റാമല്ല: മറഡോണയുടെ കുടുംബത്തിനും ലോകമെമ്പാടുള്ള അദ്ദേഹത്തിന്റെ ആരാധകർക്കും ഹമാസ് വക്താവ് സാമി അബുസുഹ് രി അനുശോചനം അറിയിച്ചു. ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ മറഡോണയുടെ മരണത്തിൽ ഞങ്ങൾ ദുഃഖിതരാണ്. ഫല്സ്തീനെ പിന്തുണച്ച വ്യക്തിത്വവുമായിരുന്നു മറഡോണ -സാമി അസുഹ് രി ട്വിറ്റിൽ കുറിച്ചു.
സാമ്രജ്യത്വ വിരുദ്ധൻ, ഇടതുപക്ഷ സോഷ്യലിസ്റ്റ് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ട മറഡോണ പുരോഗമന പ്രസ്ഥാനങ്ങളെ പിന്തുണച്ചിരുന്ന വ്യക്തിത്വമായിരുന്നു. ഡീഗോ മറഡോണ 2012ൽ തന്നെ സ്വയം വിശേഷിപ്പിച്ചത് ഫലസ്തീൻ ജനതയുടെ ഒന്നാന്തരം ആരാധകനാണെന്നാണ്. ഞാൻ ഫലസ്തീനികളെ സ്നേഹിക്കുന്നു, അവരുടെ കാര്യത്തിൽ സഹതപിക്കുന്നു, ഒരു ഭയവുമില്ലാതെ ഫലസ്തീനെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മറഡോണ ഫലസ്തീന് ഐക്യദാർഢ്യമായി അന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇപ്പോൾ ഫലസ്തീനികൾ അതോർത്തെടുക്കുകയാണ്. അറുപതുകാരനായ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.