Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയയുടെ ലിബറല്‍ വേരുകള്‍

islamaphobia.jpg

ഇസ്‌ലാമോഫോബിയ, മുസ്‌ലിം വിരുദ്ധത, ജൂതര്‍ക്കെതിരായ സെമിറ്റിക്ക് വിരുദ്ധത, ആഫ്രിക്കന്‍-അമേരിക്കന്‍ ജനവിഭാഗങ്ങള്‍ക്കെതിരായ വംശീയത, സ്ത്രീവിരുദ്ധത, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭീതി എന്നിവയെ നേരിടണമെങ്കില്‍ വിമര്‍ശന ചിന്തയും സൂക്ഷമമായ അന്വേഷണവും ആവശ്യമാണ്. അഥവാ, അവയുടെ ഉത്ഭവത്തെ മനസ്സിലാക്കുന്നതിനും അത് പ്രാവര്‍ത്തികമാക്കുന്നവരുടെ മേല്‍ കുറ്റം ചാര്‍ത്തുന്നതിന് മുമ്പും അവയെക്കുറിച്ച സൂക്ഷമവും ഗഹനവുമായ പഠനമാണ് നാം നടത്തേണ്ടത്.

ഇന്ന് അമേരിക്കയില്‍ ജൂത, മുസ്‌ലിം, ആഫ്രിക്കന്‍ അമേരിക്കന്‍ ജനതക്കെതിരെ വെളുത്ത വംശീയവാദികള്‍ Alt-right എന്ന പേരില്‍ പുതിയ പ്രചരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. അതിനെല്ലാം സൈദ്ധാന്തികമായി നേതൃത്വം നല്‍കുന്ന സ്റ്റീഫന്‍ ബനോന്‍ (Alt-right ന്റെ അബൂബക്കര്‍ ബഗ്ദാദി) ഇന്ന് പ്രസിഡന്റ് ട്രംപിന്റെ ഓഫീസിലെ പ്രധാനിയാണ്.

എന്താണ് ഇസ്‌ലാമോഫോബിയ എന്ന രോഗത്തിന്റെ പ്രത്യേകത? എവിടെ നിന്നാണിത് വരുന്നത്? ഈ വിഷയത്തെക്കുറിച്ച് ഇപ്പോള്‍ തന്നെ ഒരുപാട് പഠനങ്ങള്‍ വന്നിട്ടുണ്ട്. പിറ്റെര്‍ ഗോട്ട്ച്ചാക്ക്, ഗബ്രിയേല്‍ ഗ്രീന്‍ബര്‍ഗ് എന്നിവര്‍ ചേര്‍ന്നെഴുതിയ Islamophobia, making Muslims the Enemy, ദീപ കുമാറിന്റെ Islamophobia and the politics of empire, നഥാന്‍ ലീനിന്റെ The Islamophobia Industry: How the Right manufactures Fear of Muslims; കാള്‍ എണ്‍സ്റ്റിന്റെ Islamophobia In America: The Anatomy of Intolerance;  തുടങ്ങിയ പഠനങ്ങള്‍ അവയില്‍ ചിലതാണ്. അവയുടെ കൂടെത്തന്നെ ടെറി ഈഗിള്‍ട്ടന്റെ പുതിയ യുക്തിവാദികളെല്ലാം നിശിത വിമിര്‍ശനത്തിന് വിധേയമാക്കുന്ന Reason, Faith, and Revolution: Reflections on the God Debate എന്ന പുസ്തകം സവിശേഷമായ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. ഈ പഠനങ്ങള്‍ ശ്രദ്ധേയമാണെങ്കിലും അവക്ക് സൈദ്ധാന്തികമായ പരിമിതികള്‍ ധാരാളമുണ്ട്. ഇസ്‌ലാമോഫോബിയക്ക് ഒരുപാട് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയും എന്നത് കൊണ്ട് തന്നെ അതിനെ മനസ്സിലാക്കണമെങ്കില്‍ ഇത്തരം പഠനങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്ന് മാറി കുറച്ച് കൂടി വിമര്‍ശനാത്മകമായി കാര്യങ്ങളെ നോക്കിക്കാണേണ്ടതുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇസ്‌ലാമോഫോബുകളായ സ്റ്റീഫന്‍ ബനോന്‍, സെബാസ്റ്റിയന്‍ ഗോര്‍ക്ക, ഫ്രാങ്ക് ഗാഫ്‌നി തുടങ്ങിയവരിപ്പോള്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ (Conspiracy Theories) നിര്‍മ്മിക്കുന്ന തിരക്കിലാണ്. അവരിലേക്കാണ് ലോകശ്രദ്ധ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്.  അവര്‍ക്ക് പറ്റിയ നേതാവിനെത്തന്നെയാണ് പ്രസിഡന്റായി കിട്ടിയിരിക്കുന്നതും. ട്രംപിന് ചുറ്റും നിന്ന് കൊണ്ടാണ് അവര്‍ ഈ ഗൂഢാലോചനാ സിദ്ധാന്തങ്ങളെല്ലാം നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം വലത്പക്ഷ വംശീയവാദികളിലേക്ക് നമ്മുടെ ശ്രദ്ധ പതിയുമ്പോള്‍ നാം അറിയാതെ അവഗണിക്കുന്ന ഒരുപാട് ഇടത്-ലിബറലുകളുണ്ട്. പത്രപ്രവര്‍ത്തകരായ ബില്‍ മാറും അയാളുടെ ഉറ്റചങ്ങാതിയായ സാം ഹാരിസും  അത്തരക്കാര്‍ക്കുദാഹരണമാണ്.

ഇന്ന് അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇസ്‌ലാമോഫോബുകള്‍ ആരാണെന്ന് ചോദിച്ചാല്‍ ബനോന്‍, മൈക്കല്‍ ഫഌന്‍, സ്റ്റീഫന്‍ മില്ലര്‍, ഗോര്‍ക്ക തുടങ്ങിയ വലത്പക്ഷ വംശീയവാദികളുടെ പേരല്ല ഞാന്‍ പറയുക. ട്രംപിനെ സന്തോഷിപ്പിച്ച് കൊണ്ടിരിക്കുന്ന അവസരവാദ കരിയറിസ്റ്റുകളാണവര്‍.  എന്നെസംബന്ധിച്ചടത്തോളം ഇസ്‌ലാമോഫോബുകള്‍ ഇവരൊന്നുമല്ല. മറിച്ച്, ഇടത്-ലിബറലുകളായ സാം ഹാരിസും മാഹിറുമാണ്. മരിക്കുന്നതിന് മുമ്പ് ക്രിസ്റ്റഫര്‍ ഹിച്ചെന്‍സും ഇവരെപ്പോലെത്തന്നെയായിരുന്നു. അങ്ങേയറ്റം അപകടകാരികളായ ഇസ്‌ലാമോഫോബുകളാണിവര്‍.  

ഇത്തരക്കാര്‍ ചിരിക്കുന്ന മുഖവും ലളിതമായ തമാശയും വ്യാജമായ വാദങ്ങളും അടക്കിപ്പിടിച്ച ചിരിയും നിര്‍മ്മിക്കപ്പെട്ട സമ്മതവുമെല്ലാം ഉപയോഗപ്പെടുത്തിയാണ് മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷം ഉല്‍പ്പാദിപ്പിക്കുന്നത്. സമൂഹത്തില്‍ പൊതുവെ ബഹുമാനിക്കപ്പെടുന്നവരുടെ പരിപൂര്‍ണ്ണമായ പിന്തുണയും ഇവര്‍ക്കുണ്ട്. ഇപ്പോള്‍ ട്രംപിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ വ്യവസായത്തിനെതിരെ അമേരിക്കയില്‍ കൂട്ടായ ചെറുത്തുനില്‍പ്പുകള്‍ രൂപപ്പെടുന്നുണ്ട്. അതേസമയം മാഹിറും സാം ഹാരിസും ടെലിവിഷനിലൂടെ തങ്ങളുടെ വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന നാഗ മാന്ത്രികരാണ്. അതിനാല്‍ തന്നെ ഇവര്‍ സൃഷ്ടിക്കുന്ന ഇസ്‌ലാമോഫോബിയയെ നേരിടാന്‍ ഇങ്ങനെയുള്ള കൂട്ടായ്മകളൊന്നും മതിയാവുകയില്ല എന്നാണ് എനിക്ക് തോന്നുന്നത്.

ഈ ലിബറല്‍ ഇസ്‌ലാമോഫോബുകള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്കറിയാത്തതിന്റെ ശത്രുവാണ്. വ്യാജമായ അധികാരഭാവത്തോടും പരിചിതഭാവത്തോടുമാണ് അവര്‍ അവരുടെ ഇസ്‌ലാം ഭീതി ഉല്‍പാദിപ്പിക്കുന്നത്. മാഹിറിന് തൊട്ടടുത്തിരുന്നു കൊണ്ട് ഹാരിസ്സ് ആവശ്യപ്പെടുന്നത് ഇസ്‌ലാം പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട് എന്നാണ്. എന്നാല്‍ അതിനവരെ യോഗ്യരാക്കുന്ന വിജ്ഞാനവും പാണ്ഢിത്യവുമാണ് അവര്‍ക്കുള്ളത്? പേര്‍ഷ്യന്‍, തുര്‍ക്കിഷ്, ഉര്‍ദു ഭാഷകളില്‍ നിന്ന് ഒരൊറ്റ അറബി പദവും കൃത്യമായി ഇവര്‍ രണ്ട് പേര്‍ക്കും ഉച്ചരിക്കാന്‍ പോലുമറിയില്ല. അതേസമയം രണ്ട് താലിബാന്‍ പണ്ഡിതന്‍മാരെപ്പോലെ തങ്ങളുടെ സ്വന്തം കേള്‍വിക്കാരെ ക്യാമറയിലൂടെ വെടിവെച്ചു കൊണ്ടിരിക്കുകയാണവര്‍.

ചിന്തിച്ച് നോക്കൂ: ഈ ലിബറല്‍ യാഥാസ്ഥിതിക ഇസ്‌ലാമോഫോബുകള്‍ക്ക് പേര്‍ഷ്യന്‍ പദത്തില്‍ നിന്നുള്ള ഒരറബി പദവും പറയാനറിയില്ല. യൂറോപ്യന്‍ ഭാഷയിലോ ഇംഗ്ലീഷിലോ ഉള്ള ഒരു പദം പോലും തങ്ങളുടെ പേരിലില്ലാത്ത അജ്ഞരായ ശൈഖുമാരും മിഡിലീസ്‌ററിലുള്ള ശീഈ പണ്ഢിതരും പടിഞ്ഞാറിനെക്കുറിച്ച് ഫത്‌വ പുറപ്പെടുവിക്കുന്നതിന് സമാനമാണിത്.

പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അജ്ഞത ആരോപിക്കുന്ന വിഡ്ഢികളായ വിദ്വേഷികള്‍ക്കിടയില്‍ പെട്ടുപോയി എന്നതാണ് നമ്മുടെ കാലം നേരിടുന്ന പ്രധാനപ്പെട്ട പ്രതിസന്ധി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഈ ലിബറലുകള്‍് ഇസ്‌ലാമിന്റെ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ തത്വചിന്തകരുടെയോ ദൈവശാസ്ത്രകരുടെയോ ഇസ്‌ലാമിക കലാകാരന്‍മാരുടെയോ സൂഫികളുടെയോ പൊതു ബുദ്ധിജീവികളുടെയോ യാതൊരു പരാമര്‍ശവുമില്ലാതെയാണ് ആശയങ്ങളുടെ സംഘട്ടനത്തെക്കുറിച്ച് സംസാരിക്കുന്നത്. അവരുടെ വെളുത്ത സവിശേഷാധികാരം മൂലമാണ് അവരുടെ അജ്ഞത അംഗീകരിക്കപ്പെടുന്നത്. അവര്‍ വെളുത്തവരായതിനാല്‍ തന്നെ അവര്‍ക്കു വേണ്ടതെല്ലാം പറയുകയും ചെയ്യാം.

നവോത്ഥാന ആധുനികതയുടെ സുവര്‍ണ്ണകാലത്ത് ജര്‍മനിയുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലായിരുന്നു യൂറോപ്പെങ്കില്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഈ ശുഭകാലത്ത് അവരെ ഭരിക്കുന്നത് ട്രംപാണ്. ഈ സന്ദര്‍ഭത്തില്‍ ആശയങ്ങളുടെ സംഘട്ടനത്തെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ ധൈര്യപ്പെടുന്നു. എന്ത് ആശയങ്ങള്‍?

എന്നാല്‍ ഈ പുരോഗമനവാദികളുടെ അമേരിക്ക നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് തന്നെ കറുത്ത വംശജരുടെ ഉന്‍മൂലനത്തിലൂടെയും അടിമത്വത്തിലൂടെയുമൊക്കെയാണ്. ജപ്പാന് മേലുള്ള ആറ്റം ബോംബ് വര്‍ഷത്തിലൂടെയാണ് അവരുടെ ടെക്‌നോളജി വികസിച്ചത്. ഇതിനെയാണോ ആശയങ്ങള്‍ തമ്മിലുള്ള യുദ്ധം എന്നത് കൊണ്ടുദ്ദേശിക്കുന്നത്? ഏത് ആശയങ്ങള്‍ക്കെതിരായ ഏത് ആശയങ്ങളുടെ യുദ്ധമാണിത?

ആശയങ്ങളുടെ യുദ്ധത്തെക്കുറിച്ച ഈ അസംബന്ധം അജ്ഞതയുടെ മറ്റൊരു രൂപമാണ്. മാഹിറിനെ ഭ്രാന്തനെന്നോ മറ്റോ കുറ്റപ്പെടുത്തുന്ന ലളിതമായ കാര്യമല്ല ഞാനിവിടെ ചെയ്യുന്നത്. കാരണം നവ ഫാസിസ്റ്റായ മിലോ യോനോപ്പോലസുമായുള്ള മാഹിറിന്റെ ബന്ധം പുറത്തായതിന് ശേഷം അദ്ദേഹത്തിന്റെ വംശീയത ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുട്ടുണ്ട്.

മുസ്‌ലിംകളെല്ലാം മാനവികതക്കുള്ള ദൈവത്തിന്റെ സമ്മാനമാണെന്നല്ല ഞാന്‍ പറയുന്നത്. ഇസ്‌ലാമോഫോബിയയെപ്പോലെത്തന്നെ ഇസ്‌ലാമോഫീലിയയും പ്രശ്‌നകരം തന്നെയാണ്. 1.5 ബില്യണോളം മുസ്‌ലിംകള്‍ ലോകത്തുണ്ടെന്നാണ് പറയപ്പെടുന്നത്. അവര്‍ക്കിടയിലും കുറ്റവാളികളുണ്ട്. എന്നാല്‍ അത്തരം രോഗങ്ങളെ അഭിമുഖീകരിക്കണമെങ്കില്‍ ഈ ക്രിമിനലുകളുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റ് മില്യണ്‍ക്കണക്കിന് മുസ്‌ലിംകളോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്.

യൂറോപ്യന്‍ കോളനീകരണത്തോടുള്ള ഏറ്റുമുട്ടലിന് ശേഷം മുസ്‌ലിം ബൗദ്ധിത ചരിത്രത്തിന്റെ പ്രധാന ഘടകമായ ആഭ്യന്തര പരിഷ്‌കരണം നേരിടുന്ന വെല്ലുവിളികള്‍ പ്രധാനമായും രണ്ടാണ്. ബാഗ്ദാദിയും അദ്ദേഹത്തിന്റെ സില്‍ബന്ധികളായ ക്രിമിനലുകളും ഒരുഭാഗത്തും മാഹിറും അദ്ദേഹത്തിന്റെ സന്തത സഹചാരികളായ ഇടത് വലത് ഇസ് ാമോഫോബുകളും മറുഭാഗത്തും അണിനിരന്ന് കൊണ്ടാണ് ഈ വെല്ലുവിളി സൃഷ്ടിക്കുന്നത്.

ഇസ്‌ലാമോഫോബിയയുടെ ചരിത്രപരമായ ഉദയം മുസ്‌ലിംകളിലും അവരുടെ വിമര്‍ശന ചിന്തയിലും വിമോചനാത്മകമായ പ്രതിഫലനങ്ങളുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. ധാര്‍മ്മികവും ഭാവനാത്മകവുമായ ഒരു പുനര്‍ജന്‍മത്തിന്റെ വേദനാജനകമായ പ്രക്രിയകളിലൂടെയാണ് മിക്ക മുസ്‌ലിം ബുദ്ധിജീവികളും ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്.

അവരുടെ ശത്രുക്കളായ മാഹിറും ബനോനും  മാനവികതയുടെ ശത്രുക്കളാണ്. കാരണം ഇസ്‌ലാമോഫോബിയ എന്നത് പരദേശ വിദ്വേഷത്തിന്റെ മറ്റൊരു രൂപം കൂടിയാണ്. തങ്ങളെപ്പോലെയല്ലാത്തവരോടുള്ള ഏതൊരുവനോടുമുള്ള കടുത്ത വിദ്വേഷമാണത്.

നമ്മള്‍ മുസ്‌ലിംകള്‍ക്ക് ചില സവിശേഷമായ അധികാരങ്ങളുണ്ട്. പുതിയ ആഗോള ഭാഷകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പൗരാവകാശങ്ങള്‍ക്ക് വേണ്ടി നാം പോരാടേണ്ടതുണ്ട്. മുസ്‌ലിംകള്‍ക്ക് മേണ്ടി മാത്രമല്ല, അമേരിക്കയിലെയും യൂറോപ്പിലെയും വെളുത്ത ആധിപത്യത്തിനെതിരെ പൊരുതുന്ന അടിച്ചമര്‍ത്തപ്പെട്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമായിരിക്കണമത്. നമ്മുടെ രാഷ്ട്രീയമായ സവിശേഷതകളെയെല്ലാം  ധാര്‍മികമായ സാര്‍വ്വലൗകിതക്ക് വിധേയമാക്കിക്കൊണ്ട് നാം ഈ പോരാട്ടത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാഹിറിനെയും ബനോനിനെയും നാം മുഖത്തോടു മുഖം നേരിടും. അവരുടെ അജ്ഞതയിലധിഷ്ടിതമായ അപരിഷ്‌കൃതത്വത്തെ നമ്മുടെ വിജ്ഞാനത്തിലധിഷ്ടിതമായ മാനവികത കൊണ്ടാണ് നാം നേടിടാന്‍ പോകുന്നത്.

വിവ: സഅദ് സല്‍മി

Related Articles