Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക ശാസ്ത്രത്തിലെ മഹനീയ ഗ്രന്ഥം

അറബ് നാഗരികത അതിന്റെ ആദ്യ നൂറ്റാണ്ടിൽ തന്നെ വിശാലമായ വൈജ്ഞാനിക മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജ്ഞാന മേഖലയിൽ പൂർവികരായ പണ്ഡിതന്മാർ രചിച്ച ഗ്രന്ഥങ്ങളുടെ കൂട്ടത്തിലേക്ക് കാലോചിതമായി ഒരുപാട് ഗ്രന്ഥങ്ങൾ പിന്നെയും കടന്നുവന്നു. പാശ്ചാത്യ നാഗരികത രൂപപ്പെടുത്തി എന്ന് പറയപ്പെടുന്ന സാമ്പത്തിക ശാസ്ത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. സാമ്പത്തിക ശാസ്ത്രത്തോടുള്ള ഇസ്ലാമിക നാഗരികതയുടെ സമീപനത്തെ രണ്ടായി തരം തിരിക്കാം:
1- സാമ്പത്തിക കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ; ശരീഅത്തിന്റെയും കർമ്മശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള സാമ്പത്തിക വിഷയങ്ങളെക്കുറിച്ച ചർച്ചകളായിരുന്നു അത്. ഇത്തരം ഗ്രന്ഥ രചനയിൽ മഹത്തായൊരു പാരമ്പര്യം തന്നെ ഇസ്ലാമിനുണ്ട്. ഇസ്ലാമിലെ സാമ്പത്തിക ചർച്ചകളുടെ ആദ്യ ഘട്ടങ്ങളിൽ തന്നെ രചനകളും ആരംഭിച്ചിരുന്നു. ഇമാം അബൂ യൂസുഫിന്റെ ഖറാജ്, ഇമാം ഹസൻ ശയ്ബാനിയുടെ കസ്ബ് എന്നിവ അതിൽ ചിലതാണ്. ധനവും കണക്കുകൂട്ടലുകളുമെല്ലാമായിരുന്നു അതിന്റെ ഉള്ളടക്കം.
2- സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ; നേരത്തെ പറഞ്ഞ ഗ്രന്ഥ രചനകളിൽ നിന്നും വിത്യസ്തമായി ഇൗ മേഖലയിൽ വന്ന രചനകൾ വളരെ കുറവായിരുന്നു. ജാഹിളിന്റെ അത്തബ്സ്വിറത്തു ബിത്തിജാറ, അബൂ ജഅ്ഫറു ബ്നു അലി അദ്ദിമശ്ഖിയുടെ അൽഇശാറത്തു ലിമഹാസിനിത്തിജാറ എന്നിവയാണ് അതിൽ പ്രധാനം. ഒരേസമയം ഇസ്ലാമിക പണ്ഡിതന്മാരുടെയും ഒാറിയന്റലിസ്റ്റുകളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഏറെ പക്വവും പൂർണവുമായ ഗ്രന്ഥമാണ് അബൂ ജഅ്ഫറിന്റേത്.

ജഅ്ഫറു ബ്നു അലി ദിമശ്ഖിയും ഗ്രന്ഥവും

അൽഇശാറത്തു ഇലാ മഹാസിനിത്തിജാറ വ മഅ്രിഫത്തു ജയ്യിദിൽ അഅ്റാദി വ റദീഇഹാ വ ഉശൂശിൽ മുദല്ലിസീന ഫീഹാ എന്ന തന്റെ ഗ്രന്ഥത്തിൽ നൽകപ്പെട്ടിട്ടള്ളതല്ലാതെ ജഅ്ഫറു ബ്നു അലിയുടെ മറ്റു വിവരങ്ങളൊന്നും തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഹി. 570 ലെ റമദാൻ മാസം ആറാം ദിവസമാണ് ദിമശ്ഖി ഇൗ ഗ്രന്ഥത്തിന്റെ രചന പൂർത്തീകരിക്കുന്നത്. അഥവാ, അദ്ദേഹം ആറാം നൂറ്റാണ്ടുകാരനായിരുന്നുവെന്ന് സാരം. ഈ ഗ്രന്ഥത്തിന് നൽകപ്പെട്ടിട്ടുള്ള വിവർത്തനങ്ങളിലോ ഗ്രന്ഥസൂചിക പുസ്തകങ്ങളിലോ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെയില്ലെന്ന് ഡോ. രിഫ്അത്തുൽ ഇവദി പറയുന്നു. പണ്ഡിതന്മരോ ഗ്രന്ഥരചയിതാക്കളോ ഒന്നും തന്നെ അദ്ദേഹത്തെക്കുറിച്ച് തങ്ങളുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്തില്ല.(1)

1901ൽ കയ്റോയിലെ അൽ-മുഅയ്യദ് പ്രസ്സാണ് സ്വന്തം ചെലവിൽ ആദ്യമായി ഇൗ പുസ്തകം അടിച്ചിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജർമൻ ഓറിയന്റലിസ്റ്റ് ഹെൽമറ്റ് റിറ്ററുടെ(1892-1971) ഗ്രന്ഥവും വിവർത്തനവും പ്രതീക്ഷിച്ചായിരുന്നു അവരത് പ്രിന്റ് ചെയ്തത്. സുദീർഘവും ഗഹനവുമായ മുപ്പതോളം അധ്യായങ്ങളുള്ള പുസ്തകത്തിലെ ചില അധ്യായങ്ങൾ ഒരുപേജിൽ ഒതുങ്ങുന്നതും മറ്റു ചില അധ്യായങ്ങൾ പത്തൊമ്പതോളം പേജുള്ളതുമായിരുന്നു.

ദിമശ്ഖി തന്റെ പുസ്തകത്തിൽ കൈകാര്യം ചെയ്ത പ്രധാന വിഷയങ്ങൾ; ധനത്തിന്റെ വിവക്ഷയും അതിന്റെ വിത്യസ്ത രൂപങ്ങളും, എെശ്വര്യം, സമ്പത്തിന്റെ ആപേക്ഷിക മൂല്യങ്ങൾ, വില, പണമിടപാടുകൾ, അതിന്റെ വിതരണങ്ങൾ, സമ്പത്ത് നേടുന്ന രൂപങ്ങൾ, ഉടമസ്ഥാവകാശങ്ങളുടെ രീതികൾ, മാർക്കറ്റിൽ സുലഭമാകുന്ന ചരക്കുകൾ, അതിൽ നല്ലതും ചീത്തതും ഏതെന്ന് വേർതിരിക്കൽ, കച്ചവട രീതികളും വ്യാപാരികൾ ചെയ്യേണ്ടതും, പണം സൂക്ഷിക്കാനും വികസിപ്പിക്കാനുമുള്ള വഴികൾ, സമ്പാദ്യവും ധാർമ്മികതയും തമ്മിലുള്ള ബന്ധം, സമ്പത്തും അറിവും, പണം അനാവശ്യമായി ചെലഴിക്കുന്നതിനെക്കുറിച്ച് തുടങ്ങി അനേകം വിഷയങ്ങൾ അദ്ദേഹം ചർച്ചക്കെടുക്കുന്നുണ്ട്.

ഇൗ വിഷയങ്ങളെയെല്ലാം തന്നെ ഒന്നിലധികം വിഭാഗങ്ങളായി വേർതിരിക്കാം; അതിൽ ചിലത് കച്ചവടക്കാരനുമായി ബന്ധപ്പെട്ടതാണ്. മറ്റുചിലത് കച്ചവട ചരക്കുകളുമായി ബന്ധപ്പെട്ടതാണ്. വേറെ ചിലത് ഇവ്വിഷയകമായി ബന്ധപ്പെട്ട പുസ്തക രചനകളുമായി ബന്ധപ്പെട്ടതാണ്. സാമ്പത്തിക പ്രശ്നങ്ങൾ, ഭരണപരമായ പ്രശ്നങ്ങൾ, സമ്പത്തുമായി ബന്ധപ്പെട്ട ഗ്രന്ഥരചനകൾ എന്നിങ്ങനെ മൂന്നായി അതിനെ വിശദീകരിക്കാമെന്ന് പണ്ഡിതനായ ശൗഖി ദനിയ പറയുന്നു.

സമ്പാദ്യവും അതിന്റെ വിത്യസ്ത ഇനങ്ങളും

അത്രമേൽ മൂല്യമുള്ളതും അല്ലാത്തതുമാണെങ്കിലും പരിഗണിക്കപ്പെടുകയും സൂക്ഷിക്കപ്പെടുകയും ചെയ്യുന്നതിനെല്ലാം സമ്പാദ്യം എന്ന് പറയാമെന്നാണ് ദിമശ്ഖിയുടെ പക്ഷം. അദ്ദേഹമതിനെ നാലായി തരംതിരിക്കുന്നു:
1- നിശബ്ദ സമ്പാദ്യം: സ്വർണവും വെള്ളിയുമാണത്.
2- ചരക്ക്: ചരക്കിന്റെ എല്ലാവിധ ഇനങ്ങളും അതിൽ പെടും.
3- റിയൽ എസ്റ്റേറ്റ്: ഷോപ്പിംഗ് കോംപ്ലക്സുകൾ, ഹോട്ടലുകൾ പോലെ മേൽകൂരയുള്ളതും തോട്ടങ്ങളും വയലുകളും പോലെയുള്ള കൃഷിയിടങ്ങളുമാണ് അതിന് കീഴിൽ വരുന്നത്.
4- സംസാരിക്കുന്ന സമ്പാദ്യം: നാൽക്കാലികളാണ് അതുകൊണ്ടുള്ള ഉദ്ദേശ്യം.

ശരിയായ രീതിയിൽ ക്രമീകരിക്കുന്നുവെങ്കിൽ എല്ലാം സമ്പാദ്യവും പ്രയോജനകരമാകുമെന്ന് ദിമശ്ഖി അഭിപ്രായപ്പെടുന്നു. അവയിൽ ചിലതിന് മറ്റു ചിലതിനേക്കാൾ ശ്രേഷ്ഠതയുണ്ടാകും. അതിലേറ്റവും മികച്ചത് നിശബ്ദ സമ്പാദ്യമായ സ്വർണവും വെള്ളിയുമാണ്. എളുപ്പത്തിൽ രൂപപ്പെടുത്തിയെടുക്കാൻ സാധ്യമാകുന്നത് അതാണ്. അത് കേടുവന്ന് പോവുകയുമില്ലെന്ന് മാത്രമല്ല ചുമക്കാൻ ആയാസവുമാണ്.
ദിമശ്ഖി പറയുന്നതു പോലെ, സമ്പത്ത് ഒരിക്കലും ആക്ഷേപിക്കപ്പെടേണ്ട ഒന്നല്ല. മറിച്ച്, സ്തുതിക്കപ്പെടേണ്ട ഒന്നാണ്. ദരിദ്രനെക്കാൾ സമ്പന്നൻ മികച്ചവനാകുന്നത് അതുകൊണ്ടാണ്. ഐശ്വര്യം എന്നുള്ളത് അല്ലാഹുവിന്റെ വിശേഷണം കൂടിയായി മാറുന്നത് അതിന്റെ ശ്രേഷ്ഠതയെക്കുറിച്ച് അറിയിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.(2) ഇതേ അർത്ഥത്തിൽ തന്നെയാണ് ദിമശ്ഖിയെ ഇസ്ലാം ദാരിദ്ര്യത്തിന്റെ പക്ഷത്താണെന്ന പൊതു ധാരണക്ക് വിപരീതമായി ഇസ്ലാം സമ്പത്തിന്റെ അനുകൂലിക്കുന്ന മതമാണെന്ന് വിശ്വസിക്കുന്ന പൈതൃകത്തിന്റെ ശബ്ദമായി കണക്കാക്കുന്നത്.

സമ്പാദ്യവും അവ സൂക്ഷിക്കാനുള്ള വഴികളും

പണം സമ്പാദിക്കുന്നതെല്ലാം രണ്ട് വഴിയിലൂടെയാണെന്ന് ദിമശ്ഖി അഭിപ്രായപ്പെടുന്നു:
1- ഉദ്ദേശ്യത്തിന്റെയും അഭ്യർത്ഥനയുടെയും വഴി: ഇത് മൂന്ന് രീതിയിലുണ്ട്; ഒന്നുകിൽ മതകീയ ജ്ഞാനം, ശാസ്ത്രീയ കരകൗശല വസ്തുക്കൾ, കൃഷി, നെയ്ത്ത് പോലെയുള്ള പ്രായോഗിക വ്യവസായത്തിലൂടെ നേടിയെടുക്കുക. അല്ലെങ്കിൽ, കൊള്ള, മോഷണം, അധികാരികൾ ചെയ്യുന്നതുപോലെ അധിക നികുതി ചുമത്തി നേടിയെടുക്കുക. അതുമല്ലെങ്കിൽ, മേൽ പറഞ്ഞ രണ്ട് രീതിയും ഒന്നിച്ച് ചേർത്ത് സമ്പത്ത് നേടിയെടുക്കുക, അധികാരികളെപ്പോലെ. വാങ്ങുന്നതിലോ വിൽപന നിയന്ത്രണങ്ങൾ വരുത്തുന്നതിനോ അധികാരികളെ ആർക്കും മറികടക്കാൻ സാധ്യമല്ലാത്ത സാഹചര്യം.

2- നേരിട്ട് ലഭിക്കുന്ന വഴി: അധ്വാനിക്കാതെ സമ്പത്ത് നേടുന്ന വഴിയാണത്. അനന്തരസ്വത്ത്, നിധി എന്നിവപോലെ.(3)
പണം സ്വായത്തമാക്കുന്നതിൽ ഉണ്ടാകുന്ന മറ്റൊരു പ്രശ്നം അതെങ്ങനെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുമെന്നതാണ്. ദിമശ്ഖി അതിന് അഞ്ച് നിയമങ്ങളാണ് മുന്നോട്ട് വെക്കുന്നത്:
1- സമ്പാദിക്കുന്നതിനേക്കാൾ ചെലവഴിക്കാതിരിക്കുക. സമ്പാദിക്കുന്നതിനേക്കാൾ ചെലവഴിച്ചാൽ പിന്നെ മിച്ചമായി വെക്കാൻ ഒന്നും തന്നെ കാണില്ല.
2- സമ്പാദിക്കുന്ന അതേ അളവിൽ തന്നെ ചെലഴിക്കാതിരിക്കുക. പെട്ടെന്നുണ്ടാകുന്ന ഏത് പ്രശ്നങ്ങളെയും നേരിടാൻ ആവശ്യമായ അത്രയും കരുതിവെക്കണം.
3- ഒരു വ്യക്തിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത കാര്യങ്ങൾക്ക് വേണ്ടി വൃഥാ ശ്രമം നടത്തുക. സാധ്യമാകാത്തവ നേടിയെടുക്കാൻ വേണ്ടി സമ്പാദ്യം വെറുതെ ചെലവഴിക്കുക.
4- വിദ്യാർത്ഥികളെപ്പോലെ പരിമിതമായ ആളുകൾ മാത്രം ഇടപെടുന്ന ജ്ഞാന ഗ്രന്ഥങ്ങൾ വാങ്ങുന്നത് പോലെയുള്ള പൊതുജനങ്ങൾക്ക് ഒട്ടും ആവശ്യമായി വരാത്ത കാര്യങ്ങളിലേക്ക് അധിക നിക്ഷേപം നടത്തുക.
5- കച്ചവട ചരക്ക് വിൽപനകൾ പോലെയുള്ളത് വേഗതയിലാക്കുകയും ഭൂമി വിൽപന പോലെയുള്ളത് എത്ര വലിയ ലാഭമാണെങ്കിലും സാവകാശത്തിലാക്കുക.(4)

വിവിധതരം വ്യാപാരികൾ

ഇതര സാമ്പത്തികശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നും ദിമശ്ഖിയുടെ ഗ്രന്ഥത്തെ വേറിട്ടുനിർത്തുന്ന മറ്റൊരു ഘടകം അദ്ദേഹം തന്റെ പുസ്തകത്തിൽ കച്ചവടത്തിന് പുറമെ വിവിധയിനം കച്ചവടക്കാരെക്കുറിച്ചും പറയുന്നുണ്ടെന്നതാണ്:

1- റിസർവോയർ വ്യാപാരി, അതായത് മൊത്തക്കച്ചവടക്കാരൻ. തന്റെ ചരക്കുകൽ ലാഭമില്ലാതാകുമ്പോഴും അവയുടെ വില വർദ്ധിക്കുമ്പോഴും വിൽക്കാൻ ഏറ്റവും അനുകൂല സാഹചര്യം ഉണ്ടാക്കിയെടുക്കുന്നവനാണവൻ. ചരക്കുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഏറ്റവും ഉചിതമായ സമയം നഷ്ടപ്പെടുത്താതിരിക്കാൻ ചരക്കുകളെക്കുറിച്ചും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചും അവന് വ്യക്തമായ അറിവുണ്ടാകും. അധികാരി ശക്തനും നീതിമാനുമാണോ അതോ അക്രമകാരിയാണോ എന്നെല്ലാം അറിയാൻ അവൻ നിർബന്ധിതനാകുന്നു. അതെല്ലാം അവന്റെ കച്ചവടത്തെ സാരമായി ബാധിക്കുന്നതാണ് കാരണം.

2- യാത്രികനായ വ്യാപാരി. അയാളെ സംബന്ധിച്ചെടുത്തോളം താൻ ഉദ്ദേശിക്കുന്ന നാടിലേക്കുള്ള യാത്ര വൈകാതിരിക്കാൻ യാത്രയിലുടെനീളം പൂർണ ശ്രദ്ധാലുവായിരിക്കണം. അല്ലായെങ്കിൽ ചിലപ്പോൾ ലക്ഷ്യം വെക്കുന്ന നാടിൽ ചെന്ന് ചരക്ക് വിൽക്കാൻ സാധ്യമാകാതെ വരികയും വലിയ നഷ്ടം നേരിടേണ്ടി വരികയും ചെയ്യും. പുതിയ ചരക്കുമായി മടങ്ങാൻ ആഗ്രഹിക്കുന്ന രാജ്യത്തെ സാധനങ്ങളുടെ വിലയും സാഹചര്യങ്ങളുമെല്ലാം അറിഞ്ഞിരിക്കുന്നതും നല്ലതാണ്. നിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമാണതെല്ലാം.

3- വിതരണക്കാരനായ വ്യാപാരി. ചരക്കുകളെല്ലാം കയറ്റുമതി ചെയ്ത് അയക്കുന്ന ആൾ എന്നർത്ഥം. അയാൾ തന്റെ സാധനങ്ങൾ കയറ്റി അയയ്ക്കാൻ ആഗ്രഹിക്കുന്ന രാജ്യത്ത് സത്യസന്ധരായ ഏജന്റുമാരെ നിയമിക്കണം. അവരുമായി നല്ല രീതിയിൽ വാണിജ്യ ഇടപാടുകൾ നടത്തുകയും വേണം.(5)

സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നായാണ് അബൂ ജഅ്ഫർ ദിമശ്ഖിയുടെ അൽഇശാറത്തു ഇലാ മഹാസിനിത്തിജാറ എന്ന ഗ്രന്ഥം കണക്കാക്കപ്പെടുന്നത്. മതപരമായ തത്ത്വങ്ങളിൽ നിന്നും ധാർമ്മിക നിയമങ്ങളിൽ നിന്നും വേർതിരിക്കാനാവാത്ത ഒരു സാമ്പത്തിക ശാസ്ത്രം അവതരിപ്പിക്കാൻ ശ്രമിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഗ്രന്ഥം സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ മാത്രമായി ചുരുങ്ങാതിരുന്നത്.

അവലംബം:
1- തഹ് ലീലു ഇഖ്തിസാദി ലി കിതാബിൽ ഇശാറത്തി ഇലാ മഹാസിനിത്തിജാറത്തി ലിദ്ദമശ്ഖി, രിഫ്അത്തു ഇവദി, മജല്ലത്തുദ്ദിറാസത്തിൽ ഇസ്ലാമിയ്യ, കയ്റോ, ജനുവരി 1985, പേ. 161.
2- അബുൽ ഫള്ൽ ജഅ്ഫറു ബ്നു അലി ദിമശ്ഖി, അൽഇശാറത്തു ഇലാ മഹാസിനിത്തിജാറ, അൽ-മുഅയ്യദ് പ്രസ്, കയ്റോ, ഹി. 1318, പേ. 2-3.
3- പേ. 38-41.
4- പേ. 57-58.
5- പേ. 48-52.

 

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles