടു. നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടു. 100 ദിവസത്തിലധികം നീണ്ട ഇസ്രായേല്‍ ബോംബാക്രമണത്തില്‍, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ പാടെ നശിപ്പിക്കപ്പെടുകയും, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് മാനസിക ആഘാതമുണ്ടാക്കുകയും ചെയ്തു.

യു.എന്‍ ജനറല്‍ അസംബ്ലിയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമായിരുന്നു ജനുവരി 24. എന്നാല്‍, സ്‌കൂളുകള്‍ തകര്‍ന്നുകിടക്കുന്നതിനാല്‍, പതിനായിരക്കണക്കിന് ഗസ്സ വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളിലേക്ക് പോകാനാകാതെ വിഷമിക്കുന്നത്.

എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈയൊരു യുദ്ധത്തില്‍ നിലം പൊത്തിയത് ? കണക്കുകള്‍ പരിശോധിക്കാം…..

ഗസ്സ മുനമ്പില്‍ എത്ര സ്‌കൂളുകളും വിദ്യാര്‍ത്ഥികളുമുണ്ട് ?

ഗസ്സയിലെ 40 ശതമാനത്തിലധികം സ്‌കൂളുകളും (288) യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി (UNRWA) നടത്തുന്നവയാണ്. ബാക്കിയുള്ളവ ഒന്നുകില്‍ ഫലസ്തീനിയന്‍ അതോറിറ്റി നേരിട്ടോ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളോ ആണ്. 2018-ലെ UNRWA യുടെ കണക്കുകള്‍ പ്രകാരം ഗസ്സയില്‍ 737 സ്‌കൂളുകളാണുള്ളത്. 288 UNRWA സ്‌കൂളുകളില്‍ കുറഞ്ഞത് 9,367 അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഗസ്സയിലെ 2.3 ദശലക്ഷം ജനങ്ങളില്‍ 85 ശതമാനത്തിലധികം പേരും പലായനം ചെയ്തതിനാല്‍ അവയെല്ലാം നിലവില്‍ അടച്ചിട്ടിരിക്കുകയാണ്.

ഗസ്സയില്‍ എത്ര കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല ?

ഓഫീസുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളെ ലക്ഷ്യമിടുന്ന യുദ്ധത്തെത്തുടര്‍ന്ന്, ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം 2023-2024 അധ്യയന വര്‍ഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2023 നവംബര്‍ 6 മുതല്‍ ഗസ്സയിലെ ഒരു വിദ്യാര്‍ത്ഥിക്കു പോലും സ്‌കൂളില്‍ പോകാനായില്ല. ഹമാസിനോട് പോരാടുകയാണെന്ന് പറഞ്ഞാണ് ഇസ്രായേല്‍ ഇതിനെയെല്ലാം സ്വയം പ്രതിരോധിച്ചത്. എന്നാല്‍, ഇസ്രായേല്‍ സാധാരണക്കാരെ സംരക്ഷിക്കാന്‍ ഒരു ശ്രമലും നടത്തിയിട്ടില്ലായിരുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.

ഗസ്സയില്‍ 625,000-ത്തിലധികം വിദ്യാര്‍ത്ഥികളും 22,500-ലധികം അധ്യാപകരുമുണ്ടെന്ന് 2023 ഒക്ടോബര്‍ 27-ന് OCHA റിപ്പോര്‍ട്ട് ചെയ്തത്.

ഗസ്സയില്‍ എത്ര സ്‌കൂളുകള്‍ ഉന്നം വെക്കപ്പെട്ടു ?

280 സര്‍ക്കാര്‍ സ്‌കൂളുകളും 65 UNRWA സ്‌കൂളുകളും നശിപ്പിക്കപ്പെടുകയോ, അല്ലെങ്കില്‍ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫലസ്തീന്‍ അതോറിറ്റിയുടെ 90 ശതമാനം സ്‌കൂളുകളും നേരിട്ടോ അല്ലാതെയോ നാശനഷ്ടങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 29 ശതമാനം സ്‌കൂള്‍ കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയോ സാരമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതിനാല്‍ അവയെല്ലാം പ്രവര്‍ത്തനരഹിതമാണ്.

”കുട്ടികള്‍ അഭയം തേടുന്ന സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ മനസ്സാക്ഷിക്ക് നിരക്കാത്തതാണ്. ഈ യുദ്ധം മാനവികതയെ നശിപ്പിക്കുന്നതാണ്’ ഫലസ്തീനിലെ സേവ് ദി ചില്‍ഡ്രന്‍സ് ഡയറക്ടര്‍ ജേസണ്‍ ലീ പറഞ്ഞു.

ഗസ്സ മുനമ്പില്‍ നിന്നും കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ അഭയകേന്ദ്രങ്ങളായി കുറഞ്ഞത് 133 സ്‌കൂളുകളെങ്കിലും ഉപയോഗിക്കുന്നു. 1.9 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍, ഈ സ്‌കൂളുകള്‍ അവയുടെ ശേഷിയില്‍ കവിഞ്ഞുള്ള ആളുകള്‍ക്ക് അഭയം നല്‍കുന്നു. അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തുകയും, ഫലസ്തീനികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.
2023 നവംബറില്‍ മാത്രം, ഇസ്രായേല്‍ സൈന്യം, UNRWA നടത്തുന്ന അല്‍ ഫഖൂറ സ്‌കൂള്‍ ആക്രമിച്ച് 15 പേരെ കൊലപ്പെടുത്തി. ഒരാഴ്ചയ്ക്ക് ശേഷം, അല്‍-ബുറാഖ് സ്‌കൂളില്‍ 25 പേരെങ്കിലും കൊല്ലപ്പെട്ടു. 2023 ഡിസംബറില്‍ ഷാദിയ അബു ഗസാല സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

എന്തുകൊണ്ടാണ് ഗസ്സയിലെ എല്ലാ സര്‍വകലാശാലകളും ഇസ്രായേല്‍ തകര്‍ത്തത് ?

ഇസ്രായേല്‍ ആക്രമണത്തിന്റെ ആഘാതം ഏറ്റുവാങ്ങിയത് സ്‌കൂളുകള്‍ മാത്രമല്ല. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. ഗസ്സയിലെ 12 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

ഗാസയിലെ എല്ലാ സര്‍വകലാശാലകളെയും ഇസ്രായേല്‍ വ്യവസ്ഥാപിതമായി തകര്‍ത്തുവെന്ന് ജനീവ ആസ്ഥാനമായുള്ള സ്വതന്ത്ര യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഇസ്ലാമിക്, അല്‍ അസ്ഹര്‍ സര്‍വ്വകലാശാലകളിലാണ് ബോംബാക്രമണം നടന്നിരുന്നതെന്ന്, മോണിറ്റര്‍ പറഞ്ഞു.

ഗാസ നഗരത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇസ്രാ സര്‍വകലാശാല, ഇസ്രായേല്‍ സൈന്യം തകര്‍ത്തതായി ജനുവരി 17 ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍, ക്യാമ്പസ് പിടിച്ചെടുക്കുകയും അതിനെ നശിപ്പിക്കുന്നതിനു മുമ്പ് സൈനിക താവളമായും തടങ്കല്‍ കേന്ദ്രമായും ഉപയോഗിച്ചിരുന്നുവെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. കൂടാതെ, ഇസ്രായേല്‍ സൈന്യം 94 യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരെ വധിച്ചതായി യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ പറഞ്ഞു. ഇസ്രായേല്‍ സ്‌കൂളുകള്‍ നശിപ്പിക്കുന്നതിനെ, ഫലസ്തീനിനിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ സ്വത്തുക്കളുടെ നഷ്ടമായാണ് ‘മോണിറ്റര്‍ വിലയിരുത്തിയത്.

2018-ലെ ഫലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്ന പ്രകാരം, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുകളിലൊന്നാണ് ഫലസ്തീനികള്‍ക്കുള്ളത്. ഫലസ്തീനിയന്‍ ബിരുദധാരികള്‍ ഗണിതശാസ്ത്രം, എഞ്ചിനീയറിംഗ്, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഗസ്സയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് ?

ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനുവരി 16 വരെ 4,327 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 7,819 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 231 അധ്യാപകരും അഡ്മിനിസ്‌ട്രേറ്റര്‍മാരും കൊല്ലപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോഴാണ് സ്‌കൂളിലേക്ക് തിരിച്ചു പോകാന്‍ കഴിയുക ?

ഇസ്രായേല്‍ യുദ്ധം തുടരുന്നതിനാല്‍ ഗാസയിലെ വിദ്യാര്‍ത്ഥികള്‍ എപ്പോള്‍ സ്‌കൂളില്‍ തിരിച്ചെത്തുമെന്നത് അനിശ്ചിതത്വത്തിലാണ്. തകര്‍ന്ന എല്ലാ സ്‌കൂള്‍ കെട്ടിടങ്ങളും നന്നാക്കാന്‍ മാസങ്ങളോ ചിലപ്പോ വര്‍ഷങ്ങള്‍ പോലും വേണ്ടിവരും. ഗാസയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇ-ലേണിംഗ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. എന്നിരുന്നാലും, അധിനിവേശ വെസ്റ്റ് ബാങ്കില്‍ നേരിട്ടുള്ള അധ്യാപനം തുടരുമെന്ന് ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ടെലികമ്മ്യൂണിക്കേഷന്‍ തടസ്സങ്ങള്‍ സാധാരണയായ ഗസ്സയില്‍, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്ഥിരമായ വൈദ്യുതിയും ഇന്റര്‍നെറ്റും ലഭ്യമല്ലാത്ത ഗാസയില്‍, ഇ-ലേണിംഗ് മോഡല്‍ നടപ്പാക്കല്‍ പ്രയാസകരമാണ്. അത് കൂടാതെ,ഭൂരിഭാഗം ആളുകളും തങ്ങളുടെ വീട് വിട്ട് അഭയാര്‍ത്ഥി ക്യാമ്പുകളിലാണിപ്പോഴുള്ളത്.

അതേസമയം, ഒക്ടോബര്‍ 7 മുതല്‍ റെയ്ഡുകളും കുടിയേറ്റക്കാരുടെ അക്രമങ്ങളും വര്‍ദ്ധിച്ചതിനാല്‍, അധിനിവേശ വെസ്റ്റ് ബാങ്കിലെ സ്‌കൂളുകളും സര്‍വ്വകലാശാലകളും ഇ-ലേണിംഗ് മോഡലിലേക്ക് മാറുകയാണ്. ഇസ്രായേലിന്റെ അതിര്‍ത്തി മതില്‍ വേര്‍പെടുത്തിയ വെസ്റ്റ് ബാങ്കിലെ സീം സോണ്‍ എന്നറിയപ്പെടുന്ന പ്രദേശത്തെ 55 സ്‌കൂളുകളാണ് ഈ പ്രക്രിയക്ക് മുന്നോട്ടുവന്നിരിക്കുന്നത്.

വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റക്കാരുടെയും ഇസ്രായേലി സേനയുടെയും ആക്രമണങ്ങളില്‍ വലയുകയാണ് അധിനിവേശ വെസ്റ്റ്ബാങ്ക്. ഒക്ടോബര്‍ 7 മുതല്‍ ഇവിടെ കുറഞ്ഞത് 371 ഫലസ്തീനികള്‍ ഇസ്രായേലി സേനയുടെയും കുടിയേറ്റക്കാരുടേയും മൃഗീയ നീക്കങ്ങളില്‍ കൊല്ലപ്പെട്ടു.

സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍, അധ്യാപകനായ അമീര്‍ ചില വിദ്യാര്‍ത്ഥികളെ കാണുകയോ ഓണ്‍ലൈനില്‍ അവരോട് സംസാരിക്കുകയോ ചെയ്തിരുന്നു. അവരുടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും അവരില്‍ ചിലര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. യുദ്ധം മൂലം ഗസ്സയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ അനുഭവിക്കുന്ന ആഘാതങ്ങള്‍ക്ക് മാനസിക പിന്തുണ ആവശ്യമാണെന്ന് പറഞ്ഞു. ‘അവരെ മാനസികമായി പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അവരുടെ ജീവിത സാഹചര്യങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്’ അവര്‍ കൂട്ടിച്ചേര്‍ത്തു.

 

അവലംബം: അല്‍ജസീറ

🪀 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles