Current Date

Search
Close this search box.
Search
Close this search box.

ഇത്തരം സാധ്യതകളൊന്നും നമ്മുടെ ജനാധിപത്യത്തിലില്ല, അല്ലേ?

കഴിഞ്ഞ യു.എസ് തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റൻ ജയിക്കുമെന്നായിരുന്നു ആഗോള വിദഗ്ദന്മാർ ഒരുമിച്ച് പ്രവചിച്ചിരുന്നത്. ഒരാൾ മാത്രം തിരിച്ചും പറഞ്ഞു (മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല). 2005 ലെ മോസ്റ്റ് ഇൻഫ്ലുവെൻഷൽ പെർസൻസിൽ ടൈം മാഗസിൻ ഉൾപ്പെടുത്തിയ, എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായി എണ്ണപ്പെടുന്ന, ഫാരൻഹീറ്റ് 9/11 തൊട്ട് ഫാരൻഹീറ്റ് 11/9 വരെയുള്ള സിനിമകളിലൂടെ കോർപറേറ്റുകളെയും ഇറാഖ് യുദ്ധത്തെയും ജോർജ് ബുഷിനെയും ബുഷിന്റെ ഇലക്ഷനെയുമൊക്കെ വിമർശിച്ച മൈക്കൽ മൂർ.

ട്രംപ് ജയിക്കുമെന്നായിരുന്നു മൂറിന്റെ പ്രവചനം. ഡൊണാൾഡ് ട്രംപിനെതിരെ, പ്രഛന്നമായ ഒരു പ്രോ-ഹിലരി കാംപെയിന്റെ സ്വഭാവത്തിൽ Michael Moore in TrumpLand എന്ന സിനിമ ചെയ്തയാളാണ് മൂർ. സ്ത്രീകളെയും കറുത്തവരെയും ലാറ്റിൻ അമേരിക്കൻ കുടിയേറ്റക്കാരെയും അമേരിക്കൻ ഇൻഡിജനസ് ജനതയെയുമൊക്കെ അപരവൽക്കരിച്ച ട്രംപിനെ കോമാളി എന്ന് വിശേഷിപ്പിച്ചു അദ്ദേഹം. എന്നാലും ട്രംപ് ജയിക്കുമെന്ന് പറഞ്ഞു. അതിനുള്ള അഞ്ച് കാരണങ്ങളും തന്റെ വെബ്സൈറ്റിൽ കുറിച്ചു. And now I have even more awful, depressing news for you എന്നാണ് അത് തുടങ്ങുന്നത് തന്നെ.

അത്രത്തോളം ഉന്മാദാത്മകമായിത്തീർന്ന അമേരിക്കൻ വെള്ളക്കാരന്റെ വംശീയബോധത്തെയും അദ്ദേഹം പരാമർശിച്ചിരുന്നു. പക്ഷേ, അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. ഇംപീച്മെന്റിലൂടെ പുറത്തു പോകുന്ന ആദ്യത്തെ യു.എസ് പ്രസിഡന്റായിരിക്കും ഡൊണാൾഡ് ട്രംപ്. ആൻഡ്രൂ ജോൺസണും ബിൽ ക്ലിന്റനുമാണ് ഇതിന് മുമ്പ് ഇംപീച്മെന്റിന് വിധേയരായവർ. പക്ഷേ രണ്ടുപേർക്കും അധികാരം നഷ്ടപ്പെട്ടില്ല. മൂറിന്റെ പ്രവചനം, എന്തായാലും ഇംപീച്മെന്റ് വരെ എത്തിയിട്ടുണ്ട്. ബാക്കിയെന്താകുമെന്ന് കണ്ടറിയാം. (പക്ഷേ, ഇത്തരം സാധ്യതകളൊന്നും നമ്മുടെ ജനാധിപത്യത്തിലില്ല, അല്ലേ?)

Related Articles