Current Date

Search
Close this search box.
Search
Close this search box.

ജനകീയ പ്രതിഷേധം: ഒടുവില്‍ സുഡാനിലും വിജയം കണ്ടു

കാര്‍തൂം: മാസങ്ങള്‍ നീണ്ട ശക്തമായ ജനകീയ പ്രതിഷേധത്തിനു മുന്നില്‍ മുട്ടു മടക്കി സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിര്‍. സുഡാനില്‍ ബാശിറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തു. വ്യാഴാഴ്ചയാണ് സൈനിക അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച സൈനിക പരിവര്‍ത്തന കൗണ്‍സില്‍ (ഇടക്കാല കൗണ്‍സില്‍) ചെയര്‍മാന്‍ ആയി പ്രതിരോധ മന്ത്രി അവദ് ബിന്‍ അൗഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

നീണ്ട 30 വര്‍ഷം അധികാരത്തിലിരുന്ന പ്രസിഡന്റ് ബാശിറിനെതിരെ കഴിഞ്ഞ ഡിസംബറിലാണ് ജനകീയ പ്രതിഷേധം ആരംഭിച്ചത്. നാള്‍ക്കുനാള്‍ രൂക്ഷമായ പ്രക്ഷോഭത്തിന് മുന്നില്‍ അധികാരമൊഴിയുകയല്ലാതെ മറ്റു മാര്‍ഗമൊന്നും 75കാരനായ ബാശിറിനു മുന്നില്‍ ഉണ്ടായിരുന്നില്ല. സുഡാനിലെ പ്രധാന തെരുവുകളെല്ലാം പ്രതിഷേധക്കാര്‍ കൈയടക്കുകയും സൈനിക ആസ്ഥാനത്തിനു മുന്നില്‍ വരെ സമരം രൂക്ഷമായതോടെയുമാണ് സൈന്യം അധികാരം ഏറ്റെടുത്തത്. ബാശിറിനെ സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സൈനിക കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

2018 ഡിസംബര്‍ 19നാണ് സുഡാനില്‍ ജനകീയ പ്രതിഷേധം ആരംഭിച്ചത്. നിത്യോപയോഗ ഭക്ഷ്യസാധനങ്ങള്‍ക്കും കുബ്ബൂസിനും സര്‍ക്കാര്‍ മൂന്നിരിട്ടി വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രക്ഷോഭ റാലികള്‍ ആരംഭിച്ചത്. 1989 മുതല്‍ അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെതിരെ പിന്നീട് രാജ്യത്തുടനീളം പ്രതിഷേധമാരംഭിക്കുകയായിരുന്നു.

Related Articles