Current Date

Search
Close this search box.
Search
Close this search box.

ഡിസംബര്‍ ഒന്ന്: വിവര്‍ത്തന ഭീകരതയുടെ ഇരുപത്തിയാറാണ്ട്

”സമാധാനത്തോടും സംവാദങ്ങളോടും നമുക്കുള്ള അചഞ്ചലമായ പ്രതിബദ്ധത ഞാന്‍ ഒരിക്കല്‍ കൂടി ഊന്നിപ്പറയുന്നു. ആരുടെ ഭാഗത്തുനിന്നായാലും അക്രമ പ്രവര്‍ത്തനങ്ങളെ നാം നിരാകരിച്ചിട്ടുണ്ട്. ആ നിലപാട് തന്നെയാണ് നാം തുടരുന്നതും. രക്തം ചിന്തുന്നത് ഒഴിവാക്കാനും സമാധാനത്തെ പുല്‍കാനും നാം എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.” – 2002 മാര്‍ച്ച് 27 ന് ബൈറൂത്തില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്ത് നടത്തിയ പ്രഭാഷണത്തില്‍ നിന്നുള്ളതാണ് ഈ ഭാഗം. ഈ ഖണ്ഡിക വെട്ടിമാറ്റിയാണ് മെംറി(MEMRI) അറഫാത്തിന്റെ പ്രഭാഷണം പ്രസിദ്ധീകരിച്ചത്. സമാധാനത്തോടും അക്രമരാഹിത്യത്തോടുമുള്ള അറഫാത്തിന്റെ പ്രതിബദ്ധത ലോകത്തിനറിയാവുന്നതാണ് എന്നിരിക്കെ, യാസര്‍ അറഫാത്തിന്റെ കാഴ്ചപ്പാടുകളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ ഭാഗം ഒഴിവാക്കപ്പെട്ടത്.

സ്വതന്ത്രമായിട്ടല്ല ലോകത്ത് ഒരുകാലത്തും വാര്‍ത്തകള്‍ സഞ്ചരിച്ചിട്ടുള്ളത്. അവയ്ക്ക് കൃത്യമായ പക്ഷപാതിത്വമുണ്ട്. വിശേഷിച്ചും ശീതസമരാനന്തരം സാമ്രാജ്യത്വ-മൂലധന മേല്‍ക്കോയ്മ മാധ്യമങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിലും തമസ്‌കരണത്തിലും അവതരണത്തിലും ഉള്ളടക്കത്തിലും മാധ്യമങ്ങള്‍ ഈ വിധേയത്വം കാണിച്ചിട്ടുമുണ്ട്. ഇത്രമേല്‍ മാധ്യമ പിന്തുണ ഉണ്ടായിരിക്കെയാണ് 1997 ഡിസംബര്‍ ഒന്നിന് മെംറി (middle east media research institute) സാമ്രാജ്യത്വ- സയണിസ്റ്റ് സംയുക്ത സംരഭമെന്ന നിലക്ക് രൂപം കൊള്ളുന്നത്. ഏതൊരു സാമ്രജ്യത്വ ഉല്‍പന്നവും പോലെ വശ്യമായ മുഖത്തോടും എന്നാല്‍ കുല്‍സിതമായ രാഷ്ട്രീയ അജണ്ടയോടും കൂടിയാണ് മെംറിയുടെയും കടന്നുവരവ്. അത് മനസ്സിലാകണമെങ്കില്‍ മെംറിയുടെ പിന്നിലുള്ളതാര്, അതിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വഭാവമെന്ത് എന്ന് മാത്രം പരിശോധിച്ചാല്‍ മതി.

ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം മുന്‍ സൈനിക രഹസ്യന്വേഷണ വിഭാഗം ഓഫീസര്‍ ആയിരുന്ന ഈഗല്‍ കാര്‍മണും (Yigal Carmon) ഇസ്രായേല്‍ – അമേരിക്കന്‍ രാഷ്ട്രീയ വിദഗ്ദനായ മെയ്‌റഫ് ഫെംസറും (Meyrav Wurmser) ചേര്‍ന്നാണ് മെംറി സ്ഥാപിക്കുന്നത്. ആസ്ഥാനമാകട്ടെ, വാഷിംങ്ടണിലും. മിഡിലീസ്റ്റിനെയും സൗത്തേഷ്യയെയും അവരുടെ മാധ്യമങ്ങളിലൂടെ കണ്ടെത്തുക, പടിഞ്ഞാറുമായുള്ള ഈ മേഖലകളുടെ ഭാഷാ പരിമിതി മറികടക്കുക എന്നാണ് മെംറിയുടെ ദൗത്യമായി നിര്‍ണയിച്ചത്. അറബി, പേര്‍ഷ്യന്‍, ഉര്‍ദു, ടര്‍ക്കിഷ്, പുസ്തു ഭാഷാ മാധ്യമങ്ങളില്‍ മേഖലയുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയാണ് മെംറിയുടെ പ്രവര്‍ത്തനം. 

പക്ഷെ, ഇതൊരു കേവല വിവര്‍ത്തന പദ്ധതി ആയിരുന്നില്ല. മിഡില്‍ ഈസ്റ്റിനു നേരെയും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുമുള്ള ഭീകര പ്രവര്‍ത്തനമാണ് സയണിസയവും സാമ്രാജ്യത്വവും ചേര്‍ന്ന് രൂപപ്പെടുത്തിയ മെംറി. വാര്‍ത്താ വിവര്‍ത്തനത്തെ  ഇസ്‌ലാം വിരുദ്ധ ഭീകരായുധമാക്കി മാറ്റിയതിന്റെ കഥയാണ് മെംറിയുടെ ചരിത്രം. ലോകത്ത് ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതിലും മിഡിലീസ്റ്റിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ഉണര്‍വുകളെ അപകീര്‍ത്തിപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിച്ച ഭീകരകേന്ദ്രമാണ് മെംറി. മിഡിലീസ്റ്റില്‍ സയണിസ്റ്റ് – സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് ലോകത്തിന്റെ സമ്മിതി നേടിക്കൊടുക്കുന്ന ജോലിയാണ് മെംറി വിശ്വസ്തതയോടെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. 

വാര്‍ത്തകളും അതിന്റെ ഭാഗങ്ങളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സെലക്ടീവ് ആണ് ഈ ‘ഗവേഷണ’ സ്ഥാപനം. 2018 ല്‍ ഇസ്രായേലിനുള്ള അമേരിക്കന്‍ പിന്തുണയെ വിമര്‍ശിച്ചുകൊണ്ട് ഈജിപ്തിലെ അല്‍വഫ്ദ് പത്രത്തില്‍ വന്ന ലേഖനം വിവര്‍ത്തനം ചെയ്തപ്പോള്‍  അല്‍ ഇദാറതുല്‍ അംരീകിയ എന്നത് വിവര്‍ത്തനം ചെയ്തത്  സിയോണിസ്റ്റ് അഡ്മിനിസ്‌ട്രേഷന്‍ എന്നായിരുന്നു.  അതേ ലേഖനത്തില്‍ തന്നെ അമേരിക്കന്‍ ജനത എന്നതിന് പകരം ജൂത ജനത എന്നും കൈക്രിയ നടത്തി. ലേഖനം ഉദ്ദേശിക്കുന്നതിലും കൂടുതല്‍ അമേരിക്കന്‍ വിരുദ്ധതയും ലേഖകന്‍ ഉദ്ദേശിക്കാത്ത ജൂതവിരുദ്ധതയും വിവര്‍ത്തനത്തിന് കൈവന്നു. 

2019 ല്‍ ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടിലെ ‘ഇസ്‌റായേല്‍ സൈന്യം കുഞ്ഞുങ്ങളെ കൊന്നു’ എന്നതിനെ  ‘ഇസ്‌റായേല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു’ എന്നാണ് മെംറി തര്‍ജമ ചെയ്തത്. 2020 ല്‍ അമേരിക്കയുടെ ഇറാന്‍ നയത്തെ വിമര്‍ശിച്ചു കൊണ്ട് പരമോന്നത നേതാവ് അലി ഖാംനഈ നടത്തിയ പ്രഭാഷണത്തിന്റെ വിവര്‍ത്തനം ഇറാന്‍ നിലപാടിനെ ലോകത്തിന് മുന്നില്‍ വലിയതോതില്‍ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. പ്രശ്‌ന പരിഹാരത്തിന് പീസ്‍ഫുള്‍ റസൊല്യൂഷന്‍ (peaceful resolution) ആഹ്വാനം ചെയ്ത പ്രഭാഷണത്തില്‍ പ്രസ്തുത പദത്തെ തന്നെ മെംറി ഒഴിവാക്കുകയായിരുന്നു. ഇങ്ങനെയുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ മെംറിയുടെ ‘മിഡില്‍ ഈസ്റ്റിനെ കണ്ടെത്തലി’ല്‍ കാണാന്‍ കഴിയും!

ഇതില്‍ ഏറ്റവും കുപ്രസിദ്ധമായത്, 2002 ല്‍ യൂസുഫുല്‍ ഖറദാവിയുടെ പ്രഭാഷണത്തില്‍ നടത്തിയ കൃത്രിമമാണ്. ജൂതസമൂഹത്തിനെതിരെയുള്ള വയലന്‍സിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രഭാഷണത്തെ വിവര്‍ത്തനം ചെയ്തപ്പോള്‍ ‘അമേരിക്കയിലോ ഇസ്‌റായേലിലോ ആവട്ടെ, ജൂതന്‍മാരെ കൊല്ലുക എന്നത് സാധ്യമാകുന്ന എല്ലാ മുസ്‌ലിമിന്റെയും ബാധ്യതയാണ്’ (‘It is the duty of every Muslim who can do so to kill Jews, whether they are in Israel or in America.’) എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ നടന്ന ഭീകരതക്കെതിരായ യുദ്ധം കാമ്പയിനിന് സഹായകമാവുന്ന രീതിയില്‍ ഈ വാക്യം ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. വിമര്‍ശനമുയര്‍ന്നപ്പോള്‍ പൊതുവെ ഖറദാവിയുടെ നിലപാട് അത് തന്നെയാണെന്ന് ന്യായീകരിക്കുകയായിരുന്നു ഈ സ്ഥാപനം. സത്യസന്ധമായ വിവര്‍ത്തനത്തോടൊപ്പം ഇത്തരം അജണ്ടകള്‍ തിരുകി കയറ്റുക എന്നതല്ല, വ്യവസ്ഥാപിതമായി തന്നെ ഈ അജണ്ട നടപ്പിലാക്കുക എന്നതാണ് മെംറിയുടെ നിലപാട്.

ഇസ്‌ലാമോഫോബിയയും മുസ്‌ലിം വിരുദ്ധതയും ആളിക്കത്താന്‍ എണ്ണയൊഴിക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന ധാരാളം വാര്‍ത്തകളും വിശകലനങ്ങളും ഈ ഭീകരമാധ്യമ സ്ഥാപനം നിര്‍മിച്ചെടുത്തിട്ടുണ്ട്. നിരവധി ഫലസ്തീന്‍ സോഴ്‌സുകളെ ഉദ്ധരിച്ചുകൊണ്ട്, ജൂതര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ഫലസ്തീന്‍ അതോറിറ്റി പ്രോല്‍സാഹിപ്പിക്കുന്നു എന്ന പ്രചാരണം നടത്തി. 2021 ല്‍ നടന്ന ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ച ഫാക്ട് ചെക്കിംങ് ടീമുകള്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് മാത്രമല്ല, മറിച്ചാണ് ഫലസ്തീന്‍ അതോറിറ്റി നിലപാടെന്നും കണ്ടെത്തി. 

 

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 15 ന് ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഹമാസിനെ ഖത്തര്‍ സഹായിക്കുന്നു എന്ന തരത്തില്‍ മെംറി തലക്കെട്ട് നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഖത്തര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഫലസ്തീന്‍ ജനതക്ക് നല്‍കിയ മാനുഷിക/ദുരിതാശ്വാസ സഹായങ്ങള്‍ സംബന്ധിച്ച ഖത്തറിന്റെ ഒദ്യോഗിക വാര്‍ത്താകുറിപ്പുകളെയും അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങളുടെ ഫലസ്തീന്‍ റിപ്പോര്‍ട്ടിങ്ങിനെയും ഉപജീവിച്ചുകൊണ്ടാണ് ഈ ആഖ്യാനം നിര്‍മിച്ചെടുത്തത്. പശ്ചിമേഷ്യ വിഷയത്തിലും ഇസ്‌ലാം വിരോധത്തിലും ആരാണെന്ന വിവേചനം പോലും പ്രസക്തമല്ല, 2009 ല്‍ ജൂതന്‍മാരെ കൊല്ലാന്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക്ക് ആഹ്വാനം ചെയ്തു എന്നുവരെ തട്ടിവിട്ടു.

ഗൂഢാലോചനാ സിദ്ധാന്തവും മെംറിയുടെ മികച്ച ആയുധമാണ്. യൂറോപ്പിനെയും അമേരിക്കയെയും കവര്‍ന്നെടുക്കാന്‍ വേണ്ടി മുസ്‌ലിം സമുദായം ആസുത്രിത നീക്കം നടത്തുന്നു, ആ രാജ്യങ്ങളിലെ മുസ്‌ലിം കുടിയേറ്റം, ഉയര്‍ന്ന ഫെര്‍ട്ടിലിറ്റി നിരക്ക് എന്നിവ ഇതാണ് സൂചിപ്പിക്കുന്നത്, യൂറോപ്യന്‍ സംസ്‌കാരത്തെ ഇല്ലാതാക്കി യൂറേബ്യ സ്ഥാപിക്കാനുള്ള ശ്രമമാണ്, ഇസ്‌ലാമിക സംസ്‌കാരത്തിന് പാശ്ചാത്യന്‍ സംസ്‌കാരവുമായി സംവദിക്കാനുള്ള കരുത്തില്ലാത്തതു കൊണ്ടാണ് മുസ്‌ലിംകള്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് തുടങ്ങിയവയൊക്കെ പല സന്ദര്‍ഭങ്ങളിലായി മെംറി പുറത്തെടുത്ത ആയുധങ്ങളാണ്.

പ്രാഥമികമായി പശ്ചിമേഷ്യയാണ് ഉന്നമെങ്കിലും ആഗോളതലത്തില്‍ തന്നെ ഇസ്‌ലാം വിരുദ്ധത വളര്‍ത്തുക എന്നതും മെംറി ലക്ഷ്യം വെക്കുന്നു. കേരളത്തിലും ഇന്ത്യയിലും ഏറെ വിവാദമായ ലൗജിഹാദും ഹലാല്‍ ഫുഡുമൊക്കെ അന്താരാഷ്ട്ര മാധ്യമങ്ങളിലേക്ക് കയറ്റി അയച്ചതും ഈ മാധ്യമ ഗവേഷണ സ്ഥാപനമാണ്. ലൗ ജിഹാദ് വിഷയത്തില്‍ അന്വേഷണ ഏജന്‍സികളുടെ പിന്നീടുണ്ടായ  കണ്ടെത്തലുകളോ കോടതി തീര്‍പ്പുകളോ മെംറിയുടെ ഉള്ളടക്കത്തില്‍ ഇടം പിടിച്ചതുമില്ല. 

ഇന്ത്യയിലെയും മലയാളത്തിലെയും പ്രമുഖമായ പല മാധ്യമങ്ങളും വിവേചനങ്ങളൊന്നും കൂടാതെ അക്ഷരം പ്രതി മെംറി വാര്‍ത്തകളെയും വിശകലനങ്ങളെയും കോപ്പി പേസ്റ്റ് ചെയ്യുന്നവരാണ്. ഇത്തരം മാധ്യമങ്ങളിലെ മിഡില്‍ ഈസ്റ്റ് വിദഗ്ദരെയും ജേര്‍ണലിസ്റ്റുകളെയും വായിച്ചാലറിയാവുന്നതാണ് അവര്‍ക്ക് മെംറിയോടുള്ള പ്രതിബദ്ധത.  വിവര്‍ത്തനങ്ങളും വിശകലനങ്ങളും നല്‍കുന്നു എന്ന് മാത്രമല്ല വിവിധ സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടെ നിലപാടിനനുകൂലമായ ട്രെന്റ് സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്, മെംറി.

വലിയ വിമര്‍ശനങ്ങള്‍ മാധ്യമലോകത്തുണ്ടെങ്കിലും മിഡ്ല്‍ ഈസ്റ്റിനെ കുറിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരും ഗവേഷകരും എഴുത്തുകാരും മെംറിയെ ആശ്രയിക്കുന്നുണ്ട് എന്നത് ഈ വിവര്‍ത്തന ഭീകരതയുടെ ആഴം വര്‍ധിപ്പിക്കുന്നു.

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles