Current Date

Search
Close this search box.
Search
Close this search box.

സത്യസന്ധതക്ക് ഊന്നൽ നൽകിയ ജീവിത വ്യവസ്ഥ

സ്വന്തത്തോടും മറ്റുള്ളവരോടും സത്യസന്ധത പാലിക്കുക എന്നതിന് വളരെയധികം പ്രാധാന്യം നൽകിയ മതമാണ് ഇസ്ലാം. വിശുദ്ധ ഖുർആനിലും തിരുവചനങ്ങളിലും ഇത് സംബന്ധമായ നിരവധി കൽപനകൾ വന്നിട്ടുണ്ട്. സ്വന്തം താൽപര്യത്തിന് എതിരായാൽ പോലും സത്യം മാത്രമേ പറയാവു എന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. വഞ്ചന, ചതി തുടങ്ങിയ നീച കൃത്യങ്ങൾ പാടില്ലെന്ന് ഇസ്ലാം അതിൻറെ അനുയായികളെ കർശനമായി വിലക്കിയിട്ടുണ്ട്. വാക്കിലും പ്രവർത്തിയിലും രഹസ്യമായും പരസ്യമായും ഒരു മുസ്ലിം സത്യസന്ധനായിരിക്കണമെന്നത് അല്ലാഹുവിൻറെ കൽപനയാണ്. അഥവാ നാം വാക്കിലും പ്രവർത്തിയിലും രഹസ്യമായും പരസ്യമായും സത്യസന്ധനായിരിക്കേണ്ടതുണ്ട്.

സത്യസന്ധതയുടെ വിവക്ഷ
എല്ലാ സാഹചര്യങ്ങളിലും ഏത് അവസ്ഥകളിലും സത്യം പറയുക എന്നതാണ് സത്യസന്ധത എന്ന വാക്ക്കൊണ്ട് ഉദ്ദ്യേശിക്കുന്നത്. വാമൊഴിയിലും വരമൊഴിയിലുമുള്ള എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുന്നതിനും സത്യസന്ധത എന്ന വാക്കിലൂടെ വിവിക്ഷിക്കാറുണ്ട്. ശരിയായ ഉപദേശം ആരായുന്ന ഒരാൾക്ക് സത്യസന്ധമായ ഉപദേശം നൽകൽ, ആരെങ്കിലും മേൽനോട്ടം വഹിക്കാൻ ഉണ്ടായാലും ഇല്ലെങ്കിലും ശരി തൻറെ ജോലി ആത്മാർത്ഥമായും സാധ്യമായ പൂർണ്ണരൂപത്തോടും ചെയ്യക, ഒരാൾക്ക് ചോദിക്കാതെ തന്നെ അയാളുടെ അവകാശം നൽകുക, ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്യക, വസ്തുനിഷ്ടമായ വിധിതീർപ്പ്, തീരുമാനം, വിലയിരുത്തൽ, തുടങ്ങിയവയെല്ലാം സത്യസന്ധതയുടെ പരിധിയിൽ വരുന്നതാണ്. ഉചിതമായ സ്ഥാനത്തേക്ക് ഉചിതരായ വ്യക്തികളെ തെരഞ്ഞെടുക്കുക, ശരിയായ വിധത്തിൽ ഉദ്വോഗ കയറ്റം നൽകുക എന്നതും സത്യസന്ധതയുടെ ഭാഗം തന്നെ. ഒരാളുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ, അയൾക്ക് നൽകുന്ന പ്രമോഷനും തഥൈവ. സ്വജന പക്ഷപാതം, വ്യക്തിപരമായ അടുപ്പം എന്തങ്കെിലും വൈകാരികതയുടെ പേരിലുമാവരുത് എന്ന് മാത്രം.

ധാരാളം മൂല്യങ്ങൾ ഉൾകൊള്ളുന്നതാണ് സത്യസന്ധത. സത്യം പറയൽ,തൊഴിലിലുള്ള ആത്മാർത്ഥത, ഉത്തരവാദിത്ത്വ നിർവ്വഹണം, വാക്ക് പാലിക്കൽ,ക്രിയാത്മക തീരുമാനങ്ങൾ എല്ലാം അത് ഉൾകൊണ്ടിരിക്കുന്നു. കാപട്യം, കള്ളത്തരം, പുഛിക്കൽ, സ്വജനപക്ഷപാതം, വഞ്ചന തുടങ്ങിയവയുടെ വിപരീതമാണ് സത്യസന്ധത.

രണ്ട് തരം സത്യസന്ധത
സത്യസന്ധതയെ നമുക്ക് ബാഹ്യവും ആന്തരികവുമായ സത്യസന്ധത എന്ന് രണ്ടായി തരം തിരിക്കാം. മറ്റുള്ളവരുടെ വിലയിരുത്തലിലൂടെ സംഭവിക്കുന്ന സത്യസന്ധതയാണ് ബാഹ്യമായ സത്യസന്ധത. എന്നാൽ ആന്തരികമായ സത്യസന്ധത എന്നാൽ ഒരാൾ സ്വന്തത്തെ കുറിച്ച് സ്വയം വിലയിരുത്തുന്നതാണ്.

ബാഹ്യമായ സത്യസന്ധതയുടെ പ്രതിഫലം ദൈവത്തിൽ നിന്നും ജനങ്ങളിൽ നിന്നും മാനസിക സംതൃപ്തിയിൽ നിന്നും ഒരാൾ അനുഭവിക്കുന്നതിലൂടെ ലഭിക്കുന്നതാണ്. ഒരാൾ സത്യസന്ധനാവുമ്പോൾ ദൈവം അയാളെ ഇഷ്ടപ്പെടുന്നത് പോലെ അയാൾ ഇടപഴകുന്ന ജനങ്ങളും അദ്ദഹേത്തെ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ സത്യസന്ധത നിങ്ങൾക്കാവശ്യമായ സാമൂഹ്യ അംഗീകാരം ലഭിക്കുന്നു. ഇവിടെയാണ് സത്യസന്ധതയുടെ സാമൂഹ്യമുല്യം തിരിച്ചറിയുക.

കൂടാതെ സമൂഹത്തിൽ എല്ലാവരും സത്യസന്ധരാവുമ്പോൾ കളവ്, ചതി,കൊള്ള, കബളിപ്പിക്കൽ,വ്യാജരേഖകൾ ചമക്കൽ തുടങ്ങിയ നിരവധി സാമൂഹ്യ രോഗങ്ങൾ ഒരു പരിധിവരെ അപ്രത്യക്ഷമാവും. സത്യസന്ധത എന്ന് പറഞ്ഞാൽ ചിലത് നിങ്ങൾ കൊടുക്കുകയും ചിലത് നിങ്ങൾ സ്വീകരിക്കുകയും ചെയ്യന്നു എന്നാണർത്ഥം. നിങ്ങളുടെ സത്യസന്ധത മറ്റുള്ളവർ ആസ്വദിക്കുന്നു. മറ്റുള്ളവരുടെ സത്യസന്ധത നിങ്ങളും ആസ്വദിക്കുന്നു.

സത്യസന്ധതയുടെ അഭാവത്തിൽ പലതരം സാമൂഹ്യ രോഗങ്ങൾ പ്രത്യക്ഷപ്പെടും. ഒരാൾ വിശ്വസ്ഥനല്ലെങ്കിൽ അയാൾ കളവ് പറയാനും കൈക്കൂലി വാങ്ങാനും,വഞ്ചിക്കാനും കബളിപ്പിക്കാനുമെല്ലാം തയ്യറാവും. വഞ്ചകനായ ഒരു വ്യക്തി രോഗാതുരമായ മനസ്സിന്റെ ഉടമയായിരിക്കും. എല്ലാ സമയങ്ങളിലും തെറ്റായ രൂപത്തിൽ പെരുമാറാൻ അയാൾ തയ്യറാവും. തുടർച്ചയായി ഇങ്ങനെ പെരുമാറുന്നവർ മറ്റുെള്ളവർക്കും രാജ്യത്തിന് തന്നെയും ചില കാര്യത്തിലെങ്കിലും ഉപദ്രവമാണ് ചെയ്യന്നത്.

ആന്തരികമായ സത്യസന്ധത

ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിൻറേയും അയാൾ ബന്ധപ്പെടുന്ന വ്യക്തികളുടെ ആരോഗ്യത്തിൻറേയും സുപ്രധാന ഘടകമാണ് സത്യസന്ധത . അത്കൊണ്ടാണ് ഇസ്ലാം ആന്തരികമായ സത്യസന്ധതക്ക് ഊന്നൽ നൽകുന്നത്. അഥവാ വ്യക്തി തന്നെയാണ് തന്റെ സത്യസന്ധതയെ വിലയിരുത്തുന്നത്. അത് മറ്റുള്ളവർക്ക് ഗോപ്യമായ കാര്യമല്ല. ഒരു വ്യക്തി രഹസ്യമായി ചെയ്യുമ്പോഴാണ് അത് സംഭവിക്കുന്നത്. ചിലപ്പോൾ നമ്മൾ പ്രവർത്തിക്കുന്നത് ആരും കണ്ടു എന്ന് വരില്ല. അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് തന്നെ ആരും നിരീക്ഷിക്കുന്നില്ലെങ്കിലും അല്ലാഹു നിരീക്ഷിക്കുന്നു എന്ന് അയാൾക്ക് അനുഭവപ്പെടുന്നു. അല്ലാഹുവിൻറെ ഈ നിരന്തരമായ നിരീക്ഷണം ആന്തരികമായ സത്യസന്ധതയെ വളർത്തി എടുക്കുന്നു. ഇതിൻറെ അർത്ഥം ആന്തരികമായ സത്യസന്ധത ഒരു വിശ്വാസിയുടെ മുഖ്യ വിഷയമാണ് എന്ന് തന്നെയാണ്.

ഒരു മുസ്ലിം ബാഹ്യമായും ആന്തരികമായും രഹസ്യമായും പരസ്യമായും സത്യസന്ധനായിരിക്കണം. മറ്റുള്ളവർ തന്നെ നിരീക്ഷിക്കുന്നുവെന്നോ ഇല്ലന്നൊ ഉള്ളത് ഒരു വിഷയമല്ല. സത്യസന്ധത മുസ്ലിമിനെ തൻറെ വിശ്വാസ സംഹിതയെ കുറിച്ചും വാക്കുകളേയും കർമ്മങ്ങളേയും കുറിച്ച് ആത്മവിശ്വാസമുള്ളവനാക്കുന്നു. മറ്റുള്ളവരെ വിശ്വസിക്കാനും മറ്റുള്ളവർ തന്നെ വിശ്വസിക്കാനും പ്രേരിപ്പിക്കുന്നു. പരസ്പരമുള്ള ഈ ആത്മവിശ്വാസം വിശ്വാസിയെ സ്വയം സംതൃപ്തനാക്കുകയും സാമുഹ്യമായി സുരക്ഷാബോധം സൃഷ്ടിക്കുകയും ചെയ്യന്നു. സത്യസന്ധത ഏകീകൃതമായ സ്വഭാവത്തേയും സൂചിപ്പിക്കുന്നു. പൊതുവായ ഗുണനിലവാരത്തേയും വ്യക്തിത്വത്തിൻറെ മൂല്യത്തേയും സൂചിപ്പിക്കുന്നു. ആന്തരികമായ സംഘട്ടനങ്ങൾ, സാമൂഹ്യ സംഘർഷങ്ങൾ ആത്മ വൈരുധ്യം എന്നിവയിൽനിന്നെല്ലാം വിദൂരത്താവുന്നതിനേയും അത് സൂചിപ്പിക്കുന്നു.

എങ്ങനെ കൈരവിക്കാം?

എങ്ങനെയാണ് ഇസ്ലാം മുസ്ലിംങ്ങളിൽ സത്യസന്ധത ബോധം സൃഷ്ടിക്കുന്നത്? വ്യക്തികളിൽ ഇസ്ലാം ധാർമ്മിക ഗുണങ്ങൾ വിശിഷ്യ സത്യസന്ധത ബോധം കരുപിടിപ്പിക്കുന്നത് നിരവധി മാർഗ്ഗങ്ങളിലൂടെയാണ്.

1. മുസ്ലിംകൾ എല്ലാ കർമ്മങ്ങളിലും വാക്കുകളിലും സ്വന്തത്തോടും മറ്റുള്ളവരോടും സത്യസന്ധരായിരിക്കണമെന്ന അല്ലാഹുവിൻറെ കൽപനയുണ്ട്.

2. സത്യസന്ധതയാണ് ഉത്തമമെന്ന് യുക്തിപരമായി അല്ലാഹു മുസ്ലിംങ്ങളെ ബോധ്യപ്പെടുത്തുന്നു.

3. സത്യസന്ധതയുള്ളവർക്ക് അല്ലാഹു ഈ ലോകത്തും പരലോകത്തും ഉദാരമായ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു.

4. സത്യസന്ധത ഇല്ലാത്തവർക്ക് കടുത്ത ശിക്ഷയുണ്ടാവുമെന്ന അല്ലാഹുവിൻറെ താകീത്.

5. നമസ്കാരം, വൃതാനുഷ്ടാനം തുടങ്ങിയ ആരാധനകളിലുടെ ഇസ്ലാം സത്യസന്ധത വളർത്തുന്നു.

ഇത്തരം വ്യക്തമായ നിർദ്ദശേങ്ങളിലൂടെയും യുക്തിയിലൂടെയും പ്രതിഫലം നൽകുമെന്ന വാഗ്ദാനത്തിലൂടെയുമെല്ലാം സത്യസന്ധത എന്ന മൂല്യം വ്യക്തികളിൽ രൂപപ്പെടുത്തുകയാണ് ഇസ്ലാം ചെയ്യുന്നത്.

അതിന്നായുള്ള പരിശീലനം

ഒരു മുസ്ലിമിൻറെ വൃതാനുഷ്ഠാനം പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും മറ്റും ഉപേക്ഷിക്കുക എന്നതാണല്ലോ. ഇതിൻറെ അർത്ഥം തുടർച്ചയായി ഏതാണ്ട് പതിനഞ്ച് മണിക്കുറോളം ഒരു മുസ്ലിമിന് ഭാര്യ ഭർതൃ ബന്ധമൊ അന്ന പാനീയമോ പാടില്ലന്നുമാണ്. വൃതമനുഷിടിക്കുന്ന മുസ്ലിം സൂര്യാസ്തമയം വരെ ദാഹമുണ്ടായാൽ പോലും ഒരു തുള്ളി വെള്ളംപോലും അകത്ത് ചെല്ലാൻ അനുവദിക്കുകയില്ല. കരണം സത്യസന്ധനാവാൻ അവൻ പരിശീലിപ്പിക്കപ്പെട്ടിരിക്കുകയാണ്. അഥവാ ആന്തരികമായി തന്നെ സത്യസന്ധത. വൃതമനുഷ്ടിക്കുന്ന വ്യക്തിയെ നിരീക്ഷിക്കുന്നത് അല്ലാഹുവും ആ വ്യക്തിയും മാത്രമാണ്. ഇതിലൂടെ ഇസ്ലാമിലെ വൃതാനുഷ്ടാന മാസമായ റമദാൻ മാസം മുഴുവൻ സത്യസന്ധതയുടെ യഥാർത്ഥ പരിശീലനമാണ് നടക്കുന്നത്. അത്കൊണ്ട് റമദാനിലൂടെ ഒരു മുസ്ലിം പ്രായോഗികമായി സത്യസന്ധനാവാൻ പരിശീലനം നേടുകയാണ് ചെയ്യുന്നത് എന്ന് പറയുന്നതാവും ശരി.

തീർച്ചയായും ദേഹേഛക്ക് വഴങ്ങാതിരിക്കുക എന്നത് സത്യസന്ധതയുടെ ഒരു അനിവാര്യ ഘടകം തന്നെയാണ്. റമദാനിൽ മുസ്ലിം ദാഹാർത്തിയാണ്. പക്ഷെ അവൻ കുടിക്കുന്നില്ല. അവന് വിശപ്പ് അനുഭവപ്പെടുന്നു. പക്ഷെ തിന്നുന്നില്ല. റമദാനിൽ വെള്ളം സമീപത്ത് തന്നെയുണ്ടാവാം പക്ഷെ മാനസികമായി ഒരു മുസ്ലിമിൽ നിന്ന് അത് വിദൂരതയിലാണ്. സ്വയം നിയന്ത്രണത്തിൻറെയും ആന്തരികമായ സത്യസന്ധതയുടേയും പ്രായോഗികമായ പരിശീലനമാണ് ഇവിടെ നടക്കുന്നത്. അത്കൊണ്ട് സത്യസന്ധനാവാൻ ഇസ്ലാം വിശ്വാസിയോട് നർദ്ദശേിക്കുകയും അവനെ പരിശീലിപ്പിക്കുകയും ചെയ്യന്നു. ഇതിൻറെ ഫലമായി സമൂഹത്തിൽ ആരോഗ്യകരമായ അന്തരീക്ഷം സംജാതമാവുന്നു. അതാകട്ടെ വ്യക്തിയേയും സമൂഹത്തേയും ആനന്ദത്തിലേക്ക് നയിക്കുകയും ചെയ്യന്നു.

വിവ: ഇബ്റാഹീം ശംനാട്, മൂസക്കുട്ടി വെട്ടിക്കാട്ടിരി

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles