Current Date

Search
Close this search box.
Search
Close this search box.

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന കാര്‍ഷികനിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ സമരത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 18 ശതമാനം സംഭാവന ചെയ്യുന്ന കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണമായ തകര്‍ച്ചയാണ് നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ സംഭവിക്കാനിരിക്കുന്നത്. 60 ശതമാനത്തിലധികം ജനങ്ങളുടെ ജീവിതമാര്‍ഗം തടഞ്ഞ് രാജ്യത്തെ കുത്തകകള്‍ക്ക് സൗകര്യമൊരുക്കുകയാണ് സംഘ്പരിവാര്‍ ഭരണകൂടം ചെയ്യുന്നത്. തീര്‍ത്തും രാജ്യദ്രോഹപരമായ നിയമങ്ങളാണിവ. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗമാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി തലസ്ഥാനം അക്ഷരാര്‍ഥത്തില്‍തന്നെ വളഞ്ഞിരിക്കുന്നത്. വിവിധ ഭാഗങ്ങളില്‍നിന്ന് സമരത്തിന് അനുദിനം പിന്തുണ വര്‍ധിച്ചുവരികയാണ്. രാജ്യവിരുദ്ധവും കര്‍ഷകവിരുദ്ധവുമായ നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. സമരത്തെ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ജനാഭിലാഷത്തെ മാനിക്കണം.

അതിശൈത്യത്തിലും കോവിഡ്ഭീതി നിലനില്‍ക്കുമ്പോഴും കര്‍ഷകരും കര്‍ഷക സംഘടനകളും സമാധാനപരമായി നടത്തുന്ന ദിവസങ്ങള്‍നീണ്ട സമരം അഭിനന്ദനാര്‍ഹമാണ്. തങ്ങളുടെ ഫാഷിസ്റ്റ്, രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രമാണ് സംഘ്പരിവാര്‍ മാനിക്കുന്നതെന്നും രാജ്യത്തിന്റെ താല്‍പര്യങ്ങളെ മനസിലാക്കാന്‍ സംഘ്പരിവാറിന് സാധിക്കില്ലെന്നുമാണ് തലസ്ഥാന നഗരിയിലും രാജ്യത്തുടനീളവും അടിക്കടിയുണ്ടാവുന്ന മഹാപ്രക്ഷോഭങ്ങള്‍ സൂചിപ്പിക്കുന്നതെന്നും എം.ഐ. അബ്ദുല്‍ അസീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.

Related Articles