Current Date

Search
Close this search box.
Search
Close this search box.

സാങ്കല്‍പിക കര്‍മശാസ്ത്രം: അടിസ്ഥാനങ്ങളും സാധ്യതകളും

fiqh-iftiradi.jpg

ഭാവിയുടെ കര്‍മശാസ്ത്രം, പുനരാരംഭത്തിന്റെ കര്‍മശാസ്ത്രം, മുന്നോട്ട് പോക്കിന്റെ കര്‍മശാസ്ത്രം, സംഭവങ്ങളുടെ കര്‍മശാസ്ത്രം തുടങ്ങിയ ധാരാളം വാക്കുകള്‍ ആധുനിക ഫിഖ്ഹീ ചര്‍ച്ചകളില്‍ സാധാരണ ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. വ്യത്യസ്ത പദാവലികളാണെങ്കിലും ഇവകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് ഒരേ കാര്യം തന്നെയാണ്. പുരാതന ഫിഖ്ഹീ നിയമങ്ങളെ കാലഘട്ടത്തിനനുസരിച്ച് പുനര്‍ വായിക്കുകയെന്നതാണീ വാക്കുകളുടെ ആകെതുക. അഥവാ പുതുതായുണ്ടാകുന്ന സംഭവങ്ങള്‍ക്ക് ശരീഅത്തിലുള്ള വിധി കണ്ടെത്തലാണിത്. മുന്‍കാലങ്ങളിലൊരിക്കലും സംഭവിക്കാത്ത കാര്യങ്ങള്‍ക്കുള്ള ഫത്‌വകളും പുതിയ കാലത്ത് ആവശ്യമായി വരും. ഇത്തരം ഫിഖ്ഹുകളെയാണ് സമകാലിക കര്‍മശാസ്ത്രം എന്ന് പറയുന്നത്. അപ്രകാരം തന്നെ ഭാവിയിലേക്കുള്ള കാര്യങ്ങള്‍ കണ്ടെത്തുന്ന ഭാവനയുടെ ഫിഖ്ഹും ഇതിന്റെ ഭാഗമാണ്. ഇത്തരം കര്‍മശാസ്ത്രങ്ങളുടെ അടിസ്ഥാനങ്ങളായി ചിലകാര്യങ്ങളെ നിജപ്പെടുത്താവുന്നതാണ്.

1) തന്റെ ഫത്‌വയുടെ പരിണതിയെന്താകുമെന്നുകൂടി മുന്‍കൂട്ടി കാണാന്‍ ഇത്തരം ആധുനിക ഫിഖ്ഹീ സങ്കേതങ്ങളുപയോഗിച്ച് ഫത്‌വ നല്‍കുന്നവര്‍ ശ്രദ്ധിക്കണം. വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിലും ദീനിലും ഈ വിധിയുണ്ടാക്കുന്ന ഉപകാരങ്ങളെയും ഉപദ്രവങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കണം. അവക്കനുസരിച്ചായിരിക്കണം അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നത്.
2) താന്‍ മുന്‍ഗണന നല്‍കിയ അഭിപ്രായം അല്ലെങ്കില്‍ ഫത്‌വ സമൂഹത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നതെന്ന് നിരീക്ഷിക്കണം. ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം അത് സമൂഹത്തിലുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കൂടുതല്‍ ശരിയായ അഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ഇതിനെ പുനരാലോചനയുടെ ഫിഖ്ഹ് (ഫിഖ്ഹുല്‍ മുറാജആത്) എന്ന് വിളിക്കാം. കാരണം ഓരോ അഭിപ്രായവും അതിന്റെ സമയവും സാഹചര്യവും മാറുമ്പോള്‍ മാറേണ്ടതായി വരും.
3) ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍ക്കുള്ള വിധിയാണ് നാമിവിടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതിനെ ഭാവനാഫിഖ്ഹ് (ഫിഖ്ഹുല്‍ ഇഫ്തിറാളി) എന്ന് വിളിക്കാം. ഇവിടെ രണ്ട് കാര്യങ്ങള്‍ അനിവാര്യമാണ്. ഒന്ന്, അത് ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാകണം. രണ്ട്, ഭാവിയില്‍ വരാവുന്ന മാറ്റങ്ങള്‍ കൂടി മുമ്പില്‍ കണ്ടാവണം അഭിപ്രായം രൂപീകരിക്കുന്നതും രൂപീകരിക്കാതിരിക്കുന്നതും.
4) ജീവിതത്തിന്റെ വിവിധ മേഖലകളിലേക്കുള്ള ഇസ്‌ലാമിക വീക്ഷണങ്ങളും നാഗരിക ബദലുകളും മുന്നോട്ടുവെക്കണം. ഇസ്‌ലാം എല്ലാ കാലത്തിനും സമയത്തിനും അനുയോജ്യമാണെന്ന് അതിലൂടെ തെളിയിക്കണം. ഇസ്‌ലാമിന്റെ വിധികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയായി ഇത്തരം കര്‍മശാസ്ത്ര സാങ്കേതിക പദങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇസ്‌ലാമില്‍ ഒരു വിധി രൂപപ്പെടുന്നത് എങ്ങിനെയാണെന്നത് ശരീഅത്തിന്റെ അടിസ്ഥാന ഉറവിടങ്ങളെകുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാനാകും. ഈ കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളും തത്വങ്ങളും വളരെ വിശാലമായി കിടക്കുകയാണ്. അതുകൊണ്ടുതന്നെ ഭാവിയെകുറിച്ച് ചിന്തിക്കുമ്പോഴും ഇവയെ പ്രാധാന്യത്തോടെ പരിഗണിക്കണം. അല്ലാഹു ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ നമ്മേട് ആഹ്വാനം ചെയ്യുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അത് അലസതയിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്നതാകരുതെന്ന്് അവന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവഭക്തരാവുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.’ (അല്‍ഹശ്ര്‍:18) ‘പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും.’ (അന്നഹ്ല്‍:97) ‘എന്നാല്‍ ആരെങ്കിലും സത്യവിശ്വാസം സ്വീകരിക്കുകയും പരലോകമാഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയുമാണെങ്കില്‍ അറിയുക: അത്തരക്കാരുടെ പരിശ്രമം ഏറെ നന്ദിയര്‍ഹിക്കുന്നതുതന്നെ.’ (അല്‍ ഇസ്രാഅ്:19)

ഭാവിയെകുറിച്ച് ചിന്തിച്ച് ആസൂത്രണങ്ങളിലേര്‍പ്പെടുന്നത്  ജീവിതത്തിലെ പരീക്ഷണഘട്ടങ്ങളെ വിജയകരമായി തരണം ചെയ്യാനും പ്രതിസന്ധികളെ അതിജീവിക്കാനും സഹായകമാകും. അല്ലാഹു പയുന്നു: ‘നിന്റെ നാഥന്നറിയാം: നീയും നിന്റെ കൂടെയുള്ളവരിലൊരു സംഘവും രാവിന്റെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പാതിഭാഗവും മറ്റു ചിലപ്പോള്‍ മൂന്നിലൊരു ഭാഗവും നിന്ന് നമസ്‌കരിക്കുന്നുണ്ട്. രാപ്പകലുകള്‍ കണക്കാക്കുന്നത് അല്ലാഹുവാണ്. നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് അവന്നറിയാം. അതിനാല്‍ നിങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഖുര്‍ആനില്‍നിന്ന് നിങ്ങള്‍ക്ക് കഴിയുംവിധം പാരായണം ചെയ്ത് നമസ്‌കാരം നിര്‍വഹിക്കുക. നിങ്ങളില്‍ ചിലര്‍ രോഗികളാണ്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹമന്വേഷിച്ച് ഭൂമിയില്‍ സഞ്ചരിക്കുന്നവരാണ്. ഇനിയും ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവരും. ഇത് അവന് നന്നായറിയാം. അതിനാല്‍ ഖുര്‍ആനില്‍നിന്ന് സൗകര്യപ്രദമായത് പാരായണം ചെയ്യുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുക. നിങ്ങള്‍ സ്വന്തത്തിനുവേണ്ടി മുന്‍കൂട്ടി ചെയ്യുന്ന നന്മകളൊക്കെയും അല്ലാഹുവിങ്കല്‍ ഏറെ ഗുണമുള്ളതായി നിങ്ങള്‍ക്കു കണ്ടെത്താം. മഹത്തായ പ്രതിഫലമുള്ളതായും. നിങ്ങള്‍ അല്ലാഹുവോട് മാപ്പപേക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.’ (അല്‍ മുസ്സമില്‍: 20)

പ്രവാചകചര്യയിലും ഭാവിയെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തീരുമാനങ്ങളെടുത്തതിന് ധാരാളം തെളിവുകള്‍ കാണാനാകും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മുനാഫിഖുകളെ കൊല്ലാതിരിക്കാന്‍ ന്യായമായി പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍. നബി(സ) പറഞ്ഞു: ‘മുഹമ്മദ് തന്റെ അനുയായികളെ കൊന്നുവെന്ന് ജനങ്ങള്‍ ഭാവിയില്‍ പറയുമെന്ന് ഞാന്‍ ഭയക്കുന്നു.’ ഇവിടെ മുനാഫിഖുകള്‍ ആരാണെന്നും അവര്‍ കൊല്ലപ്പെടാന്‍ അര്‍ഹരാണെന്ന് ബോധ്യപ്പെട്ടിട്ടും ഭാവിയില്‍ സംഭവിച്ചേക്കാവുന്ന പ്രശ്‌നം മുന്നില്‍ കണ്ട് പ്രവാചകന്‍ അത് വേണ്ടെന്ന് വെക്കുകയാണുണ്ടായത്.

പ്രവാചകന്‍ മറ്റൊരിക്കല്‍ കഅ്ബയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് അതിപ്പോള്‍ ചെയ്യാതിരിക്കാന്‍ കാരണമായി ആഇശ(റ)യോട് പറഞ്ഞു: ‘നിന്റെ സമൂഹം ബഹുദൈവ ചിന്താഗതികളില്‍ നിന്ന്  ഇസ്‌ലാമിലേക്ക് അടുത്തുമാത്രം വന്നതുകൊണ്ടാണ് ഇബ്‌റാഹിം(അ) സ്ഥാപിച്ച അടിത്തറയില്‍ ഞാന്‍ കഅ്ബയെ പുനര്‍ നിര്‍മ്മിക്കാതിരിക്കുന്നത്.’ ഇവിടെയും കാര്യം വളരെ വ്യക്തമാണ്. തകരാറായ കഅ്ബയെ പുനര്‍നിര്‍മ്മിക്കാതിരിക്കാന്‍ ന്യായമായി പ്രവാചകന്‍ പറഞ്ഞത് ഭാവിയില്‍ പ്രശ്‌നമുണ്ടാവാം എന്നതിനാലാണ്.
ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളിലും വരും കാലത്തിന് നല്ല പ്രാധാന്യം നല്‍കപ്പെട്ടിട്ടുണ്ട്. ദൈവിക ശരീഅത്ത് ആഗതമായതുതന്നെ മനുഷ്യരുടെ ജീവിതത്തില്‍ വര്‍ത്തമാന കാലത്തും ഭാവിയിലും നന്മയും സുഖസൗകര്യങ്ങളും ഉണ്ടാക്കാനാണ്. ഇമാം ശാത്വബി പറയുന്നു: ‘വര്‍ത്തമാന കാലത്തും ഭാവിയിലും മനുഷ്യന്റെ ജീവിതത്തില്‍ നന്മയുണ്ടാക്കാനാണ് ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കപ്പെടുന്നത്.’ ഇസ്‌ലാമിക ശരീഅത്തില്‍ ഏതൊരു വിധിയും നടപ്പിലാക്കപ്പെടുന്നത് അതിന്റെ പരിണത ഫലം കൂടി കണക്കിലെടുത്താണ്. ഇതും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്.

ഇമാം ശാത്വബി പറയുന്നു: ‘ഓരോ പ്രവര്‍ത്തിയുടെയും പരിണതഫലമെന്നത് ശരീഅത്തില്‍ പരിഗണിക്കപ്പെടേണ്ടതാണ്. അതായത്, ഒരു പ്രായപൂര്‍ത്തിയായ ആളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയോ തെറ്റോ എന്ന് തീരുമാനിക്കപ്പെടുന്നത് ആ പ്രവൃത്തി ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന പരിണത ഫലമെന്തെന്ന് വിലയിരുത്തിക്കൊണ്ടാണ്.’

‘തെറ്റുകളിലേക്കുള്ള വഴിയടക്കല്‍’ (സദ്ദു ദറാഇഅ്) എന്ന തത്വവും ശരീഅത്ത് ഭാവിയെ പരിഗണിച്ചതിന് ഒരു ഉത്തമ ഉദാഹരണമാണ്. ഈ തത്വമുപയോഗിച്ച് നിഷിദ്ധമായ ഒരു കാര്യത്തിലേക്ക് വഴിതെളിയിക്കുമെന്നതിനാല്‍ അനുവദനീയമായ ചില കാര്യങ്ങളെ നിഷിദ്ധമാക്കുകയാണ് ചെയ്യുന്നത്.

ഭാവിയുടെ ഫിഖ്ഹിനെ സൂചിപ്പിക്കുന്ന ധാരാളം കര്‍മശാസ്ത്ര തത്വങ്ങളുണ്ട്. പരിണതി നോക്കിയാണ് കാര്യങ്ങള്‍ തീരുമാനിക്കുക, വര്‍ത്തമാനത്തിനല്ല ഭാവിക്കാണ് പരിഗണന, വരാന്‍ പോകുന്ന ഉപദ്രങ്ങളെ തടയാലിനാണ് മുന്‍ഗണന നല്‍കേണ്ടത് തുടങ്ങീ ധാരാളം ഫിഖ്ഹീ തത്വങ്ങള്‍ പണ്ഡിതര്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്‍െ ചരിത്രവും ഇത്തരം നിലപാടുകളാല്‍ ധന്യമാണ്. ഇമാം അബൂഹനീഫയുടെ ശിഷ്യന്മാര്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു.

ഖത്വീബ് ബാഗ്ദാദി ഒരു സംഭവമുദ്ധരിക്കുന്നു: ഖതാദതു ബ്‌നു ദആമ എന്ന താബിഈ പണ്ഡിതന്‍ കൂഫയിലേക്ക് വന്നു. അദ്ദേഹം ജനങ്ങളോട് പറഞ്ഞു: ‘ഹലാലിനെയും ഹറാമിനെയും കുറിച്ച് നിങ്ങള്‍ എന്ത് വിധിയും തേടിക്കൊള്ളുക, ഞാന്‍ ഉത്തരം പറയാം.’ അപ്പോള്‍ അബൂഹനീഫ ചോദിച്ചു: ഭര്‍ത്താവിനെ കാണാതായ ഒരു സ്ത്രീ,  അദ്ദേഹം മരിച്ചെന്നു കരുതി മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ അതിന് ശേഷം ഭര്‍ത്താവ് മടങ്ങി വരികയും ചെയ്തു. അവളുടെ വിധിയെന്താണ്? ഖതാദ ചോദിച്ചു: ഇത് സംഭവിച്ച കാര്യമാണോ? അല്ലെന്ന് മറുപടി ലഭിച്ചപ്പോള്‍ ഖതാദ പറഞ്ഞു: സംഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എന്നോട് ചോദിക്കരുത്. അപ്പോള്‍ അബൂഹനീഫയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ‘ഞങ്ങള്‍ ആപത്ത് വന്നുഭവിക്കുന്നതിന് മുമ്പ് അതിനെ നേരിടാന്‍ തയ്യാറെടുക്കുന്നു. അങ്ങിനെ അത് സംഭവിച്ചാല്‍ അത് എങ്ങിനെ കൈകാര്യം ചെയ്യാമെന്നും ഏത് വിധത്തില്‍ പരിഹരിക്കാമെന്നും ഞങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാനാകും.’

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles