Current Date

Search
Close this search box.
Search
Close this search box.

പരിസ്ഥിതി സംരക്ഷണം-ഒരിസ്ലാമിക വായന

ദൈവപ്രോക്തമായ ഒരു സമ്പൂർണ ജീവിത ദർശനം എന്ന നിലയിൽ പരിസ്ഥിതി സംരക്ഷണം ഇസ്ലാം സംസ്‌കൃതി യുടെ ഒരു അവിഭാജ്യ ഘടകമാണ്. ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലയിൽ പരിസ്ഥിതിയെ സ്വന്തം കുടുംബത്തെ പോലെ പരിപാലിക്കേണ്ടത് മുസ്‌ലിംകളുടെ ഉത്തരവാദിത്തവുമാണ്.

സസ്യജാലങ്ങളോ പക്ഷിമൃഗാദിളോ ആകട്ടെ, നാമടങ്ങുന്ന വ്യത്യസ്ത ജീവിവർഗ്ഗങ്ങളുടെ സൃഷ്ടിക്ക് പിന്നിൽ ഒരു കൃത്യമായ ലക്ഷ്യമുണ്ട്. ജീവജാലങ്ങളും അവയുടെ പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാനും അല്ലാഹു സൃഷ്ടിച്ച പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനും അനുയായികളെ പ്രോത്സാഹിപ്പിക്കുന്ന ദർശനമാണ് ഇസ്ലാം.

അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം ഒരു യഥാർത്ഥ വിശ്വാസിയുടെ സംസ്കാരത്തിൽ പ്രതിഫലിക്കേണ്ടതുണ്. പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം മുഴുവൻ മനുഷ്യവർഗത്തിനുണ്ട്. കാരണം ഏതു ദർശനത്തിന്റെ വക്താവായിരുന്നാലും നമുക്കെല്ലാം ജീവിക്കാൻ ഒരൊറ്റ ഭൂമി മാത്രമേ ഉള്ളൂ.

പരിസ്ഥിതി – പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം:
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. ഈ പ്രപഞ്ചത്തിൽ അധിവസിക്കുന്ന സകല ചരാചരങ്ങളെയും സഹജീവികളായി കാണുന്ന ഇസ്ലാം എല്ലാ ജീവിയുടെയും ആരോഗ്യകരമായ സഹവർത്തിത്വവും പാരസ്പര്യവും ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ അതിജീവനത്തിന്റെ അനിവാര്യതയായി കാണുന്നു.

നമ്മുടെ പരിസ്ഥിതിയോടും പ്രകൃതിവിഭവ സംരക്ഷണത്തോടുമുള്ള ഇസ്‌ലാമിക മനോഭാവം അമിത ചൂഷണം നിരോധിക്കുന്നതിനെ മാത്രമല്ല, പരിസ്ഥിതി യുടെ സ്ഥായിയായ സംരക്ഷണത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.

വിശുദ്ധ ഖുർആൻ പറയുന്നു: പറയുന്നു: “അവനാണ് നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കി നിയോഗിച്ചത്… അവൻ നിങ്ങൾക്ക് നൽകിയതിൽ നിങ്ങളെ പരീക്ഷിക്കാൻ.” (സൂറ 6: 165)
“ആദം സന്തതികളേ! നിങ്ങൾ ഭക്ഷിക്കുക…പാനം ചെയ്യുക എന്നാൽ അമിതമായി പാഴാക്കരുത് (ധൂർത്തടിക്കരുത്)
കാരണം അല്ലാഹു ധൂർത്തടിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല. ” (സൂറ 7:31)
ഭൂമിയിൽ ചരിക്കുന്ന ഏത് ജീവിയും ഇരുചിറകുകളിൽ പറക്കുന്ന ഏതു പറവയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങളാണ്. മൂലപ്രമാണത്തിൽ നാമൊന്നും വിട്ടുകളഞ്ഞിട്ടില്ല. പിന്നീട് അവരെല്ലാം തങ്ങളുടെ നാഥങ്കൽ ഒരുമിച്ചുചേർക്കപ്പെടും. (6- 38)

കൃഷി ചെയ്തും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ഭൂമിയെ ഫലപ്രദമായി വിനിയോഗിക്കുന്നത് ഏറ്റവും ഉദാത്തമായ കർമങ്ങളായിങ്ങളായി പരിചയപ്പെടുത്തുന്ന അനേകം പ്രവാചക വചനങ്ങൾ നമുക്ക് കാണാം.

അനസ് ബിൻ മാലിക് (റ) പറയുന്നു: പ്രവാചകൻ തിരുമേനി പ്രസ്താവിച്ചിരിക്കുന്നു: “മുസ്‌ലിംകളിൽ ആരെങ്കിലും ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയോ വിത്ത് വിതയ്ക്കുകയോ ചെയ്തു അതിന്റെ ഫലത്തിൽ നിന്ന് ഒരു പക്ഷിയോ, മനുഷ്യനോ മൃഗമോ ഭക്ഷിച്ചാൽ അതു അവനു ദാനധർമ്മമായി കണക്കാക്കപ്പെടുന്നു. ”(ബുഖാരി).

എത്രത്തോളം എന്നാൽ അന്ത്യനാൾ സംഭവിക്കുന്ന നേരത്ത് നിങ്ങളിൽ ആരുടെയെങ്കിലും കയ്യിൽ ഒരു വൃക്ഷ തൈ ഉണ്ടെങ്കിൽ ആയാൾ അതു ഉടൻ നടട്ടെ എന്നാണ് പ്രവാചകൻ തിരുമേനി പഠിപ്പിക്കുന്നത്! അനാവശ്യമായി ചെടികളും മരങ്ങളും മുറിക്കുന്നതും ജീവികളെ അകാരണമായി കൊല്ലുന്നതും ക്രൂരമായ പാതകങ്ങളായി ഇസ്ലാം കണക്കാക്കുന്നു.

“സിദ്ർ” (മരുഭൂമിയിൽ വളരുന്ന ഒരു പ്രത്യേക മരം) മുറിക്കുന്നത്തിനെതി രെ താക്കീതു നൽകുന്ന ചില നബിവചനങ്ങളും നമുക്ക് കാണാം. അപൂർവമായ സസ്യജാലങ്ങളുള്ള മരുഭൂപ്രദേശങ്ങളിൽ ഉള്ള പച്ച തുരുത്തുകൾക്കു (The oases الواحات )
പ്രത്യേക പ്രാധാന്യമുണ്ടെന്ന് നമുക്കറിയാമല്ലോ.

പല രാജ്യങ്ങളിലും വനനശീകരണം മൂലമുണ്ടാകുന്ന നാശം വലിയതോതിൽ മണ്ണൊലിപ്പിന് കാരണമാവുകയും ഭൂമിയുടെ ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു.

നാലാം ഖലീഫ അലി (റ) ഇസ്‌ലാമിന്റെ പ്രകൃതിവിഭവങ്ങളോടുള്ള സമീപനത്തെ പരിചയപ്പെടുത്തുന്നത് കാണുക. “നിങ്ങൾ ഗുണഭോക്താവായിരിക്കുന്നിടത്തോളം സന്തോഷത്തോടെ അതിൽ പങ്കാളികളാകുക. ഒരു കൊള്ളക്കാരനല്ല ഒരു കൃഷിക്കാരൻ, നശിപ്പിക്കുന്നവനല്ല. എല്ലാ മനുഷ്യരും മൃഗങ്ങളും വന്യജീവികളും ഭൂമിയുടെ വിഭവങ്ങൾ പങ്കിടാനുള്ള അവകാശം ആസ്വദിക്കുന്നു.”

പുതിയ ഗവർണറായി അബു മൂസ (റ) വിനെ ബസ്രയിലേക്ക് അയച്ചപ്പോൾ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു പറയുകയാണ്: “നിങ്ങളുടെ നാഥന്റെ സന്ദേശം നിങ്ങളെ പഠിപ്പിക്കുന്നതിനായി ഉമർ ഇബ്നു അൽ ഖത്താബ് (റ) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചു (അതായത് ഖുർആൻ)

നിങ്ങളുടെ പ്രവാചകന്റെ സുന്നത്താണ് നിങ്ങളുടെ തെരുവുകൾ വൃത്തിയാക്കുക എന്ന കാര്യം”. ഒരു വ്യക്തി ഏതെങ്കിലും ജലസ്രോതസ്സിലോ പാതയിലോ നിഴലിലോ അല്ലെങ്കിൽ ഒരു ജന്തുവിന്റെ മാളത്തിലോ വിസര്ജിക്കുന്നതു അല്ലാഹുവിന്റെ റസൂൽ (സ) വിലക്കിയതായി അബു ഹുറൈറ (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം .

അവശ്യ വിഭവങ്ങളുടെ മലിനീകരണവും അതുമൂലം പ്രകൃതിക്കും ആവാസ വ്യവസ്ഥക്കും സംഭവിക്കുന്ന അപചയവും ശുചിത്വത്തിന്റെ പ്രാധാന്യവുമെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്ന പ്രമാണങ്ങൾ നിരവധിയാണ്. അതെ… നമുക്ക് പാരിസ്ഥിതിക അവബോധം വ്യാപിപ്പിച്ചു പ്രകൃതിയോട് ഇണങ്ങി ജീവിക്കാം.

നമനുടെ വ്യക്തി-കുടുംബ-സാമൂഹ്യ ജീവിതത്തിലും പ്രൊഫഷണൽ സർക്കിളുകളിലും എല്ലാം പരിസ്ഥിതി അവബോധം വളർത്താൻ നമുക്ക് വിവിധ മാർഗങ്ങൾ സ്വീകരിക്കാം. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ പ്ലസ് മുതലായ സംവിധാനങ്ങൾ ഉപയോഗിച്ച് പരിസ്ഥിതി അവബോധം പ്രചരിപ്പിക്കുന്നത് യുവതലമുറയിൽ ഇക്കാര്യത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താൻ കാരണമാകുമെന്ന് അനുഭവങ്ങൾ സാക്ഷി.

ലോകം കോവിഡ് 19 എന്ന ഈ മഹാമാരിയിലൂടെ കടന്നു പോകുമ്പോൾ അതിജീവനത്തിനായി നമ്മുടെ പ്രകൃതി എന്ന ദൈവത്തിന്റെ വരദാനം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു തലമുറകളിലേക്ക് കൈമാറാൻ നമുക്ക് പ്രതിജ്ഞ എടുക്കാം.

വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനായി നമ്മുടെ സ്വന്തം കുടുംബങ്ങളിലും സ്കൂൾ, കോളേജ്, ജോലിസ്ഥലങ്ങളിലും എല്ലാം കാമ്പെയ്ൻ ആരംഭിക്കുകയും അതു കുറ്റമറ്റ രീതിയിൽ നടക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ആണ് മറ്റൊരു മികച്ച ആശയം.
അടുക്കള തോട്ടം എന്ന ആശയം ഓരോ കുടുംബവും യാഥാർഥ്യമാക്കട്ടെ. വിഷമയമില്ലാത്ത പച്ചക്കറി എന്നത് നമ്മുടെയെല്ലാം ചിരകാല സ്വപ്നമാണല്ലോ.

ചുരുക്കത്തിൽ പാരിസ്ഥിതിക അവബോധവും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ഇസ്ലാമിക ദർശനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ആണെന്നും മാനവ കുലത്തിന്റെ നിലനിൽപ്പിനും വികാസത്തിനും അതിനുള്ള സ്ഥാനം ജീവൽ പ്രധാനമാണെന്നും നാം മനസ്സിലാക്കുക. നമസ്കാരത്തിന് വേണ്ടി അംഗശുദ്ധി വരുത്തുന്നത് ഒരു നദിയിൽ നിന്നാണെങ്കിൽ പോലും ജലത്തിന്റെ ഉപയോഗത്തിൽ നാം സൂക്ഷ്മത പുലർത്തണം എന്ന പ്രവാചക അധ്യാപനം പ്രകൃതി എല്ലാവർക്കും അനുഭവിക്കാനുള്ളതാണ് എന്ന സത്യമാണ് ബോധ്യപ്പെടുത്തുന്നത്.

Related Articles