Current Date

Search
Close this search box.
Search
Close this search box.

എല്ലാം കൈപിടിയിലൊതുക്കുന്ന അറബ് ഭരണാധികാരികൾ (2 – 4)

അറബ് ഭരണാധികാരികളുടെ സ്ട്രാറ്റജിക് ലക്ഷ്യം എന്ന് പറയുന്നത് എങ്ങനെയെങ്കിലും കാലാകാലം അധികാരത്തിൽ കടിച്ചു തൂങ്ങുകയാണെന്ന് കഴിഞ്ഞ ലേഖനത്തിൽ നാം പറഞ്ഞു. അതിന് വേണ്ടി അവർ ആദ്യം ചെയ്യുക ഇസ്ലാമിക സമൂഹത്തിന്റെ വഖ്ഫ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ കൈ പിടിയിലൊതുക്കുകയാണ് എന്നും നാം ചൂണ്ടിക്കാട്ടി. അപ്പോൾ എല്ലാം രാഷ്ട്രത്തിന്റെ അധീനതയിലാവും. ഇസ്ലാമിക സമൂഹത്തിന്റെ കൈവശം സ്വതന്ത്രമായ ഒരു സ്ഥാപനവും ഇല്ലെന്ന സ്ഥിതി വരും. കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞതിന്റെ തുടർച്ചയാണ് ഈ ലേഖനത്തിൽ.

രണ്ട്: രാഷ്ട്രീയ സുരക്ഷ അധീനപ്പെടുത്തൽ
അറബ് ഭരണാധികാരികൾ രണ്ടാമതായി ചെയ്യുക ഇതാണ്. മുഴുവൻ രാഷ്ട്രീയ ജീവിതത്തെയും ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ വരുതിയിൽ നിർത്തുക എന്നതാണ് മേൽ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

അറബ് ലോകത്ത് സകല രാഷ്ട്രീയ പാർട്ടികൾക്കകത്തും ഈ ഭരണകൂട സുരക്ഷാ ഏജൻസിയുടെ സാന്നിധ്യമുണ്ടാവും ( ഈജിപ്തിൽ രാഷ്ട്ര സുരക്ഷാ ഏജൻസിയിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമായി ഒരു വിംഗ് തന്നെയുണ്ട്. വിചിത്രം, അല്ലേ!). മുഴുവൻ ആക്ടിവിസ്റ്റുകളെയും അവരുടെ കുടുംബങ്ങളെയും ഈ സുരക്ഷാ സംവിധാനം സദാ നിരീക്ഷിക്കുന്നുണ്ടാകും. ഇവരെ ബ്ലാക് മെയ്ൽ ചെയ്യാനുള്ള സകല കോപ്പുകളും ഇവരുടെ കൈയിൽ റെഡിയായിരിക്കും ( 2010 – ൽ ഈ ലേഖകന്റെ കെയ്റോ ഓഫീസിൽ ചാരവൃത്തിക്കായി സുരക്ഷാ ഏജൻസി ഒളിപ്പിച്ച് വെച്ച
ഒരു ഉപകരണം കണ്ടെത്തി. ഹുസ്നി മുബാറക് ഭരിക്കുന്ന കാലമാണ്. അന്നത് വലിയ വിവാദമായി ).

സുരക്ഷാ അധീനപ്പെടുത്തലിന്റെ പ്രയാഗിക രീതികളാണ് അറസ്റ്റ് ( ടാർഗറ്റ് ചെയ്ത് പിടിക്കുന്നതും വെറുതെ പിടിച്ചു കൊണ്ടുപോകുന്നതും, രണ്ടും ), പീഡനം പോലുള്ളവ. ഏതെങ്കിലും തരത്തിൽ രാഷ്ട്രീയ പ്രവർത്തനമുള്ള ഏതൊരാളും താൻ ഏത് നിമിഷവും പിടിക്കപ്പെടാം എന്ന് മനസ്സിലാക്കുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തനമുള്ള രൊൾ ജയിലിന് പുറത്താണെങ്കിൽ അത് വലിയ അനുഗ്രഹമായി തന്നെ കാണണം . വിലമതിക്കേണ്ട സംഗതിയുമാണത്. സുരക്ഷാ ഏജൻസിയുടെ ഔദാര്യം എന്ന് പറയാം. ഇനിയും പിടിക്കപ്പെട്ടിട്ടില്ലാത്ത ആ രാഷ്ട്രീയ പ്രവർത്തകൻ സുരക്ഷാ ഏജൻസികൾക്ക് എത്ര നന്ദിസ്തുതികൾ പറഞ്ഞാലും മതിയാവുകയില്ല.

അറബ് നാടുകളിൽ ഒരുപാട് നിരപരാധികൾ ജയിലിനകത്താവുന്നത് ഉദ്യോഗസ്ഥരുടെ പിടിപ്പ്കേടു കൊണ്ടാണെന്ന് കരുതുന്നവരുണ്ട്. യഥാർഥത്തിൽ ഈ അറസ്റ്റൊക്കെ വളരെ കരുതിക്കൂട്ടി നടത്തുന്നതാണ്. തന്നെക്കുറിച്ച് സമൂഹത്തിൽ ഭയം ജനിപ്പിക്കാൻ ഭരണാധികാരി നടത്തുന്ന നീക്കം. ജനങ്ങൾക്ക് അവസരം കൈവന്നാൽ തന്നെ തട്ടുമെന്ന ഭയത്തിൽ നിന്നാണ് ആ ഭയപ്പെടുത്തൽ ഉണ്ടാകുന്നത്. താനിങ്ങനെ ഭയപ്പെടുത്തിയാൽ രാഷ്ട്രീയമായി തന്നെ എതിർക്കാൻ വരുന്നവൻ അതിന് മുമ്പ് ആയിരം വട്ടം ആലോചിക്കുമെന്നും ഭരണാധികാരി കണക്കുകൂട്ടുന്നു. ഇങ്ങനെ ആയിരങ്ങളെ വളരെ അന്യായമായി ജയിലിൽ പിടിച്ചിട്ടാൽ ആ ജയിൽ ഭീകരതകളെക്കുറിച്ചാവും പിന്നെ ജനം സംസാരിക്കുക. ഈ പീഡനക്കഥകൾ എല്ലാ ചെവിയിലുമെത്തും. പീഡനം വർധിക്കുമ്പോൾ ജയിലിലടക്കപ്പെടുന്നരുടെ എണ്ണവും വർധിക്കും. ഭരണാധികാരി ജനങ്ങളെ കൂടുതൽ പേടിക്കുമ്പോൾ കൂടുതൽ ജയിലുകൾ പണി കഴിപ്പിക്കപ്പെടുന്നു.

അറബ് ഭരണാധികാരികൾക്ക് മറ്റൊരു നിർബന്ധമുണ്ട്, ജയിൽ പീഡനത്തിനുള്ളതാണ്! പീഡനമില്ലാതെയും ജയിൽ കൊണ്ടു നടത്താം. മാനസികമോ ശാരീരികമോ ആയ പീഡനങ്ങളില്ലാതെ സ്വതന്ത്ര സഞ്ചാരത്തിന് വിലക്ക് എന്ന അർഥത്തിൽ തടവറയെ കണ്ടിരുന്ന കാലം അറബ് ചരിത്രത്തിൽ തന്നെ കഴിഞ്ഞു പോയിട്ടുണ്ട്. പ്രശസ്ത തുർക്കി എഴുത്തുകാരൻ ഒർഹാൻ കമാലിന്റെ ‘ നാളിം ഹിക്മത്തിനൊപ്പം മൂന്നര വർഷം’ എന്ന ഓർമ്മക്കുറിപ്പ് ഞാൻ വായിച്ചിട്ടുണ്ട്. മറ്റൊരു തുർക്കി എഴുത്തുകാരൻ നാളിം ഹിക്മത്തുമായി താൻ ജയിലിൽ കഴിഞ്ഞ ദിനങ്ങളാണ് അതിൽ അദ്ദേഹം ഓർത്തെടുക്കുന്നത്. സത്യം പറയട്ടെ, പുസ്തകത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ തുർക്കിയിലെ തടവുകാർക്ക് ലഭിക്കുന്ന ‘ആഡംബരങ്ങളി’ൽ ഞാൻ വല്ലാതെ അതിശയിച്ചു പോയിട്ടുണ്ട്. തുർക്കിയിൽ കമാൽ അത്താ തുർക്കിന്റെ സ്വേഛാധിപത്യ വാഴ്ച നടക്കുന്ന ഇരുണ്ട കാലത്താണ് ഈ ജയിൽവാസം എന്നോർക്കണം.

അറബ് നാടുകളിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഓരോ അറബ് പൗരന്റെയും മനസ്സിൽ ഉയരുന്ന ചോദ്യം, ഞാൻ ജയിലിലടക്കപ്പെട്ടാൽ എപ്പോൾ പുറത്ത് വരും എന്നതേ അല്ല. ജയിലിൽ പോയാൽ ഞാൻ ജീവനോടെ തിരിച്ച് വരുമോ എന്നതാണ്!

മൂന്ന് : ക്രൈം ബ്രാഞ്ചിന്റെ സർവാധിപത്യം
അറബ് ലോകത്തെ സുരക്ഷാ ഏജൻസികളിൽ ക്രൈം ബ്രാഞ്ചും അവരുടെ മേഖലയിൽ സർവാധിപത്യം വാഴുന്നു. സുരക്ഷാ ഏജൻസികളിലെ അംഗങ്ങൾക്ക് ഉപജീവനമാർഗമായും അത് മാറുന്നുണ്ട്. ഏത് കുറ്റകൃത്യമാണെങ്കിലും, അത് കാർ മോഷണമോ ഭവന ഭേദനമോ ആവട്ടെ, മയക്ക്മരുന്നു കടത്തോ പുരാവസ്തുക്കൾ ഒളിച്ചു കടത്തലോ ആവട്ടെ, ഇതിൽ നിന്നൊക്കെ പിരിഞ്ഞു കിട്ടുന്നത് ഉദ്യോഗസ്ഥരും ഈ ക്രിമിനൽ സംഘങ്ങളും പങ്ക് വെക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. അറബ് ലോകത്ത് വലിയ മാഫിയാ സംഘങ്ങളൊന്നുമില്ലാത്തതിന്റെ കാരണം ആഭ്യന്തര മന്ത്രാലയത്തിൽ ദിനോസർ വലുപ്പത്തിൽ ഇത്തരം മാഫിയകൾ ഉള്ളത് കൊണ്ടാണ്. അപ്പോൾ പിന്നെ ചെറിയ ക്രിമിനൽ സംഘങ്ങൾക്കേ സ്കോപുള്ളൂ. വലിയ ക്രിമിനൽ സംഘങ്ങൾ ഭരണകൂടത്തിന്റെ തന്നെ ഭാഗമാണ്. സൂക്ഷ്മമായി പറഞ്ഞാൽ, ഭരണകൂടം തന്നെ ഏറ്റവും വലിയ ക്രിമിനലായി മാറുകയാണ്. അതിനോട് കിട നിൽക്കുന്ന മറ്റൊരു ക്രിമിനലിനെ അത് വളരാൻ അനുവദിക്കുകയില്ല. എച്ചിൽ വേണമെങ്കിൽ കൊടുക്കാം എന്നു മാത്രം.

മിക്ക അറബ് നാടുകളിലെയും ആഭ്യന്തര വകുപ്പുകൾ നിയമം പാലിക്കണമെന്ന് നിഷ്ഠയുള്ളവയല്ല; അതിന്റെ ആവശ്യവുമില്ല. ആ വകുപ്പിന്റെ കൈകൾ രക്തപങ്കിലമായേ തീരൂ, അതിന്റെ പേര് മാലിന്യങ്ങളാൽ കളങ്കിതമായേ മതിയാവൂ. ആ വകുപ്പിനെ സ്വന്തം വരുതിയിൽ നിർത്താൻ ഈ രീതിയിൽ പോവുകയാണ് ഭരണാധികാരിക്ക് സൗകര്യം. വ്യവസ്ഥാപിതമായ പോലിസ് സംവിധാനം എന്നത് സ്വേഛാധിപതിയായ ഭരണാധികാരിയുടെ ഭാവനയിലേ ഇല്ല. ഇവിടെ ആഭ്യന്തര വകുപ്പ് ജനജീവിതത്തിന് സുരക്ഷയൊരുക്കുന്നതിന് പകരം കുറ്റകൃത്യങ്ങളെ പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന സംവിധാനമായി മാറുന്നു. രാജ്യത്തെ മിക്ക കുറ്റവാളികളും സുരക്ഷാ ഏജൻസികളുടെ സൈനികരായി രൂപാന്തരപ്പെടുകയാണ്. ആ ഏജൻസികൾ അവരെ എന്ത് കാര്യത്തിനും ഉപയോഗിക്കുകയും ചെയ്യുന്നു. ആ കുറ്റവാളികൾ അനൗദ്യോഗിക ഉദ്യോഗസ്ഥരെപ്പോലെയാണ്. എപ്പോൾ വിളിച്ചാലും ഈ റൗഡി സംഘങ്ങൾ വിളിപ്പുറത്തുണ്ടാവും ( ഈജിപ്തിലും സിറിയയിലും സുരക്ഷാ ഏജൻസികൾ പോറ്റിവളർത്തുന്ന ഈ റൗഡി സംഘങ്ങളെ ബലാത്വിജ എന പറയും).

ഇന്റലിജൻസിന്റെയും മറ്റു സുരക്ഷാ ഏജൻസികളുടെയും സ്വന്തം ആളുകളായ ഈ റൗഡി സംഘങ്ങളാണ് തെരഞ്ഞെടുപ്പുകളിൽ തിരിമറി നടത്തുക, വോട്ടർമാരെയും സ്ഥാനാർഥികളെയും ഭീഷണിപ്പെടുത്തുക, തെരഞ്ഞെടുപ്പ് റാലികളും യോഗങ്ങളും കലക്കുക. എതിർ സ്ഥാനാർഥികൾക്കും വോട്ടർമാർക്കും ഒരു സ്വൈര്യവുമുണ്ടാവില്ല. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുക വളരെ എളുപ്പമാണ്. കാരണം വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് എത്തിനോക്കാൻ പോലും ജനത്തിന് ഭയമാണ്. ഇങ്ങനെ അട്ടിമറിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകളിലൂടെയാണ് ഈ ഭരണാധികാരികൾ നിലനിന്നു പോകുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരുന്നെങ്കിൽ ജനം എന്നേ ഇവരെ പുറത്തെറിഞ്ഞേനേ.

ക്രിമിനലുകളുടെ ഈ റൗഡി സൈന്യത്തെ ഏൽപ്പിക്കുന്ന മറ്റൊരു ചുമതലയാണ് ജനകീയ സമരങ്ങളിലേക്ക് തള്ളിക്കയറി കടന്നാക്രമിക്കുക എന്നത്. പ്രക്ഷോഭകർ എവിടെ തമ്പടിക്കുന്നു, ആരൊക്കെയാണ് ആക്ടിവിസ്റ്റുകൾ ഇത്യാദി വിവരങ്ങളും അവർ ഏജൻസികൾക്ക് നൽകിക്കൊണ്ടിരിക്കും. ഈ റൗഡി സംഘങ്ങൾ അഴിഞ്ഞാടിയതിന്റെ എത്രയും ഉദാഹരണങ്ങൾ നിങ്ങൾക്ക് അറബ് തെരുവുകളിൽ നിന്ന് ലഭിക്കും.

സ്വാഭാവിക രീതിയനുസരിച്ച്, അല്ലെങ്കിൽ നിയമം അനുശാസിക്കുന്ന പോലെ ജീവിച്ച് പോകാൻ ഒരു അറബ് ഭരണാധികാരിക്ക് ബുദ്ധിമുട്ടാണ് എന്നാണ് പറഞ്ഞ് വന്നതിന്റെ ചുരുക്കം. അത് കൊണ്ടാണ് വർഷങ്ങളായി പല അറബ് നാടുകളിലും അടിയന്തരാവസ്ഥ നിലനിൽക്കുന്നത്. ഒരു നിലക്ക് പറഞ്ഞാൽ അടിയന്തരാവസ്ഥ തന്നെ ആവശ്യമില്ല. ജനം തെരെഞ്ഞടുക്കാത്ത പാർലമെന്റുകളെ ഉപയോഗിച്ച് അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ നിയമങ്ങൾ ഓരോ ഭരണാധികാരിയും ചുട്ടെടുത്തിരിക്കുന്നു. അതിനാൽ അടിയന്തരാവസ്ഥ നീട്ടിക്കൊണ്ട് പോകേണ്ട കാര്യവുമില്ല.

(വാൽക്കഷ്ണം: ആഭ്യന്തര വകുപ്പിനെയും സുരക്ഷാ ഏജൻസികളെയും കുറിച്ച് പറയുമ്പോൾ, അവയിൽ ക്രിമിനലുകൾ മാത്രമല്ല നല്ല മനുഷ്യരും ജോലി ചെയ്യുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. അപവാദങ്ങൾ ഇല്ല എന്ന് ആരും പറയുന്നില്ലല്ലോ. അത്തരം ഒറ്റപ്പെട്ട വ്യക്തികളെക്കുറിച്ചല്ല നമ്മുടെ സംസാരം. പൊതു സ്ഥാപനമായ സുരക്ഷാ ഏജൻസിയുടെ രാഷ്ട്രീയത്തെക്കുറിച്ചാണിവിടെ പറയുന്നത്. അത് പറയുമ്പോൾ അവിടങ്ങളിലൊക്കെ നൂറുക്കണക്കിന് നല്ലവരില്ലേ എന്ന് തിരിച്ച് പറയരുത്). (തുടരും )

വിവ : അശ്റഫ് കീഴുപറമ്പ്

[ ഈജിപ്ഷ്യൻ – ഖത്വരി കവിയും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ. ]

Related Articles