Current Date

Search
Close this search box.
Search
Close this search box.

‘സുന്നത്തി’ന്റെ അര്‍ത്ഥ തലങ്ങള്‍

sunnah.jpg

‘സുന്നത്ത്’ എന്ന പദത്തിന് മൂന്ന് അര്‍ത്ഥ തലങ്ങളുണ്ട്. പലപ്പോഴും ഇവ മൂന്നും വേര്‍തിരിച്ചു കാണാതെ സുന്നത്ത് എന്ന ഒറ്റ പദത്തില്‍ തന്നെ ഒതുക്കാറുണ്ട്.

1. ‘സുന്നത്ത്’ എന്ന പദത്തിന് നല്‍കാവുന്ന ഒന്നാമത്തെ അര്‍ത്ഥം ‘വാജിബ്’ (നിര്‍ബന്ധം) എന്നതിനൊപ്പം നാം പ്രയോഗിക്കാറുള്ള സുന്നത്ത് അഥവാ ഐശ്ചികം എന്ന അര്‍ത്ഥമാണ്. നിര്‍ബന്ധ കര്‍മങ്ങള്‍ നിര്‍വഹിച്ചാല്‍ പ്രതിഫലവും ഉപേക്ഷിച്ചാല്‍ പാപവും ലഭിക്കുന്നവയാണ്. എന്നാല്‍ ഐശ്ചിക കര്‍മങ്ങളാവട്ടെ ചെയ്താല്‍ പ്രതിഫലം ലഭിക്കും, എന്നാല്‍ അവ ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പുറമേയുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍, സുന്നത്ത് നോമ്പുകള്‍ എന്നിവ ഉദാഹരണം.

2. ‘ഹദീഥ്’ എന്ന അര്‍ത്ഥത്തിലാണ് സുന്നത്ത് രണ്ടാമതായി പ്രയോഗിക്കാറുള്ളത്. അഥവാ ഖുര്‍ആനും സുന്നത്തും എന്നു പ്രയോഗിക്കുന്നിടത്ത് സുന്നത്ത് എന്നാല്‍ പ്രവാചകന്റെ വാക്കുകളുടെയും പ്രവൃത്തികളുടെയും മൗനാനുവാദങ്ങളുടെയും ലിഖിത രൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഖുര്‍ആനില്‍ വിശ്വസിക്കുന്നത് നിര്‍ബന്ധവും ഹദീഥുകളില്‍ വിശ്വസിക്കുന്നത് സുന്നത്തും ആണെന്ന അര്‍ത്ഥത്തിലല്ല ഖുര്‍ആനും ഹദീഥും എന്ന് പ്രയോഗിക്കുന്നതെന്ന് ചുരുക്കം. അത് പ്രവാചക ഹദീഥുകളുടെ ടെക്സ്റ്റ് രൂപത്തെ കുറിക്കുന്ന പര്യായ പദമാണ്.

3. ‘സുന്നത്ത്’ എന്നു പ്രയോഗിക്കുന്ന മൂന്നാമത്തെ അവസരം, പ്രവാചക ചര്യകളെ കുറിക്കാനാണ്. മുകളില്‍ പറഞ്ഞ രണ്ട് സുന്നത്തുകളില്‍ നിന്നും വ്യത്യസ്തമാണെങ്കിലും ഖുര്‍ആനും ഹദീഥും തന്നെയാണ് പ്രവാചകന്റെ സുന്നത്തുകള്‍ അല്ലെങ്കില്‍ ചര്യകള്‍. അത്തര്‍ പൂശുക, നമസ്‌കാരത്തിന് മുമ്പ് മിസ്‌വാക്ക് ചെയ്യുക, വലതു കൈ കൊണ്ട് ഭക്ഷിക്കുക, ബിസ്മി ചൊല്ലുക എന്നതൊക്കെ പ്രവാചകന്റെ സുന്നത്തായിരുന്നു എന്നു നാം പറയുന്നത് ഈ അര്‍ത്ഥത്തിലാണ്. പ്രവാചകന്റെ ചര്യകളാല്‍ ജീവിതം സമ്പന്നമാക്കുക എന്നതാണ് ഓരോ മുസ്‌ലിമിനും അഭികാമ്യമായിട്ടുള്ളത്. എന്നാല്‍ അത് ഉപേക്ഷിച്ചതു കൊണ്ട് ശിക്ഷയൊന്നും ലഭിക്കില്ല. അത് ഒരു ജീവിത രീതിയായി ഇസ്‌ലാം പരിചയപ്പെടുത്തിയ സംഗതികളാണ്. പ്രവാചകന്റെ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ”അവിടുത്തെ സ്വഭാവം ഖുര്‍ആനായിരുന്നു” എന്ന് ആയിശ(റ) പറഞ്ഞത് പ്രവാചകന്‍(സ) പിന്തുടര്‍ന്ന ജീവിത രീതിയെ കുറിക്കാനാണ്.

അവലംബം: aboutislam.net

വിവ: അനസ് പടന്ന

Related Articles