Current Date

Search
Close this search box.
Search
Close this search box.

പാരമ്പര്യമുള്ളവർ

فَلَوْلَا كَانَ مِنَ الْقُرُونِ مِن قَبْلِكُمْ أُولُو بَقِيَّةٍ يَنْهَوْنَ عَنِ الْفَسَادِ فِي الْأَرْضِ إِلَّا قَلِيلًا مِّمَّنْ أَنجَيْنَا مِنْهُمْ ۗ وَاتَّبَعَ الَّذِينَ ظَلَمُوا مَا أُتْرِفُوا فِيهِ وَكَانُوا مُجْرِمِينَ

നിങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയ തലമുറകളിൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നത് തടയുന്ന ഉത്തമ പാരമ്പര്യമുള്ള വിഭാഗം ഉണ്ടാവാതിരുന്നതെന്തുകൊണ്ട്? അവരിൽ നിന്നും നാം രക്ഷപ്പെടുത്തിയ വളരെ കുറച്ചുപേരൊഴികെ. അക്രമികൾ തങ്ങൾക്കു കിട്ടിയ സുഖസൗകര്യങ്ങളുടെ പിറകെ പോവുകയാണുണ്ടായത്. അവർ കുറ്റവാളികളായിരുന്നു. (ഹൂദ് :116)

“ഉലൂ ബഖിയ്യ” എന്ന വാക്കിന്റെ വാചാലത ശ്രദ്ധിച്ചിട്ടുണ്ടോ ?

സഹോദരന്മാരേ! സൂറ: ഹൂദിലുള്ള ഈ വാക്യത്തിൽ വന്ന ഉലൂ ബഖിയ്യ: (പാരമ്പര്യമുള്ളവർ) എന്ന പ്രയോഗം
വായിക്കുമ്പോഴെല്ലാം ഉത്തരവാദിത്വ ബോധം കൊണ്ട് ചർമ്മം വിറയ്ക്കുകയും ധാർമിക വികാരങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്യണം ….

لا تَزالُ طائفةٌ من أمَّتي “എന്റെ സമുദായത്തിൽ നിന്നുള്ള ഒരു ഒരു വിഭാഗമെന്ന് ” പ്രവാചകൻ (സ) സന്തോഷവാർത്ത പറഞ്ഞിട്ടുള്ളതും ഇതേ ഉലൂ ബഖിയ്യ: എന്ന നന്മയിലുള പാരമ്പര്യമുള്ളവരെ കുറിച്ച് തന്നെയാണ്.മൂസാ നബിയുടെ കൂടെയുണ്ടായിരുന്ന
شِرْذِمَةٌ 26:54 (ചെറിയ സംഘം)ഉം ഈസാ നബിയുടെ കൂടെയുണ്ടായിരുന്ന ( 3:54,61:14 ൽ പറയുന്ന) حواريون നുമെല്ലാം പലകാലഘട്ടങ്ങളിലായി ഇവിടെ അല്ലാഹുവിന്റെ സഹായികളായി ( അൻസ്വാറുല്ലാഹ്) ജീവിച്ചു കാണിച്ചു തന്ന ഉലൂ ബഖിയ്യകളായിരുന്നു. അവരുടെ പാരമ്പര്യം സാമ്പ്രദായിക രീതിയിലുള്ള പാരമ്പര്യം എന്നയർത്ഥത്തിലായിരുന്നില്ല. ജന്മം കൊണ്ട് ലഭിക്കാത്തതും കർമം കൊണ്ട് മാത്രം നേടിയെടുത്തതുമായ പാരമ്പര്യമായിരുന്നു എല്ലാ ഉലൂ ബഖിയ്യയുടേതും.

സമൂഹത്തിൽ സദാചാരം നിലനിൽക്കണമെന്നും ദുരാചാരം നിർമാർജനം ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്നവനാവണം ഓരോ ഉലൂ ബഖിയ്യയും. സ്വയം സദാചാര നിഷ്ഠമായ ജീവിതം നയിക്കുന്നതോടൊപ്പം മറ്റുള്ളവരെയും അതിലേക്ക് ക്ഷണിക്കുകയും സ്വയം ദുരാചാരങ്ങളിൽ നിന്നും മ്ലേഛ വൃത്തികളിൽ നിന്നും വിട്ടു നിൽക്കുന്നതോടൊപ്പം മറ്റുള്ളവരെ അതിൽ നിന്ന് അകന്നു നിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമ്പോഴാണ് സമൂഹത്തോട് ഗുണകാംക്ഷയുള്ളവനായി ഓരോ ഉലൂ ബഖിയ്യയും മാറുന്നത്. അംറുൻ ബിൽ മഅ്റൂഫ്, നഹ് യുൻ അനിൽ മുൻകർ 2:178, 180, 3:104,110, 4:6, 19,9:67,71 എന്ന പേരിൽ ഖുർആൻ പറയുന്ന ദൗത്യവും വേറൊന്നല്ല.

قدموا لأنفسكم
നിങ്ങൾക്കായി സമർപ്പിക്കുക ( 2: 223 ) എന്ന് പറയുമ്പോഴും ما قدموا وآثارهم അവർ ചെയ്തതും അതിന്റെ അനുരണനങ്ങളും (36:12) എന്ന് അനുസ്മരിക്കുമ്പോഴും ഉപരിസൂചിത ഉലൂ ബഖിയ്യയുടെ ദൗത്യത്തെ അരക്കിട്ടുറപ്പിക്കുന്ന ആഹ്വാനങ്ങളാണെന്ന് നാം തിരിച്ചറിയണം. അവർ സമൂഹത്തിൽ അവശേഷിപ്പിക്കുന്ന അഥർ /സ്വാധീനമാണ് തലമുറകളിൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നത് എക്കാലത്തും തടയുന്നത്. ഈ ദൗത്യ നിർവഹണത്തിൽ നിന്ന് അവരിൽ പലരും പിന്തിരിഞ്ഞതാണ് ഭൂമിയുടെ സമതുലിതാവസ്ഥ വിനഷ്ടമാവാനും പലപ്പോഴും തിന്മ വ്യാപിക്കുവാനും കാരണമായത്.

“മനുഷ്യരുടെ കരങ്ങൾ പ്രവർത്തിച്ചതു നിമിത്തം കരയിലും, കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു: തങ്ങൾ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്കു ആസ്വദിപ്പിക്കുവാൻ വേണ്ടിയാണത്; അവർ മടങ്ങിയേക്കാമല്ലോ (റൂം: 41 ) ”
ഉപരി സൂചിത ഉലൂ ബഖിയ്യ നന്മയുടെ പ്രചാരകരും തിന്മയുടെ ധ്വംസകരുമാവുക അഥവാ
ഖൈറു ഉമ്മതാവുക എന്ന ദൗത്യം പൂർത്തിയാക്കാൻ വിസമ്മതിക്കുവോളം ഈ കുഴപ്പം തുടർന്നു കൊണ്ടിരിക്കും. അവസാനം ഈ ഉത്തമ പാരമ്പര്യം നാവുകൊണ്ട് അവകാശപ്പെടുന്നവരടങ്ങുന്നവരേയും അത് നിർദാക്ഷിണ്യം ബാധിക്കും …
“നിങ്ങളിൽനിന്നു അക്രമം പ്രവർത്തിച്ചവരെ മാത്രമായി ബാധിക്കാത്ത പരീക്ഷണത്തെ നിങ്ങൾ സൂക്ഷിക്കുക… (അൻഫാൽ: 25 )

Related Articles