Current Date

Search
Close this search box.
Search
Close this search box.

യു.എ.പി.എ ചുമത്തിയതില്‍ കമ്മീഷണറുടെ പങ്ക് അന്വേഷിക്കണം: സോളിഡാരിറ്റി

കോഴിക്കോട്: വ്യാജ ഏറ്റുമുട്ടലിനു എതിരായ പത്രപ്രസ്താവനയും ഏതാനും പുസ്തകങ്ങളും കൈവശം വെച്ചു എന്ന കുറ്റത്തിനു ത്വാഹാ ഫസല്‍, അലന്‍ ശുഐബ് എന്നിവര്‍ക്കെതിരെ യു എ പി എ ചുമത്തിയ പോലീസ് നടപടിയില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ പങ്ക് അന്വേഷിക്കണമെന്നു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. ഇത്തരം അന്യായമായ വേട്ടകളില്‍ നിരവധി തവണ ആരോപണം നേരിട്ടയാളാണ് എ വി ജോര്‍ജ്.

കുപ്രസിദ്ധമായ ബീമാപള്ളി വെടിവെപ്പിനു പിന്നിലും മഅ്ദനിയെയും സൂഫിയാ മഅ്ദനിയെയും കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ അറസ്റ്റ് ചെയ്യുന്നതിലും ആലുവയിലെ പോലീസ് വേട്ടയിലും ആര്‍ എസ് എസുകാര്‍ മര്‍ദ്ദിച്ച വിസ്ഡം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിലുമൊക്കെ ഇദ്ദേഹം നിയമത്തിനതീതമായ ഇടപെടലുകള്‍ നടത്തിയെന്നു പരക്കെ ആരോപണമുണ്ട്.

ഏറ്റവും ഒടുവില്‍ പോലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലപാതക കേസില്‍ ആരോപണ വിധേയനായ ഇദ്ദേഹത്തെ വകുപ്പ് തല നടപടിക്കു പിന്നാലെ ക്ലീന്‍ചീറ്റ് നല്‍കി കോഴിക്കോട് കമ്മീഷണറായി നിയമച്ചതില്‍ നേരത്തെ തന്നെ സംശയങ്ങളുയര്‍ന്നിട്ടുണ്ട്. ഭരണകൂട വേട്ടക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുയരുന്ന കോഴിക്കോടിനെ നിശബ്ദമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണോ ഇത്തരം വേട്ടകളുടെ പിന്നിലെന്നു സംശയിക്കേണ്ടുന്ന സാഹചര്യമാണ്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന ശക്തമായ സംശയം ഉയരുന്ന സന്ദര്‍ഭത്തിലാണ് പോലീസ് നടപടി എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആദ്യം വെടിവെക്കുകയോ ഭീകരനിയമം ചാര്‍ത്തുകയോ ചെയ്തു പിന്നീട് കഥമെനയുന്ന പതിവ് രീതിയാണ് ഇവിടെയും പോലീസ് സ്വീകരിക്കുന്നത്.

ഇത്തരം വ്യാജ കഥകളെ പൊതുസമൂഹം തള്ളികളയണം. കോഴിക്കോട് കേന്ദ്രീകരിച്ചു പോലീസ് നടത്തുന്ന മുസ്ലീം വേട്ടകള്‍ക്കും പൗരാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. നിയമ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്താനും കേരളത്തിലെ മുഴുവന്‍ യു എ പി എ കേസുകളും പുനപരിശോധിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Related Articles