Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ മികച്ച 10 വിമാനത്താവളങ്ങളില്‍ ഖത്തറിന് നാലാം സ്ഥാനം

ദോഹ: ലോകത്തെ മികച്ച 10 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നാലാം സ്ഥാനത്ത് ഇടം പിടിച്ചു. ‘സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്‌സ് അവാര്‍ഡ്‌സ്’ പട്ടികയിലാണ് ഖത്തര്‍ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. ഉന്നതതല സൗകര്യങ്ങള്‍,അതിവിശാലമായ ഏരിയ,ഫ്രണ്ട്‌ലി സ്റ്റാഫ്,മികച്ച വിനോദ സൗകര്യങ്ങള്‍,അതിവേഗതയിലുള്ള എമിഗ്രേഷന്‍ സര്‍വീസ് എന്നിവയെല്ലാം പരിഗണിച്ചാണ് വിമാനത്തവളങ്ങളുടെ പട്ടിക തയാറാക്കിയത്.

കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന ചടങ്ങിലാണ് സ്‌കൈട്രാക്‌സ് അധികൃതര്‍ പ്രഖ്യാപനം നടത്തിയത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മിഡിലീസ്റ്റിലെ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള മികച്ച വിമാനത്താവളം എന്ന ബഹുമതിക്കും ഹമദ് അര്‍ഹത നേടി. തുടര്‍ച്ചയായി നാലാം തവണയും മിഡിലീസ്റ്റിലെ മികച്ച സ്റ്റാഫ് സര്‍വീസ് അവാര്‍ഡും ഹമദിന് തന്നെയാണ്.

ലോകത്താകമാനമുള്ള 500 എയര്‍പോര്‍ട്ടുകളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. 30 മില്യണ്‍ യാത്രക്കാരാണ് പ്രതിവര്‍ഷം ഖത്തര്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. യാത്രക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് അധികൃതര്‍ എയര്‍പോര്‍ട്ടുകളെ അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ടിനാണ് ഒന്നാം സ്ഥാനം, രണ്ട്-ടോക്കിയോവിലെ ഹാനിദ,മൂന്ന് സിയോളിലെ ഇഞ്ചിയോണ്‍,അഞ്ച്-ഹോങ്കോങ്,ആറ്-സെന്‍ട്രെയ്ര്‍ നഗോയ,7-മ്യൂണിച്ച്,8-ലണ്ടന്‍ ഹീത്രു-9-ടോക്കിയോവിലെ നാരിറ്റ,10 സൂറിച്ച് എന്നിങ്ങനെയാണ് അവാര്‍ഡ് പട്ടിക.

Related Articles